‘ജയ്ശ്രീരാം’ എന്ന് എഴുതിയ ബാനര്‍ തൂക്കിയതിന്റെ ദോഷം തീരാന്‍ ഡിഫിക്കാര്‍ ഒരു വഴിയേ കണ്ടുള്ളു. ദേശീയപതാകയെ അതേ സ്ഥലത്തു വികൃതമായി തൂക്കിയിടുക. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന ചൊല്ല് പോലെ ഇതുകൊണ്ട് കുട്ടിസഖാക്കള്‍ ഉണ്ടാക്കുന്ന നേട്ടം രണ്ടാണ്. ഒന്ന് ജയ്ശ്രീരാം വിരോധം പ്രകടിപ്പിക്കല്‍. രണ്ട്: കമ്മ്യൂണിസ്റ്റുകാര്‍ക്ക് ജന്മനാ ഉള്ള ദേശീയ പതാകാവിരോധം തീര്‍ക്കാനുള്ള അവസരം മുതലാക്കല്‍. പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ദേശീയപതാക വികൃതമായി കെട്ടുക വഴി അവര്‍ ഇതെല്ലാം നേടി. നഗരസഭാ കെട്ടിടത്തില്‍ അതിക്രമിച്ചുകയറി എന്നതാണ് ഗുരുതരമായ കുറ്റമെങ്കില്‍ ആ തെറ്റു ചെയ്യാത്ത ഏതു രാഷ്ട്രീയ കക്ഷിയാണുള്ളത്? ഡിഫിക്കാരും ചെയ്തത് ഇതുതന്നെയല്ലേ? അപ്പോള്‍ പ്രശ്‌നം ‘ജയ്ശ്രീരാം’ എന്ന് എഴുതി എന്നതാണ്. ജയ്ശ്രീരാം എന്ന് വിളിക്കാനും എഴുതാനും ഈ മണ്ണില്‍ പറ്റില്ലെങ്കില്‍ പിന്നെ എവിടെയാണ് സഖാവേ പറ്റുക? ചൈനയിലാണോ?
പണ്ട് കേരളത്തില്‍ ജാതിത്തമ്പുരാന്മാര്‍ വാഴുന്നകാലത്ത് അടിയാളന്മാര്‍ക്ക് ഒച്ചയെടുത്ത് സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. തമ്പ്രാക്കന്മാര്‍ കേള്‍ക്കേ ശബ്ദിച്ചാല്‍ കടുത്തശിക്ഷ കിട്ടുമായിരുന്നു. ഇന്ന് ഡിഫിയുടെയും കോണ്‍ഗ്രസ്സിന്റെയും ‘മതേതര’ തമ്പുരാക്കന്മാര്‍ കേള്‍ക്കെയും കാണ്‍കെയും ‘ജയ്ശ്രീരാം’ ഉച്ചരിക്കാനോ എഴുതിവെക്കാനോ പാടില്ലെന്നാണ് കല്പന. കല്പന ലംഘിച്ചാല്‍ ഡിഫികുട്ടിത്തമ്പുരാക്കന്മാര്‍ പരിഹാരക്രിയ ചെയ്യും. അതാണ് പാലക്കാട് നഗരസഭാ കെട്ടിടത്തിനുമേല്‍ കുട്ടിസഖാക്കള്‍ കാട്ടിക്കൂട്ടിയത്. ഇതും ദേശീയ പതാകയും തമ്മില്‍ എന്തുബന്ധം എന്ന് അവരോടു ചോദിക്കരുത്. ആ വിരോധം അവരുടെ രക്തത്തിലുള്ളതാണ്. ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചപ്പോള്‍ ദേശീയപതാക ചുട്ടുകരിക്കുകയും കരിദിനം ആചരിക്കുകയും ചെയ്തവരാണവര്‍. അവര്‍ക്കിപ്പോള്‍ ദേശീയബോധം വിജൃംഭിച്ചതല്ല, ദേശീയപതാകയെ അപമാനിക്കാന്‍ കിട്ടിയ അവസരം ഉപയോഗിച്ചതാണ്. ‘ജയ്ശ്രീരാം’ വിളി വിരോധത്തിലും ദേശീയ പതാക വിരോധത്തിലും ആളിക്കത്തിയത് കുട്ടിസഖാക്കളുടെ ദേശീയവിരോധം എന്ന ജന്മവാസനയാണ്.