‘നേരം പുലരുന്നതേയുള്ളൂ…. നഗരത്തിലേക്കുള്ള ബസ് പിടിക്കാന്‍ പുഴ കടക്കണം. പിന്നെയും അരമണിക്കൂറോളം നടക്കാനുണ്ട് ബസ് സ്റ്റോപ്പിലേക്ക്. അത് പോയിക്കഴിഞ്ഞാല്‍പ്പിന്നെ മണിക്കൂറൊന്ന് കഴിയണം അടുത്ത വണ്ടിക്ക്. പിന്നെ ടൗണില്‍ ചെന്നിട്ട് എന്തെടുക്കാന്‍. നേരം തെറ്റിയ യാത്രകള്‍ അല്ലെങ്കിലും എന്നും നിരാശയേ സമ്മാനിച്ചിട്ടുള്ളൂ…. വീട്ടില്‍ നിന്ന് ഓടിയിറങ്ങി അരണ്ട വെളിച്ചത്തില്‍ പുഴയോരത്തേക്ക്. തോണിപ്പുരയില്‍ കുമാരേട്ടനുണ്ടാകുമോ? ഉണ്ടാകാതെ എവിടെപ്പോവാന്‍. കുമാരേട്ടന്‍ പിറന്നതുതന്നെ നമുക്കൊക്കെ വേണ്ടിയാണല്ലോ… പുഴകടത്താനും ജീവിതം പഠിപ്പിക്കാനുമൊക്കെ…. ഈ പുലര്‍ച്ചെയില്‍ എനിക്കുവേണ്ടി കുമാരേട്ടന്‍ വള്ളമുന്തി. പുഴ ഉറക്കത്തിലായിരുന്നു….. കിനാവുകളിലൂടെ ഒഴുകിപ്പരന്ന് ചുണ്ടില്‍ പുഞ്ചിരി നിറച്ച് അവള്‍…. മധുരസ്വപ്നങ്ങളില്‍ ചിരിച്ചൊഴുകുന്ന ആ നിഷ്‌കളങ്ക സൗന്ദര്യത്തെ നോക്കി നോക്കി അമ്പിളിക്കലയും ഞങ്ങള്‍ക്കൊപ്പം കൂടി…. ‘
”വരദാ, നോക്കെടാ,,,, ആകാശത്തും മ്മടെ ചേലുക്കൊരു തോണി….”
കുമാരേട്ടന്‍ കവിയായി… പുഴയെ നോവിക്കാതെ തുഴയെ തൂവലാക്കി, ഒരു യാത്ര…. അങ്ങനെ എത്രയോ യാത്രകള്‍…”
കടവും കടത്തുകാരനും വീട്ടിലേക്കുള്ള വഴിയാണ്. ആഴ്ചയിലോ മാസത്തിലോ മറ്റോ ഒരിക്കലെങ്ങാന്‍ വീട്ടില്‍ വന്നുപോകുന്നവര്‍ക്ക് കടവ് ദൂരെക്കാണുമ്പോഴേ മനസ്സില്‍ തണുപ്പ് നിറയും… വള്ളത്തില്‍ നിന്ന് ഇറങ്ങുന്നവരുടെയും കയറാന്‍ തിടുക്കംകൂട്ടുന്നവരുടെയും മുഖങ്ങളില്‍ നാടിന്റെ തിരക്കുണ്ട്. ചിലര്‍ക്ക് വീടെത്താനുള്ള തിടുക്കം, മറ്റ് ചിലര്‍ക്ക് അക്കരെയെത്താനുള്ള തിടുക്കം.. വേഗമാകട്ടെ വേഗമാകട്ടെ എന്ന് എപ്പോഴുമെന്നപോലെ കടത്തുകാരന്റെ പതിവുള്ള തിടുക്കം… എല്ലാവരും വേഗമങ്ങ് ഒഴുകിത്തീരാനുള്ള തിടുക്കത്തിലാണ്.. തൊണ്ണൂറുകളുടെ ആദ്യം മലയാളത്തിലിറങ്ങിയ എംടിയുടെ കടവ് സംവദിച്ചത് ഗ്രാമജീവിതത്തിന്റെ നേര്‍ചിത്രങ്ങളാണ്. കടവും കടത്തുകാരനും തോണിപ്പുരയും വന്നുപോകുന്ന ഗ്രാമീണരും അവരുടെ വര്‍ത്തമാനങ്ങളും ജീവിതവും സ്വപ്നവുമൊക്കെയായി ഒരു സിനിമ. മൗനം പോലും വികാരങ്ങള്‍ പങ്കുവെച്ച ചിത്രം കടവ് ഒരു നാടിന്റെ ഹൃദയത്തെ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതിന്റെ മികവുറ്റ ഉദാഹരണമാണ്. യന്ത്രബോട്ടുകളുടെ മുരളലുകളെ പുഴയുടെ ഹൃദയത്തെ വിറ കൊള്ളിക്കുന്ന കാലത്തിനും മുമ്പേ ഓളങ്ങളോട് രഹസ്യം പറഞ്ഞ് അക്കരെയിക്കരെ സഞ്ചരിച്ചിരുന്ന തോണികളുടെ ജീവിതം കൂടിയാണ് ഓരോ കടവും പറയുന്നത്.
കടവുകളില്‍ കാത്തിരിപ്പിന്റെ നെടുവീര്‍പ്പുകളുണ്ട്, വിരഹത്തിന്റെ കണ്ണീരുപ്പുണ്ട്, ഒത്തുചേരലിന്റെയും വീണ്ടെടുക്കലിന്റെയും മടങ്ങിവരവിന്റെയും ഒളിച്ചോട്ടത്തിന്റെയുമൊക്കെ വിഹ്വലതയും ആനന്ദവുമുണ്ട്… ഓരോ തോണിപ്പുരയും പറയുന്നത് കാലം കൈമാറിപ്പോന്ന നന്മകളുടെ കഥകളാണ്….
”ആറ്റുവക്കില്‍ വെള്ളത്തിലേക്ക് ചാഞ്ഞുകിടന്ന ശീലാന്തിയില്‍ കയറി ഇരുകാലുകളും കൊണ്ട് തുഴയെറിഞ്ഞ് കടത്തുകാരനായി ചമഞ്ഞ കുട്ടിക്കാലങ്ങള്‍…. അവധിക്കാലത്തിന്റെ ആഹ്ലാദത്തുടിപ്പില്‍ കൂട്ടുകാര്‍ അക്കരയ്ക്കുള്ള യാത്രക്കാരാകും. ‘ഓയ്’ എന്ന നീട്ടിവിളിയില്‍ നൊടിനേരത്തെ കാത്തുനില്‍പ്… പിന്നെ പള്ളിക്കൂടപ്പുസ്തകത്തില്‍ നിന്ന് രാമപുരത്തുവാര്യരുടെ ഈണങ്ങള്‍…. ശീലാന്തിയില്‍ തീര്‍ത്ത കടത്തുവള്ളത്തില്‍ അങ്ങനെയുമൊരു യാത്ര… പകലിന് പ്രായമാകുന്നതറിയാതെ കൂട്ടുകാരുമൊത്ത്….”
”നാടും പുഴയും വിട്ട് അന്നം തേടി ഉഷ്ണപ്പകലുകളിലേക്ക് ചേക്കേറിയ ജീവിതത്തിന്റെ തിരക്കുകളില്‍ വീട് വിളിക്കുമ്പോഴെല്ലാം ഓടിയെത്താറുണ്ട് പിന്നെയും ഈ കടത്തുകാരന്‍…. കവിത കൊറിച്ച് പട്ടിണി മറന്ന രാവുകളിലൊക്കെ നീട്ടിപ്പാടുന്ന വരികളിലുണ്ട് കണ്ണില്‍ കണ്ണീരും ചുണ്ടില്‍ പുഞ്ചിരിയുമായി നനുത്തൊഴുകുന്ന പുഴ….
”വീട്ടിലേക്കല്ലോ വിളിക്കുന്നു തുമ്പയും
കാടും കിളിയും കടത്തുവള്ളങ്ങളും
വീട്ടില്‍ നിന്നല്ലോ ഇറങ്ങി നടക്കുന്നു
തോറ്റവും ചിങ്ങനിലാവും കരച്ചിലും” (വീട്ടിലേക്കുള്ള വഴി- ഡി. വിനയചന്ദ്രന്‍). ഓര്‍മ്മകളുടെ ഓളവും തീരവും ഈണമിട്ടുണര്‍ത്തുന്ന ഈരടികളും പിന്നെയും പിന്നെയും ”കടത്തുതോണിക്കാരാ…” എന്ന് കാഴ്ചകളുടെ ഉത്സവകാലത്തേക്ക് പ്രവാസജീവിതങ്ങളെ കൂട്ടിക്കൊണ്ടുപോയി…”
”പ്രണയവും വിരഹവും കാത്തിരിപ്പും നെടുവീര്‍പ്പുകളുമായി കാലം പിന്നെയും ഒഴുകി. കുപ്പിവളക്കിലുക്കവും പുഴ പുളകം കൊള്ളും പോലുള്ള ചിരിയും കണ്‍കോളിളക്കത്തിലെ കുളിര്‍മഴയുമെല്ലാം കൂടി ”എന്നെങ്കിലും നീ എന്റേതാകുമെങ്കില്‍ അതിന്നാട്ടെ ഈ നിമിഷത്തിലാട്ടെ” എന്ന മട്ടിലായിരുന്നു കടത്തുതോണിയുടെ കൗമാരം…. കായല്‍പ്പരപ്പിലേക്ക് കണ്ണുനട്ട് നെയ്‌തെടുത്ത കാമനകളുടെ സുവര്‍ണചിത്രങ്ങള്‍…
”വെറുമൊരു വാക്കിനക്കരെയിക്കരെ
കടവുതോണി കിട്ടാതെ നില്‍ക്കുന്നവര്‍…”
ചിലര്‍ പിന്നെയും കാലം കഴിഞ്ഞ് കൈകോര്‍ത്തുവന്നു. മറ്റ് ചിലര്‍ മടങ്ങിവരാതെ കാലത്തോടു ചേര്‍ന്നു. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന മട്ടില്‍ പിന്നെയും ജീവിതത്തിന്റെ തുഴയെറിഞ്ഞ് ചിലര്‍ ഉറക്കെച്ചിരിച്ചു.. നിന്നെ മാത്രം കണ്ടില്ലല്ലോ, നീ മാത്രം വന്നില്ലല്ലോ എന്ന് കുറച്ചുപേര്‍ കടവത്ത് തോണിയടുക്കുന്നതും കാത്ത് താടിക്ക് കൈയും കൊടുത്ത് നിന്നു. അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരുമെന്ന് ചിലര്‍ പലതും കരഞ്ഞുതീര്‍ത്തു.
”അരുത് ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാറ്റുന്നു പോകുവാന്‍- രാത്രിതന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍…” എന്ന് സ്വയം പറഞ്ഞും വിതുമ്പിയും ജീവിതത്തിന്റെ അക്കരെകളെ തേടി യാത്രയാവര്‍….”
”റാട്ടുകളുടെ സംഗീതവും ഓട്ടുഫാക്ടറികളിലെ സൈറണ്‍ മുഴക്കവും അരപ്പട്ടിണിക്കാരന്റെ ശ്വാസവേഗങ്ങളും ഒപ്പിയെടുത്ത കാലം തോണിക്ക് വാര്‍ധക്യമായിരുന്നു. അവശരെങ്കിലും അവര്‍ സ്വപ്നം കണ്ടുകൊണ്ടേയിരുന്നു,
”അക്കൊച്ചുസ്വപ്നങ്ങള്‍ക്കൊക്കെയും തീരത്തെ
പൂക്കൈത തന്‍ മണമായിരുന്നു
കൊയ്ത്തരിവാളിനെ കാത്തുകിടക്കുന്ന
നെല്‍ക്കതിരിന്‍ ചന്തമായിരുന്നു.
മീനും വലയുമായെത്തുന്ന മുക്കുവ-
ത്തോണികള്‍ തന്‍ താളമായിരുന്നു
ചീയിച്ച തൊണ്ടിലെ പൊന്‍നാരു വേര്‍പെടു-
ത്തീടുന്നതിന്റെ ചൂരായിരുന്നു.
ചൂടിപിരിക്കുന്ന റാട്ടുകളൊന്നിച്ചു
പാടുന്ന പായാരമായിരുന്നു.
മാനത്തുനോക്കി മഴയെ വിളിക്കുന്ന
മാനസ ശുദ്ധികളായിരുന്നു” (അഷ്ടമുടിക്കായല്‍- ഒഎന്‍വി).
”കാലം പിന്നെ ഭക്തിയുടെയും ഉത്സവത്തിന്റെയുമായിരുന്നു. ഈശ്വരന്‍ തോണിയിലേറി ഭക്തന്റെ ജീവിതത്തിലേക്ക് എത്തുന്ന കാലം. കുംഭമാസത്തിലെ തിരുവാതിര നാളില്‍ തൃക്കടവൂരപ്പന് ആറാടാന്‍ എടുപ്പുകുതിരയുമായി തേവള്ളിയിലെ ഭക്തര്‍ എത്തും. തേവള്ളിക്കടവില്‍ നിന്ന് ഭഗവാനെക്കാണാനുള്ള ഒരു കടത്തുയാത്ര… ആരവങ്ങളും കൊട്ടും മേളവുമായി അകമ്പടി വള്ളങ്ങള്‍ വേറെയും….
ആറന്മുളേശനുമുണ്ട് പമ്പയാറിലൂടെ തോണിയേറി എഴുന്നെള്ളത്ത്.. കൊട്ടും പാട്ടും ഘോഷവും ആര്‍പ്പുമായി തിരുവോണത്തോണിയുടെ വരവ്… വേഗവും ഭക്തിയും അര്‍ത്ഥവും സ്ഫുടതയും ചേര്‍ത്ത് ഉച്ചത്തില്‍ പഞ്ചമത്തില്‍ താളംചേര്‍ത്ത് ഓളങ്ങളില്‍ തുഴയെറിഞ്ഞ് വള്ളംകളിയുടെ ഉത്സവകാലം,
”പത്തുദിക്കും തങ്കലാളി നില്പവനേ കൈതൊഴുന്നേന്‍
പാലാഴിയില്‍ പള്ളികൊള്ളും പത്മനാഭാ കൈതൊഴുന്നേന്‍” ഈരടികളില്‍ ഈണത്തില്‍ ഓളപ്പരപ്പില്‍ തുളുമ്പുന്നത് ഒരു നാടിന്റെ പൈതൃകം. ”തെയ്യ തകത തീകതത്തോം തിത്തെയ് തക തെയ്‌തെയ്‌തോം ” എന്ന വായ്ത്താരിയില്‍ ഉയര്‍ന്നുതാഴ്ന്ന് തുഴയുന്ന ജീവിതങ്ങള്‍ക്ക് കൂട്ടാണ് നതോന്നതയില്‍ അമരത്തും കൂമ്പത്തും അണിയത്തും അണിയിടുന്ന ഹൃദയഗീതം. ആ സംസ്‌കൃതിയുടെ കടയ്ക്കലാണ് കോര്‍പ്പറേറ്റുകള്‍ വിമാനമിറക്കി വിള കൊയ്യാനൊരുങ്ങിയത്. അധികാരകേന്ദ്രങ്ങള്‍ വികസനത്തിന്റെ വായ്ത്താരിയുമായി ആര്‍ത്തി മൂത്ത് പാഞ്ഞടുത്തത്. പൈതൃകത്തെ കാത്തുസൂക്ഷിക്കാന്‍ കേരളം സമരത്തിനിറങ്ങിയ ആ കാലത്ത് എന്തിനുവേണ്ടിയെന്നായിരുന്നു വികസനവിമാനം പറത്താന്‍ ഒരുമ്പെട്ടിറങ്ങിയവര്‍ ചോദിച്ചത്. പരിഹാസത്തിന്റെ മുനയുള്ള ആ ചോദ്യത്തിനും സമരകേരളം മറുപടി നല്‍കി,
”ഞങ്ങള്‍ക്കെന്തുവേണമെന്നോ?
പമ്പയിലെ പുണ്യതീര്‍ത്ഥം
രണ്ടുകരയിലും നീളേ
തഴച്ച കണ്ടം
കരിക്കാള വിതക്കൊയ്ത്തും
അരിക്കലം അടുപ്പത്തും
ചിരിക്കുന്ന കവിള്‍ക്കൂമ്പും
നറുതേന്‍കൂമ്പും
പൊന്നിന്‍കൊടിമരത്തിന്മേല്‍
പാറിടും തൃക്കൊടിക്കൂറ
തമ്പേറടി പെരുന്നാള്‍
നൊയമ്പുമേളം” (വഞ്ചിപ്പാട്ട്- വിഷ്ണുനാരായണന്‍ നമ്പൂതിരി)
ജീവിതമൊഴുകുകയാണ്. കാലക്കടലിലേക്ക് എത്തിച്ചേരാനുള്ള വ്യഗ്രതയില്‍…. വല്ലാത്ത മാറ്റങ്ങള്‍… മഴയും കാറ്റും വെയിലുമെല്ലാം മടിച്ചും ചിലപ്പോള്‍ ഇരച്ചുമെത്തി കോലം കെടുത്തുകയാണ് നമ്മളെ…. പുഴകള്‍ക്ക് മീതെ പാലങ്ങള്‍ പെരുകി… താഴെ നീരൊഴുക്ക് നിലച്ചു….
”പൊയ്‌പോയ നിലാവിന്റെ നിനവ് വറ്റാത്ത നിളാമണല്‍ത്തടം. പറവകളുടെ കളിത്തട്ട്. കവിളൊട്ടിയ കടവ്. എല്ലുന്തി ചുവന്ന അമ്പലപ്പടി ചൂണ്ടുന്ന പാത… അര്‍ശസ് മാറാത്ത കടവുതോണി, തകരക്കണ്ണട വെച്ച തോണിപ്പുര…” (കവിയുടെ കാല്പാടുകള്‍- പി. കുഞ്ഞിരാമന്‍ നായര്‍)
പുഴമണല്‍ത്തിട്ടില്‍ ഒടിച്ചുകുത്തിയ ഓലക്കൂരയില്‍ വക്കടര്‍ന്ന തുഴയുമൂന്നി ഒരാള്‍….. മണ്ണില്‍ പൂണ്ടുപോയതുപോലെ ഇളക്കമില്ലാതെ വള്ളം….. ഒരുകാലം അക്കരെയിക്കരെ എത്രയോ തവണ…. കാത്തിരിക്കാന്‍ എത്രയാളുകള്‍… അന്തമില്ലാത്ത തീരം തേടി പുഴയൊഴുകിയ കാലമായിരുന്നു അത്….. ചിലപ്പോള്‍ നിറഞ്ഞ്കവിഞ്ഞ് തീരത്തെയും കവര്‍ന്ന്…. മറ്റ്ചിലപ്പോള്‍ കാല്‍പ്പാദത്തില്‍ മുട്ടിയുരുമ്മി കിന്നരിച്ച്…. അതിനിടയിലുള്ള നിറവിലാണ് ജിവിതത്തിലേക്ക് തുഴയെറിഞ്ഞ കാലം.
അക്കരെ അണ്ടിയാപ്പീസിലേക്ക് പോകുന്ന പെണ്ണുങ്ങള്‍… ഇക്കരെ സ്‌കൂളിലേക്ക്, അടുത്ത ജങ്ഷനിലേക്ക് ഓടി ബസ് പിടിക്കാന്‍…. തിരക്കായിരുന്നു എല്ലാവര്‍ക്കും… വള്ളത്തിന്റെ അണിയത്തും അമരത്തും വരെ ആളെ ഇരുത്തി അക്കരെയ്ക്ക് തുഴയുമ്പോള്‍ അതൊരു ഉത്സവമാകും. പുഴയിലും വള്ളത്തിലും ഒരേ ആരവം.
പട്ടിണി മാറ്റാനുള്ള നെട്ടോട്ടത്തിന്റെ കഥകള്‍, പള്ളിക്കൂടക്കുരുന്നുകളുടെ കുസൃതികള്‍… എല്ലാം കണ്ടും കേട്ടും…. എത്രകാലമൊഴുകിയ ജീവിതം. ഒരു സംസ്‌കൃതി ഒഴുകിപ്പരന്ന കാലമായിരുന്നു അത്.
ആ ജീവിതത്തെ നാം വിറ്റുതിന്നിരിക്കുന്നു. മണ്ണ് വിറ്റ്, മലകള്‍ വിറ്റ്, പുഴ വിറ്റ്… പരദേശികളാകാന്‍ ഒരുമ്പെട്ട് ഒരു സമൂഹം… ഈ നദികള്‍ നമ്മുടെ ദാഹം ശമിപ്പിച്ച് കൂടെവന്നവരാണ്. നമ്മുടെ തോണികള്‍ ചുമന്നിത്രനാള്‍ പാഞ്ഞവരാണ്. നമ്മുടെ കുഞ്ഞിക്കിടാങ്ങളെ ഊട്ടിയവരാണ്.
നമുക്ക് പുഴ, ഓര്‍മ്മകളിലെ ഗ്രാമത്തുടിപ്പാണ്, സംസ്‌കാരത്തിന്റെയും പവിത്രമായ ചരിത്രത്തിന്റെയും നിത്യപ്രവാഹമാണ്… ഒത്തുചേര്‍ന്നുള്ള ആ തോണിയാത്രകളില്‍ പങ്കുവെച്ചതത്രയും നാടിന്റെ വിശേഷങ്ങളാണ്. സംസ്‌കാരത്തിന്റെ പകല്‍വെളിച്ചം അസ്തമിച്ചൊടുങ്ങുന്ന പുഴയുടെ അങ്ങേക്കരയിലേക്ക് കണ്ണുംനട്ട് ചിതലെടുത്തുവീഴാറായ തോണിപ്പുരയില്‍ ഇരിക്കെ പ്രത്യാശയുടെ കരുത്തുമായി ഒരു ചരിത്രം ഒഴുകിയെത്തുന്നുണ്ട് മുന്നില്‍…
തീരമടുക്കുവാന്‍, തുഴയെടുത്തൊന്ന് നിവര്‍ന്നുനില്‍ക്കുവാന്‍ നാളെകള്‍ക്ക് അഭിമാനത്തോടുല്ലസിക്കാന്‍ ചാഞ്ഞും ചരിഞ്ഞും ഒരു യാത്ര പോകണം… ചരിത്രപ്രവാഹത്തിലൂടെ ഒരു തോണിയാത്ര… കടവുകള്‍ പറഞ്ഞ കഥകളിലൂടെ, നാടിന്റെ ഹൃദയത്തിലേക്ക്…..