കോഴിക്കോട്: ഭൂമിയേയും പ്രകൃതിയേയും ജീവനെയും അതിന്റെ നിലനില്പിനെയും കുറിച്ചാണ് കുട്ടികളുടെ മനസ്സില്‍ ചിന്തകള്‍ പകരേണ്ടതെന്നും ജീവിതത്തിലൊരിക്കലും പ്രയോജനം ചെയ്യാത്ത വിഷയങ്ങള്‍ പഠിപ്പിച്ച് സമയം കളയുകയാണ് ഇന്നത്തെ വിദ്യാഭ്യാസത്തിലൂടെ ചെയ്യുന്നതെന്നും പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. ശോഭീന്ദ്രന് അഭിപ്രായപ്പെട്ടു. പര്യാവരണ്‍ വിഭാഗിന്റെ ആഭിമുഖ്യത്തില്‍ സുഗതകുമാരി അനുസ്മരണത്തിന്റെ ഭാഗമായി കേസരി മാധ്യമപഠന ഗവേഷണ കേന്ദ്രത്തിന്റെ അങ്കണത്തില്‍ രുദ്രാക്ഷത്തൈ വെച്ചു പിടിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമോരോരുത്തരും ജീവിക്കുന്നത് ഭൂമിയിലാണ്. ഭൂമി ശൂന്യാകാശത്താണ് സ്ഥിതി ചെയ്യുന്നതെന്ന ബോധം നമുക്ക് ഉണ്ടാകണം. ജീവനില്‍ നിന്നാണ് ജീവിതം തുടങ്ങുന്നത്. ജീവന് നിലനില്ക്കണമെങ്കില് ഭൂമിയും പ്രകൃതിയും നിലനില്‍ക്കണം. സുഗതകുമാരി ടീച്ചര്‍ പ്രകൃതിയുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മഹതിയാണ്. പ്രകൃതിയെ സംരക്ഷിക്കാനുള്ള ഈ ഉദ്യമം മഹത്തരമാണ് പ്രൊഫ. ശോഭീന്ദ്രന് പറഞ്ഞു. ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്.മധു ആമുഖഭാഷണം നടത്തി.