പുഴ കയറി ഇറങ്ങിയ വീട്ടില്‍ തിരികെ നാം ചെല്ലുമ്പോള്‍
മഴ കൂര്‍പ്പിച്ചെഴുതിയ പാഠം പലതല്ലോ കാണുന്നൂ
പലതല്ലോ കാണുന്നൂ….
മലമോളില്‍ നമ്മള്‍ നിരത്തിയ വേരില്ലാ ദൈവങ്ങള്‍
നിലതെറ്റിയൊലിച്ചു നിരന്നതു വഴിനീളേ കാണുന്നൂ
വഴിനീളേ കാണുന്നൂ…
മരമില്ലാ മലയോരത്തും, മണലില്ലാ പുഴയോരത്തും
വിത്തില്ലാ വയലോരത്തും മഴ കേറിയിറങ്ങുന്നൂ
പുഴ കേറി നിരങ്ങുന്നൂ…
വയല്‍വഴിയില്‍ വാരിവിതപ്പൂ പല പ്ലാസ്റ്റിക് കുപ്പികളും
പുതിലേറിയ മണ്ണിന്‍മാറില്‍ പലമാതിരി കൂടുകളും
പലമാരി*ക്കൂട്ടുകളും….
തോടരികില്‍ ചീര്‍ത്തുമലച്ചൊരു പെണ്ണുടലില്‍ കണ്ണില്ലാ
കണ്‍കൊത്തിയ മീന്‍കൂട്ടങ്ങള്‍ നേരുള്ളവരാണല്ലോ
നെറിയുള്ളവരാണല്ലോ…
മണിമാളിക കെട്ടിപ്പൊക്കാന്‍ മണല്‍ തെണ്ടിയലഞ്ഞവര്‍ നമ്മള്‍
അമ്മപ്പുഴ മക്കള്‍ക്കായി മണല്‍കൊണ്ടു നിറക്കുന്നൂ
മണല്‍മാളിക തീര്‍ക്കുന്നൂ….
മണ്ണാളും തമ്പ്രാക്കന്‍മാര്‍ വെളിപാടിയ വാക്കെല്ലാം
തണ്ണീരില്‍ കുമിളകള്‍ പോലെ പഴുതായിപ്പോകുന്നൂ
പാഴായിപ്പൊലിയുന്നൂ…
മലമുകളില്‍ മഴ പെയ്യുമ്പോള്‍ മക്കളേ നമ്മളെല്ലാം
മടികൊണ്ടു മയങ്ങിടാതെ മനം നൊന്തിരിക്കണം
അകം വെന്തിരിക്കണം…
മഴ കയറി നിരങ്ങിയ നാട്ടില്‍ തിരികെ നാം ചെല്ലുമ്പോള്‍
പുഴയോര്‍മ്മിച്ചെഴുതിയ പാഠം ചിലതല്ലോ കാണുന്നൂ
ചിലരല്ലോ കാണുന്നൂ…
* മാരി = രോഗങ്ങള്‍