‘അസ്ത്യുത്തരസ്യാംദിശി
ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജ’
റീകോങ്പിയോയില്‍ നിന്ന് മൂവായിരം അടിയോളം കുത്തനെ കയറി കല്പ നഗരത്തില്‍ എത്തി. പതിനായിരക്കണക്കിന് അടി ഉയരമുള്ള മഞ്ഞുമൂടിയ കൊടുമുടികളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന നഗരം. പതിനായിരം അടിയാണ് കല്പ നഗരത്തിന്റെ ഉയരം. നേരത്തെ റൂം ബുക്‌ചെയ്തിരുന്ന ‘കിന്നര്‍കൈലാസ്’ എന്നുപേരുള്ള ഹോട്ടലില്‍ തന്നെ ഇടംകിട്ടി.
കിന്നര്‍കൈലാസ് പര്‍വതത്തെ അഭിമുഖീകരിക്കുന്ന വലിയ ജനാലകളുള്ള വിശാലമായ മുറി തന്നെ ലഭിച്ചു. നേരം സന്ധ്യയോടടുത്തിരുന്നു. മുറിയില്‍ വന്നു ജനാലയില്‍കൂടി കിന്നര്‍കൈലാസ് പര്‍വതത്തെ വീക്ഷിച്ചു. വികാരാധിക്യം മൂലം നിമിഷങ്ങളോളം സ്തബ്ധനായി നിന്നു! എന്തൊരു ദൃശ്യം! പത്തുപന്തീരായിരം അടി ഉയരത്തില്‍ അടിമുടി മഞ്ഞുപുതച്ചുകൊണ്ട് ആ മഹാമേരു തലയുയര്‍ത്തി നില്‍ക്കുന്നു. കൈ കൊണ്ട് തൊടാവുന്ന അകലത്തിലെന്നു തോന്നും. സന്ധ്യയായപ്പോള്‍ പര്‍വ്വതത്തെ അഭിമുഖീകരിച്ചുകൊണ്ടു ഞങ്ങള്‍ രണ്ടുപേരും ഒരുമണിക്കൂറോളം ധ്യാനനിരതരായിരുന്നു. രാത്രി വിഭവസമൃദ്ധമായ ഹോട്ടല്‍ ഭക്ഷണം കഴിച്ചു. റൂമില്‍വന്നു കുറച്ചുനേരം ഫോണ്‍വിളികള്‍ക്കുശേഷം ഉറങ്ങാന്‍ കിടന്നു.
കിടന്നുകൊണ്ട് അല്‍പനേരം ആലോചനാനിമഗ്‌നനായി. അവിസ്മരണീയവും അലൗകികവും അനിര്‍വചനീയവുമായ ഒരു മഹാസാന്നിദ്ധ്യം അനുഭവപ്പെടുന്നതായി തോന്നി. സാക്ഷാല്‍ ശ്രീ പരമശിവന്റെ സാന്നിദ്ധ്യം തന്നെ.
ഉറക്കത്തിനിടക്ക് എപ്പോഴോ ഞെട്ടി ഉണര്‍ന്നു. കണ്ണ് തുറന്നു നോക്കിയപ്പോള്‍ തൊട്ടുമുന്നിലതാ വെള്ളിനിലാവില്‍ കുളിച്ചു അടിമുടി രജതകംബളം പുതച്ചുകൊണ്ടു പര്‍വ്വതശ്രേഷ്ഠന്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്നു! കുറേനേരം നിര്‍ന്നിമേഷനായി നോക്കിക്കിടന്നു. മനസ്സിന്റെ വിഭ്രാന്തികൊണ്ടോ ഭാവനാവിലാസംകൊണ്ടോ അതോ സ്വപ്‌നം കണ്ടതാണോ എന്നറിയില്ല, പര്‍വ്വതത്തെ പാശ്ചാത്തലമാക്കികൊണ്ടു ഗന്ധര്‍വന്മാരും അപ്‌സരസ്സുകളും വേഷഭൂഷാദികളോടെ ആകാശത്തു പറന്നുകളിക്കുന്നതായി തോന്നി, അഭൗമമായ സംഗീതത്തിന്റെ അകമ്പടിയോടെ. കിന്നരന്മാര്‍ക്കു (ഗന്ധര്‍വന്‍മാര്‍ക്കു) വേണ്ടി പരമശിവന്‍ നിര്‍മ്മിച്ചതാണ് കിന്നര്‍ കൈലാസ് എന്നാണല്ലോ ഐതിഹ്യം. പിന്നീട് വീണ്ടും എപ്പോഴോ ഉറക്കത്തിലാണ്ടു.
പിറ്റേന്ന് രാവിലെ ഉണര്‍ന്നു പുറത്തേക്കു നോക്കിയപ്പോള്‍ പ്രകൃതിയാകെ തൂവെള്ള പൊടി വിതറിയതുപോലെ. ആകാശത്തില്‍നിന്നും വെള്ള നിറത്തിലുള്ള പൊടി വീണുകൊണ്ടിരിക്കുന്നു. മഞ്ഞുവീഴ്ചയാണെന്നു മനസ്സിലായി. വരുന്ന വഴി കിന്നോര്‍ ജില്ലയിലേക്കു പ്രവേശിക്കുന്നസമയത്ത് റോഡരികില്‍ മനുഷ്യരെ കണ്ടപ്പോള്‍ ഒരുകാര്യം ശ്രദ്ധിച്ചു. പുരുഷന്മാരിലും സ്ത്രീകളിലും എല്ലാം ഒരസാധാരണ മുഖകാന്തി! നല്ല തൊലിവെളുപ്പും തികഞ്ഞ അംഗലാവണ്യവും. ഹിമാചല്‍പ്രദേശുകാര്‍ പൊതുവെ നല്ല ആകാരസൗഷ്ഠവം ഉള്ളവരാണ്. എന്നാല്‍ അവരെക്കാളൊക്കെ ഒരുപടി മീതെയാണ് ഇവിടത്തുകാര്‍ സൗന്ദര്യത്തില്‍. കിന്നരന്മാരുടെ പിന്‍ഗാമികളായതുകൊണ്ടാണോ?
പ്രഭാത ഭക്ഷണസമയമായപ്പോഴേക്കും മഞ്ഞുവീഴ്ച അല്പം ശമിച്ചു. പ്രാതല്‍ കഴിഞ്ഞു ഹോട്ടലില്‍നിന്ന് പുറത്തിറങ്ങി കൈലാസത്തിലേക്ക് നോക്കി. പര്‍വ്വതത്തിന്റെ ഏറ്റവും മുകളില്‍ പന്തീരായിരം അടി ഉയരത്തില്‍ എന്തോ അല്പം ഉയര്‍ന്നുനില്‍ക്കുന്നതുപോലെ തോന്നിച്ചു. പ്രകൃതി തന്നെ കനിഞ്ഞു രൂപപ്പെടുത്തിയ ശിവഭഗവാന്റെ ഭീമാകാരമായ പ്രതിരൂപമാണെന്നു അവിടത്തുകാര്‍ പറഞ്ഞു.
ഉച്ചഭക്ഷണത്തിനുമുമ്പായി ഞങ്ങള്‍ കിന്നോറിനോട് വിടപറഞ്ഞു. കല്‍പയില്‍നിന്നും കര്‍ചം വഴി ബാസ്പാ നദിയുടെ തീരത്തുള്ള ബാസ്പതാഴ്‌വരയില്‍ പ്രവേശിച്ചു. രണ്ടു വലിയ പര്‍വ്വതങ്ങള്‍ക്കിടയിലൂടെയാണ് ബാസ്പാ നദി ഒഴുകുന്നത്. ബാസ്പാ താഴ്‌വരയില്‍ നിന്നും സാംഗ്‌ള താഴ്‌വരയില്‍ എത്തി. ഏപ്രില്‍ മാസത്തിലും റോഡിനിരുവശവും മഞ്ഞുമൂടിക്കിടക്കുന്നു. കര്‍ചം വാങ്‌ടോര്‍ ഹൈഡ്രൊ ഇലക്ട്രിക് പ്രോജക്ടിന്റെ പണി നടക്കുന്നത് കണ്ടു. സാംഗ്‌ള താഴ്‌വര അവസാനിക്കുന്നത് ചിറ്റ്കൂളിലാണ്. പന്തീരായിരം അടി ഉയരം. ഇന്ത്യയിലെ അവസാനത്തെ ഗ്രാമം. ഇരുപത്തഞ്ചു കിലോമീറ്റര്‍ മാത്രം അകലെ തിബറ്റന്‍ അതിര്‍ത്തി. അവിടെ ഒറ്റപ്പെട്ട ഒരുചെറിയ കെട്ടിടം കണ്ടു. ഒരു ധാബയാണ്. ‘ഹിന്ദുസ്ഥാന്‍ കി ആഖിരി ധാബ’ എന്ന് ബോര്‍ഡ് എഴുതിവെച്ചിരിക്കുന്നു. ഹിന്ദുസ്ഥാനിലെ അവസാനത്തെ ധാബ.
ടിബറ്റുമായുള്ള സാമീപ്യം കാരണം അവിടങ്ങളിലെല്ലാം, കിന്നോര്‍ ജില്ലയിലടക്കം, ബുദ്ധമതത്തിന്റെ സ്പഷ്ടമായ സ്വാധീനം ദൃശ്യമാണ്. വസ്ത്രധാരണരീതി, ഭാഷ, വാസ്തുകല, മറ്റു ആചാരങ്ങള്‍, മതവിശ്വാസം എന്നിവയിലെല്ലാം ബുദ്ധമത സ്വാധീനം കാണാം. ആരാധനാലയങ്ങളില്‍ ഹിന്ദുദേവതകളുടെ പ്രതിമകളോടൊപ്പംതന്നെ ശ്രീബുദ്ധന്റേയും ട്രാന്‍സ് ഹിമാലയന്‍ ബുദ്ധിസത്തിലെ സന്യാസിമാരായ അവലോകിതേശ്വര, പദ്മസംഭവ എന്നിവരുടെയും പ്രതിമകളും കാണാം.
ഇന്ത്യയിലെ അവസാനത്തെ ധാബയില്‍നിന്നും ഭക്ഷണം കഴിച്ചു ഞങ്ങള്‍ ചിറ്റ്കൂളില്‍ നിന്നും ആശയുടെ വാസസ്ഥലമായ കൊട്ഗാരിലേക്ക് മടക്കയാത്ര ആരംഭിച്ചു. ഏതാനും മണിക്കൂറുകള്‍ക്കകം താനെധാരിലുള്ള വീട്ടില്‍ എത്തി. ഹിമാചല്‍പ്രദേശിനെക്കുറിച്ചു പറയുമ്പോള്‍ ഹിമാചല്‍പ്രദേശിന്റെ സാമ്പത്തികവും സാമൂഹ്യവുമായ പരിവര്‍ത്തനത്തിനു പ്രധാന പങ്കുവഹിച്ച ഒരു മഹത്‌വ്യക്തിയെകുറിച്ചു പരാമര്‍ശിക്കാതെ കഴിയില്ല. അദ്ദേഹമാണ് സാമുവല്‍ ഇവാന്‍സ് സ്റ്റോക്‌സ് എന്ന അമേരിക്കക്കാരന്‍. സിംലയില്‍ കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ അമേരിക്കയില്‍നിന്നു വന്ന ക്രിസ്ത്യന്‍ മിഷണറി ആയിരുന്നു അദ്ദേഹം. അദ്ദേഹം സ്വയം ഫ്രാന്‍സിസ്‌കന്‍ ഓര്‍ഡര്‍ എന്ന ക്രിസ്തീയ സമ്പ്രദായം സ്ഥാപിച്ചു. പക്ഷെ, കാലക്രമത്തില്‍ ഹിന്ദുമതത്തില്‍ ആകൃഷ്ടനായി ഹൈന്ദവമതത്തില്‍ ചേര്‍ന്ന് സത്യാനന്ദ സ്റ്റോക്‌സ് എന്ന പേര്‍ സ്വീകരിച്ചു. ഒരു പഹാഡി യുവതിയെ വിവാഹം കഴിച്ചു. ലോകപ്രസിദ്ധമായ അതിവിശിഷ്ടമായതരം ആപ്പിള്‍കൃഷി നടപ്പില്‍ വരുത്തി. ഇതുവഴിയായി ഹിമാചല്‍പ്രദേശിന്റെ സാമ്പത്തികരംഗത്തു സമൂലപരിവര്‍ത്തനം വരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അക്കാലത്തു നടപ്പിലുണ്ടായിരുന്ന ബേഗര്‍ അഥവാ impressed labour എന്ന ദുഷിച്ച തൊഴില്‍സമ്പ്രദായത്തിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. സ്വാതന്ത്ര്യ സമരക്കാലത്തു ബ്രിട്ടീഷുകാരോട് പൊരുതി ജയില്‍വാസമനുഷ്ഠിച്ചു. 1946 മെയ് മാസത്തില്‍ അന്തരിച്ചു. സ്റ്റോക്‌സിന്റെ ഇളയ പുത്രനായ ലാല്‍ചന്ദ് സ്റ്റോക്‌സ് വിവാഹം കഴിച്ചത് ആശയുടെ അടുത്ത ബന്ധുവായ വിദ്യാദേവിയെയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വിദ്യ ഹിമാചലിലെ മുന്‍മുഖ്യമന്ത്രി വീരഭദ്രസിംഹിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നു. ഞങ്ങള്‍ ഹിമാചല്‍ സന്ദര്‍ശിച്ച സമയത്തു അവര്‍ പ്രതിപക്ഷ നേതാവാണ്.
സ്റ്റോക്‌സിന്റെ കൊട്ഗരിലെ കുടുംബവീടാണ് ഹാര്‍മണി ഹാള്‍. ഒരു ദിവസം ആ വീട്ടില്‍ താമസിച്ചിരുന്ന ആശയുടെ ഭര്‍ത്താവ് ജഗജിത്തിന്റെ സഹോദര പുത്രന്‍ വിനീത് വീട്ടിന്റെ ചില പുനര്‍നിര്‍മാണങ്ങള്‍ക്ക് ഉപദേശം നല്‍കുവാനായി എന്നോട് വീട്ടിലേക്കു വരാന്‍ പറഞ്ഞു. ഞാനും ഉണ്ണിയേട്ടനും ആശയും കൂടി അവിടം സന്ദര്‍ശിച്ചു. അവര്‍ക്കു വാസ്തുശാസ്ത്രസംബന്ധമായ ചില നിര്‍ദ്ദേശങ്ങളാണ് വേണ്ടിയിരുന്നത്. സന്ധ്യ കഴിഞ്ഞു ഇരുള്‍മൂടിയ സമയം. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അടുത്തെവിടെയോ നിന്ന് ഒരു നായയുടെ അസാധാരണമായ കുര കേട്ടു. ഉടനെത്തന്നെ വിനീത് ചാടിയെണീറ്റു ‘അത് ഞങ്ങളുടെ നായയാണല്ലോ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടു പുറത്തേക്കു ഓടുന്നത് കണ്ടു. അല്പം കഴിഞ്ഞപ്പോള്‍ തിരിച്ചുവന്നു ആശ്വാസത്തോടെ ‘കുഴപ്പമൊന്നുമില്ല’ എന്ന് പറഞ്ഞു. തലേദിവസം രാത്രിയില്‍ അയല്‍പ്പക്കത്തുള്ള ഒരു നായയെ അവിടെ കുറച്ചുനാളായി കറങ്ങിനടന്നിരുന്ന ഒരു പുലി പിടിച്ചുവത്രെ. അതാണ് നായയുടെ കുര കേട്ടപ്പോള്‍ വിനീത് ഓടിപ്പോയി നോക്കിയത്. വീട്ടില്‍നിന്നും കുറച്ച് അകലെയാണ് ഞങ്ങള്‍ വന്ന കാര്‍ നിര്‍ത്തിയിരുന്നത്. പോകുന്ന വഴിയാണെങ്കില്‍ ദേവദാരു മരങ്ങള്‍ നിറഞ്ഞ കാട്ടിനുള്ളിലൂടെയും! ഒരു ടോര്‍ച്ചിന്റെ വെളിച്ചം മാത്രം. പുലി ഇറങ്ങിനടക്കുന്ന കാട്ടിലൂടെ കാര്‍ വരെ പോകുന്നതാലോചിച്ചപ്പോള്‍ വല്ലാത്ത ഒരു ഉള്‍ക്കിടിലം! ഏതായാലും ഒന്നും സംഭവിക്കാതെ കാറിലെത്തി ആശയുടെ വീട്ടിലേക്കു തിരിച്ചുവന്നു.
പിറ്റേന്ന് രാവിലെ പ്രഭാതകൃത്യങ്ങളും പ്രാതലും കഴിഞ്ഞു ഞങ്ങള്‍ രണ്ടുപേരും വീട്ടിനടുത്തുള്ള പൈന്‍മരങ്ങള്‍ക്കിടയില്‍ കുറേനേരം ധ്യാനനിരതരായി. യാത്രയുടെ അവസാനഭാഗമായ മനാലി സന്ദര്‍ശനത്തിന് പുറപ്പെടേണ്ട സമയമായി. യാത്രപറയാന്‍ നേരത്ത് ആശയുടെ മുത്തച്ഛനേയും മുത്തശ്ശിയേയും എവിടെയും കണ്ടില്ല. അന്വേഷിച്ചപ്പോള്‍ ആശ ഞങ്ങളെ വീടിന്റെ അതേവരെ കാണാത്ത ഒരു ഭാഗത്തെ ഒരു പ്രത്യേക തരം മുറിയിലേക്ക് കൊണ്ടുപോയി. മുഴുവനും ഗ്ലാസ്സ്‌കൊണ്ടൊരു മുറി. ചുവരുകളും മേല്പുരയും എല്ലാം ഗ്ലാസ്. മുറിമുഴുവന്‍ നല്ല സൂര്യപ്രകാശം. തണുപ്പിന്റെ കാഠിന്യം അകറ്റാന്‍ ഒരു സംവിധാനം. മുത്തച്ഛനും മുത്തശ്ശിയും അവിടെയിരിക്കുന്നു. തണുപ്പ് അസഹ്യമാവുമ്പോള്‍ അവര്‍ അവിടെ പോയിരിക്കും.
എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങള്‍ ആശയുടെ വീട്ടില്‍നിന്നും മനാലിയിലേക്കു യാത്ര പുറപ്പെട്ടു. കൊട്ഗറില്‍ നിന്നും മനാലിയിലേക്കു ശരിയായ ദൂരം 320 കിലോമീറ്റര്‍ ആണ്. എന്നാല്‍ പതിനോരായിരം അടി ഉയരത്തിലുള്ള ജലോറി പാസ് വഴി പോകുകയാണെങ്കില്‍ 160 കിലോമീറ്ററെ ദൂരമുള്ളു. പക്ഷെ, വര്‍ഷത്തില്‍ ചുരുക്കം ചില മാസങ്ങളില്‍ മാത്രമേ ജലോറി പാസ് തുറക്കാറുള്ളു. തണുപ്പ് കുറഞ്ഞ മാസങ്ങളില്‍മാത്രം. അല്ലാത്തമാസങ്ങളില്‍ അനേകം അടി ഉയരത്തില്‍ മഞ്ഞുമൂടി റോഡിലൂടെ യാത്ര തികച്ചും അസാധ്യമാണ്. ഞങ്ങള്‍ പോയത് ഏപ്രില്‍ മാസത്തിലായതുകൊണ്ടു ജലോറി പാസ് വഴി പോകാനായി.കൊട്ഗാരില്‍ നിന്ന് സയിഞ്ച്, ലുഹ്‌റി, ആനി, ഷോജ, ബഞ്ചാര്‍, ഔത്, കുളു എന്നീ പട്ടണങ്ങള്‍ കടന്നുവേണം മനാലിയിലെത്താന്‍. മനാലി നഗരം ഏഴായിരം അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. യാത്രക്കിടയില്‍ വഴിനീളെ ധാബകളുണ്ട്. ഒരു ധാബയില്‍ നിന്നും ഭക്ഷണം കഴിച്ചു. ഇത്രയും സ്വാദിഷ്ടമായ ഭക്ഷണം അടുത്തൊന്നും കഴിച്ചിട്ടില്ലെന്നു തോന്നി. വഴിനീളെ ഭൂമിക്കടിയില്‍ നിന്നും ചൂടുവെള്ളം ഫൗണ്ടന്‍ പോലെ പൊന്തിവരുന്നു.hotsprings ആണ്. ഇടക്കുവെച്ചു മൂന്നു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു തുരങ്കവും കടന്നു. ഏകദേശം നാലു മണിക്കൂറിനകം വൈകുന്നേരത്തോടെ മനാലിയിലെത്തി.
ഹോട്ടല്‍ കാസില്‍ നഗ്ഗര്‍ എന്നുപേരുള്ള ഒരു ഹെറിറ്റേജ് ഹോട്ടലിലാണ് താമസമൊരുക്കിയിരുന്നത്. ആയിരത്തിലധികം കൊല്ലം പഴക്കമുള്ള ഒരു അതിപ്രാചീന കൊട്ടാരമാണ് ഹോട്ടല്‍ ആക്കിയിരിക്കുന്നത്. ലോകപ്രശസ്ത റഷ്യന്‍ ചിത്രകാരന്‍ നിക്കോളാസ് റോറിച് (പഴയകാല ഹിന്ദി സിനിമാനടി ദേവികാ റാണിയുടെ ഭര്‍ത്താവ്) മനാലിയിലാണ് ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഹിമാലയന്‍ പ്രകൃതിദൃശ്യങ്ങളുടെ പെയിന്റിങ്ങുകള്‍ അതിപ്രശസ്തമാണ്. അവയുടെ നല്ലൊരുഭാഗം തിരുവനന്തപുരം ആര്‍ട്ട് മ്യൂസിയത്തില്‍ നിന്നും ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരില്‍ ഒരു ഒന്നാംതരം മ്യൂസിയം മനാലിയിലുണ്ട്. മനാലിയുടെയും നഗ്ഗര്‍ പട്ടണത്തിന്റെയും മദ്ധ്യേ മഹാഭാരതത്തിലെ പാണ്ഡവന്മാരാല്‍ നിര്‍മിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന പാണ്ഡവ ക്ഷേത്രമുണ്ട്.
2005 മെയ് 11നു പതിനാലാമത്തെ ദലൈലാമയാല്‍ വിശുദ്ധമാക്കപ്പെട്ട ഡാഗ്‌പോ ഷഡ്രൂപ് ലിംഗ് എന്നറിയപ്പെടുന്ന ഒരു വലിയ ബുദ്ധിസ്റ്റ് മൊണാസ്റ്ററിയില്‍ ഞങ്ങള്‍ കുറേനേരം ധ്യാനം ചെയ്തു. അത്യന്തം വിപുലവും മനോഹരവുമാണ് മൊണാസ്റ്ററി. മനാലിയില്‍ ഞങ്ങള്‍ അവസാനമായി സന്ദര്‍ശിച്ചത് ഹിഡുംബാ ക്ഷേത്രമാണ്. മഹാഭാരതത്തിലെ ഭീമന്റെ പത്‌നിയായ ഹിഡുംബി തന്നെ. ഹിഡുംബിയുടെ പുത്രന്‍ ഘടോത്കചന്‍ അമ്മക്കായി നിര്‍മിച്ചതാണ് ക്ഷേത്രം. കൊടുംവനത്തിന്റെ നടുവിലാണ് ഈ ക്ഷേത്രം. അവിടെ ഒരു അസാധാരണത്വം ദര്‍ശിച്ചു. ഹിഡുംബിയുടെ പ്രതിഷ്ഠ ഭൂമിക്കടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഭക്തന്മാര്‍ക്ക് ഒരു ചെറിയ ഇടുങ്ങിയ ഗുഹക്കുള്ളിലൂടെ താഴോട്ട് ഇറങ്ങിവേണം പ്രതിഷ്ഠയുടെ അരികിലെത്താന്‍.

പിറ്റേന്ന് മനാലിയില്‍നിന്നും ചണ്ഡിഗറിലേക്കു കാറില്‍ മടക്കയാത്ര ആരംഭിച്ചു. ബിയാസ് നദിക്കരയിലൂടെയാണ് അധികവും യാത്ര. ഹിമാചല്‍പ്രദേശില്‍നിന്നു ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ എട്ടു മണിക്കൂര്‍ കൊണ്ട് ചണ്ഡിഗറിലെത്തി. ആശയുടെ മരുമകളുടെ വീട്ടില്‍ അന്ന് രാത്രി തങ്ങി. ചണ്ഡിഗറില്‍നിന്നും ദല്‍ഹിയിലേക്കും ദല്‍ഹിയില്‍നിന്ന് നാട്ടിലേക്കും തീവണ്ടിയിലായിരുന്നു യാത്ര. ചണ്ഡിഗറില്‍ എത്തിയതിന്റെ പിറ്റേന്ന് വൈകുന്നേരം പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ കോഴിക്കോടെത്തി.
ഹിമാചല്‍പ്രദേശില്‍ സന്ദര്‍ശനം നടത്തിയ എല്ലായിടത്തും ദൈവികതയുടെ നിറസാന്നിദ്ധ്യം അനുഭവപ്പെട്ടു. ബാഹ്യവും ആന്തരികവുമായ സൗന്ദര്യം, കറകളഞ്ഞ ആതിഥ്യമര്യാദ, നിഷ്‌ക്കളങ്കത എന്നീ മാനുഷിക ഗുണങ്ങളുടെ മൂര്‍ത്തിമത് ഭാവമാണ് അവിടെയുള്ള ജനങ്ങളെല്ലാം.
‘മാതൃദേവോ ഭവ,
പിതൃ ദേവോഭവ
ആചാര്യദേവോഭവ,
അതിഥിദേവോഭവ’
എന്ന ആപ്തവാക്യം സ്വജീവിതം കൊണ്ട് അന്വര്‍ത്ഥമാക്കുന്നവരാണ് എല്ലാവരും. അതായത് മാതാവ്, പിതാവ്, ആചാര്യന്‍, അതിഥി എന്നിവര്‍ ദൈവതുല്യരാണെന്നു സാരം. ശരിയായ ദൈവത്തിന്റെ സ്വന്തം നാട്.
(അവസാനിച്ചു)