”പഴഞ്ചൊല്ലില്‍ പതിരില്ല” എന്നാണല്ലോ നമ്മുടെ വിശ്വാസം. മനുഷ്യമനസ്സില്‍ ആഴത്തില്‍ പതിഞ്ഞ സത്യസങ്കല്പങ്ങളുടെ പ്രതിസ്ഫുരണമാണ് പഴഞ്ചൊല്ലുകള്‍. പച്ചയായ മനുഷ്യന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നവയാണ് പ്രചാരക്ഷമമായ ഇത്തരം പ്രയോഗങ്ങള്‍. മലയാള ഭാഷയ്ക്കും വ്യാവഹാരിക ജീവിതത്തിനും ഒരേപോലെ അര്‍ത്ഥം നല്‍കുന്നവയാണ് പഴഞ്ചൊല്ലുകള്‍. വിത്താഴം ചെന്നാല്‍ പത്തായം നിറയും എന്നത് കാര്‍ഷിക സമൃദ്ധിയുടെ തനിമയെ ഓര്‍മ്മപ്പെടുത്തുവാന്‍ സഹായിക്കുന്നു. കൃഷി എന്നാല്‍ മണ്ണും വിത്തുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണു നന്നായാലേ പൊന്നു വിളയൂ. മണ്ണ് പൊന്നാക്കണമെന്ന് നാം പറയുമ്പോള്‍ മണ്ണിലെ ജൈവ പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ് അര്‍ത്ഥം. ചാണകവും പച്ചിലവളവും മറ്റും നല്‍കി മണ്ണിനെ സമ്പന്നമാക്കിയാലേ വിളകള്‍ നന്നായി വളരുകയുള്ളു. വിത്തുഗുണം പത്തുഗുണം എന്ന പ്രയോഗത്തിലൂടെ നല്ലയിനം വിത്തുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്നു. ഈര്‍പ്പമുള്ള മണ്ണില്‍ ആവശ്യത്തിന് ആഴത്തില്‍ വിളവ് ഇറക്കുകയും മണ്ണിട്ട് മൂടുകയും ചെയ്യണം. വിത്താഴം എന്ന പ്രയോഗം വിത്തുഗുണത്തേയും മണ്ണിന്റെ പക്വതയേയും സൂചിപ്പിക്കുന്നു.
മണ്ണും വിത്തും പ്രകൃതിയും നന്നായാല്‍ പത്തായം മുഴുവന്‍ നെല്ലുകൊണ്ട് നിറയും എന്നതാണ് ഈ പഴഞ്ചൊല്ല് അര്‍ത്ഥമാക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് പത്തായം എന്നാല്‍ എന്താണെന്ന് അറിവില്ല. നെല്ലു സൂക്ഷിക്കുന്നതിന് തടികൊണ്ടുണ്ടാക്കിയ ചതുരാകൃതിയിലുള്ള വലിയ സംഭരണികളെയാണ് പത്തായം എന്നറിയപ്പെടുന്നത്. ഇന്ന് പത്തായം ഇല്ലാതായി. കൃഷി കുറഞ്ഞു. അദ്ധ്വാനം ചെയ്യുന്ന സ്വഭാവത്തിലും മാറ്റം വന്നു. കൃഷി നശിച്ചതോടെ മലയാള ഭാഷയില്‍ ഉണ്ടായിരുന്ന പല പദങ്ങളും അപ്രത്യക്ഷമായി. ഭാഷയ്ക്ക് ഉറപ്പും മനുഷ്യന് നന്മയും പ്രകൃതിക്ക് സന്തോഷവും പകരുന്ന കൃഷി നമുക്ക് വീണ്ടെടുക്കേണ്ടിയിരിക്കുന്നു.
ഉഴവു ചാലുകളില്‍ പരിശുദ്ധമായ വിത്തുകള്‍ ആഴത്തിലിട്ട് മണ്ണിട്ട് മൂടി ഈടുറ്റ പരിചരണം നല്‍കി സ്വര്‍ണ്ണനിറമായ നെല്ലു കൊയ്തിരുന്ന കഴിഞ്ഞ കാല നന്മകളെ ഓര്‍മ്മപ്പെടുത്തുന്നതാണ് വിത്താഴം ചെന്നാല്‍ പത്തായം നിറയും എന്ന പഴഞ്ചൊല്ല്.
വിശുദ്ധ വിളയായ നെല്ലിന്റെ ഗതകാല നന്മകളെ ഇന്നും ഓര്‍മ്മപ്പെടുത്തുവാന്‍ ഈ പഴഞ്ചൊല്ല് സഹായിക്കുന്നു. വിത്തു മുതല്‍ കൊയ്ത്തുവരെ നടത്തേണ്ട സമ്പൂര്‍ണ്ണമായ പരിചരണവും പരിശ്രമവും പത്തായം നിറയ്ക്കുവാന്‍ ആവശ്യമാണെന്ന് ഈ പഴഞ്ചൊല്ല് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. വിശുദ്ധിയുടെ വികാസമായ വിത്തിനേയും അത് സൂക്ഷിക്കുന്ന പത്തായത്തേയും താന്‍ കാലുറപ്പിച്ചു നില്‍ക്കുന്ന മണ്ണിന്റെ നന്മയേയും ഓര്‍മ്മപ്പെടുത്തുകയാണീ പഴഞ്ചൊല്ല്. മലയാളിയുടെ മണ്ണും മനസ്സും വീണ്ടെടുക്കുവാന്‍ ഉതകുന്ന പ്രഖ്യാപനമാണ് ഈ പഴഞ്ചൊല്ലില്‍ ഉള്ളത്. വിത്തും മണ്ണും പത്തായവും സമൃദ്ധിയുടേയും സമ്പന്നതയുടേയും ഐശ്വര്യത്തിന്റേയും പ്രതീകമാണ്. കാലത്തെ കാക്കേണ്ട നന്മയുടെ ഓര്‍മ്മകള്‍ തൊടുത്തുവിടാന്‍ വിത്താഴം ചെന്നാല്‍ പത്തായം നിറയും എന്ന പഴഞ്ചൊല്ല് ഇന്നും നമ്മെ സഹായിക്കുന്നു.