കേരളം ഒരു രാഷ്ട്രീയ മാറ്റത്തിന് തയ്യാറാണെന്ന സൂചന നല്‍കിയാണ് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധി എഴുതിയത്. അഴിമതിയുടെ ഭാരം പേറി നില്‍ക്കുന്ന ഇടതു മുന്നണിക്ക് പ്രതീക്ഷിച്ച പരാജയം നേരിട്ടില്ല. ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും 2015-ല്‍ നേടിയതിനെക്കാള്‍ കുറവാണെങ്കിലും ബ്ലോക്ക് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിലും കോര്‍പ്പറേഷനുകളിലും ഇടതുപക്ഷം നേട്ടം ഉണ്ടാക്കി. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വര്‍ഗ്ഗീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഇടതു മുന്നണി ശക്തിപ്പെടുത്തിയും എല്ലാ അടവുനയങ്ങള്‍ പയറ്റിയും ‘ഹിന്ദുവര്‍ഗ്ഗീയത’യെ പെരുപ്പിച്ച് കാട്ടി ന്യൂനപക്ഷങ്ങളില്‍ ഭീതി ജനിപ്പിച്ചും പാര്‍ട്ടി ചിഹ്നം മാറ്റി വച്ച് സ്വതന്ത്രപരിവേഷം കെട്ടിയും, പ്രതിപക്ഷത്തിന്റെ ദൗര്‍ബ്ബല്യം മുതലെടുത്തും കോവിഡ് കാലത്തെ സൗജന്യ ഭക്ഷ്യകിറ്റും, പെന്‍ഷനും ഓര്‍മ്മിപ്പിച്ചും, ത്രികോണ മത്സരത്തിലെ പ്രത്യേക സാഹചര്യം ഉപയോഗപ്പെടുത്തിയുമാണ് ഇടതുപക്ഷം വിജയം തട്ടിയെടുത്തത്. പരമ്പരാഗതമായി തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് മേല്‍ക്കോയ്മ ലഭിക്കാറുണ്ട് എന്ന പശ്ചാത്തലവും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് ഇത്തരം വസ്തുതകളെ അംഗീകരിച്ച് വേണം ജനഹിതത്തെ വിലയിരുത്താന്‍.

ഏറെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇടതുമുന്നണി അതിനെ അതിജീവിച്ചു എന്നത് ഒരു വസ്തുതയാണ്. മുന്നണിയുടെ കെട്ടുറപ്പും കൂടുതല്‍ ഘടകകക്ഷികളെ അണിനിരത്താനായതും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ കടന്നുവരവും ഇടതുപക്ഷത്തിന് തുണയായി. ലോക് താന്ത്രിക് ജനതാദള്‍, കേരള കോണ്‍ഗ്രസ് (മാണി വിഭാഗം) എന്നിവര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലായിരുന്നു. അതുകൊണ്ട് ലോകസഭാ തിരഞ്ഞെടുപ്പിലുണ്ടായ വന്‍പരാജയം തദ്ദേശ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. ജില്ലാ പഞ്ചായത്തിലും ബ്ലോക്കുപഞ്ചായത്തിലും ഇടതുപക്ഷത്തിന്റെ വിജയം എടുത്തുപറയേണ്ടതാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ കേരള കോണ്‍ഗ്രസ്സിന്റെ പിന്തുണ ഇടതുപക്ഷത്തിനെ ഏറെ സഹായിച്ചു. എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് യു.ഡി.എഫിന് കുറച്ച് മേല്‍ക്കോയ്മയുള്ളത്. പരമ്പരാഗതമായി വലതുപക്ഷത്തുനിന്ന കൊച്ചി കോര്‍പ്പറേഷന്‍ ഇത്തവണ ഇടതുപക്ഷത്തിന് അനുകൂലമായി.ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയവും ഇടതുപക്ഷത്തിനെതിരായ അഴിമതി ആരോപണങ്ങളും തങ്ങള്‍ക്ക് ഗുണകരമാകുമെന്ന നിലപാടാണ് യു.ഡി.എഫിന് വന്‍പരാജയം നല്‍കിയത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലാ പഞ്ചായത്തുകള്‍ യു.ഡി.എഫിന് നഷ്ടമായി. മുസ്ലിംലീഗിന്റെ കോട്ടകളില്‍ മാത്രമാണ് വലതുപക്ഷം നല്ല വിജയം നേടിയത്. ലീഗിന്റെ ബലത്തിലാണ് ഇന്ന് വലതുമുന്നണി നിലകൊള്ളുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് കേവലം പത്തുസീറ്റില്‍ ഒതുങ്ങി. 2015-ല്‍ 21 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്നു. പല പഞ്ചായത്തുകളിലും കോണ്‍ഗ്രസ് പങ്കാളിത്തം നാമമാത്രമായി. ബി.ജെ.പി. ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് ഒഴുകി. ചില കേന്ദ്രങ്ങളില്‍ ന്യൂനപക്ഷ കേന്ദ്രീകരണം ബി.ജെ.പിയ്‌ക്കെതിരായി ഇടതുപക്ഷത്ത് നിലയുറപ്പിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ആകെ 21,865 വാര്‍ഡുകളാണുള്ളത്. 8,148 സീറ്റുകള്‍ നേടി സി.പി.എം. ഒന്നാമതായി. 5,535 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ബി.ജെ.പി. 1,600 വാര്‍ഡുകളും മുസ്ലിംലീഗ് 2,102 വാര്‍ഡുകളും വിജയിച്ചു. സി.പി.ഐ. 1,267 വാര്‍ഡുകളിലും കേരള കോണ്‍ഗ്രസ് (മാണി) 335 ഉം, കേരളകോണ്‍ഗ്രസ് (ജോസഫ്) 254 വാര്‍ഡുകളിലും വിജയിച്ചു. എല്‍.ജെ.ഡി 86, ജെ.ഡി.എസ്. 71, ആര്‍.എസ്.പി. 51, എന്‍.സി.പി. 48, ഐ.എന്‍.എല്‍. 29, കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്) 29, കേരളകോണ്‍ഗ്രസ് (ബി) 23, ജനാധിപത്യ കേരള കോണ്‍ഗ്രസ് 19, എസ്.ഡി.പി.ഐ. 75, വെല്‍ഫയര്‍ പാര്‍ട്ടി 22, ആര്‍.എം.പി. 15, ട്വന്റിട്വന്റി 64, കേരള കോണ്‍ഗ്രസ് ജനപക്ഷം 8 എന്നിങ്ങനെയാണ് കക്ഷിനില. കൂടാതെ 1869 പേര്‍ സ്വതന്ത്രരായി തിരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ പലരും പാര്‍ട്ടി പിന്തുണയുള്ളവരാണ്. ഇടതുമുന്നണി അടവുനയമായി വ്യാപകമായി സ്വതന്ത്രരെ ഇറക്കിയാണ് വിജയം നേടിയത്. 2015-ല്‍ 1,344 പേര്‍ മാത്രമാണ് സ്വതന്ത്രരായി വിജയിച്ചത്.
ബി.ജെ.പി.യുടേത് പ്രതീക്ഷ നല്‍കുന്ന വിജയം
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തോടെ മത്സരിക്കാന്‍ ബി.ജെ.പിയ്ക്ക് വഴിതുറക്കുന്ന പ്രകടനമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. 2015-ല്‍ ബിജെപി 1,244 സീറ്റുകളിലാണ് വിജയിച്ചത്. 2020ല്‍ അത് 1,600 ആയി ഉയര്‍ന്നു. അതായത് 356 വാര്‍ഡുകള്‍ ബിജെപി 2020ല്‍ കൂടുതല്‍ നേടി. ഇടതു-വലതു മുന്നണികള്‍ പിന്നോട്ട് പോയപ്പോള്‍ ബിജെപി മാത്രമാണ് മുന്നോട്ട് കുതിച്ചത്. കഴിഞ്ഞ തവണ പതിനാല് ഗ്രാമപഞ്ചായത്തുകളില്‍ ഭൂരിപക്ഷം നേടിയ ബിജെപി ഇക്കുറി അത് ഇരുപത്തിമൂന്നായി ഉയര്‍ത്തി. ബ്ലോക്കു പഞ്ചായത്തില്‍ 21-ല്‍ നിന്ന് 37 സീറ്റായും മുനിസിപ്പാലിറ്റിയില്‍ 236-ല്‍ നിന്ന് 320 സീറ്റിലേയ്ക്കും, കോര്‍പ്പറേഷനില്‍ 51-ല്‍ നിന്ന് 59 മെമ്പര്‍മാരിലേക്കും ഉയര്‍ന്നു. ജില്ലാപഞ്ചായത്തില്‍ കഴിഞ്ഞ തവണ മൂന്ന് സീറ്റുകള്‍ നേടിയപ്പോള്‍ ഇത്തവണ ഒരിടത്ത് നഷ്ടപ്പെട്ടു. യു.ഡി.എഫിന്റെ വോട്ടു ചോര്‍ച്ചയാണ് ഇടതുപക്ഷത്തെ തിരുവനന്തപുരത്തെ വെങ്ങാനൂര്‍ ഡിവിഷനില്‍ സഹായിച്ചത്. പാലക്കാട് നഗരസഭ ബി.ജെ.പി നിലനിര്‍ത്തി എന്നതു മാത്രമല്ല കഴിഞ്ഞതവണ 24 സീറ്റുകള്‍ ഉണ്ടായിരുന്നത് 28 ആയി ഉയര്‍ത്തുകയും ചെയ്തു. പന്തളം മുനിസിപ്പാലിറ്റിയില്‍ 18 സീറ്റുകള്‍ നേടി ഇടതുപക്ഷത്തെ തോല്പിച്ച് അധികാരം നേടാന്‍ കഴിഞ്ഞു. കഴിഞ്ഞതവണ ബിജെപിക്ക് ഏഴു പ്രതിനിധികളാണ് ഇവിടെ ഉണ്ടായിരുന്നത്.
തിരുവനന്തപുരം നഗരസഭയില്‍ 35 സീറ്റുകള്‍ നേടി മുഖ്യപ്രതിപക്ഷമായി. ബിജെപിയ്ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരത്ത് കോണ്‍ഗ്രസ് – ഒരു വിഭാഗം ന്യൂനപക്ഷവോട്ടുകള്‍ ഇടതുപക്ഷത്ത് കേന്ദ്രീകരിച്ചതാണ് ബിജെപിയുടെ പരാജയത്തിനു കാരണം. ഇടതുമുന്നണി വിജയിച്ച പതിനേഴോളം ഡിവിഷനുകളില്‍ യു.ഡി.എഫിന്റെ വോട്ടു വിഹിതം പരിശോധിച്ചാല്‍ ബി.ജെ.പിയുടെ വിജയം എങ്ങനെ തടയപ്പെട്ടു എന്ന് വ്യക്തമാകും. (പട്ടിക ഒന്ന് കാണുക) ഉദാഹരണത്തിന് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മുന്നില്‍ നിന്ന മണ്ഡലങ്ങളായിരുന്നു പലതും. ബി.ജെ.പിയുടെ ശക്തമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ 25-ല്‍ പരം മുനിസിപ്പാലിറ്റികള്‍ ഉണ്ട്. ഒറ്റയ്ക്ക് ഭരണം ലഭിച്ച പാലക്കാട്, പന്തളം എന്നിവയ്ക്ക് പുറമേയാണിത്. നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, വര്‍ക്കല, നെടുമങ്ങാട്, പറവൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര, തിരുവല്ല, മാവേലിക്കര, ചെങ്ങന്നൂര്‍, ഹരിപ്പാട്, ചേര്‍ത്തല, കോട്ടയം, ഏറ്റുമാനൂര്‍, വൈക്കം, തൊടുപുഴ, കട്ടപ്പന, തൃപ്പൂണിത്തുറ, ഏലൂര്‍, ആലുവ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, കുന്നംകുളം, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, താനൂര്‍, തലശ്ശേരി, ഇരിട്ടി, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നീ മുനിസിപ്പാലിറ്റികളില്‍ ബി.ജെ.പി നിര്‍ണ്ണായക ശക്തിയായി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആദ്യമായി ബി.ജെ.പി ഒരു വാര്‍ഡില്‍ വിജയിച്ചു. കൊല്ലം-6, കൊച്ചി-5, തൃശ്ശൂര്‍-6, കോഴിക്കോട്-7, തിരുവനന്തപുരം -35 എന്നിങ്ങനെയാണ് ബി.ജെ.പിയുടെ സാന്നിദ്ധ്യം. കൊല്ലത്തെയും കൊച്ചിയിലേയും ബി.ജെ.പി മുന്നേറ്റം പ്രത്യേകം ശ്രദ്ധേയമാണ്. സംസ്ഥാനത്തെ 86 മുനിസിപ്പാലിറ്റികളില്‍ 61ലും എല്ലാ കോര്‍പ്പറേഷനുകളിലും ബി.ജെ.പിയുടെ പ്രതിനിധികള്‍ ഉണ്ട്.
എടുത്തു പറയേണ്ട വസ്തുത ബി.ജെ.പിയുടെ പ്രകടനം തെക്ക് പാറശ്ശാല മുതല്‍ വടക്ക് മഞ്ചേശ്വരം വരെ ഒരുപോലെ പ്രകടമായി എന്നതാണ്. ഇടതു ശക്തികേന്ദ്രങ്ങളായ വടക്കേ മലബാറിലും ലീഗിന്റെ കുത്തകയായ തെക്കന്‍ മലബാറിലും കേരളാ കോണ്‍ഗ്രസ് മേഖലകളായ കോട്ടയം – ഇടുക്കി-പത്തനംതിട്ട ജില്ലകളിലും ബി.ജെ.പി. കരുത്തു തെളിയിച്ചു. മലപ്പുറത്തെ നിലമ്പൂര്‍, വളാഞ്ചേരി മുനിസിപ്പാലിറ്റികളില്‍ ആദ്യമായാണ് ബി.ജെ.പി വിജയിക്കുന്നത്. താനൂരില്‍ ഏഴുസീറ്റു നേടി മുഖ്യപ്രതിപക്ഷമായി. മലപ്പുറത്തെ പന്ത്രണ്ടോളം ഗ്രാമപഞ്ചായത്തുകളില്‍ ബി.ജെ.പി പ്രതിനിധികള്‍ വിജയിച്ചു. വയനാട്ടിലെ എട്ട് പഞ്ചായത്തുകളിലും കോഴിക്കോട് പന്ത്രണ്ട് പഞ്ചായത്തുകളിലും ബി.ജെ.പി പങ്കാളിത്തം അറിയിച്ചു. കാസര്‍കോട് 14 സീറ്റുകള്‍ നേടി ബി.ജെ.പി മുഖ്യപ്രതിപക്ഷമായി. പതിമൂന്ന് ബ്ലോക്ക് ഡിവിഷനിലും ജില്ലാപഞ്ചായത്തില്‍ രണ്ടു സീറ്റുകളും കാസര്‍കോട് പാര്‍ട്ടി നേടി. മാത്രമല്ല ആറ് പഞ്ചായത്തുകളിലെ ഭരണം നിര്‍ണ്ണയിക്കുന്നത് ബി.ജെ.പിയായിരിക്കും. നാലുപതിറ്റാണ്ടായി ബി.ജെ.പി ഭരിക്കുന്ന മധൂര്‍ പഞ്ചായത്ത് പാര്‍ട്ടി നിലനിര്‍ത്തുകയുണ്ടായി.
പത്തനംതിട്ടയില്‍ ബി.ജെ.പി.യുടെ മുന്നേറ്റം ശ്രദ്ധേയമാണ്. പന്തളം നഗരസഭയും അഞ്ചു പഞ്ചായത്തുകളും ബി.ജെ.പി ഭരിക്കും. ആറ് ബ്ലോക്ക് ഡിവിഷനുകളും ഇത്തവണ നേടി. കഴിഞ്ഞതവണ രണ്ട് സീറ്റാണ് ഉണ്ടായിരുന്നത്. ജില്ലയില്‍ മുപ്പത്തി ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലായി 116 അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. തിരുവല്ല മുനിസിപ്പാലിറ്റിയില്‍ ബി.ജെ.പി അംഗങ്ങള്‍ നാലില്‍ നിന്ന് ഏഴായി ഉയര്‍ന്നു. അടൂര്‍ മുനിസിപ്പാലിറ്റിയില്‍ ആദ്യമായാണ് ബി.ജെ.പി അംഗം വിജയിക്കുന്നത്. ഇടുക്കി ജില്ലയില്‍ ഏഴുപഞ്ചായത്തുകളില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. തിരുവനന്തപുരം കൂടാതെ കൊല്ലം ജില്ലയിലും ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളില്‍ കൂടുതല്‍ പങ്കാളിത്തം ഉണ്ടായി. ചുരുക്കത്തില്‍ 1182 ഗ്രാമപഞ്ചായത്തു വാര്‍ഡുകള്‍, 49 ബ്ലോക്ക് ഡിവിഷനുകള്‍, രണ്ട് ജില്ലാപഞ്ചായത്ത് ഡിവിഷന്‍, 320 മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, 59 കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ ഇങ്ങനെയാണ് 2020 ലെ ബി.ജെ.പി നയിച്ച എന്‍ഡിഎയുടെ പ്രകടനം.
മാര്‍ക്‌സിസ്റ്റ്-കോണ്‍ഗ്രസ് വോട്ടുകച്ചവടം
തിരഞ്ഞെടുപ്പുവേളയില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ പറഞ്ഞത് ബി.ജെ.പിയെ തോല്പിക്കാനുള്ളതെല്ലാം തങ്ങള്‍ ചെയ്തിട്ടുണ്ട് എന്നായിരുന്നു. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസ്സും തമ്മിലുള്ള വോട്ടുകച്ചവടമായിരുന്നു ഈ പദ്ധതിയെന്നു തിരഞ്ഞെടുപ്പുഫലം വന്നതോടെ ജനങ്ങള്‍ക്ക് ബോധ്യമായി. ഇടതു മുന്നണി വിജയിച്ച 17-ല്‍ പരം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് തങ്ങളുടെ വോട്ടു ഇടതുപക്ഷത്തേക്ക് മറിച്ചു ചെയ്തു. ബി.ജെ.പി. വിജയിച്ച 12 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയത് കോണ്‍ഗ്രസ്സാണ്. (പട്ടിക 3 കാണുക) ഇവരുടെ അവകാശവാദമനുസരിച്ച് കോണ്‍ഗ്രസ്സിന്റെ വോട്ടുകൊണ്ടാണ് ബി.ജെ.പി. ജയിച്ചതെങ്കില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തെത്തേണ്ടതായിരുന്നു. നേമം മണ്ഡലത്തില്‍ ഇതായിരുന്നല്ലോ ഇടതുപക്ഷത്തിന്റെ ആരോപണം.
കോണ്‍ഗ്രസ് തിരുവനന്തപുരത്തു ആകെ ജയിച്ച പത്തു ഡിവിഷനുകളില്‍ അഞ്ചിലും സി.പി.എമ്മിന്റെ വോട്ട് എവിടെപ്പോയി? കവടിയാര്‍, കുറവന്‍കോണം, പെരുന്താണി, മുല്ലര്‍, ബീമാപ്പള്ളി എന്നീ ഡിവിഷനുകളിലാണ് സി.പി.എം സ്ഥാനാര്‍ത്ഥികള്‍ ഏറെ പിന്നിലായത്. വോട്ടുകച്ചവടത്തിന്റെ ഫലമായിരുന്നു ഈ പതനം. ഇതില്‍ കവടിയാറില്‍ ഒരു വോട്ടിനാണ് ബി.ജെ.പി തോറ്റത്. (പട്ടിക 4 കാണുക) കാസര്‍കോട്, പാലക്കാട്, താനൂര്‍, ചെങ്ങന്നൂര്‍ നഗരസഭകളില്‍ ഇടതുപക്ഷത്തിന് പ്രതിപക്ഷസ്ഥാനം പോലുമില്ല എന്നതും ഓര്‍ക്കേണ്ടതാണ്.
കേരളത്തിലെ മണ്ണ് എന്‍ഡിഎയ്ക്ക് അനുകൂലമായി വളരുകയാണ്. കോണ്‍ഗ്രസ് – ഇടതുബാന്ധവം ബി.ജെ.പിക്ക് ഗുണകരമാകും. ശക്തമായ പ്രതിപക്ഷമായി മാറാന്‍ ബി.ജെ.പിയ്ക്ക് അവസരം വരുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലും മറ്റനേകം മുനിസിപ്പാലിറ്റികളിലും ബി.ജെ.പി മുഖ്യപ്രതിപക്ഷമായി കഴിഞ്ഞു. ഗ്രാമപഞ്ചായത്തുകളുടെ ഭരണം നിര്‍ണ്ണയിക്കുന്നതിലും ബി.ജെ.പിയെ അവഗണിക്കാന്‍ കഴിയില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയൊരവസരം ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ മുന്നില്‍ വരുകയാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനുള്ള വര്‍ഗ്ഗീയ ധ്രുവീകരണവും ‘തന്ത്രപരമായ വോട്ടിംഗും’ (tactical voting) അണിയറയില്‍ രൂപപ്പെട്ടു കഴിഞ്ഞു, അതിനെ അതിജീവിക്കേണ്ടതുണ്ട്. സാധാരണ വോട്ടര്‍മാര്‍ ബിജെപിയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നു. സല്‍ഭരണം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ബി.ജെ.പി ഭരിച്ച പാലക്കാടു മുനിസിപ്പാലിറ്റിയും ഭരണത്തില്‍ വന്ന പഞ്ചായത്തുകളും ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയോടൊപ്പം നിന്നത്. അടിത്തറ വിപുലമാക്കുന്നതിനുള്ള അവസരം ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടുണ്ട്. ‘സോഷ്യല്‍ എന്‍ജിനിയറിംഗില്‍’ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

എ.പി.അബ്ദുള്ളക്കുട്ടിക്കൊപ്പം
വലതു മുന്നണിയുടെ പരാജയം ബിജെപിയ്ക്ക് കൂടുതല്‍ അവസരം ഒരുക്കും എന്നതില്‍ സംശയമില്ല. അതിനുവേണ്ടിയുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പ് വിധി സഹായകമാകും. സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും ഒരുപോലെ ബി.ജെ.പിയുടെ സാന്നിദ്ധ്യം അറിയിക്കാന്‍ കഴിഞ്ഞതാണ് 2020 തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം. അഴിമതിയുടെ കരിനിഴല്‍ വീണ ഇടതുമുന്നണിയ്ക്കും വലതുമുന്നണിയ്ക്കും ബദലായി ഒരു മൂന്നാം ബദല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. കിഴക്കമ്പലത്തിലെ ട്വന്റി ട്വന്റി വിജയവും ഇവിടെ എടുത്തുപറയേണ്ടതുണ്ട്. ഈ റോളാണ് ബിജെപിയില്‍ നിന്നും കേരളജനത പ്രതീക്ഷിക്കുന്നത്.