കേരളീയനായ ഒരു കവി സംസ്‌കൃതത്തില്‍ മഹാകാവ്യം രചിക്കുന്നത് വിരളമാണ്. കെ.എന്‍.എഴുത്തച്ഛന്‍, പി. കെ.നാരായണപിള്ള, ബാലരാമപ്പണിക്കര്‍ മുതലായവര്‍ കഴിഞ്ഞ് ദശകങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് മൃതഭാഷയെന്നു വരെ ആക്ഷേപിക്കപ്പെട്ട സംസ്‌കൃതത്തില്‍ മലയാളിയായ ‘വിഷ്ണുവാല്‍ വിരചിതമായ’ സാരസ്വതം എന്ന മഹാകാവ്യം പ്രകാശിതമാവുന്നത്. തിരുപ്പതിയില്‍ താമസിച്ചു പഠിച്ച് സംസ്‌കൃത വ്യാകരണത്തില്‍ ഡോക്ടറേറ്റ് നേടിയ കൈതപ്രം സ്വദേശിയായ കൊമ്പങ്കുളം വിഷ്ണു നമ്പൂതിരി കാലടി സര്‍വകലാശാലയിലെ വ്യാകരണ വിഭാഗം തലവനാണ്. അറിയപ്പെടുന്ന ഒരു വൈയാകരണനുമാണ്. ശൃംഗേരി ശരദാ പീഠത്തിലെ വിദ്വല്‍ സദസ്സില്‍ വെച്ച് ഭാരതീതീര്‍ത്ഥ സ്വാമിയില്‍ നിന്നും സ്വര്‍ണ്ണമോതിരം നേടിയിട്ടുള്ള ഇദ്ദേഹം, തനിക്ക് കവിതയും അനായാസം വഴങ്ങുമെന്ന് ഈ മനോഹരമായ കാവ്യരചനയിലൂടെ തെളിയിച്ചിരിക്കുകയാണ്.
പത്തു സര്‍ഗ്ഗങ്ങളിലായി 637 ശ്ലോകങ്ങളിലൂടെ ഭാരതീയ സംസ്‌കൃതിയില്‍ സരസ്വതീ നദിയുടെ സവിശേഷ പ്രാധാന്യത്തെക്കുറിച്ചാണ് വിഷ്ണു പാടുന്നത്. കോഴിക്കോട് സര്‍വകലാശാലയിലെ പ്രൊഫസ്സര്‍ ഡോ.എന്‍.കെ. സുന്ദരേശ്വരന്‍ ഈ പുസ്തകത്തിനെഴുതിയ ദീര്‍ഘമായ ആമുഖം ഉപസംഹരിക്കുന്നത് ഇങ്ങനെ:- ‘ആനന്ദവര്‍ദ്ധനന്റെ അളവുകോല്‍ വെച്ചു നോക്കിയാല്‍ തീര്‍ച്ചയായും ഇതൊരു മഹാകാവ്യം തന്നെ’.
ഹിമാലയ സാനുക്കളില്‍ ഉദ്ഭവം കൊണ്ട സരസ്വതി, സുഷുമ്‌നാ നാഡിയെന്ന പോലെ പല നഗരങ്ങളാകുന്ന ചക്രങ്ങളെ കടന്ന് അനന്തസാഗരത്തിലേക്ക് അനന്ത ദളങ്ങളോടെയുള്ള സഹസ്രാര പത്മത്തിലേക്കെന്നപോലെ കടന്നുചെല്ലുന്നു. ഇതിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഒരു ഉല്‍കൃഷ്ടവും പരമസാത്വികവും വിവേകപൂര്‍ണവും വിവേചനരഹിതവുമായ ഒരു സംസ്‌കൃതി രൂപപ്പെട്ടു. പ്രകൃതിയോടിണങ്ങിയ, ആര്‍ഭാടരഹിതമായ, എന്നാല്‍ സുഖസമ്പൂര്‍ണമായ ഒരു തലമുറ അവിടെ, സരസ്വതീ ദേവിയുടെ മടിത്തട്ടില്‍, അല്ലലില്ലാതെ ആയിരത്താണ്ടുകള്‍ ജീവിച്ചു.
കാല സരസ്വതിയുടെ ഒഴുക്കില്‍ അവരെ ക്രമത്തില്‍ രാജസ താമസ ശക്തികള്‍ സ്വാധീനിച്ചു. സംസ്‌കാരം തുലോം അധ:പതിച്ചു. ശ്രദ്ധ തകിടം മറിഞ്ഞു. തല്‍ഫലമായി സരസ്വതി അവരോട് വിട പറഞ്ഞ് അന്ത: പ്രവാഹയായി. സാത്വികര്‍ ഗംഗാ തീരത്തേക്കും വനാന്തരങ്ങളിലേക്കും മാറി. മറ്റുള്ളവര്‍ ചിതറിപ്പോയി. വേദശ്രദ്ധയുള്ള എന്നാല്‍ അതറിയാന്‍ വഴിയില്ലാത്ത ചിലര്‍ സാരസ്വതനെന്ന ഒരു പടുവൃദ്ധനായ മുനിയുടെ ആശ്രമത്തില്‍ എത്തി. സരസ്വതീ നദിയെ പല തവണ പരിക്രമണം ചെയ്ത, സര്‍വ അറിവും നേടിയ ഒരു താപസനായിരുന്നു സാരസ്വതന്‍. അദ്ദേഹം അവരെ എല്ലാ തരത്തിലും പരിശീലിപ്പിച്ച് നാശപ്രായമായ സാരസ്വത സംസ്‌കാരത്തെ പുനരുജ്ജീവിപ്പിച്ചു. സരസ്വതീ ദേവിക്കും ആശ്വാസമായി.
കാലം കഴിഞ്ഞപ്പോള്‍ സരസ്വതി നദിയാല്‍ പോഷിപ്പിക്കപ്പെട്ട ഗംഗാനദീ തീരത്ത് വസിഷ്ഠനെന്ന സാത്വികനായ മുനിവര്യന് പരാശരനെന്ന ശ്രദ്ധാവാനും തപസ്വിയുമായ മകനുണ്ടായി. അവന്‍ ഒരുമുക്കുവകന്യകയെ വേട്ടു.
അവരുടെ പ്രേമം മൊട്ടിട്ടതിങ്ങനെ:- ഗംഗയിലെ സ്വച്ഛജലത്തില്‍ പരാശരനെന്ന യുവകോമളനായ താപസന്‍ തകര്‍ത്തു കുളിക്കുമ്പോള്‍, ശുഭ്രാകാശത്തില്‍ മേഘത്തോണിയില്‍ സഞ്ചരിക്കുന്ന അപ്‌സരസ്സെന്നപ്പോലെ, ലജ്ജയും താരുണ്യവും ലാവണ്യവും ഒത്തിണങ്ങിയ അവള്‍ ഒറ്റക്ക് തോണിയില്‍ അതിലൂടെ കടന്നുപോയി. യൗവനത്തിന്റെ കുസൃതിയോടും ഋഷി കുമാരന്റെ കുലീനതയോടും കൂടി അവന്‍ ഭംഗ്യന്തരേണ പ്രേമാഭ്യര്‍ത്ഥന നടത്തി.
പാരം വ്രജിഷ്യാമി കുമാരി മാം ത്വം
പ്രണേഷ്യസേ ചാരുവിലോചനേ കിം?
(എനിക്ക് അക്കരെ പോകണം. ഹേ സുന്ദരീ! നീ എന്നെ കടത്തുമോ?) പ്രണേഷ്യസേ കിം? എന്നതിന് പ്രണയിക്കുമോ എന്നും പ്രകര്‍ഷേണ നയിക്കുമോ? (അക്കരെ കടത്തുമോ?) എന്നും അര്‍ത്ഥം വരും.
സാപാങ്ഗനീരാജിതരമ്യരൂപം
ആരോഹയാമാസ ശുചിസ്മിതേന (9-16)
അവള്‍ ചെറു പുഞ്ചിരിയോടെ തന്റെ കടക്കണ്ണാകുന്ന നീരാജനം കൊണ്ട് അവന്റെ രമ്യമായ രൂപത്തെ ഉഴിഞ്ഞ് അവനെ കയറ്റി.
അവളില്‍ കൃഷ്ണനെന്ന മകനുണ്ടായി. ജനിച്ചത് ഗംഗയിലെ ഒരു തുരുത്തിലായതിനാല്‍ അവന്‍ കൃഷ്ണദ്വൈപായനനായി. ജന്മനാ ജ്ഞാനിയായ അവന്‍ വേദങ്ങളെ വ്യസിക്കാന്‍ തക്കവണ്ണം ധീമാനായി, വേദവ്യാസനായി. പിന്നീട് ഗണപതിയുടെ സഹായത്തോടെ സാധാരണക്കാര്‍ക്കായി പഞ്ചമവേദമായ മഹാഭാരതമെഴുതി. വിചാരശീലര്‍ക്കായി ബ്രഹ്മസൂത്രവും സരള ഹൃദയര്‍ക്കായി ഭാഗവതവും രചിച്ചു. വീണ്ടും പൂത്തുലഞ്ഞ ഭാരത സംസ്‌കാരം കണ്ട് മനം നിറഞ്ഞ് അനുഗ്രഹിക്കുന്ന സരസ്വതീ ദേവിയുടെ ആനന്ദക്കണ്ണീരില്‍ സാരസ്വത മഹാകാവ്യം പൂര്‍ണമാവുന്നു.
വിശദമായ സംസ്‌കൃതവ്യാഖ്യാനത്തോടും ഇംഗ്ലീഷില്‍ ഒരു ചെറു വിവരണത്തോടും കൂടി രണ്ടാം പതിപ്പിറക്കാനുള്ള ശ്രമത്തിലാണ് വിഷ്ണു മഹോദയന്‍. സംസ്‌കൃതലോകം ഈ മഹത് കൃതിയെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച് നെഞ്ചിലേറ്റുമെന്നു തന്നെ പ്രതീക്ഷിക്കാം.