വെഞ്ഞാറമൂട്: മറവിയുടെ മാറാപ്പുമായി നടക്കുന്ന പുതുതലമുറയ്ക്കു മുന്നില്‍ ഓര്‍മ്മയുടെ രാജാവായി മാറുകയാണ് 14 കാരനായ തേജസ്സ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ലോകവിവരങ്ങള്‍ പറയുന്ന തേജസ് അഞ്ച് റെക്കോര്‍ഡുകള്‍ ഇട്ടിരിക്കുകയാണ്.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തെക്കേ ഇന്ത്യയില്‍ ഉപയോഗിച്ച് വരുന്ന 165 ഓളം വാദ്യോപകരണങ്ങളുടെ പേര്, കേരളത്തിലെ 44 നദികളുടെ പേര്, മോഹന്‍ലാല്‍ അഭിനയിച്ച 350 ഓളം സിനിമകളുടെ പേര്, ഖുര്‍ആനിലെ 25 പ്രവാചകന്മാരുടെ നാമം, 18 പുരാണങ്ങള്‍ എ ന്നിവ ക്രമത്തില്‍ പറഞ്ഞാണ് തേ ജസ് ഒരേസമയം അഞ്ച് റെക്കോര്‍ ഡുകള്‍ക്ക് അര്‍ഹനായത്. ഒന്നിന് പിന്നാലെ മറ്റൊന്നായി 11 വിഭാഗങ്ങളിലായി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ മികവ് പട്ടികയിലിടം നേടിയ ഈ മിടുക്കന്‍ കൊറോണക്കാലത്തെ അവധി ദിനങ്ങള്‍ അറിവിന്റെ ആഘോഷമാക്കിയാണ് നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും പേരും തലസ്ഥാനനഗരങ്ങളും അക്ഷരമാലാക്രമത്തില്‍ പറയാനും തേജസിന് നിമിഷങ്ങള്‍ മതി. മമ്മൂട്ടി അഭിനയിച്ച 400 ഓളം സിനിമകളുടെ പേര് നാല് മിനുട്ടുകൊണ്ട് ക്രമത്തില്‍ പറയാനും 195 ലോക രാജ്യങ്ങളുടെ പേരും തലസ്ഥാനങ്ങളും ഭുഖണ്ഡത്തിന്റെ അടിസ്ഥാനത്തിലും അക്ഷരമാലാക്രമത്തിലും മൂന്ന് മിനുട്ടുകൊണ്ട് പറയാനും ഈ കൗമാരക്കാരന് കഴിയും.
ആവര്‍ത്തനപട്ടികയിലെ 118 മൂലകങ്ങളുടെ നാമം അറ്റോമിക സംഖ്യകളുടെ ക്രമത്തില്‍ ഒരു മിനുട്ട് കൊണ്ട് പറയുന്ന ഈ ഒന്‍പതാം ക്ലാസ്സുകാരന് പുരാണങ്ങളും ഇതിഹാസങ്ങളും ഹൃദിസ്ഥമാണ്. കല്ലറ ഗവണ്‍മെന്റ് വൊക്കേഷണല്‍ സ്‌കൂളി ലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ തേജസ് പാങ്ങോട് പഴവിള കെവി യുപിഎസില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തന്റെ അത്യപൂര്‍വ്വ ഓര്‍മ്മ ശക്തി ആദ്യമായി പ്രകടിപ്പിക്കുന്നത്. കടക്കല്‍ മതിര സ്വദേശികളായ വേണു പരമേശ്വറിന്റെയും ജുഢീഷ്യറി വകുപ്പ് ജീവനക്കാരി ദിവ്യയുടെയും മൂത്ത മകനാണ് 14 കാരനായ തേജസ്.