ഒരുനാള്‍ പൂനിലാക്കുളിരിലാണ്ടു ഞാന്‍
തനിച്ചു മുറ്റത്തു നിറഞ്ഞിരിക്കയായ്
ഇളകിയോടുന്ന പുതുമേഘങ്ങളി
ലിടയ്ക്കു താരകളൊളിച്ച കേളികള്‍
ചിരിച്ചുനില്ക്കുന്ന പനിമതിക്കില്ല
എതിര്‍പ്പുചേഷ്ടക ളെരിഞ്ഞനോട്ടവും.
ഒരുചെറുകിളിയടഞ്ഞൊരീണത്തി
ലതിമധുരമാ യിണയ്ക്കായ് പാടുന്നു
എനിക്കറിയില്ല നിനച്ചതെന്തിനെ?
തനിച്ചിരിക്കുന്ന മനോജ്ഞരാത്രിയില്‍
‘മതി’ ക്കെനിക്കില്ല വലിയ കോട്ടങ്ങ
ളിടയ്ക്കു കാറ്റിലേയ്ക്കലിഞ്ഞു പാലപ്പൂ
ധവളപുഷ്പങ്ങളതിന്‍ മയക്കുന്ന
സുഗന്ധധാരയെയഴിച്ചു വിട്ടുവോ?
ഒരുമേഘക്കീറു പൊടുന്നനെവന്നെന്‍
മൃഗാങ്കനെത്തട്ടീ മറച്ചു തൂമുഖം
അതിരിലൂടപ്പോള്‍ കനത്തദണ്ഡുമായ്
കുണുങ്ങിനീങ്ങുന്നു കുടുംബദേവത
തിരുമിഴികളെന്‍ തളര്‍ന്നനോക്കുമാ
യുരസിയെന്നിലേക്കവള്‍ കടക്കുന്നു.
ഒരു തേര്‍വാഴ്ച്ചയെ ഭയന്ന രാവുകള്‍
മറന്നതില്ലഞാനരുതരുതുകള്‍
നിലാവിലുംവേണ്ട പുറത്തെന്നമ്മൂമ
മറുത്തുചെയ്യലോ അസാദ്ധ്യമോഹവും.
അവള്‍ക്കുപോകുവാ നിടയ്ക്കുനിര്‍ത്തിയ
സകലവേദിയു മുണര്‍ന്നെണീയ്ക്കയായ്.
(അവളെന്‍കൂടെയെ ന്തെവിടെപ്പോകുവാ
നുറച്ചിരിപ്പായി വചസ്സിലീശ്വരി.. )
കുടമണീസ്വര മിടയ്ക്കു കേട്ടുവോ..?
കടമ്പ, കാളിന്ദീ സ്മൃതികളൂറിയോ…?
അകലെയാരാണു മുരളിയൂതുന്ന
തെനിക്കുമാത്രമായ്..? നനുത്തശബ്ദത്തില്‍
പ്രകൃതിയാമമ്മ നമുക്കൊരുക്കിയ അരങ്ങിലെക്കളിയെനിക്കു പത്ഥ്യമേ…
പുറത്തു മഞ്ഞുണ്ട് ഇരുളിന്‍തോഴരും,
ഇനിമതിയെന്നെന്നിണ മൊഴിയുന്നു.
മുരളിതീര്‍ക്കുന്നൊരവാച്യമാധുരീ
മഹിമയില്‍വീണ അവന്റെരാധ ഞാന്‍
കരംഗ്രഹിച്ചുഞാനെണീറ്റുപോകുമ്പോള്‍
പുറത്തുള്ളോരെല്ലാം പിണങ്ങിനില്ക്കുന്നു!
Comments