ഭീതി നിറഞ്ഞ നിമിഷങ്ങള്‍ മറന്ന് സേവാഭാരതിയുടെ കൈപിടിച്ച് മുന്നിലേക്ക് നടക്കുമ്പോള്‍ പ്രതീക്ഷയുടെ നാമ്പുകള്‍ തളിരിട്ടതിന്റെ സന്തോഷത്തിലാണ് തൃശൂര്‍ ചെറുതുരുത്തി കൊറ്റമ്പത്തൂര്‍ നിവാസികള്‍. സേവാഭാരതിയുടെ കരുതലില്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശനം അവര്‍ക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. ദുരന്തത്തില്‍ ഓടിയെത്തിയവര്‍ വാഗ്ദാനങ്ങള്‍ നല്‍കി മടങ്ങിയപ്പോള്‍ തങ്ങളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത് സേവാഭാരതിയാണെന്ന് നന്ദിപൂര്‍വ്വം അവര്‍ സ്മരിക്കുന്നു. അവരുടെ കണ്ണുകളില്‍ ഇപ്പോള്‍ പ്രതീക്ഷയുടെ പൊന്‍ തിളക്കമാണ്.
2018 ഓഗസ്റ്റിലെ ആ കറുത്ത ദിനം ഇന്നും പേടിയോടെയാണ് പലരും ഓര്‍ക്കുന്നത്. അന്നൊരു ചൊവ്വാഴ്ചയായിരുന്നു. തുടര്‍ച്ചയായി തകര്‍ത്തുപെയ്ത പേമാരിയും അതിനോടെപ്പം വലിയ ശബ്ദത്തോടെ ആര്‍ത്തലച്ചെത്തിയ മഴവെള്ളപ്പാച്ചിലും ഒരു പ്രദേശത്തെ മുഴുവന്‍ വിഴുങ്ങുകയായിരുന്നു. മുകളില്‍ നിന്ന് മല ഇടിഞ്ഞ് മൂന്നായി വഴിതിരിഞ്ഞ് താഴേയ്ക്ക് പതിച്ചത് മാത്രമാണ് പലര്‍ക്കും ഓര്‍മ്മ. ഏകദേശം പത്ത് ഏക്കറോളം പ്രദേശത്തേയ്ക്ക് മല ഇടിഞ്ഞിറങ്ങുകയായിരുന്നു. താഴെയുണ്ടായിരുന്ന വീടുകളും നാല് പേരും കുത്തൊഴുക്കില്‍ മണ്ണിനടിയിലായി. കുറച്ചു പേര്‍ക്കു മാത്രം ജീവനും ഉറ്റവരെയും തിരികെകിട്ടി. മറ്റ് ചിലര്‍ക്ക് സ്വന്തക്കാരെ രക്ഷപ്പെടുത്താന്‍ സാധിക്കാതെ പോയതിന്റെ സങ്കടം ഇന്നും വിങ്ങുന്ന ഓര്‍മ്മ. വലിയ ദുരന്തത്തില്‍ നാട് വിറങ്ങലിച്ചുപോയി. ഏറെ കാലപ്പഴക്കമുള്ള വീടുകളായിരുന്നു പലരുടെയും. ഉരുള്‍പൊട്ടലില്‍ വീടുകള്‍ പൂര്‍ണ്ണമായും നിലംപൊത്തി. മണ്ണിനടയിലകപ്പെട്ട നാല് പേരൂടെ ജീവന്‍ നഷ്ടപ്പെട്ടു. മുണ്ടനാട് ഹരിനാരായണന്‍ (32), ശിവദാസ് (25), മുണ്ടനാട് സജീവ് (36), ചക്കാഞ്ചേരി രഞ്ജിത്ത് (25) എന്നിവരുടെ ജീവനാണ് പൊലിഞ്ഞത്. ഉറ്റവരുടെ നഷ്ടവും തങ്ങളുടെ സാമ്പാദ്യവുമെല്ലാം നഷ്ടമായതിന്റെ ആഘാതത്തില്‍ നിന്ന് മോചിതരാവാന്‍ ദിവസങ്ങളും മാസങ്ങളും വേണ്ടി വന്നു കൊറ്റമ്പത്തൂര്‍ നിവാസികള്‍ക്ക്.
ദുരിതാശ്വാസ ക്യാമ്പിലെ അരണ്ട വെളിച്ചത്തില്‍ ജീവിതത്തിന്റെ പ്രതീക്ഷകളത്രയും അവസാനിച്ചെന്ന് കരുതി പകച്ചിരുന്നു ഓരോരുത്തരും. ഇതുവരെയുള്ള സമ്പാദ്യങ്ങളെല്ലാം മഴവെള്ള പാച്ചില്‍ കൊണ്ടുപോയി. ഇനിയെന്ത് എന്ന് ചോദ്യവുമായി തല കുനിച്ചിരുന്ന അവരുടെ മുന്നിലേക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാമെത്തി. എല്ലാവരും പതിവ് വാഗ്ദാനങ്ങളും നല്‍കി. അപ്പോഴും ഒരു മരവിപ്പിലായിരുന്നു ഓരോരുത്തരും. വൃദ്ധരും പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടെ മുപ്പത്തിയേഴ് കുടുംബങ്ങളിലെ നൂറിലേറെപ്പേര്‍. അവര്‍ക്ക് പോകാനിടമുണ്ടായിരുന്നില്ല. ദുരിതാശ്വസ ക്യാമ്പാക്കിയിരുന്ന സ്‌കൂള്‍ വേനലവധി കഴിഞ്ഞ് തുറക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതോടെ എങ്ങോട്ട് പോകുമെന്ന ചിന്തയിലായി ഇവര്‍. ദുരിതത്തിന്റെ ആഘാതവും പേറി താമസിച്ചിരുന്ന സ്ഥലത്ത് തിരിച്ചെത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഓരോരുത്തരും താമസിച്ചിരുന്ന വീടുകളുടെ സ്ഥാനത്ത് അവേശേഷിച്ചത് മണ്‍കൂനകള്‍ മാത്രം. സ്വന്തമായുള്ള ഭൂമിയില്‍ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാമെന്ന ചിന്തയില്‍ വീണ്ടും വീട് കെട്ടി താമസിക്കാന്‍ തുനിഞ്ഞെങ്കിലും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന ജിയോളജി വകുപ്പിന്റെ മുന്നറിയിപ്പ് കൂടി ലഭിച്ചതോടെ വീണ്ടും നിരാശയോടെ ക്യാമ്പിലേക്ക് മടങ്ങിയെത്തി. ഭാവി ജീവിതത്തിന് മുന്നില്‍ പകച്ചുപോവുകയായിരുന്നു പലരും. തുടര്‍ന്ന് വാടക വീടുകളിലും ബന്ധുക്കളുടെ വീടുകളിലുമായി ജീവിതം. ഇതിനിടയില്‍ പല ജനപ്രതിനിധികളും കുശലാന്വേഷങ്ങളുമായി എത്തിയെങ്കിലും ഇവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു തീരുമാനവുമുണ്ടായില്ല. പിന്നീട് കാത്തിരിപ്പ് മാത്രമായി. എന്നാല്‍ വരണ്ടുണങ്ങിയ മരുഭൂമിയില്‍ പ്രതീക്ഷയുടെ പുതുമഴപ്പെയ്ത്തായിരുന്നു സേവാഭാരതിയുടെ ഇടപെടല്‍. അപ്പോഴും ചില കടമ്പകളുണ്ടായിരുന്നു. ഉപാധികളില്ലാത്ത മാനവസേവയെന്ന ഉദാത്ത ലക്ഷ്യത്തെ മനസ്സിലാക്കുന്നതില്‍ ചിലര്‍ക്ക് വീഴ്ച പറ്റി. എന്തും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം കാണാന്‍ ശീലിച്ച ചിലര്‍ വിഷയത്തിലിടപെട്ടു. സര്‍ക്കാര്‍ തലത്തില്‍ തന്നെ വീടുകള്‍ പണിത് നല്‍കുമെന്ന് ഇവരെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് പലരും പിന്മാറി. പതിനേഴ് കുടുംബങ്ങള്‍ സേവാഭാരതിയുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ തയ്യാറായി സമ്മതമറിയിച്ചു. അങ്ങനെയാണ് പുനര്‍ജനി എന്ന പേരില്‍ ബൃഹദ് പദ്ധതിക്ക് തുടക്കമാകുന്നത്. കെ.വി.രാജന്‍, കെ.വി.അയ്യപ്പന്‍, മിഥുന്‍ദാസ്, കെ.വി.ഉണ്ണികൃഷ്ണന്‍, കെ.എ.സുദര്‍ശനന്‍, കാര്‍ത്ത്യായനി പ്രണവ്, കെ.കെ സരോജിനി, ദിപു ലാല്‍, കെ.കെ.ലീലാ വേണുഗോപാല്‍, മുരളി, സുബ്രഹ്മണ്യന്‍, ലക്ഷ്മി, ശിവരാമന്‍, ശ്രീധരന്‍, കാര്‍ത്ത്യായനി, ചന്ദ്രിക, രജിത എന്നിവര്‍ക്കാണ് സേവാഭാരതിയുടെ കരുതലില്‍ വീടൊരുക്കിയത്.
പദ്ധതിയുടെ ഭാഗമായി എഴുപത്തെട്ട് സെന്റ് സ്ഥലം സേവാഭാരതി സ്വന്തമായി വാങ്ങി. 57,15,350 രൂപയാണ് സ്ഥലം വാങ്ങുന്നതിന് ചെലവായത്. പതിനേഴ് കുടുംബങ്ങളില്‍ ഓരോ കുടുംബത്തിനും നാല് സെന്റ് ഭൂമിയും നടപ്പാതയും നല്‍കി. മുന്‍ ഡി ജി പി ടി.പി സെന്‍കുമാര്‍, പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്‍,സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ പ്രസന്ന മൂര്‍ത്തി, സേവാപ്രമുഖ് യു.എന്‍ ഹരിദാസ്, തൃശൂര്‍ മഹാനഗര്‍ സംഘചാലക് ശ്രീനിവാസന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു. തുടര്‍ന്ന് വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുകയായിരുന്നു. സ്വയംസേവകരായ കെ.യു. ഷാജിയും പ്രവീണുമാണ് നിര്‍മ്മാണ കരാര്‍ ജോലികള്‍ ഏറ്റെടുത്തത്. പ്രൊഫഷണല്‍ ബില്‍ഡര്‍മാരായ ഇവര്‍ ഒരു രൂപ പോലും ലാഭമെടുക്കാതെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഒരേ മാതൃകയില്‍ 750 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പതിനേഴ് വീടുകളും നിര്‍മ്മിച്ചിരിക്കുന്നത്. വീടുകളുടെ നിര്‍മ്മാണത്തിന് മാത്രം 1,51,99,200 രൂപചെലവായി. അങ്ങനെ ഒമ്പത് മാസങ്ങള്‍ കൊണ്ട് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ബാക്കി വന്ന സ്ഥലം പൊതു ആവശ്യത്തിനായി ഒഴിച്ചിട്ടു.
സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഈ വിവരമറിഞ്ഞ് സഹായങ്ങള്‍ ഒഴുകി. വീട് പണിക്കാവശ്യമായ സാമഗ്രികള്‍ സംഭാവന നല്‍കാന്‍ പലരും തയ്യാറായിരുന്നു. എന്നാല്‍ പലതരം മെറ്റീരിയല്‍ ഉപയോഗിക്കുന്നത് നിര്‍മ്മാണത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്ന് ആശങ്കയുള്ളതിനാല്‍ വേണ്ടെന്ന് തീരുമാനിച്ചു. ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ മാത്രമാണ് വീടുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ശ്രമദാനമായി നിര്‍മ്മാണ ജോലികള്‍ ചെയ്യാന്‍ തയ്യാറായും ഒട്ടേറെപ്പേര്‍ മുന്നോട്ടുവന്നു. എന്നാല്‍ അവരുടെ സഹായത്തിന് നന്ദി അറിയിച്ചുകൊണ്ട് തന്നെ അത്തരം സഹായങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തില്‍ സേവാഭാരതി ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തില്‍ അങ്ങേയറ്റത്തെ സുതാര്യതയും കണക്കുകളിലെ കണിശതയുമാണ് സേവാഭാരതിയുടെ പ്രവര്‍ത്തനത്തിന് മാറ്റുകൂട്ടുന്ന മറ്റൊരു ഘടകം. സമാജ സ്‌നേഹികള്‍ നല്‍കുന്ന ഓരോ ചില്ലിക്കാശിനും കൃത്യമായ കണക്കുകള്‍ സൂക്ഷിച്ചിരിക്കുന്നു സേവാഭാരതി. ഈ കൃത്യതയും കണിശതയുമാണ് ഏെറ്റടുക്കുന്ന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതിന്റെ മറ്റൊരു കാരണം. നവംബര്‍ 17 ന് പതിനേഴ് കുടുംബങ്ങള്‍ സുരക്ഷയുടെ, ആത്മാഭിമാനത്തിന്റെ, കരുതലിന്റെ മേലാപ്പിന് കീഴിലേക്ക് ഗൃഹപ്രവേശം നടത്തി പുതുജീവിതത്തിലേക്ക് കടന്നു. അവര്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തിലൂടെയാണ് ആ നിമിഷങ്ങളില്‍ കടന്നുപോയത്.
കൊറ്റമ്പത്തൂരില്‍ വീട് പണിത് നല്‍കിയതുകൊണ്ട് മാത്രം തങ്ങളുടെ സേവന പ്രവര്‍ത്തനത്തിന് വിരാമമായി എന്ന് സേവാഭാരതി കരുതുന്നില്ല. നിരാലംബരായ ആ ജനതയെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഇവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗ്രാമവികസന പദ്ധതികളാണ് രണ്ടാം ഘട്ടം എന്ന നിലയില്‍ ആവിഷ്‌കരിക്കാന്‍ സേവാഭാരതി തീരുമാനിച്ചിരിക്കുന്നത്. സ്ത്രീകളുടെ കൂട്ടായ്മകള്‍, യുവാക്കള്‍ക്കായി തൊഴില്‍ സംരംഭങ്ങള്‍, വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ഹെല്‍ത്ത് ക്ലിനിക്കുകള്‍ എന്നിവയും തുടര്‍ പദ്ധതിയുടെ ഭാഗമായി ഇവിടെ നടപ്പാക്കും.
ആശ്വാസത്തിന്റെ ദീപം തെളിഞ്ഞു
പുതിയ വീട്ടില്‍ താമസം ആരംഭിച്ച് ഒരു മാസം പിന്നിടാന്‍ ദിവസങ്ങളിരിക്കെ വളരെ സന്തോഷത്തിലാണ് കൊറ്റമ്പത്തൂര്‍ നിവാസികള്‍. ഇത്രയും നാള്‍ പിന്നിട്ട ദുരിതദിനങ്ങള്‍ പലരും മറന്ന് തുടങ്ങിയിരിക്കുന്നു. പുതിയ വീട്ടില്‍ തൃക്കാര്‍ത്തിക ദിനത്തില്‍ പാലുകാച്ചല്‍ ചടങ്ങ് നടത്തി. കൊറ്റമ്പത്തൂര്‍ നിവാസികള്‍ ഒരേ മനസ്സോടെ വീടുകളില്‍ ദീപം തെളിയിച്ച് തൃക്കാര്‍ത്തികയെ വരവേറ്റു. പുനര്‍ജ്ജനി ഗ്രാമത്തില്‍ എല്ലാവര്‍ക്കും ജോലി നല്‍കാനുള്ള പുതിയ തൊഴില്‍ സംരംഭം എന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലാണ് സേവാഭാരതി. അടച്ചുറപ്പുള്ള വീടായി. ഇനി ദിവസ വരുമാനത്തിനുള്ള വഴി കൂടി തുറന്നുതരുന്ന സേവാഭാരതി യില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇവര്‍ മുന്നോട്ടു പോകുന്നത്.
ആഘോഷമാക്കി നാട്ടുകാര്‍
കൊറ്റമ്പത്തൂരില്‍ ഉത്സവ പ്രതീതിയായിരുന്നു ഉദ്ഘാടന ദിവസമായ 17ന.് നിരാലംബരായ ഒരു ജനതയുടെ വീടെന്ന സ്വപ്‌നം നിറവേറ്റിയ സേവാഭാരതിയെ അഭിനന്ദിക്കാനും പരിപാടിയില്‍ സംബന്ധിക്കാനും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നൂറ് കണക്കിനാളുകളാണ് സ്ഥലത്ത് എത്തിയിരുന്നത്. രാവിലെ ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് സി.ആര്‍.മുകുന്ദ് ഓണ്‍ലൈനായി താക്കോല്‍ദാന ചടങ്ങ് നിര്‍വ്വഹിച്ചു. കൊറ്റമ്പത്തൂരില്‍ സേവാഭാരതി നടത്തിയ പ്രവര്‍ത്തനം മറ്റ് സംഘടനകള്‍ മാതൃകയാക്കണമെന്ന് സി.ആര്‍. മുകുന്ദ് അഭിപ്രായപ്പെട്ടു. യുവാക്കള്‍ സേവാഭാരതിയിലേക്ക് കടന്ന് വരണമെന്നും ഇനിയും നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സേവാഭാരതി ഉപാദ്ധ്യക്ഷന്‍ ഡോ.വി.നാരായണന്‍ അധ്യക്ഷനായി. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം എസ്.സേതുമാധവന്‍, ആര്‍ എസ് എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പത്മശ്രീ കുഞ്ഞോല്‍ മാസ്റ്റര്‍, കൊണ്ടയൂര്‍ ഓംകാരാശ്രമം മഠാധിപതി സ്വാമി നിഗമാനന്ദ തീര്‍ത്ഥ, കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ങ് ഡയറക്ടര്‍ ടി.എസ്.പട്ടാഭിരാമന്‍, എലൈറ്റ് ഗ്രൂപ്പ് ഉടമ കെ.വി സദാനന്ദന്‍, അശ്വനി ആശുപത്രി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ഒ.പി അച്യുതന്‍ കുട്ടി, തൃശൂര്‍ ആത്രേയ ഹോസ്പിറ്റല്‍ ചെര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ.രാംദാസ് മേനോന്‍, വേദ പണ്ഡിതന്‍ തോട്ടം കൃഷ്ണന്‍ നമ്പൂതിരി, ദേശീയ സേവാഭാരതി ജില്ലാ അധ്യക്ഷന്‍ റിട്ട. മേജര്‍ ജനറല്‍ പി.വിവേകാനന്ദന്‍, ആര്‍ എസ് എസ് തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്‍, ആര്‍ എസ് എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് സെന്തില്‍കുമാര്‍, സേവാഭാരതി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് റിട്ട.എസ്പി പി.എന്‍ ഉണ്ണിരാജ, ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ സേവാപ്രമുഖ് കെ.പദ്മകുമാര്‍, ആര്‍ എസ് എസ് പ്രാന്ത സഹകാര്യവാഹ് പി.എന്‍ ഈശ്വരന്‍, ആര്‍ എസ് എസ് പ്രാന്ത പ്രചാരക് പി.എന്‍ ഹരികൃഷ്ണകുമാര്‍, വിഭാഗ് സഹകാര്യവാഹ് എം.കെ. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടത്തിയ സല്‍ക്കാര ചടങ്ങുകളിലും ജാതിമത ഭേദമെന്യേ നിരവധി പേര്‍ പങ്കാളികളായി.
ഓര്‍മ്മകള്‍ തളംകെട്ടുന്ന മനസ്സുമായി പുതിയ വീട്ടില്‍
പുതിയ വീട്ടിലേക്ക് പ്രവേശിക്കുമ്പോഴും പലരും തങ്ങളുടെ പ്രിയപ്പെട്ടവര്‍ അടുത്തില്ലാത്തതിന്റെ ദുഖത്തിലായിരുന്നു. ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യ, മക്കള്‍ നഷ്ടപ്പെട്ട അമ്മ, അച്ഛനെ നഷ്ടപ്പെട്ട മക്കള്‍…. സേവാഭാരതിയുടെ കൈകളില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ പലരും വികാരാധീനരായിരുന്നു.
രജിതയ്ക്ക് ഭര്‍ത്താവ് സജീവിനെക്കുറിച്ചുള്ള നീറുന്ന ഓര്‍മ്മകളാണ്. മക്കളെയും തന്നെയും തനിച്ചാക്കി മറ്റൊരു ലോകത്തേക്ക് പോയ സജീവന്റെ സ്മരണകളോടെയാണ് രജിത പുതിയ വീട്ടില്‍ താമസം ആരംഭിച്ചത്. മക്കളുടെ ചിരിയും കളിയും നിറയേണ്ട പുതിയ വീട്ടില്‍ ഓര്‍മ്മകള്‍ തളംകെട്ടി നില്‍ക്കുന്നു. അച്ഛനില്ലെന്ന വേദന രജിതയുടെ മക്കളുടെ മുഖത്തും പ്രതിഫലിച്ചിരുന്നു.അരക്ഷിതാവസ്ഥയുടെ കൈകളില്‍ നിന്നും സേവാഭാരതിയുടെ സുരക്ഷിതമായ കൈകളിലെത്തി വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചെങ്കിലും സജീവ് കൂടി ഈ സന്തോഷത്തില്‍ പങ്കാളിയാവാന്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് വെറുതെയാണെങ്കിലും ആശിച്ച് പോവുകയാണ് രജിത. വീടിന്റെ താക്കോല്‍ സേവാഭാരതിയില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ രജിത സങ്കടം അടക്കാനാവാതെ വിതുമ്പുകയായിരുന്നു. മൂത്തമകന്‍ യദുകൃഷ്ണന് മൂന്ന് വയസും രണ്ടാമത്തെ മകന്‍ ഋതു കൃഷ്ണന് ഒന്നരവയസ്സും ഉള്ളപ്പോഴാണ് സജീവ് ഉരുള്‍പൊട്ടലില്‍ മരിക്കുന്നത്. ജീവിതത്തില്‍ ആദ്യമായി പതറിപ്പോയ നിമിഷത്തെ കുറിച്ച് ഇന്നും ഓര്‍മ്മിക്കാന്‍ കൂടി പറ്റുന്നില്ലെന്ന് രജിത പറയുന്നു.
പിന്നീട് ചെറിയ കുട്ടികളെയും കൊണ്ട് ക്യാമ്പുകളിലും ബന്ധുക്കളുടെ വീട്ടിലുമായി അലയുകയായിരുന്നു. തുടര്‍ന്ന് വീടെന്ന സ്വപ്‌നവുമായി പഞ്ചായത്ത് മുതല്‍ മന്ത്രിമാരടക്കമുള്ളവരെ വരെ കണ്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. സേവാഭാരതി പ്രവര്‍ത്തകര്‍ വീട് വെച്ച് നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഏറെ സന്തോഷത്തിലായിരുന്നു. തന്നെ പോലെ തന്നെ നിരാലംബരായ 16 പേര്‍ക്ക് വീട് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് രജിത പറയുന്നു.
ഇപ്പോള്‍ കയറി കിടക്കാന്‍ കിടപ്പാടമായി. ഇനി മക്കളെ പഠിപ്പിച്ച് വലിയ നിലകളിലെത്തിക്കണമെന്ന ആഗ്രഹമാണ് രജിതയ്ക്കുള്ളത്. എന്നാല്‍ കൊറ്റമ്പത്തൂരില്‍ നിരാലംബരായ നിരവധി പേര്‍ ഉണ്ടെന്നും തന്നാലാകുന്ന വിധം അവരെ സഹായിക്കണമെന്നുള്ള ആഗ്രഹം തോന്നിയതിനെ തുടര്‍ന്ന് ഈ പ്രാവശ്യം ദേശമംഗലം പഞ്ചായത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി രജിത മത്സര രംഗത്തുണ്ട്.
സര്‍ക്കാറിനെ വിശ്വസിച്ചു; വീടില്ലാതായി
സര്‍ക്കാര്‍ തലത്തില്‍ വീട് വെച്ച് നല്‍കുമെന്ന വാഗ്ദാനം വിശ്വസിച്ച് ഇറങ്ങിയ 10 കുടുംബങ്ങള്‍ ഇപ്പോഴും ദുരിത കയത്തില്‍. സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് സേവാഭാരതിയുടെ പുനര്‍ജ്ജനി പദ്ധതിയില്‍ നിന്നും പിന്മാറിയ 10 കുടുംബങ്ങളാണ് ദുരിതത്തിലായത്. പള്ളം എസ്റ്റേറ്റിന് സമീപത്തെ 12 ഏക്കര്‍ സ്ഥലത്താണ് ഇവര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഒരു വീടിന്റെ നിര്‍മ്മാണം പോലും ഇതുവരെ പൂര്‍ത്തികരിച്ചിട്ടില്ല. 420 സ്‌ക്വയര്‍ഫീറ്റില്‍ 19 വീടുകളാണ് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയത്. 13 വീടുകളുടെ അടിത്തറ ഇട്ടതല്ലാതെ മറ്റ് നിര്‍മ്മാണങ്ങളൊന്നും നടത്തിയില്ല. അഞ്ച് വീടുകളുടെ തറക്കല്ലിടല്‍ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. ഭൂമിയുടെ ആധാരം പോലും കുടുംബങ്ങള്‍ക്ക് കൈമാറിയിട്ടില്ല. ഇപ്പോഴും വാടക വീട്ടിലും ബന്ധുക്കളുടെ വീടുകളിലും പുറമ്പോക്കില്‍ ടെന്റ് കെട്ടിയും താമസിക്കുകയാണ് ഇവരില്‍ പലരും. വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളെ കണ്ട് സംസാരിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഇവരില്‍ ചിലര്‍ ഇപ്പോള്‍ സേവാഭാരതിയെ സമീപിച്ചിട്ടുണ്ട്.
പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി നടപ്പാക്കിയ പുനര്‍ജനി പദ്ധതി വഴി സംസ്ഥാനത്ത് സേവാഭാരതി ആയിരത്തോളം വീടുകളുടെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്്. കൊറ്റമ്പത്തൂരിലെ പതിനേഴ് വീടുകള്‍ കൈമാറി. ഇനി 64 വീടുകള്‍ കൈമാറാനുണ്ട്. വളരെ വേഗം തന്നെ ഈ വീടുകളും കൈമാറാനുള്ള ഒരുക്കത്തിലാണ്. ഇതോടെ പുനര്‍ജനി പദ്ധതിക്ക് സമാപനമാകും. എന്നാല്‍ വീടില്ലാത്തവര്‍ക്ക് വേണ്ടി സേവാഭാരതി സംസ്ഥാനത്ത് നടപ്പാക്കി വരുന്ന തലചായ്ക്കാനൊരിടം പദ്ധതി വരും വര്‍ഷങ്ങളിലും തുടരും. ഇതിനോടകം 500 വീടുകള്‍ ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍പ്പെടാത്ത അര്‍ഹതപ്പെട്ടയാളുകളുടെ കൈകളിലെത്തിക്കാനാണ് സേവാഭാരതി ശ്രമിക്കുന്നത്. നിരാലംബരായ ആളുകളെ പുനരധിവസിപ്പിക്കുന്നതില്‍ ഭരണകൂടങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും പരാജയപ്പെട്ടിടത്താണ് സേവാഭാരതി മുന്നേറുന്നത്. പ്രളയ പുനരധിവാസത്തിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പലതും അഴിമതികള്‍കൊണ്ട് വിവാദങ്ങളില്‍ നിറയുമ്പോള്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ആയിരങ്ങള്‍ക്ക് പ്രതീക്ഷയും തണലുമാവുകയാണ്. ഈ കരുതലില്‍ ഇനിയും പുനര്‍ജ്ജനി ഗ്രാമങ്ങള്‍ ഉയരട്ടെ……………..