മരണ തീരത്തു വെറുതെ നില്ക്കുമ്പോള്‍
ചിതയെരിയുന്ന മണം മനസ്സിന്റെ
ഗുഹാമുഖങ്ങളിലലയടിയ്ക്കുമ്പോള്‍
ഒരു കാറ്റു വന്നു കരിമ്പനകള്‍ തന്‍
മുടിയാട്ടം കഴിഞ്ഞിറങ്ങി,യെന്നോട്
ഹൃദയത്തില്‍ മുട്ടിയൊരു കഥ തന്നു.
ഹരിചന്ദനത്തിന്റെ ചിതയും ചാണക
വറളി കൊണ്ടുള്ള ചിതയുമേതാണ്
ഭഗവല്‍പാദത്തില്‍ ലയിക്കുക- വാക്കാ-
ലിടറി സാഗരം വിറയ്ക്കുമ്പോ-
ളൊരു പ്രവാചക സ്വരമലയടിയ്ക്കുമ്പോള്‍
അനന്ത നീലിമ അഗാധ നീലിമ
അതില്‍ നിന്നാദ്യത്തെ പ്രളയ പുഷ്പത്തില്‍
പിടഞ്ഞെണീയ്ക്കുന്ന പ്രപഞ്ചസാരത്തിന്‍
സ്വരോദകം നെഞ്ചില്‍ നിറഞ്ഞു നില്ക്കുന്നു.ലഹരി ചാലിച്ച വരകളിലൂടെ
ലയമറിയുന്ന കഥകളിലൂടെ
തലമുറകള്‍ തന്‍ തണലും തേങ്ങലും
പുനര്‍ജ്ജനി നൂണ് കടന്ന് പോകുമ്പോള്‍
ജരാനരകള്‍ തന്‍ ജനിതകദോഷ
ചിതാഭസ്മം തേടി പിടഞ്ഞു തീരുമ്പോള്‍
വെറുതെ മന്ത്രിച്ചു മനസ്സ് മൗനത്തിന്‍
പിറകില്‍ നിന്നാകാം മധുരം ഗായതി .മരണ തീരത്ത് വെറുതെ നില്ക്കുമ്പോള്‍
മധുര സുസ്മിത സ്വരം നുകരുമ്പോള്‍
സ്വയമലിയുന്ന സ്വരോദകം കൊണ്ട്
മിഴിനനയുമ്പോള്‍ മൊഴിയുണരുമ്പോള്‍
‘ഒരു ചിതാഭസ്മ കുടത്തിനുള്ളിലേ-
യ്‌ക്കൊരാകാശത്തെ യെടുത്തു വെയ്ക്കാമോ?’
വെറുതെയിങ്ങനെ മനസ്സു ചോദിച്ചു.
മലയാളത്തിന്റെ ഖസാക്ക് ചോദിച്ചു.
ചിരിച്ചു നില്‍ക്കയാണൊരാളപ്പോ-
ളെല്ലായിരുട്ടിനും മീതെ – മധുരം ഗായതി.(ഒ.വി.വിജയനെ അനുസ്മരിച്ചുകൊണ്ട്.)