Sunday, January 17, 2021
  • Online Shop
  • Subscribe
  • e-Weekly
  • About Us
  • Editors
  • Contact Us
  • Advertise
  • Gallery
  • English News
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home യാത്രാവിവരണം

‘അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ’

ഗോപിനാഥ് കോലിയത്ത്, ആര്‍ക്കിടെക്റ്റ്

Print Edition: 27 November 2020
Share on FacebookTweetWhatsAppTelegram

ഒരു വ്യാഴവട്ടക്കാലത്തിനു മുമ്പ് നടത്തിയ ഒരു ഹിമാലയന്‍ യാത്രയുടെ ചുരുളഴിക്കാനുള്ള ശ്രമം നടത്തുകയാണ് ഞാന്‍. 2008 ഏപ്രില്‍ മാസം. ഒരുദിവസം കോഴിക്കോട്ടുള്ള എനിക്ക് പട്ടാമ്പിയില്‍ ഉള്ള എന്റെ സഹോദരി ഭര്‍ത്താവ് ഉണ്ണിയേട്ടനില്‍ നിന്നും (ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ ) ഒരു ഫോണ്‍കാള്‍ വന്നു. ‘ഗോപി, നമുക്ക് ഒരു യാത്ര പോയാലോ, ഹിമാലയത്തിലേക്ക്. നമ്മള്‍ രണ്ടുപേര്‍ മാത്രം മതി. സ്ത്രീകള്‍ ഒന്നും വേണ്ട. ദുര്‍ഘടം പിടിച്ച വഴികളും ചുറ്റുപാടുകളും ഒക്കെയുണ്ടാകും. സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാകും.’ ഞാന്‍ അത്യന്തം ആഹ്ലാദഭരിതനായെന്നു പറയണ്ടതില്ലല്ലോ.

അങ്ങിനെ, ഒരാഴ്ചക്കുള്ളില്‍ എല്ലാവിധ തയ്യാറെടുപ്പുകളോടെയും ഞങ്ങള്‍ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഒരുദിവസം രാവിലെ ദല്‍ഹിക്കു വിമാനം കയറി. ഉച്ചയോടെ ദല്‍ഹിയില്‍ എത്തി. ഉണ്ണിയേട്ടന്റെ ഒരു കസിന്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് ഉച്ചഭക്ഷണം കഴിഞ്ഞു അല്‍പനേരം ദല്‍ഹി നഗരത്തില്‍ ഒരോട്ടപ്രദക്ഷിണം നടത്തി. പിന്നീട് വൈകുന്നേരത്തോടെ ചണ്ഡീഗറിലേക്കു തീവണ്ടിയില്‍ യാത്ര തിരിച്ചു.

ഹിമാചല്‍പ്രദേശിലെ അത്യുന്നത ഹിമാലയന്‍ ശൃംഗങ്ങളില്‍ ഒന്നായ കിന്നര്‍കൈലാസ് സന്ദര്‍ശിക്കുക എന്നതാണ് ഞങ്ങളുടെ യാത്രോദ്ദേശ്യം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 25000ത്തോളം അടി ഉയരമുള്ള കൊടുമുടിയാണ് കിന്നര്‍ കൈലാസ്. ഹിമാലയത്തില്‍ യഥാര്‍ത്ഥ കൈലാസത്തിന്നു പുറമെ നാല് ഉയരം കുറഞ്ഞ കൈലാസങ്ങള്‍ വേറെയും ഉണ്ട്. തിബറ്റില്‍ സ്ഥിതിചെയ്യുന്ന കൈലാസമാനസസരോവര്‍ ആണ് യഥാര്‍ത്ഥ കൈലാസം. കൂടാതെ, മണിമഹേഷ്, ശ്രീഖണ്ഡ് മഹാദേവ, കിന്നര്‍ എന്നീ കൈലാസങ്ങള്‍ ഹിമാചല്‍പ്രദേശിലാണ്. അഞ്ചാമത്തെ കൈലാസമായ ആദികൈലാസ് ഉത്തരാഖണ്ഡില്‍ സ്ഥിതിചെയ്യുന്നു. ഇവയെല്ലാം സാക്ഷാല്‍ ഭഗവാന്‍ ശ്രീ പരമശിവന്‍ സ്ഥാപിച്ചതാണെന്നാണ് ഐതിഹ്യം. അവയില്‍ ഒന്നാണ് കിന്നര്‍കൈലാസ്. അതായത് കിന്നരന്മാര്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടത്. കിന്നരന്മാര്‍ എന്നാല്‍ ഗന്ധര്‍വന്മാര്‍ തന്നെ. ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ ഉള്ളവര്‍.

ഹിമാചല്‍പ്രദേശില്‍ സിംലയില്‍നിന്നും നൂറില്‍പരം കിലോമീറ്റര്‍ അകലെ കൊട്ഗാര്‍ പട്ടണത്തിന്നടുത്തു താനെധാര്‍ എന്ന സ്ഥലത്തു എന്റെ സഹോദരിയുടെ ആത്മസുഹൃത്ത് ആശാ ജിഷ്ടു എന്നുപേരുള്ള വനിത സകുടുംബം താമസിക്കുന്നുണ്ട്. ഞങ്ങള്‍ യാത്രക്കിടയില്‍ തങ്ങാനുദ്ദേശിക്കുന്ന പ്രധാന സ്ഥലം ആശയുടെ വീടാണ്. ദല്‍ഹിയില്‍നിന്നും പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ പാനിപ്പത്, കുരുക്ഷേത്ര, അംബാല എന്നീ പട്ടണങ്ങള്‍ കടന്ന് ഞങ്ങള്‍ രാത്രിയോടെ ചണ്ഡിഗറില്‍ എത്തി. ചണ്ഡിഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എന്റെ സഹോദരിയുടെ സുഹൃത്ത് ആശയുടെ മകളും പുത്രവധുവും ഞങ്ങളെ സ്വീകരിക്കാന്‍ എത്തിയിരുന്നു. അന്ന് രാത്രി ഞങ്ങള്‍ അവരുടെ വസതിയില്‍ താമസിച്ചു. പിറ്റേന്ന് രാവിലെ ചണ്ഡിഗര്‍ സന്ദര്‍ശിക്കാന്‍ ഇറങ്ങി. ചണ്ഡിഗര്‍ അതിമനോഹരമായ നഗരമാണ്. ഇത്രയും മനോഹരമായി ആസൂത്രണം ചെയ്യപ്പെട്ട നഗരം ഇന്ത്യയില്‍ എന്നല്ല ലോകത്തില്‍ത്തന്നെ അപൂര്‍വമാണ്. ലോകപ്രശസ്ത ഫ്രഞ്ച് വാസ്തുശില്പി ലേ കോര്‍ബുസിയെ ഡിസൈന്‍ ചെയ്തതാണ്, ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ പ്രത്യേക ആവശ്യപ്രകാരം. സ്ഥലപരിമിതിമൂലം ചണ്ഡിഗറിനെക്കുറിച്ചുള്ള വിവരണം മറ്റൊരവസരത്തിലേക്കു മാറ്റിവെക്കുന്നു.

ഉച്ചക്കുമുമ്പായി ചണ്ഡിഗറില്‍നിന്നും സിംലക്കു പുറപ്പെട്ടു. കാറില്‍ ആയിരുന്നു യാത്ര. പതുക്കെപതുക്കെ കയറ്റം കയറുന്നതായി അനുഭവപ്പെട്ടു. സമുദ്രനിരപ്പില്‍നിന്നും 8000ത്തോളം അടി ഉയരത്തില്‍ ആണ് സിംല. ഹെയര്‍പിന്‍ വളവുകള്‍ ഒന്നും ഇല്ല. സാവധാനത്തിലുള്ള കയറ്റം. അത്യുന്നതങ്ങളും (ഇരുന്നൂറ് അടിയോളം ഉയരം) അതിമനോഹരങ്ങളുമായ ദേവദാരു, പൈന്‍, സെഡാര്‍ എന്നീ മരങ്ങള്‍ക്കിടയിലൂടെ ആണ് യാത്ര. ഇടക്കിടെ മരങ്ങള്‍ക്കിടയില്‍ അല്പം വിടവുകളിലൂടെ ഒരു മിന്നാട്ടംപോലെ വിദൂരതയില്‍ മഞ്ഞുമൂടിയ ഹിമാലയശൃംഗങ്ങളുടെ കാഴ്ച ! ഹിമാലയത്തിന്റെ ആദ്യ ദര്‍ശനം. ഞങ്ങള്‍ ഹിമാലയന്‍പര്‍വ്വതനിരകളോട് അടുത്തുകൊണ്ടിരിക്കയാണ്. രണ്ടുമൂന്നു മണിക്കൂര്‍ സമയംകൊണ്ട് സൊലാന്‍ വഴി സിംലയിലെത്തി. സിംലയിലൊന്നു ചുറ്റിക്കറങ്ങി. ഭക്ഷണം കഴിച്ച ഹോട്ടലിന്റെ മുകളിലുള്ള ടെറസ്സില്‍ കയറിനിന്നപ്പോള്‍ ഹിമാലയത്തിന്റെ കുറേക്കൂടി സമീപദൃശ്യങ്ങള്‍ ലഭിച്ചു. ഉച്ചഭക്ഷണംകഴിഞ്ഞു സിംലയില്‍ നിന്നും ആശയുടെ നാടായ താനെധാര്‍ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. ഏകദേശം മൂന്നു മണിക്കൂര്‍കൊണ്ട് ശീതകാല കായികമത്സരങ്ങള്‍ക്കു പ്രസിദ്ധമായ കുഫ്രി, നര്‍കൊണ്ട എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് ആശയുടെ നാടായ കോട്ഗാര്‍ നഗരത്തിന്നടുത്ത താനെധര്‍ ഗ്രാമത്തില്‍ എത്തി. അല്പസമയംകൊണ്ടു ആശയുടെ വീട്ടിലും എത്തിച്ചേര്‍ന്നു.

ഒരു വലിയ മലയുടെ മുകളില്‍ മലഞ്ചെരുവിനോട് തൊട്ടുകൊണ്ടാണ് ആശയുടെ വീട് സ്ഥിതിചെയ്യുന്നത്. വീട്ടില്‍നിന്നും താഴോട്ടുനോക്കിയാല്‍ അഞ്ചോ ആറോ ആയിരം അടി താഴെ രണ്ടു മലകളുടെ ഇടയിലൂടെ സത്‌ലജ് നദി ഒഴുകുന്നത് കാണാം. ചെവി കൂര്‍പ്പിച്ചു ശ്രദ്ധിച്ചാല്‍ നദിയുടെ കളകളാരവം അവ്യക്തമായി കേള്‍ക്കാം. ആപ്പിള്‍ കൃഷിയാണ് ആശയുടെ കുടുംബത്തിന്റെ പ്രധാന വരുമാനമാര്‍ഗം. ഏക്കര്‍ കണക്കിന് ആപ്പിള്‍ തോട്ടം. കൂടാതെ, ചെറി, ആപ്രികോട്ട്, പ്ലം മുതലായ പഴവര്‍ഗങ്ങള്‍ വേറെയും. വീട്ടില്‍ ആശയുടെ ഭര്‍ത്താവ് ജഗ്ജീത് ജിഷ്ടുവും മകനും ഭര്‍ത്താവിന്റെ വൃദ്ധരായ മാതാപിതാക്കളും. തനതായ ഹിമാലയന്‍ ശൈലിയിലുള്ള ഭംഗിയുള്ള ഒരു ഇരുനില കെട്ടിടം. വീടിന്റെ പുറകുവശത്തു ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നീണ്ടുകിടക്കുന്ന വലിയ വരാന്ത. അവിടെനിന്നു നോക്കിയാലാണ് ചുറ്റുമുള്ള മലനിരകളുടെയും താഴ്‌വാരത്തിന്റെയും നദിയുടെയും ദൃശ്യങ്ങള്‍ ലഭ്യമാകുന്നത്.

ബസ്പ താഴ്‌വര

അന്ന് രാത്രിയില്‍ ഭക്ഷണം സ്വാദിഷ്ടമായ ഹിമാചല്‍പ്രദേശ് രീതിയില്‍ ഉള്ളതായിരുന്നു. ചുട്ടെടുത്ത ഒരു പ്രത്യേകതരം ആലൂപൊറോട്ടയും അച്ചാറും തൈരും വെണ്ണയും. ആ രുചി ഈ പന്ത്രണ്ടു കൊല്ലങ്ങള്‍ക്കുശേഷവും നാവില്‍നിന്നും മാഞ്ഞിട്ടില്ല. ഏപ്രില്‍ മാസം ആയിട്ടുപോലും സഹിക്കാവുന്നതിലും കൂടുതല്‍ തണുപ്പ് ഉണ്ടായിരുന്നു. ഭക്ഷണം കഴിഞ്ഞു കിടക്കയില്‍ വീണതെ അറിഞ്ഞുള്ളു.

ആശയുടെ വംശം പഹാഡികള്‍ എന്നാണ് അറിയപ്പെടുന്നത്. അവരുടെ ഒരു പ്രത്യേകതയായി എനിക്ക് തോന്നിയത് അവര്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി മഴയെ മാത്രമാണ് ആശ്രയിക്കുന്നത് എന്നാണ്. കിണറോ കുളമോ ഒന്നും തന്നെ ഇല്ല. വീട്ടാവശ്യങ്ങള്‍ക്കുള്ള ജലശേഖരണമാണ് ഏറെ വിശേഷം. എല്ലാ വീടുകളുടെയും ഒരു ഭാഗം ഉയര്‍ന്നമലയാണ്. മലക്കുമുകളില്‍ എവിടെ എങ്കിലും ഉള്ള അരുവിയില്‍ നിന്നും ചെറിയ റബ്ബര്‍ കുഴലുകള്‍ വഴിയായി താഴെ വീട്ടിലേക്കു വെള്ളം എത്തിക്കും. ഒരിക്കലും വറ്റാത്ത നീരുറവകളാണ് ഈ അരുവികള്‍. അതുകൊണ്ടു വര്‍ഷം മുഴുവന്‍ വെള്ളം സുലഭം.

ഉറക്കം കഴിഞ്ഞു പിറ്റേന്ന് രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം വീടിന്റെ പുറകിലുള്ള വരാന്തയില്‍ സ്ഥാനംപിടിച്ചു. ഒരു സ്വപ്‌നജീവിയാണെന്നു നേരത്തെ അറിഞ്ഞതുപോലെ ഉണ്ണിയേട്ടന്‍ അടക്കം ആരും ശല്യപ്പെടുത്താന്‍ വന്നില്ല. അവിടെ ഇരുന്നുകൊണ്ട് നൂറ്റിഎണ്‍പതു ഡിഗ്രി ചുറ്റിലും ആയിരക്കണക്കിനടി താഴോട്ടും കണ്ണോടിച്ചു. നിരനിരയായി അസംഖ്യം കൊടുമുടികള്‍. വയലറ്റ്, നീല, പച്ച എന്നീ വൈവിധ്യമാര്‍ന്ന നിറങ്ങളിലും പല വലുപ്പത്തിലും ഒന്നിനുപിറകെ ഒന്നായി കിടക്കുന്നു. ആറായിരത്തോളം അടി താഴെ സത്‌ലജ് നദി ഒഴുകുന്നു. മലനിരകള്‍ക്കെല്ലാം പിറകിലായി പശ്ചാത്തലം ഒരുക്കികൊണ്ടു അത്യുന്നതങ്ങളായ മഞ്ഞുമൂടിയ പടുകൂറ്റന്‍ പര്‍വ്വതശിഖരങ്ങള്‍. തികഞ്ഞ നിശ്ശബ്ദത. മഞ്ഞുമൂടിയ പര്‍വ്വതശിഖരങ്ങള്‍ കണ്ടപ്പോള്‍ പ്രശസ്ത ആംഗലേയ കവി ലോര്‍ഡ് ടെന്നിസന്റെ ‘ലോട്ടസ് ഈറ്റേഴ്‌സ്’ -എന്ന കവിതയിലെ വരികള്‍ ആണ് ഓര്‍മവന്നത്’ silent pinnacles of aged snow” കവി വീണ്ടും പറഞ്ഞു”music softer than tired eyelids upon tired eyes. softer than dew drops falling upon rosy petals’ പിന്നീട് പറഞ്ഞു ‘ലോകത്തിലെ സര്‍വ ചരാചരങ്ങളും വിശ്രമിക്കുമ്പോള്‍ നാം മനുഷ്യര്‍ മാത്രം രാപ്പകല്‍ കഷ്ടപ്പെടുന്നു. “We only toil, the roof and crown of things.”

ആ നിശ്ശബ്ദതയില്‍ സ്വയം മറന്ന് ഇരുന്നു. വിദൂരതയില്‍ നിന്നും ഒരു പക്ഷിയുടെ കളകൂജനം. ദേവദാരുശിഖരങ്ങളിലൂടെ അസ്ഥി തുളയ്ക്കുന്ന കുളിരേകുന്ന കാറ്റ് വീശുമ്പോള്‍ ഉള്ള ചൂളംവിളി പോലത്തെ ശബ്ദം. അകലെനിന്നും ഏതോ ക്ഷേത്രത്തില്‍ നിന്നുള്ള വാദ്യഘോഷം കാറ്റിന്റെ ഗതിക്കനുസരിച്ചു മങ്ങിയും തെളിഞ്ഞും കേള്‍ക്കുന്നു. അകലെനിന്നും ഒരു പശുവിന്റെ പ്രത്യേക രീതിയിലുള്ള ഒരു വന്യമൃഗത്തിന്റേതു പോലുള്ള കരച്ചില്‍. തിന്നാന്‍ ഇട്ടുകൊടുത്തിരിക്കുന്ന തീറ്റപ്പുല്ലില്‍ പഴക്കംകൊണ്ട് നല്ല പച്ചനിറത്തില്‍ നിന്നും മഞ്ഞ നിറം വ്യാപിക്കുമ്പോള്‍ ഭക്ഷ്യയോഗ്യമല്ലെന്നു പശുവിന് മനസ്സിലാവുമത്രെ. അപ്പോള്‍ പുറപ്പെടുവിക്കുന്നതാണ് ആ വിചിത്ര ശബ്ദം!

സത്‌ലജ് നദി

ആശയുടെ വസതിയില്‍നിന്നും പിറ്റേന്നുതന്നെ ഞങ്ങള്‍ ഞങ്ങളുടെ പ്രധാന യാത്രോദ്ദേശ്യമായ കിന്നര്‍കൈലാസ് സന്ദര്‍ശത്തിനായി പുറപ്പെട്ടു. താനെധാറില്‍ നിന്നും അടുത്തുള്ള പ്രധാന നഗരമായ രാംപുരിലേക്കു സത്‌ലജ് നദിയുടെ തീരത്തുകൂടിയാണ് യാത്ര. ഇനിയുള്ള കിന്നര്‍കൈലാസ് വരെയുള്ള യാത്രയാണ് ഏറ്റവും ദുര്‍ഘടം പിടിച്ചതും അപകടകരവും. റോഡ് മുഴുവന്‍ കുണ്ടുംകുഴിയും നിറഞ്ഞത്. രാംപുരില്‍ നിന്നും അല്പദൂരം പിന്നിട്ടപ്പോഴേക്കും ചെങ്കുത്തായ ഉയര്‍ന്നപര്‍വ്വതങ്ങളിലെ മലമ്പാതയിലൂടെ ആയി യാത്ര. സത്‌ലജിന്റെ തീരത്തുകൂടി തന്നെ. ഹെയര്‍പിന്‍ വളവുകളില്ലാതെ പതുക്കെ പതുക്കെ കയറിക്കൊണ്ടുള്ള യാത്ര. അല്പസമയം കൊണ്ടുതന്നെ വളരെ ഉയരത്തിലെത്തിയെന്നു തോന്നുന്നു. സത്‌ലജ് നദി വളരെ താഴെയായി കാണപ്പെട്ടു. ആയിരക്കണക്കിന് അടി ഉയരത്തില്‍ നിന്നുള്ള മണ്ണിടിച്ചില്‍മൂലം റോഡ് പലയിടത്തും തടസ്സപ്പെട്ടു. ഭീമാകാരമായി റോഡിലേക്ക് തള്ളിനില്‍ക്കുന്ന ഒരു കൂറ്റന്‍ പാറയുടെ അടിയിലൂടെ കാര്‍ നീങ്ങിയപ്പോള്‍ ശരിക്കും നടുങ്ങിപ്പോയി. റോഡ് വീതി വളരേ കുറവായതുകൊണ്ട് എതിര്‍വശത്തുനിന്നും വലിയ ട്രക്കുകളും മറ്റും വരുമ്പോള്‍ ചെറുപ്പക്കാരനായ ഡ്രൈവര്‍ വളരെവേഗത്തില്‍ റോഡിന്റെ വശത്തേക്ക് മാറും. ചിലപ്പോള്‍ അതിവേഗത്തില്‍ വണ്ടി പിറകോട്ടെടുക്കും. അരയടി കൂടി നീങ്ങിയാല്‍ ആയിരകണക്കിന് അടി അഗാധതയിലേക്കു പതിക്കും. ഒരിടത്തും റോഡിന്റെ ഓരത്തു സംരക്ഷണഭിത്തി ഒന്നുമില്ല. വഴിനീളെ പുതിയ വീതിയേറിയ ഹൈവേയുടെയും നിരവധി ഹൈഡ്രൊഇലക്ട്രിക് പ്രൊജക്ടുകളുടെയും പണി നടക്കുന്നു. കുറച്ചുകൂടി യാത്രചെയ്തപ്പോള്‍ ജിയൊരി പട്ടണം കഴിഞ്ഞു സര്‍ഹാന്‍ പട്ടണത്തിലെത്തി. ഇവിടെയാണ് പ്രസിദ്ധമായ ഭിംകാളിക്ഷേത്രമുള്ളത്. ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞു വീണ്ടും യാത്ര പുറപ്പെട്ടു. കുറെയേറെ കിലോമീറ്ററുകള്‍ താണ്ടിക്കഴിഞ്ഞപ്പോള്‍ കര്‍ച്ചമിലെത്തി. അടുത്ത പട്ടണം കിന്നോര്‍ ജില്ലയുടെ തലസ്ഥാനമായ റീകോങ്പിയോ ആണ്. ഇവിടെനിന്നും വളരെയധികം വളഞ്ഞുപുളഞ്ഞ ചെങ്കുത്തായ റോഡ് ആണ്. ചുറ്റുപാടും അത്യധികം മനോഹരമെന്നു പറയാതെ വയ്യ. ഓരോ വളവു കഴിയുമ്പോഴും കിന്നര്‍കൈലാസ് പര്‍വതത്തിന്റെ മഞ്ഞുമൂടിയ വിദൂര ദൃശ്യങ്ങള്‍ കാണാം. പൂര്‍ണമായും മഞ്ഞില്‍പൊതിഞ്ഞ പര്‍വ്വതശൃംഗം. ഇരുവശവും ഇടതൂര്‍ന്ന അത്യുന്നതങ്ങളായ ദേവദാരു, പൈന്‍, സെഡാര്‍ മരങ്ങള്‍. ഹിമാലയത്തോടു അടുക്കുംതോറും മനസ്സില്‍ പണ്ട് മഹാകവി കാളിദാസന്‍ കുമാരസംഭവം മഹാകാവ്യത്തിന്റെ ആരംഭം കുറിച്ച് എഴുതിയ രണ്ടുവരികള്‍ തത്തിക്കളിക്കുന്നുണ്ടായിരുന്നു.
(തുടരും)

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഹിമവാന്റെ വശ്യത

നവവിശ്വനാഥ മന്ദിര്‍ (കാലവാഹിനിയുടെ കരയില്‍ 8)

വിജ്ഞാനകേന്ദ്രമായി കാശി സര്‍വ്വകലാശാല (കാലവാഹിനിയുടെ കരയില്‍ 7)

വാരാണസിയിലേക്ക് (കാലവാഹിനിയുടെ കരയില്‍ 6)

ആധ്യാത്മികതയുടെ ഹൃദയഭൂമിയില്‍ (കാലവാഹിനിയുടെ കരയില്‍ 5)

രാംകി പൗഡി, സരയു ആരതിക്കായി പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന സ്ത്രീ

അയോദ്ധ്യയിലെ കാഴ്ചകള്‍ (കാലവാഹിനിയുടെ കരയില്‍ 4)

കേസരി പ്രചാര മാസം

  • കേസരി വാരിക ആജീവനാന്ത വരിസംഖ്യ (ഭാരതത്തില്‍) ₹20,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (വിദേശത്ത്) ₹8,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (ഭാരതത്തില്‍) ₹1,150.00

Latest

നീതി കിട്ടാത്ത ആത്മാവുകള്‍

പ്രിസൈഡിങ്ങ് ഓഫീസര്‍ആമയായിരിക്കണം, സഖാവേ!

ക്ഷേത്രം ധ്വംസിച്ചാല്‍ ഒരു കുഴപ്പവുമില്ല

കെ.എന്‍. സതീഷ്‌കുമാര്‍ കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം 2025ല്‍ സജ്ജമാകും

സുഗതകുമാരി ടീച്ചറുടെ അനുസ്മരണം; ഫലവൃക്ഷത്തൈ നട്ട് പര്യാവരണ്‍ വിഭാഗ്

ഉപനിഷത് കാവ്യ താരാവലി പ്രധാനമന്ത്രി പ്രകാശനം ചെയ്തു

പ്രൊഫ. ശോഭീന്ദ്രന്‍ വൃക്ഷത്തൈ നടുന്നു.

ഭൂമിയേയും ജീവനേയും കുറിച്ച് പഠിപ്പിക്കണം – പ്രൊഫ. ശോഭീന്ദ്രന്‍

സേവാഭാരതി വാര്‍ഷികം ആഘോഷിച്ചു

പി.ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും

ശ്യാമരാധ

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe
  • E-Weekly
  • Online shop
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • More Links…
    • About Us
    • Editors
    • Contact Us
    • Advertise
    • Privacy Policy
    • Terms & Conditions

© Kesari Weekly