കണ്ണനെക്കണ്ട കണ്ണുകള്‍
നിറഞ്ഞു, നിര്‍വൃതി
തന്‍പൂക്കാലങ്ങള്‍
വിതുമ്പി വിറയാര്‍ന്നു
സുഗതയാംസുഭഗയൊരു
സുസ്‌മേരവുമായ്
കണ്ണനെ താലോലിക്കാന്‍
പോയീ കൃതാര്‍ത്ഥയായ്
രാത്രിമഴയില്‍ നനഞ്ഞൊട്ടി
വന്നൊരു കണ്ണനെ
മാതൃവാത്സല്യത്തിന്‍
തോര്‍ത്താല്‍തുടച്ചൂ
മടിയില്‍ക്കിടത്തിത്താ
ലോലിച്ചൂ കളിപ്പിച്ചൂ
ഉമ്മവെച്ചുണര്‍ത്തീ
കുസൃതികളത്രയും
പൂക്കളായ് പുളകമായ്
കണ്ണനൊന്നിച്ചാടിപ്പാടി
കിനാവില്‍ നിലാവായ്
നിറഞ്ഞൂ നിമിഷങ്ങള്‍
നീറിപ്പിടയുമീ വേദനയും
നിവേദ്യമായ് സമര്‍പ്പിച്ചു
കണ്ണന്റെ കണ്ണായ്
പ്രകൃതിയെ പാലിച്ചു
നില്‍ക്കെ
ഗോകുലം നോക്കാന്‍
സുഗതയെ തേടിവന്നൂ
കണ്ണന്‍ കരുണാമയന്‍
പ്രകൃതിയും പുരുഷനും
കനിവും കണ്ണീരുമൊ
ന്നെന്ന ചിരന്തനസത്യ
ദീപമല്ലോ സുഭഗയാം
സുഗതയില്‍ ജ്വലിപ്പൂ
അതിന്‍മധുരാക്ഷരം
നിത്യവും രുചിപ്പു ഞാന്‍
ഗോകുലദീപ്തിയിലമ്മ
തന്‍വാത്സല്യദുഗ്ധം
നിറയട്ടെ നിലാവു
പടരട്ടെയെവിടെയും
ഗോക്കളും ഗോപന്മാരും
ഹൃദയത്തില്‍ നിറവായ്
വരച്ചിടട്ടെ സുകൃതാക്ഷരങ്ങള്‍.