രണ്ടു മാസത്തിലേറെയായി ദല്‍ഹിയില്‍ നടക്കുന്നത് കര്‍ഷക പ്രക്ഷോഭം ആണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ദേശവിരുദ്ധ ശക്തികളുടെ നീക്കങ്ങള്‍ പൊളിഞ്ഞിരിക്കുന്നു. പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഭീകരസംഘടനകളുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുകയാണ്. ഭീകരര്‍ക്ക് പിന്തുണ നല്‍കി രാഷ്ട്രത്തെ ശിഥിലീകരിക്കാനുള്ള കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നീക്കങ്ങള്‍ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുന്നു. നൂറുകണക്കിന് കോടിരൂപ പമ്പ് ചെയ്തുകൊണ്ട് രണ്ട് മാസക്കാലത്തില്‍ ഏറെയായി തുടര്‍ന്നുവന്ന പടപ്പുറപ്പാട് എന്തിനായിരുന്നു? പ്രക്ഷോഭകരുടെ അവകാശവാദം മുഖവിലക്കെടുത്താല്‍ രണ്ട് ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ ദല്‍ഹിക്ക് ചുറ്റും തമ്പടിച്ചിരിക്കുകയാണ്. ഒരാള്‍ക്ക് ഒരു ദിവസം 500 രൂപ ചിലവ് കണക്കാക്കിയാല്‍ നാളിതുവരെ 650 കോടിയില്‍പരം രൂപ സമരത്തിന് ചിലവഴിച്ചിട്ടുണ്ട്. എങ്ങിനെയാണ് ഈ ധനസമാഹരണം നടത്തിയത് എന്ന് എന്‍ ഐ എയുടെ അന്വേഷണം വ്യക്തമാക്കുന്നുണ്ട്.
ഖാലിസ്ഥാന്‍ ഗ്രൂപ്പുകള്‍ എത്തിച്ചത് കോടികള്‍
ദല്‍ഹിയില്‍ നടന്ന കര്‍ഷക സമരത്തിനായി വിദേശ രാജ്യങ്ങളിലെ ഖാലിസ്ഥാന്‍ ഗ്രൂപ്പുകളെത്തിച്ചത് കോടിക്കണക്കിന് രൂപ. പഞ്ചാബിലെ വിവിധ സംഘടനകള്‍ക്ക് സമരം ആളിക്കത്തിക്കാന്‍ എഫ സി ആര്‍ എ ചട്ടങ്ങള്‍ ലംഘിച്ച് വന്‍തോതിലാണ് പണമെത്തിയത്. പഞ്ചാബ് കര്‍ഷക സംഘടനകള്‍ക്കും സമരരംഗത്തുള്ള ഇടതുപക്ഷ സംഘടനകള്‍ക്കടക്കവും പണമെത്തി. ബബര്‍ ഖാല്‍സയുടെ ജര്‍മ്മന്‍ ചാപ്റ്ററിന് ഐഎസ് ഐ എത്തിച്ചത് അഞ്ചു കോടി രൂപയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ വ്യക്തമായി. ഖാലിസ്ഥാനി തലവന്‍ വാദ്വാ സിങും കെസിഎ ചീഫ് പരംജീത് സിങ് പങ്വായുമാണ് വിദേശങ്ങളില്‍ കര്‍ഷക സമരത്തിനായി വന്‍തോതില്‍ പണം പിരിച്ചത്. ഇരുവരെയും 2020 ജൂലൈയില്‍ ഭീകരവാദികളായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്.
ഖാലിസ്ഥാനി നേതാക്കളായ സന്തോക് സിങ് ലല്ലി, സ്വരബ്ജീത് സിങ് ഗോദ്ര എന്നിവര്‍ ഇറ്റലിയില്‍ മാത്രം 2 ലക്ഷം ബ്രിട്ടീഷ് പൗണ്ട് സമാഹരിച്ചു. മറ്റൊരു നേതാവ് ജോഗീന്ദര്‍ ബസ്സി കാനഡയില്‍ നിന്ന് 3 കോടി രൂപ ഇന്ത്യയിലെത്തിച്ചു. സിഖ് വിദ്യാര്‍ത്ഥികളുടെ ബ്രിട്ടീഷ് സംഘടനയും യു കെയില്‍ വലിയ തോതില്‍ പണപ്പിരിവ് നടത്തി. ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സുമായും സിഖ് ഫോര്‍ ജസ്റ്റിസുമായി ബന്ധമുള്ള ബ്രിട്ടീഷ് കൗണ്‍സില്‍ ഓഫ് സിഖ് പ്രസിഡന്റ് കുല്‍വന്ത്‌സിങ് ദേസിയാണ് സമരത്തിന് വേണ്ടി പണം സമാഹരിച്ച മറ്റൊരു പ്രമുഖന്‍. ജര്‍മ്മനി, ഇറ്റലി, കാനഡ, ആസ്‌ത്രേലിയ, ന്യൂസിലന്റ്, യുഎസ്, യു.കെ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഫണ്ട് വന്‍തോതില്‍ എത്തി. സിഖുകാരില്‍ നിന്ന് പിരിച്ച പണം ഹവാല വഴിയും ക്യാഷ് കൊറിയര്‍, എം ടിഎസ് എസ് പ്ലാറ്റ്‌ഫോം, വെസ്‌റ്റേണ്‍ യൂണിയന്‍ ട്രാന്‍സ്ഫര്‍ എന്നിവ വഴിയും ഇന്ത്യയിലെത്തിച്ചു. പഞ്ചാബിലെ വിഘടനവാദ ഗ്രൂപ്പുകള്‍, എന്‍ ജി ഒകള്‍, കര്‍ഷക സംഘടനകള്‍ എന്നിവയ്ക്കാണ് പണം എത്തിച്ചത്.
ഡിസംബര്‍ 1 മുതല്‍ ജനുവരി 6വരെ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ വഴി മൂന്നു കോടി രൂപ പിരിച്ചു എന്നാണ് എന്‍ ഐ എ അന്വേഷണത്തില്‍ കണ്ടെത്തിയത്. സാധന സാമഗ്രികള്‍ സമരക്കാര്‍ക്ക് കൃത്യമായി എത്തിക്കുന്നതിനും സമരത്തില്‍ അസുഖബാധിതരാവുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതിനും എല്ലാം ഈ പണം ചെലവിട്ടു. 34 ഫണ്ട് സമാഹരണ പരിപാടികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വിദേശങ്ങളില്‍ നടത്തി. ഒരു ലക്ഷം രൂപ വീതം ട്രാക്ടറുകള്‍ സിംഗു അതിര്‍ത്തിയില്‍ എത്തിക്കുന്നതിന് വാഗ്ദാനം ചെയ്തു. ട്രാക്ടറിന് നാശനഷ്ടം വന്നാല്‍ നല്‍കുന്നതിന് മാത്രമായി 2.3ലക്ഷം ഡോളര്‍ ആണ് വിദേശ സിഖ് സംഘടനകള്‍ വാഗ്ദാനം നല്‍കിയത്. സിംഗു അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നവര്‍ക്ക് ആയിരം ഡോളര്‍ ആണ് ഖാലിസ്ഥാനി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചത്. ഇന്ത്യാ ഗേറ്റിലും റിപ്പബ്ലിക് പരേഡിനിടെ രാജ്പഥിലും ഖാലിസ്ഥാന്‍ മുദ്രാവാക്യം മുഴക്കുന്നവര്‍ക്ക് നല്‍കാനായി ഖാലിസ്ഥാന്‍ മോര്‍ച്ച 250 ഡോളര്‍ പ്രഖ്യാപിച്ചിരുന്നു.
ഇത്തരം പണംകൊണ്ട് രാജ്യത്തെ മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു എന്നതിന് വ്യക്തമായ തെളിവാണ് ‘ഇന്ത്യാടുഡേ’യുടെ സീനിയര്‍ ജേര്‍ണലിസ്റ്റായ രാജ്ദീപ് സര്‍ ദേശായിയുടെ ട്വീറ്റ്. അപകടകരമാംവിധം ട്രാക്ടര്‍ ഓടിക്കുകയും അവസാനം അത് മറിഞ്ഞു വീണപ്പോള്‍ അതിന്റെ അടിയില്‍പ്പെട്ട് മരിക്കുകയും ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശിയായ നവരീത് സിംഗ് ഹുണ്ടാല്‍ എന്നയാള്‍ പോലീസിന്റെ വെടിയേറ്റാണ് മരിച്ചത് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യാവിരുദ്ധരുടെ പണം പറ്റിയ മാധ്യമങ്ങളും ശശിതരൂരിനെ പോലെയുള്ള രാഷ്ട്രീയ നേതാക്കളും അത്തരം വാര്‍ത്തകള്‍ ഏറ്റുപാടുകയായിരുന്നു.
മോഡലും ചലച്ചിത്ര താരവുമായ ഖാലിസ്ഥാന്‍ അനുകൂലി എന്നറിയപ്പെടുന്ന ദീപ് സിദ്ദു ബിജെപിക്കാരനാണ് എന്നതായിരുന്നു അടുത്ത നുണപ്രചരണം. എന്നാല്‍ ദീപ് സിദ്ദു തന്നെ താന്‍ ബിജെപിക്കാരന്‍ അല്ല എന്ന് പരസ്യപ്രസ്താവന നടത്തുകയുണ്ടായി. എന്നാലും അയാളെ ബിജെപിക്കാരന്‍ ആക്കാനുള്ള മാധ്യമ ശ്രമം തുടരുകയാണ്.
ആക്രമണം മുന്നേ ആസൂത്രണം ചെയ്തത്
ദല്‍ഹിയില്‍ അരങ്ങേറിയ ആക്രമണങ്ങള്‍ അനിയന്ത്രിതമായ വികാരപ്രകടനം ആണ് എന്നുള്ള വാദം അടിസ്ഥാനരഹിതമാണ്. ആക്രമണത്തിനുള്ള ആസൂത്രണം നേരത്തെ തുടങ്ങിയിരുന്നു. ഇരുപത്തിയഞ്ചാം തീയതി വൈകുന്നേരം ദീപ് സിദ്ദു നടത്തിയ പ്രസംഗം എല്ലാ ബാരിക്കേഡുകളും തകര്‍ത്ത് ദല്‍ഹിയിലേക്ക് മുന്നേറണം എന്നുള്ളതായിരുന്നു. കൊടികള്‍ക്ക് ഒപ്പം വടികളും കമ്പിപ്പാര കളും മറ്റും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്തത് രാകേഷ് ടിക്കയറ്റ് ആണ്. കര്‍ഷകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കണം, വേണമെങ്കില്‍ പോലീസ് വെടിവയ്ക്കട്ടെ എന്നൊക്കെ വിളിച്ചുപറഞ്ഞത് മറ്റൊരു നേതാവായ ഗുര്‍ണാം സിംഗ് ചാരുണിയാണ്. റിപ്പബ്ലിക്ദിന പരേഡ് നടക്കുമ്പോള്‍ തന്നെ ട്രാക്ടര്‍ റാലികള്‍ തുടങ്ങുമെന്നും പരേഡിന് ഒപ്പം ട്രാക്ടര്‍ പരേഡും നടത്തുമെന്നും പ്രഖ്യാപിച്ചത് യോഗേന്ദ്രയാദവ് എന്ന നേതാവാണ്. ഇത്തരം നേതാക്കളുടെ തോളത്തു കയ്യിട്ടുകൊണ്ട് അവരെ പ്രോത്സാഹിപ്പിച്ചത് കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് നേതാക്കന്മാര്‍ ആണ്. കെ.കെ.രാകേഷ് എം.പി.യാണ് ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ അക്രമത്തിന് ആക്കം കൂട്ടിയത്. ചെങ്കോട്ടയില്‍ സിഖ് കൊടികള്‍ക്കൊപ്പം ഇടതു സംഘടനാ കൊടികളും കാണുക ഉണ്ടായി. ഇപ്പോള്‍ ഇവരെ തള്ളിപ്പറഞ്ഞുകൊണ്ട് തങ്ങള്‍ക്ക് ഇതിലൊന്നും പങ്കില്ല, തങ്ങള്‍ സമാധാന പ്രേമികള്‍ ആണെന്നാണ് നേതാക്കള്‍ അഭിനയിക്കുന്നത്.
ചെങ്കോട്ടയില്‍ ചെയ്തത്
രാജ്യത്തെ മാനം കെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള ആക്രമണമാണ് ചെങ്കോട്ടയില്‍ നടന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്ന പവിത്രമായ സ്ഥലമാണ് ചെങ്കോട്ട. രാഷ്ട്രത്തിന്റെ അഭിമാനമായ ഈ സ്ഥലത്താണ് രാജ്യത്തെ അപമാനപ്പെടുത്തുന്ന ആക്രമണം അരങ്ങേറിയത്. അക്രമികള്‍ മെറ്റല്‍ഡിറ്റക്ടര്‍, ടിക്കറ്റ് കൗണ്ടര്‍ തുടങ്ങിയവയെല്ലാം അടിച്ചുതകര്‍ക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അക്രമം ശക്തമായതോടെ രക്ഷപ്പെടാന്‍ വേണ്ടി 41 പോലീസുകാര്‍ക്ക് 20 അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടേണ്ടിവന്നു. അപ്പോഴും അക്രമികള്‍ പോലീസിനെ കല്ലെറിയുകയും ഭീകരമായി അക്രമിച്ച് അവരെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിടുകയും ആണ് ഉണ്ടായത്.
പടിഞ്ഞാറന്‍ ദല്‍ഹിയിലെ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മഞ്ജിത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനെ ട്രാക്ടര്‍ കൊണ്ട് ഇടിച്ചു കൊല്ലാനും ശ്രമമുണ്ടായി. ഭാഗ്യംകൊണ്ട് മാത്രമാണ് കമ്മീഷണര്‍ രക്ഷപ്പെട്ടത്. ഒരു പകല്‍ മുഴുവന്‍ നീണ്ട ക്രൂര മര്‍ദ്ദനങ്ങളില്‍ പെട്ട് നാന്നൂറോളം പോലീസുകാര്‍ ഇന്ന് ആശുപത്രിയിലാണ് ഉള്ളത്. വാളുകള്‍, മഴു, ഇരുമ്പുവടി തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ചും പോലീസിനെ നേരിട്ട് കല്ലേറ് നടത്തുകയുണ്ടായി. വെടിവെപ്പില്‍ ഒരു കര്‍ഷകന്‍ മരിച്ചു എന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ വന്‍തോതിലുള്ള അക്രമവും തുടര്‍ന്ന് വെടിവെപ്പും ഉണ്ടാവുമെന്നാണ് അക്രമികള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ വളരെ വലിയ സഹനശക്തിയോടും ക്ഷമയോടും കൂടി അതിനെ നേരിട്ട് പോലീസ് സേന ആത്മസംയമനം പാലിച്ചതുകൊണ്ടാണ് ചോരപ്പുഴ ഒഴുകുന്നതില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചത്.
(കിസാന്‍മോര്‍ച്ച സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍)