കുറുച്ചി: പ്രചരണ സാമഗ്രികള്‍ ഒന്നുമില്ലാതെ ജനഹൃദയങ്ങളില്‍ ഇടംനേടി വിജയം കൈവരിച്ച ബി.ജെ.പി. നേതാവ് ബി.ആര്.മഞ്ജീഷ് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക. ബി.ജെ.പി. ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയായ മഞ്ജീഷ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്റെ ഒരു പോസ്റ്റര്‍ പോലും പതിക്കാതെയും ഒരു ബോര്‍ഡ് പോലും പ്രദര്ശിപ്പിക്കാതെയുമാണ് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വന്‍വിജയം കരസ്ഥമാക്കി മാതൃകകാട്ടിയത്. പ്രചരണത്തിന് ചെലവാകുന്ന തുക മുഴുവന്‍ ദരിദ്രകുടുംബത്തില്‍പ്പെട്ട ഒരു ക്യാന്‍സര്‍ രോഗിക്ക് വീട് നിര്‍മ്മിച്ചു നല്കാന് മാറ്റിവെച്ചുകൊണ്ടാണ് മഞ്ജീഷ് തിരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയത്. സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ കുറുച്ചി ഗ്രാമപഞ്ചായത്തിലെ പൂളമൂടി (വാര്‍ഡ് -9) ല്‍ നിന്നാണ് ആകെ പോള്‍ ചെയ്ത 1110 വോട്ടില്‍ 587 വോട്ട് കരസ്ഥമാക്കി 309 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മഞ്ജീഷ് വിജയക്കൊടി പാറിച്ചത്.
2015ലെ തിരഞ്ഞെടുപ്പില്‍ കുറുച്ചി പഞ്ചായത്തിലെ പൊന്‍പുഴയില്‍ നിന്ന് (വാര്‍ഡ് – 8) 95 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം നേടിയ മഞ്ജീഷ് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. 24 കുടുംബങ്ങള്‍ക്ക് വീടും 9 കുടുംബങ്ങള്‍ക്ക് ഭൂമിയും ഏര്‍പ്പെടുത്തിക്കൊടുത്തു. 10.5 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഒരു വാര്‍ഡ് പ്രതിനിധിയാണെങ്കിലും പഞ്ചായത്തിലുടനീളം മഞ്ജീഷിന്റെ പ്രവര്‍ത്തനത്തിന്റെ പ്രഭാവം എത്തി. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പില്‍ സ്വന്തം വാര്‍ഡ് സംവരണവാര്‍ഡ് ആയതോടെ മറ്റൊരു വാര്‍ഡില്‍ ആശങ്കയേതുമില്ലാതെ മത്സരിക്കാന്‍ മഞ്ജീഷിന് സാധിച്ചു. ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ് തന്റെ വിജയത്തിന് ഒരു പ്രചരണത്തിന്റെയും ആവശ്യമില്ലെന്ന് മഞ്ജീഷ് തീരുമാനിക്കുന്നത്. എ.ബി.വി.പിയിലൂടെ സംഘടനാ പ്രവര്‍ത്തനത്തിലെത്തിയ മഞ്ജീഷ് ആര്.എസ്.എസ്. ചങ്ങനാശ്ശേരി താലൂക്ക് സഹകാര്യവാഹ് എന്ന ചുമതലയും വഹിച്ചിട്ടുണ്ട്.