ആലപ്പുഴ: പാര്‍ട്ടി തിട്ടൂരം അവഗണിച്ച് അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണ യജ്ഞത്തില്‍ പങ്കാളികളായി സിപിഎം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പള്ളിപ്പുറം പട്ടാര്യ സമാജം നേതാവും ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്റുമായ ടി.ജി.രഘുനാഥപിള്ളയും സിപിഎം കുമാരപുരം ബ്രാഞ്ച് സെക്രട്ടറിയും മുന്‍പഞ്ചായത്ത് അംഗവുമായ തങ്കമ്മാളും അടക്കം നിരവധി പ്രവര്‍ത്തകരാണ് ധനശേഖരണയജ്ഞത്തില്‍ പങ്കാളികളായത്.
താന്‍ ക്ഷേത്രഭാരവാഹി എന്ന നിലയിലാണ് നിധിശേഖരണയജ്ഞം ഉദ്ഘാടനം ചെയ്തതെന്നും വിശ്വാസിയായതിനാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ധനസഹായം നല്‍കുമെന്നും ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് രഘുനാഥപിള്ള വ്യക്തമാക്കി. താനൊരു ഈശ്വരവിശ്വാസിയാണെന്നും അതിനാലാണ് ധനസമാഹരണയജ്ഞത്തില്‍ പങ്കാളിയായതെന്നും സിപിഎം നേതാവ് കുടിയായ തങ്കമ്മാള്‍ വെളിപ്പെടുത്തി. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് ഇരുപാര്‍ട്ടികളും മുന്നോട്ട് വന്നത് ചര്‍ച്ചയായി.
സംഘടിത മതവിഭാഗത്തില്‍പ്പെട്ടവരും സജീവമായി മതചടങ്ങുകളില്‍ പങ്കെടുക്കുന്നവരുമായ കോണ്‍ഗ്രസ് – സിപിഎം നേതാക്കന്മാരും അണികളുമാണ് തങ്ങളുടെ പാര്‍ട്ടിയില്‍ പെട്ടവരും എന്നാല്‍ ക്ഷേത്രവിശ്വാസികളുമായവരെ വിമര്‍ശിക്കാന്‍ മുന്നിട്ടിറങ്ങുന്നത് എന്നതാണ് വൈരുദ്ധ്യം.