കോഴിക്കോട് : എല്ലാ സന്നദ്ധസംഘടനകളും കോവിഡ് പ്രതിരോധ സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി മാസങ്ങള്‍ കഴിഞ്ഞെങ്കിലും കോഴിക്കോട്ടെ സേവാഭാരതി പ്രവര്‍ത്തകര്‍ അത് തുടരുകയാണ്. കഴിഞ്ഞ ആറ് മാസമായി ഒരു ദിവസം പോലും വിശ്രമിക്കാതെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ തെര്‍മല്‍ സ്‌ക്രീനിങ്ങ് ടെസ്റ്റും മറ്റ് സേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്.
ട്രയിനില്‍ നിന്ന് ഇറങ്ങിവരുന്നവര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ്ങ് ടെസ്റ്റ് നടത്തുക എന്നതാണ് പ്രധാന പ്രവര്‍ത്തനം. കൂടാതെ ആദ്യഘട്ടങ്ങളില്‍ മാസ്‌ക് വിതരണം, സാനിറ്റെസേഷന്‍ ചെയ്യുക എന്നിവയൊക്കെ ഉണ്ടായിരുന്നു. ഒന്നാമത്തേയും നാലാമത്തേയും പ്ലാറ്റ് ഫോമിലെ കവാടങ്ങളിലായി നാല് പ്രവര്‍ത്തകര്‍ 24 മണിക്കൂറും പ്രവര്‍ത്തന നിരതരാണ്. രണ്ടും മൂന്നും ഷിഫ്റ്റുകളായി പ്രവര്‍ത്തകര്‍ മാറി മാറി സേവനം ചെയ്യുന്നു. റെയില്‍വെ അധികൃതരുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് സേവാഭാരതി ഈ പ്രവര്‍ത്തനം ആരംഭിച്ചത്. ആര്‍.എസ്.എസ്. ചാലപ്പുറം നഗര്‍ സഹകാര്യവാഹ് പി.റിനോയിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം നടക്കുന്നത്. ആദ്യ സമയങ്ങളില്‍ രാത്രിയിലായിരുന്നു കൂടുതല്‍ ട്രയിനുകള്‍ വന്നുകൊണ്ടിരുന്നത്. ഇപ്പോള്‍ മിക്കവാറും ട്രയിനുകള്‍ ഓടാന്‍ തുടങ്ങിയതോടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമായി. ലോക്ക്ഡൗണിനുശേഷം സ്‌പെഷ്യല്‍ ട്രയിനുകള്‍ ആരംഭിച്ചതു മുതലാണ് സേവാഭാരതി ഈ പ്രവര്‍ത്തനം ആരംഭിക്കുന്നത്. റെയില്‍വേ ഉന്നത ഉദ്യോഗസ്ഥന്മാരും സേവനം ലഭിച്ച നിരവധി പ്രമുഖ വ്യക്തികളും സേവാഭാരതിയുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു.