ലോകമാന്യ തിലകന്‍ കേസരി ആരംഭിച്ചതോടെയാണ് കേസരിയെന്ന വാക്ക് ഭാരതത്തില്‍ പ്രശസ്തമായത്. ഇവിടെ മലയാളത്തിലും കേസരി വാരികയുണ്ടായി. എന്നാല്‍ ഇവ തമ്മില്‍ അവതരണത്തില്‍ ചെറിയ വ്യത്യാസമുണ്ട്. സ്വയമേവ, മൃഗേന്ദ്രതാ എന്നീ രണ്ട് വാക്കുകള്‍ കൂടി ഇവിടത്തെ കേസരിക്ക് ഉണ്ട് എന്നതാണത്. പൂജനീയ ഗുരുജിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അന്ന് ഒരു നല്ല പരിപാടി കോഴിക്കോട്ട് നടന്നിരുന്നുവെന്ന് കേട്ടിട്ടുണ്ട്. സംഘത്തെ സംബന്ധിച്ച് എല്ലാ സംശയങ്ങളും ദുരീകരിച്ച ഒരു പരിപാടിയായിരുന്നു അത്. പരിപാടി ആകര്‍ഷകവും ഫലപ്രദവുമായിരുന്നു. എന്നാല്‍ അതിന്റെ വാര്‍ത്തകളൊന്നും പുറത്തുവന്നില്ല. അടുത്ത ദിവസം പുറത്തിറങ്ങിയ ഒരു പത്രത്തിലും പരിപാടിയെ കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടില്ല. ഒരു വാര്‍ത്തപോലും വന്നില്ലല്ലോ എന്ന് അന്നത്തെ പ്രചാരകായിരുന്ന ശങ്കരശാസ്ത്രി ഒരു പത്രാധിപരോട് ചോദിച്ചു. പരിപാടി നന്നായിരുന്നു, എന്നാല്‍ ‘വാര്‍ത്ത നല്‍കാതിരുന്നത് ഞങ്ങളുടെ നയം അതിനനുവദിക്കാത്തതുകൊണ്ടാണ്’ എന്നായിരുന്നു പത്രാധിപരുടെ മറുപടി. സത്യം പുറത്തറിയണമെങ്കില്‍ ചിലരുടെയൊക്കെ അനുവാദം വേണമെന്ന അവസ്ഥ. അതായിരുന്നു അന്നത്തെ സാഹചര്യം. അതിനാലാണ് കേസരി വാരിക ആരംഭിച്ചത്.
കേസരി ആരംഭിക്കുമ്പോള്‍ ഒരു മാധ്യമം തുടങ്ങാനാവശ്യമായ ഒന്നും അതിന് സ്വായത്തമായിരുന്നില്ല. പ്രചാരമുണ്ടായിരുന്നില്ല. സാങ്കേതിക വൈദഗ്ധ്യം ഉണ്ടായിരുന്നില്ല, ആവശ്യത്തിന് മുതല്‍മുടക്കോ അധികാരത്തിന്റെ പിന്‍ബലമോ ഉണ്ടായിരുന്നില്ല. പരമേശ്വര്‍ജി അതിനെക്കുറിച്ച് ആദ്യത്തെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. മാനേജരും വിതരണക്കാരനുമൊക്കെ ശങ്കര്‍ ശാസ്ത്രിയാണെന്ന് പറയാം. കേസരി അദ്ദേഹം നേരിട്ട് വിതരണം ചെയ്തു. കേസരി എഴുപതു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. രാജകീയമായ കെട്ടിടം അതിന് സ്വന്തമായിരിക്കുന്നു. എഴുപത് വര്‍ഷത്തെ പ്രയാണം സുഖകരമായ ഒന്നായിരുന്നില്ല. സ്വയമേവ മൃഗേന്ദ്രതാ എന്നതിനായിരുന്നു ഊന്നല്‍ അന്ന്. നമുക്ക് ആരുടേയും അംഗീകാരം ആവശ്യമില്ല. സത്യത്തിന്റെയും ശരിയുടെയും പക്ഷത്താണ് നാമെങ്കില്‍ ഒരിക്കല്‍ എല്ലാവരും നമ്മെ അംഗീകരിക്കും. സത്യമേവ ജയതേ എന്ന് പറഞ്ഞ നാടാണിത്.
നിരന്തരവും കഠിനവുമായ പരിശ്രമം നടന്നു. മികവു പുലര്‍ത്തുകയും ചെയ്തു. ഡോക്ടര്‍ജിയുടെ കയ്യില്‍ അക്കാലത്ത് ഒരു ബാറ്റണ്‍ ഉണ്ടായിരുന്നു. അന്ന് സംഘത്തിന്റെ ഗണവേഷം ഏതാണ്ട് പട്ടാളക്കാരുടേതിന് സമാനമായിരുന്നു. മറ്റ് സ്വയംസേവകരില്‍ നിന്നും വ്യത്യസ്തമായി അധികാരികള്‍ക്ക് തലപ്പാവും കയ്യില്‍ ഒരു ബാറ്റണുമണ്ടായിരുന്നു. ഡോക്ടര്‍ജിയുടെ ബാറ്റണിന്റെ പിടിയില്‍ സിംഹത്തിന്റെ രൂപവും സ്വയമേവ മൃഗേന്ദ്രത എന്ന ആലേഖനവും ഉണ്ടായിരുന്നു. ഡോക്ടര്‍ജി ഉപയോഗിച്ച ലെറ്റര്‍ പാഡില്‍ ‘ക്രിയാ സിദ്ധി: സത്വേ ഭവതി മഹതാം നോപകരണേ’ എന്ന സംസ്‌കൃത വരികളുമുണ്ടായിരുന്നു. ഉല്‍സാഹമുണ്ടെങ്കില്‍ നമുക്ക് എന്തും നേടാനാകും. ഉപകരണങ്ങള്‍ക്ക് സ്ഥാനം രണ്ടാമതേയുള്ളൂ. നിശ്ചയദാര്‍ഢ്യവും ആത്മാര്‍ത്ഥമായ പരിശ്രമവും ഉണ്ടെങ്കില്‍ നേട്ടങ്ങള്‍ സ്വാഭാവികമായി ഉണ്ടാകും. അത് സംഭവിക്കും, സംഭവിക്കണം, അത് സംഭവിച്ചുകൊണ്ടേയിരിക്കും. എല്ലാ നേട്ടത്തിനും സന്തോഷത്തിനും പിന്നില്‍ പരിശ്രമമുണ്ടാകും.
വ്യക്തമായ നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് നാമിന്ന്. നമുക്ക് ഉറച്ച ചുവടായി. ശങ്കരശാസ്ത്രിയോ, എം.രാഘവന്‍ജിയോ, അന്ന് കേസരിയിലുണ്ടായിരുന്ന ആരുംതന്നെയോ ഇന്ന് കേസരിയിലില്ല. എല്ലാവരും പുതിയ തലമുറയിലുള്ളവരാണ്. എങ്ങനെയാണ് ഈ സാഫല്യത്തിലെത്തിയതെന്ന് പുതിയ തലമുറ ചിന്തിക്കണം. ഇത്തരം നേട്ടങ്ങള്‍ സന്തോഷമുണ്ടാക്കുന്നതാണ്. ഇത്തരം നല്ല നേട്ടങ്ങള്‍ കേസരിക്കു ഭാവിയിലും ഉണ്ടാകണം. അത് സംഭവിക്കണമെങ്കില്‍ ഇന്നത്തെ കേസരി ഇന്നലത്തെ കേസരിയെ ഓര്‍മ്മിക്കേണ്ടതുണ്ട്. ഈ സൗകര്യങ്ങള്‍, സംവിധാനങ്ങള്‍ ഒന്നും അന്നുണ്ടായിരുന്നില്ല. ഇന്നത്തെ വിജയത്തിനോ നേട്ടത്തിനോ കാരണം ഈ സൗകര്യങ്ങളല്ല. സൗകര്യങ്ങള്‍ ഉണ്ടാകുന്നു. അത് ഉപയോഗിക്കാവുന്നതാണ്, അത്രമാത്രം. അതൊന്നും അനിവാര്യമല്ല. എല്ലാ നേട്ടങ്ങളുടെയും പിന്നില്‍ ദൃഢനിശ്ചയമാണ്, ആദര്‍ശത്തിലുള്ള വിശ്വാസമാണ്. സത്യം വിജയിക്കുമെന്ന ഉത്തമ വിശ്വാസമുണ്ടാകണം. കണ്ണില്‍ ഇരുട്ടു നിറയുമ്പോഴും ആരും സഹായിക്കാനില്ലെങ്കിലും എല്ലാവരും നിരന്തരമായി തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും കൂടെ സത്യമുണ്ടെങ്കില്‍ നമുക്ക് വിജയിക്കാനാകും എന്ന വിശ്വാസമുണ്ടാകണം. ഞാന്‍ സത്യത്തിന്റെ വിജയത്തിനായി പൊരുതുമെന്ന ദൃഢനിശ്ചയം ഉണ്ടായിരിക്കണം. ശരിയാംവണ്ണം പ്രയത്നിക്കുക വഴി എല്ലാം നേടിയെടുക്കാനാകും. യഥാര്‍ത്ഥ ശാസ്ത്രജ്ഞന്മാര്‍, ലബോറട്ടറികളെക്കുറിച്ച് പരാതി പറയാറില്ലെന്ന് കോളേജുകാലത്ത് അധ്യാപകന്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്. എഡിസണ്‍ എന്ന ശാസ്ത്രജ്ഞന് ലബോറട്ടറികള്‍ ഇല്ലായിരുന്നു. ദൃഢനിശ്ചയവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ എല്ലാകാര്യങ്ങളും സ്വാഭാവികമായും നമ്മുടെ വഴിയില്‍ വരും. ഇപ്പോള്‍ നടക്കുന്ന കേസരി മാധ്യമപഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടന പരിപാടി ഇതിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണ്. എഴുപത് വര്‍ഷം ഒരു ലക്ഷ്യം വെച്ച് നാം നിലകൊണ്ടു. നാം ഇന്നൊരു നേട്ടം കൈവരിച്ചിരിക്കുന്നു. ലക്ഷ്യം അപ്പോഴും അകലെയാണ്. കേസരി ഒരു ചിന്താധാരയുടെ ഉല്‍പന്നമാണ്. ഭാരതത്തില്‍ ഒരു നീണ്ട തപസ്യ ദീര്‍ഘകാലമായി നടന്നുകൊണ്ടിരിക്കുന്നു. ഭാരതത്തിന്റെ ഉയര്‍ച്ചയ്ക്കായുള്ള തപസ്യയാണത്. ഭാരതത്തിന്റെ ഉയര്‍ച്ച ഇന്നത്തെ ലോകത്തിന്റെ വിമോചനത്തിന് അനിവാര്യമാണ്.
ഏഴെട്ടു മാസമായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ലോകം പുനര്‍വിചിന്തനത്തിന് തുടക്കമിട്ടിരിക്കുന്നു എന്നാണ്. എന്തോ തെറ്റായി സംഭവിക്കുന്നുണ്ട് എന്നും ലോകം പുനര്‍വിചിന്തനത്തിനു തയ്യാറാകണമെന്നും സംഘത്തിലുള്ളവരും ഭാരതത്തിന്റെ ചിന്തകള്‍ തിരിച്ചറിയുന്നവരും പറയാറുണ്ടായിരുന്നു. പക്ഷേ, ആരും അതിന് വിലകല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ എന്തുകൊണ്ടാണെന്നു വ്യക്തിപരമായി മനസ്സിലായിട്ടില്ല; ആര്‍ക്കും അതു പൂര്‍ണമായി അപഗ്രഥിക്കാന്‍ സാധിക്കുമെന്നു തോന്നുന്നുമില്ല. പക്ഷേ, ലോകം പുനര്‍വിചിന്തനത്തിനു തയ്യാറായിട്ടുണ്ട്. ലോകത്തിന്റെ ഈ പുനര്‍വിചിന്തനം ഭാരതത്തിലേക്കു തിരിയാന്‍ എല്ലാ രാജ്യങ്ങളെയും നിര്‍ബന്ധിതമാക്കിയിരിക്കുന്നു. ഭാരതം ഉത്തരം നല്‍കേണ്ടിയിരിക്കുന്നു. ഉത്തരം നല്‍കാന്‍ സാധിക്കണമെങ്കില്‍ നാം എന്താണെന്നു തിരിച്ചറിയാന്‍ ഭാരതത്തിനു സാധിക്കണം. ഞാന്‍ ആരാണ്, സ്വയമേവ മൃഗേന്ദ്രതയിലെ സ്വയം ആരാണ്, സ്വ എന്താണ് എന്ന് നാം അറിയണം. ഇത് പ്രധാനപ്പെട്ട കാര്യമാണ്. ഗാന്ധിജി തന്നെ ഒരിക്കല്‍ പറഞ്ഞു:’എല്ലാവരും സ്വരാജ്യം വേണമെന്ന് പറയുന്നു. എന്നാല്‍ എനിക്ക് സംശയമുണ്ട്, അവര്‍ക്കു സ്വരാജ്യം എന്നത് എന്താണെന്ന് യഥാര്‍ത്ഥത്തില്‍ മനസ്സിലായിട്ടുണ്ടോ എന്നു സംശയമാണ്’. സ്വധര്‍മ്മം എന്തെന്ന് തിരിച്ചറിയാതെ സ്വരാജ്യമെന്നതിനെ കുറിച്ച് മനസ്സിലാകില്ലെന്ന് ഗാന്ധിജി വ്യക്തമാക്കി. ‘സ്വ’ എന്തെന്ന് തിരിച്ചറിയുമ്പോഴേ സ്വരാജ്യം എന്തെന്ന് മനസ്സിലാവൂ. എന്റെ സ്വരാജ്യ സങ്കല്‍പ്പം, ദേശാഭിമാന സമീപനം എന്നിവ സ്വധര്‍മ്മത്തിലാണ് വേരുറപ്പിച്ചിരിക്കുന്നതെന്ന് ഗാന്ധിജി വ്യക്തമാക്കിയിരുന്നു. തന്റെ മതം ഏതെങ്കിലും ഒരു പ്രത്യേക ആരാധനാ സമ്പ്രദായം നിഷ്‌കര്‍ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന് അതിന്റേതായ ആരാധനാ സമ്പ്രദായമുണ്ട്. എന്നാല്‍ ഇത് മതങ്ങളുടെ മതമാണെന്നും പറഞ്ഞു. ഇതാണ് ഭാരതം. ‘സ്വ’ യെന്തെന്ന് ഭാരതത്തിലെ ജനങ്ങളെ പഠിപ്പിക്കാന്‍ അനാദികാലം മുതല്‍ നിരന്തരം ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സ്വാമിവിവേകാനന്ദന്റെ കാലം മുതല്‍ ഈ ആധുനിക കാലംവരെ നിരവധി പരിശ്രമങ്ങള്‍ നടന്നു. ആധുനിക കാലത്തിനനുസരിച്ച് പുതിയ പരിശ്രമങ്ങള്‍ ആരംഭിച്ചത് സ്വാമി വിവേകാനന്ദന്റെ കാലത്താണ്. അത്തരം പരിശ്രമങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഇതു പൊരുത്തപ്പെടാത്ത ഒന്നാണെന്നും ഇതു നല്ലതല്ല, ഇത് ആധുനിക ലോകത്തില്‍ ഉപകാര പ്രദമല്ല, ഇതു വലിച്ചെറിയപ്പെടേണ്ടതാണ്, പുതിയതു വല്ലതും വേണം, നാം ഫലപ്രാപ്തിയെ ഇന്നലെകളില്‍നിന്നു വേറിട്ടു കാണണം തുടങ്ങിയ ചിന്തകളായിരുന്നു ഇന്ത്യക്കാരുടെ മനസ്സില്‍. എന്നാല്‍ സത്യത്തില്‍ വിശ്വാസമര്‍പ്പിച്ച് അത്തരം ശ്രമങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സത്യം അതിജീവിക്കും.
സത്യം അതിജീവിക്കുന്ന കാലം എത്തിയിരിക്കുന്നു. സത്യത്തെ അടിസ്ഥാനമാക്കി പലതും പുനര്‍നിര്‍മ്മിക്കേണ്ടിവരും. പലതിനും അറ്റകുറ്റപ്പണി ആവശ്യമായി വരും. പലതും അംഗീകരിക്കേണ്ടിവരും. ആന്തരികമായ മാറ്റത്തിനു തയ്യാറാകേണ്ടിവരും.
രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ പുതിയ ജീവിതരീതി ഉരുത്തിരിയും. ഭാരതത്തിലും പ്രപഞ്ചത്തിലും ധാര്‍മ്മിക മാര്‍ഗ്ഗം യാഥാര്‍ത്ഥ്യമാക്കപ്പെടണം. ധര്‍മ്മത്തിനായാണു കേസരി തുടങ്ങിയത്. കേസരി ധര്‍മ്മത്തിനുവേണ്ടി പ്രവര്‍ത്തിക്കണം. ഉത്സാഹപൂര്‍വ്വം നമുക്ക് ‘ധര്‍മ്മോ രക്ഷതി രക്ഷിതഃ’ എന്ന് ഉച്ചരിക്കാം.
കേസരിക്ക് സ്വന്തമായി കെട്ടിടം ഉണ്ടായിരിക്കുന്നു. എന്നാല്‍ നമ്മുടെ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടില്ല. പുറത്തുനിന്നും ഒന്നും പ്രതീക്ഷിക്കാതെ ബന്ധപ്പെടുന്ന എല്ലാറ്റിനേയും സംയോജിപ്പിച്ച് എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കി നമുക്ക് ധര്‍മ്മത്തിന്റെ പാതയില്‍ മുന്നേറാം. ബാഹ്യ പരിതഃസ്ഥിതികളില്‍ മാറ്റമുണ്ടായിരിക്കുന്നു. നമുക്ക് സ്വന്തമായി കേസരിഭവന്‍ ഉണ്ടായിരിക്കുന്നു. എന്നാലും നമുക്ക് വിശ്രമിക്കാനായിട്ടില്ല. പുതിയ കെട്ടിടമോ വാഹനമോ സൗകര്യമോ വിജയമോ ലഭിക്കുമ്പോഴുള്ള സന്തോഷത്തില്‍ കടമ മറക്കരുത്. എട്ടാം ക്ലാസില്‍ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ പഠിക്കാനുണ്ടായിരുന്ന ഒരു പാഠം ഓര്‍ക്കുന്നു. ഒരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു മന്ത്രിയും ഉണ്ടായിരുന്നു. ജനങ്ങള്‍ക്കും രാജാവിനും സമ്മതനായിരുന്നു മന്ത്രി. കാരണം അദ്ദേഹം വിവേകി ആയിരുന്നു. രാഷ്ട്രീയത്തില്‍ ഒരാള്‍ വിജയിക്കുമെന്നു കണ്ടാല്‍ അത് ഇല്ലാതാക്കാന്‍ 10 പേര്‍ കാണും. രാജാവിന്റെ സഭയിലും അത്തരക്കാര്‍ ഉണ്ടായിരുന്നു. അവര്‍ മന്ത്രിയെ നിരീക്ഷിക്കാന്‍ തുടങ്ങി. സ്വഭാവത്തിലോ പ്രവര്‍ത്തനശൈലിയിലോ എന്തു കുഴപ്പമാണ് ചൂണ്ടിക്കാട്ടാന്‍ സാധിക്കുക എന്ന് അവര്‍ ആലോചിച്ചു. അത്തരം ന്യൂനതകള്‍ രാജാവിനെ അറിയിക്കുക വഴി മന്ത്രിയെ രാജാവില്‍നിന്ന് അകറ്റാമെന്നു കരുതുകയും ചെയ്തു. പറയാവുന്ന ഒരു കാര്യം കണ്ടെത്തിയതോടെ അവര്‍ രാജാവിന്റെ മുന്നിലെത്തി മന്ത്രി നല്ല വ്യക്തിയല്ലെന്നു ധരിപ്പിച്ചു. രാജാവിനെതിരെ മന്ത്രി ഗൂഢാലോചന നടത്തുകയാണെന്നു വിശദീകരിച്ചു: ‘എല്ലാ ദിവസവും രഹസ്യ വഴിയിലൂടെ കൊട്ടാരം വിട്ടു കാട്ടിലെത്തുന്നു. അവിടെയെത്തിയാല്‍ പഴയ ഒരു വീട്ടിലെത്തി എന്തോ ചെയ്യുന്നു. അദ്ദേഹം ചെയ്യുന്നതു വളരെ രഹസ്യാത്മകമായിട്ടാണ് എന്നതിനാല്‍ പ്രവര്‍ത്തിക്കുന്നത് അങ്ങയ്ക്ക് എതിരാണെന്ന് ഉറപ്പാണ്. അദ്ദേഹത്തില്‍ അങ്ങയ്ക്കുള്ള വിശ്വാസം ദുരുപയോഗം ചെയ്യുകയാണ്.’ ഇതു കേട്ട രാജാവു മന്ത്രിയെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം അദ്ദേഹം അര്‍ദ്ധരാത്രിയോടെ പുറത്തിറങ്ങിയ മന്ത്രിയെ പിന്‍തുടര്‍ന്നു. രഹസ്യ ഇടത്തിലേക്കു മന്ത്രി നടന്നു നീങ്ങവേ രാജാവ് പിറകെ പോയി. കാട്ടിലെത്തിയ മന്ത്രി പഴയ വീട്ടിലെത്തി. രാജാവു വീട്ടില്‍ എത്തുമ്പോഴേക്കും മന്ത്രി പുറത്തിറങ്ങിയിരുന്നു. രാജാവ് അയാളെ പിടികൂടി ശകാരിച്ചു: ‘ഞാന്‍ താങ്കളെ വിശ്വസിച്ചു. താങ്കള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെന്നു ഞാന്‍ കരുതി. പക്ഷേ, താങ്കള്‍ വഞ്ചകനാണ്. ഞാനറിയാതെ താങ്കള്‍ ഗൂഢാലോചന നടത്തുകയാണ്.’
മന്ത്രി പ്രതികരിച്ചതു താന്‍ ഗൂഢാലോചനയൊന്നും നടത്തുന്നില്ല എന്നാണ്. താന്‍ നിത്യവും ഇവിടെ എത്താറുണ്ടെന്നും മുറിയില്‍ കയറി മടങ്ങാറുണ്ടെന്നും വ്യക്തമാക്കി. മുറിയിലെന്താണ് ഉള്ളതെന്നു രാജാവ് ചോദിച്ചപ്പോള്‍ അദ്ദേഹത്തെ മന്ത്രി വീടിനകത്തേക്കു ക്ഷണിച്ചു. എന്താണ് അകത്തുള്ളത് എന്നു കാണിച്ചുതരാമെന്നു പറയുകയും ചെയ്തു. ഇരുവരും വീടിനു നടുവിലുള്ള മുറിയിലെത്തി. അവിടെ പഴയ പെട്ടി ഉണ്ടായിരുന്നു. മന്ത്രി അതു തുറന്നു. അതില്‍ പഴയ കീറിപ്പറിഞ്ഞ കിടക്ക ഉണ്ടായിരുന്നു. അതു രാജാവിനെ കാണിച്ചശേഷം പറഞ്ഞു, താന്‍ നിത്യവും ഇവിടെയെത്തി ഇതു നോക്കിയശേഷം മടങ്ങാറുണ്ടെന്ന്. അതെന്തിനെന്നു രാജാവു ചോദിച്ചപ്പോള്‍ മന്ത്രി മറുപടി നല്‍കി: ‘ഞാന്‍ ഈ നഗരത്തില്‍ എത്തുമ്പോള്‍ യാചകനായിരുന്നു. അപ്പോള്‍ ആകെക്കൂടി ഉണ്ടായിരുന്നത് ഇതാണ്. ഇപ്പോള്‍ മന്ത്രിയായി. ഞാന്‍ സ്വയം പ്രവര്‍ത്തിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍, ഇതില്‍നിന്നായിരുന്നു തുടക്കമെന്നും ഈ പാതകളിലൂടെയാണു സഞ്ചരിച്ചതെന്നും സ്വയം ഓര്‍മിപ്പിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. ഇപ്പോള്‍ എനിക്കു നേട്ടമുണ്ടായി. എന്നാല്‍ നേട്ടങ്ങള്‍ ഒന്നുമല്ല. തപസ്യയാണു പ്രധാനം. നേട്ടങ്ങള്‍ വരികയും പോവുകയും ചെയ്യും. വിഷമമുള്ള ദിവസങ്ങളും സുഖകരമായ ദിവസങ്ങളും ഉണ്ടാകും. എന്നാല്‍, ഏതു വിധത്തിലുള്ള ദിവസങ്ങളിലും നമ്മെ സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോകുന്നതെന്തോ അതാണു പ്രധാനം.’
എന്റെ ഇവിടത്തെ സാന്നിധ്യത്തെ ന്യായീകരിക്കാനായി മാത്രം ഞാന്‍ ചിലതു പറയാം എന്നു കരുതി. അതുകൊണ്ടാണ് തുടക്ക കാലത്തെ കുറിച്ചു പറയാമെന്നു കരുതിയത്. ഈ യാത്ര ഇന്നു മാത്രമല്ല, എപ്പോഴും ഓര്‍ക്കണമെന്നു പറയുന്നത് ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകാന്‍ പ്രാപ്തമാക്കും എന്നതിനാലാണ്. നമ്മെ വിജയത്തിലെത്താന്‍ പ്രാപ്തമാക്കുക മാത്രമല്ല, ജീവിതം അര്‍ത്ഥവത്താകാന്‍ സഹായിക്കുകയും ചെയ്യും. നാം വിജയങ്ങള്‍ നേടുന്നത് ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിനാണ്. വിജയം നേടുക എളുപ്പമല്ല. എന്നാല്‍ വിജയിച്ച ഒട്ടേറെപ്പേര്‍ നമ്മുടെ മുന്നിലുണ്ട്. വിജയിച്ച എല്ലാവരെയും ലോകം ഓര്‍മ്മിക്കുന്നില്ല. അര്‍ത്ഥപൂര്‍ണമായ വിജയം നേടിയവരെ മാത്രമാണ് ലോകം അനുസ്മരിക്കുന്നത്. ധനം സമ്പാദിച്ചവരുടെ പട്ടിക ഏറെ വലുതായിരിക്കും. എന്നാല്‍ അവരാരും ഓര്‍മ്മിക്കപ്പെടുന്നില്ല. അതേസമയം, ഭാമാഷാ എന്നും ഓര്‍മ്മിക്കപ്പെടും. കാരണം അദ്ദേഹം സ്വത്ത് മുഴുവന്‍ നാടിന്റെ സ്വാതന്ത്ര്യ പ്രാപ്തിക്കായി റാണാ പ്രതാപിന് സമര്‍പ്പിച്ചു. രാമായണം ഉണ്ടായത് എട്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. എന്നാല്‍ ശ്രീരാമന്‍ ഇന്നും സ്മരിക്കപ്പെടുന്നു. ഒട്ടേറെ രാജാക്കന്മാര്‍ ഭാരതത്തില്‍ ഉണ്ടായിരുന്നെങ്കിലും അവരില്‍ പലരും ഓര്‍ക്കപ്പെടുന്നുമില്ല. എണ്ണായിരം വര്‍ഷങ്ങള്‍ക്ക് ശേഷവും രാമന്‍ സ്മരിക്കപ്പെടുന്നു. വാക്കു പാലിക്കുന്നതിനായി രാജ്യം ഉപേക്ഷിച്ചതിന് ശേഷം അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി രാജ്യം ഭരിക്കുകയായിരുന്നു.
കഠിനാധ്വാനത്തിലൂടെ നേടിയ വിജയം പ്രശംസിക്കപ്പെടേണ്ടതാണ്. എന്നാല്‍ മൂല്യവത്തായ വിജയം മാത്രമാണ് നിലനില്‍ക്കുക. മൂല്യം നിലനിര്‍ത്തുക വഴിയാണ് നമുക്കു ഭീഷണികളെ മറികടന്നു വിജയിക്കാന്‍ സാധിച്ചത്. ലക്ഷ്യപൂര്‍ത്തീകരണം വരെ ഈ മൂല്യനിഷ്ഠ നിലനിര്‍ത്തേണ്ടതുണ്ട്. ലക്ഷ്യപൂര്‍ത്തീകരണത്തിനായി അത്തരം ഓര്‍മ്മശക്തി ദൈവം നിങ്ങള്‍ക്ക് അനുഗ്രഹിച്ചേകുമെന്നു ഞാന്‍ കരുതുന്നു. കാരണം അതു സത്യവും ധര്‍മ്മവും ഉള്‍പ്പെടുന്ന ലക്ഷ്യമാണ്. സത്യവും ധര്‍മ്മവുമാണ് എവിടെയും അന്തിമമായി വിജയിക്കുക എന്നാണ് നമ്മുടെ ഉറച്ച വിശ്വാസം.