പഴകിയ ഭാണ്ഡക്കെട്ടുകള്‍ ഒന്നുകൂടി അമ്മ അടുക്കിപ്പെറുക്കി വച്ചു. എന്തെങ്കിലുമുണ്ടായിട്ടല്ല, എന്നാലും ഒരു കരുതലാണ്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നുറപ്പു വരുത്തുന്നതുപോലെ.
നേരം എത്രയായെന്ന് മനസ്സിലാകുന്നില്ല. കണ്ണ് മൂടുന്ന ഇരുട്ടാണ് ചുറ്റിലും. ഈയിടെയായി ശരീരത്തിന് ഒരു തളര്‍ച്ച വന്നതുപോലെ, മനസിന് ഒരു വയ്യായ്ക പോലെ. ഓര്‍മ്മകളൊക്കെ ഇടക്ക് മങ്ങിത്തുടങ്ങിയിരിക്കുന്നു.
പേരക്കുട്ടികള്‍ക്കൊക്കെ മുത്തശ്ശിയെ വല്യകാര്യമാണ്. അവരുടെ കൊഞ്ചലുകള്‍ക്കും കളികള്‍ക്കുമൊക്കെ മുത്തശ്ശി ഒരു കൂട്ടായിരുന്നല്ലോ. എന്നാല്‍ ഈയിടെയായി ഒന്നിനും വയ്യാതായിരിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ക്കും ചാപല്യങ്ങള്‍ക്കും ഒപ്പം മനസ്സ് എത്താത്തതുപോലെ.
അമ്മയെ നോക്കാന്‍ സഹായത്തിന് ഒരു ജോലിക്കാരിയെ അന്വേഷിക്കാന്‍ മകന്‍ മരുമകളോട് പറഞ്ഞിരുന്നുവത്രെ. എന്നാല്‍ അവള്‍ സമ്മതിച്ചില്ല. അമ്മയുടെ കാര്യം നോക്കാന്‍ അവള്‍ മാത്രം മതിയെന്ന് മകനോട് പറഞ്ഞു. ഇതിനിടെ ഒരു ദിവസം ബാത്ത്‌റൂമില്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ തപ്പിത്തടഞ്ഞു വീണു. മരുമകള്‍ നിലവിളിച്ചുംകൊണ്ട് ഓടിവരുന്നതുകണ്ടു. പിന്നെ കണ്ണ് തുറക്കുമ്പോള്‍ അവളുടെ മടിയിലാണ് കിടക്കുന്നതെന്നറിഞ്ഞു. ‘പാവം എന്നെക്കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടാവും’.
രാവിലെ കഞ്ഞികുടിപ്പിക്കുമ്പോള്‍ മകള്‍ പറയുകയായിരുന്നു, ‘അമ്മയിന്നലെ കഞ്ഞി മുഴുവന്‍ തട്ടി മറിച്ചെന്ന്.’ ഇന്നലെ മുറ്റത്തു വന്ന കിളികള്‍ക്കും പൂച്ചകള്‍ക്കും കഞ്ഞി വിളമ്പിക്കൊടുത്തത് അപ്പോള്‍ ഓര്‍മ്മ വന്നു.
‘ആരും പട്ടിണികിടക്കരുത്, ഒരൊറ്റ അന്നവും കളയരുത്’ – ഗോപാലന്‍ മാഷ് എന്നും പറയുമായിരുന്നു. അനുസരിച്ചിട്ടേയുള്ളൂ. എന്തോ, ഭക്തിയായിരുന്നു മാഷോടെന്നും. സ്‌നേഹം കൊണ്ടുള്ള അടിമത്തവും.
ആരോ പേരെടുത്ത് വിളിച്ചപോലെ… മാഷിന്റെ ശബ്ദമല്ലേ അത്… പേരക്കുട്ടികളാണോ? അതോ മകനോ? ഓര്‍മ്മകളൊക്കെ തിരികെ വരുന്നതുപോലെ, ശരീരത്തിനാകെ ഒരു കുളിരുപോലെ, തപ്പിപ്പിടിച്ചെഴുന്നേറ്റ് ആയാസപ്പെട്ട് കണ്ണുകള്‍ തുറന്നു. ഇരുട്ടിന്റെ മറ മെല്ലെ നേര്‍ത്തു വരുമ്പോള്‍ കണ്ടു, മാഷിന്റെ മങ്ങിയ രൂപം… വാതില്‍ പടിയില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നു.
‘എത്രനേരമായെടോ ഞാന്‍ വിളിക്കുന്നു. എന്തൊരൊറക്കാ ഇത്.’മനസ്സൊന്നു തുടിച്ചുവോ… ആ ശബ്ദം കേട്ടപ്പോള്‍, മെല്ലെ എന്തോ ചോദിക്കാനായും മുമ്പെ മാഷ് വീണ്ടും വിളിച്ചു. ‘താനിങ്ങനെ അന്തിച്ചു നില്‍ക്കാണ്ട് വേഗം ഇറങ്ങ്, നമുക്ക് പോകണ്ടെ’.
പിന്നെ സംശയിച്ചില്ല. സാവധാനം മാഷിന്റെ പിറകെ നടന്നു. പടിയിറങ്ങുമ്പോള്‍ മാഷ് കൈ പിടിച്ചു. ‘സൂക്ഷിച്ച് … തനിക്ക് പ്രായത്തിന്റെ വയ്യായ്ക വന്നിരിക്കുന്നു.’ മക്കളോടൊന്ന് പറയണമായിരുന്നു അമ്മ ഇപ്പോള്‍ വരുംന്ന്.
മനസ്സൊന്നു ശങ്കിച്ചു.
പക്ഷെ മാഷ് ധൃതികൂട്ടുന്നു – ഒപ്പം നടക്കാന്‍… പിന്നെ കാലുകള്‍ നീട്ടിവലിച്ചു നടന്നു .. മാഷിനൊപ്പമെത്താന്‍.