ന്യൂദല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ യുദ്ധക്കപ്പലുകളും ചരക്കുകപ്പലുകളും നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള സിന്ധു നേത്ര ഉപഗ്രഹത്തെ ബഹിരാകാശത്ത് വിന്യസിച്ചു. ഫെബ്രുവരി 28ന് പി.എസ്.എല്‍.വി സി 51ല്‍ വിക്ഷേപിച്ച 19 ഉപഗ്രഹങ്ങളില്‍ ഒന്നായിരുന്നു സിന്ധു നേത്ര. ഡിആര്‍ഡിഒയിലെ യുവശാസ്ത്രജ്ഞരാണ് സിന്ധു നേത്ര വികസിപ്പിച്ചത്. യുദ്ധക്കപ്പലുകളെയും ചരക്കുകപ്പലുകളെയും കണ്ടെത്താനുള്ള കഴിവുണ്ട്. ആവശ്യമുണ്ടെങ്കില്‍ ദക്ഷിണ ചൈനാക്കടലും ഗള്‍ഫ് ഓഫ് എദന്, ആഫ്രിക്കന്‍ തീരങ്ങളും നിരീക്ഷിക്കാനും സംവിധാനമുണ്ട്.
ലഡാക്ക് ഉള്‍പ്പെടെയുള്ള ചൈനയുടെയും പാകിസ്ഥാന്റെയും അതിര്‍ത്തികളും നിരീക്ഷിക്കാന്‍ സിന്ധു നേത്രയ്ക്ക് സാധിക്കും. 4000 കിലോമീറ്ററുള്ള യഥാര്‍ത്ഥ നിയന്ത്രണരേഖയെ കൃത്യമായി നിരീക്ഷിക്കാന്‍ ഉപഗ്രഹം വേണമെന്ന് സൈന്യം ആവശ്യപ്പെട്ടു വരികയായിരുന്നു. സമീപഭാവിയില്‍ ഇന്ത്യന്‍ പ്രതിരോധത്തിന്റെ കുന്തമുനയായി മാറും ഈ ഉപഗ്രഹങ്ങള്‍.