സ്വാതന്ത്ര്യം തന്നെ അമൃതം
(ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ സമരചരിത്രം)
ദീര്‍ഘകാവ്യം
കെ.വി. തിക്കുറിശ്ശി, ഗ്രാസ് റൂട്ട്‌സ്
മാതൃഭൂമി, കോഴിക്കോട്
പേജ്: 520 വില: 500 രൂപ
സ്വാതന്ത്ര്യസമരത്തെക്കുറിച്ച് നിരവധി കവിതകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്, എന്നാല്‍ ഇതഃപര്യന്തമാണ് ഒരു ദീര്‍ഘ കാവ്യരചന നടക്കുന്നത്. പരിണത പ്രജ്ഞനും പണ്ഡിതനുമായ കെ.വി. തിക്കുറിശ്ശിയാണ് ഈ കാവ്യരചന നടത്തിയത്. ഇക്കാലത്ത് ഇത്തരമൊരു കാവ്യത്തിന് എന്തു പ്രസക്തി എന്നു ചോദിക്കുന്നവരുണ്ടാവാം. ഇന്നാണ് ഇത്തരം കാവ്യത്തിന് ഏറെ പ്രസക്തി എന്നാണ് ഉത്തരം. സ്വാതന്ത്ര്യസമരത്തിന്റെ സാംസ്‌കാരിക പ്രേരണയും ത്യാഗവുമൊക്കെ പുതുതലമുറയെ ഓര്‍മ്മിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുപറ്റിയ ഭാഷ, ആഖ്യാനരീതി, ചുണ്ടില്‍ എന്നും തത്തിക്കളിക്കാവുന്ന, അനുഷ്ടുപ്പിലുള്ള ലളിതസുന്ദര പദപ്രയോഗങ്ങള്‍, ആര്‍ക്കും മനസ്സിലാവുന്ന കാവ്യാലങ്കാരങ്ങള്‍ എന്നിവയെല്ലാം ഈ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ കാവ്യത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. അഞ്ഞുറ്റി ഇരുപത് പേജുള്ള ഈ കാവ്യത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഇതിഹാസരചന എന്നു വിളിച്ചാല്‍ തെറ്റാവില്ല. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ വരെ ഉള്‍പ്പെടുത്താന്‍ പറ്റിയവയാണ് ഇതിലെ കാവ്യഭാഗങ്ങള്‍ ‘സ്വാതന്ത്ര്യം തന്നെ അമൃതം’ എന്ന പേരും സാര്‍ത്ഥകമായിരിക്കുന്നു.
സ്വാതന്ത്ര്യസമരത്തിന്റെ കഥ പറയുന്നതിനു മുമ്പ് ബാപ്പുവിനെ സ്മരിക്കാനായി രണ്ടു മണ്ഡലങ്ങളാണ് വിനിയോഗിച്ചത്. യുഗപുരുഷനെക്കുറിച്ചു പറയവെ എത്ര അയത്‌നലളിതമായി ആ ദിവ്യ തേജസ്സിനെ വര്‍ണ്ണിക്കുന്നു എന്നു നോക്കുക
”അഹിംസയഥവാസര്‍വ്വ
ജനീന സ്‌നേഹവൈഭവം
മര്‍ത്ത്യവംശത്തെയൊന്നാകെ
രഞ്ജിപ്പിക്കുന്ന പട്ടുനൂല്‍
ബാപ്പുവിന്‍ ധര്‍മ്മസിദ്ധാന്തം
മേരുപര്‍വ്വതസന്നിഭം
ഉന്നതം, തീരമില്ലാത്ത
സമുദ്രംപോല്‍ വിശാലവും”
ഈ രീതിയില്‍ സുഖസുന്ദരമായ ഒഴുക്കാണ് ഈ കാവ്യം. ഇടയ്ക്ക് ഒരു തട്ടുംതടവുമില്ല. സ്വാതന്ത്ര്യസമര ചരിത്രം മുഴുവന്‍ ഇവ്വിധം എഴുതുക എന്നത് നിസ്സാരമല്ല. പ്ലാസിയുദ്ധം മുതലുള്ള രണ്ടു നൂറ്റാണ്ടിന്റെ സമരചരിത്രം ഓരോന്നോരോന്നായി വിവരിക്കുകയാണ് കവി. കവി സ്വാതന്ത്ര്യസമര കഥ പറയുന്നത് വ്യക്തികളെ കേന്ദ്രീകരിച്ചാണ്. മംഗള്‍പാണ്ഡെ, ഝാന്‍സിറാണി, നാനാസാഹേബില്‍ നിന്നു തുടങ്ങി അരവിന്ദനിലും ഭഗത്‌സിംഗിലും ആസാദിലുമൊക്കെ കൂടികടന്നുപോകുന്നതിനിടയ്ക്ക് സ്വദേശി പ്രസ്ഥാനവും ചമ്പാരനും ഖിലാഫത്തും നിസ്സഹകരണസമരവും സ്വരാജൂം ക്വിറ്റിന്ത്യയും നാവിക കലാപവും വിഭജനവുമൊക്കെ വിട്ടുകളയാതെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ദ്ധരാത്രിയിലെ സൂര്യോദയം, കുരുതിക്കളം എന്നീ വിഭജനാനന്തര ചരിത്രത്തിലൂടെ ഗാന്ധിഹത്യയില്‍ വന്നു നില്‍ക്കുന്നു ഈ ചരിത്രരചന. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ ‘വൈശാഖ പൗര്‍ണ്ണമിയിലെ ചോരപ്പുഴ’ എന്ന തലക്കെട്ടിനു താഴെ ഹൃദയസ്പര്‍ശിയായി വിവരിക്കുന്നുണ്ട് കവി:
”കുട്ടികള്‍, വൃദ്ധ, രമ്മമാര്‍
ആര്‍ത്തലച്ചുവിളിക്കവെ
തുടരെത്തുടരെ വെടി
നാദം പ്രാണപരിഭ്രമം
വെള്ളത്തിന് മുറവിളി
അടങ്ങാത്ത രോദനം
പ്രാണരക്ഷയ്ക്ക് മുന്നോട്ട്
നീങ്ങാനുള്ള വ്യഥാശ്രമം”
എന്ന വിവരണത്തിലൂടെ കവി വാക്കുകള്‍ കൊണ്ട് ആ രംഗങ്ങള്‍ വരച്ചുകാട്ടുകയാണ്. വെടി നിലച്ചതിനു ‘തിരതീര്‍ന്നതിനാല്‍ മാത്രം’ എന്നാണ് ഡയര്‍ മറുപടി നല്‍കിയത്. ഇത്തരത്തിലുള്ള നിരവധി വാക് ചിത്രങ്ങള്‍ ഈ കാവ്യത്തിലുണ്ട്.
അനുബന്ധമായി ജവഹര്‍ലാല്‍ നെഹ്‌റു, രാജേന്ദ്രപ്രസാദ്, ആനിബസന്റ് തുടങ്ങിയവരെക്കുറിച്ചെഴുതുന്നതില്‍ കേരളത്തില്‍ നിന്നുള്ള സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. വേലുത്തമ്പിയും പഴശ്ശിയും മുതല്‍ സി.കേശവന്‍, ടി.എം. വര്‍ഗീസ്, ബോധേശ്വരന്‍ വരെയുള്ളവര്‍ ഈ പട്ടികയില്‍ ഉണ്ട്. കവിതയെ വെല്ലുന്ന ഗദ്യത്തിലൂടെ പ്രവേശിക രചിച്ച പ്രസിദ്ധ കവി എസ്. രമേശന്‍നായര്‍ ഈ കാവ്യത്തിന്റെ പ്രസക്തിയും ശക്തിയും ബോധ്യപ്പെടുത്തിത്തരുന്നു. ജ്ഞാനം കൊണ്ടും പ്രായംകൊണ്ടും വൃദ്ധനായ കെ.വി. തിക്കുറിശ്ശിയുടെ നാമം ശാശ്വതമാക്കിതീര്‍ക്കും ഈ കാവ്യം എന്നതില്‍ സംശയമില്ല.
ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ എന്ന കേരളത്തിന്റെ സാം സ്‌കാരിക പൈതൃകമായ കാഴ്ചപ്പാടിനെ ബലപ്പെടുത്തുന്ന രണ്ടു കണ്ണികള്‍ ഇന്നും മലയാളഭാഷയില്‍ ജ്വലിച്ചു നില്‍ക്കുന്നു. കെ.വി.തിക്കുറിശ്ശിയും എസ്.രമേശന്‍ നായരുമാണവര്‍. ‘കന്യാകുമാരിയുടെ കല്‍ക്കണ്ടപ്പാടത്ത് കവിത വിരിയിച്ച പരമ്പരയുടെ അവസാനത്തെ സ്വര്‍ണ്ണക്കണ്ണി’ എന്നാണ് രമേശന്‍ നായര്‍ കെ. വി.തിക്കുറിശ്ശിയെ വിശേഷിപ്പിച്ചത്.