മഹാകവി അക്കിത്തത്തെ അനുസ്മരിച്ചു കൊണ്ടുള്ള ‘കേസരി’ വാരിക (2020 ഒക്‌ടോബര്‍ 23) വായിച്ചു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്റേത് നല്ലൊരു പഠനമായിരുന്നു. അക്കിത്തത്തിന് ഉചിതമായ ഒരു സ്മാരകം പണിയേണ്ടതുണ്ട്. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും ഇത് സംബന്ധിച്ച് പ്രരംഭചര്‍ച്ചകള്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേലുമായി നടന്നുവെന്നുമുള്ള കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രഖ്യാപനം മലയാളികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചിരിക്കുകയാണ്. കവിയുടെ ജീവിതവും കവിതകളും ഭാവിതലമുറക്കായി അടയാളപ്പെടുത്താന്‍ സഹായകരമായ രീതിയിലുള്ള മികച്ച നിലവാരമുള്ള സാംസ്‌കാരിക സമുച്ചയമാണ് വേണ്ടത്. അദ്ദേഹത്തിന്റെ ഔന്നത്യത്തിന് ഒത്ത ദേശീയ സ്മാരകം തന്നെ ഉയരണം.
മികച്ച കവിതകള്‍ എഴുതിയിട്ടുള്ള മഹാകവി മാത്രമല്ല അദ്ദേഹം. ലളിതമായ ജീവിതവും ഉയര്‍ന്ന ചിന്തയും പുലര്‍ത്തിയ കേളപ്പജിയുടെയൊക്കെ രീതിയിലുള്ള ഗാന്ധിയനായിരുന്നു അദ്ദേഹം. സത്യനിഷ്ഠ പുലര്‍ത്തിയത് കൊണ്ടായിരുന്നു അദ്ദേഹം പിന്നീട് കമ്മ്യൂണിസത്തിലെ ഹിം സാത്മകതയെ തുറന്ന് വിമര്‍ശിക്കാനുള്ള ധീരത കാണിച്ചത്. പാര്‍ട്ടിയെ താങ്ങിനിന്നിരുന്നെങ്കില്‍ കിട്ടുമായിരുന്ന സുഖസൗകര്യങ്ങളും അംഗീകാരങ്ങളും വേണ്ടെന്ന് വെച്ചാണ് അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘവുമായി അടുത്തത്. കവിതയില്‍ ഇടശ്ശേരി ഗോവിന്ദന്‍നായരും സാമൂഹിക പരിഷ്‌കരണത്തില്‍ വി.ടി. ഭട്ടതിരിപ്പാടുമായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥന്മാര്‍. വി.ടി. ഭട്ടതിരിപ്പാടിനെപ്പോലുള്ള ഉല്‍പതിഷ്ണുക്കള്‍ നയിച്ച യോഗക്ഷേമ സഭയുടെ പ്രവര്‍ത്തകനായ അക്കിത്തം തന്റേതായ സാത്വിക ശൈലിയില്‍ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. എഴുത്തും കര്‍മ്മവും ഒന്നിച്ചു. പാരമ്പര്യത്തിന്റെ നല്ലവശങ്ങളെ അവതരിപ്പിച്ചു. വേദപ്രചാരണത്തിന് മുന്നിട്ടിറങ്ങി. ”അനാദി” എന്ന ഉന്നത നിലവാരത്തിലുള്ള മാസിക വൈദികധര്‍മ്മപ്രചാരണത്തിനായി തിരുനാവായ ബ്രഹ്മസ്വം മഠത്തില്‍ നിന്നിറക്കി. അക്കിത്തം എന്ന പ്രതിഭാശാലിയായ പത്രാധിപരെ അനാദിയുടെ പഴയ താളുകളില്‍ അനുഭവിക്കാം.
ഇതിനെയൊക്കെ അംഗീകരിച്ചവരും അക്കിത്തം സംഘവുമായി അടുത്തപ്പോള്‍ നെറ്റിചുളിച്ചു. തപസ്യ കലാസാഹിത്യവേദിയുടെ അധ്യക്ഷനായി കേരളത്തിലുടനീളം ഓടി നടന്നപ്പോള്‍ പഴയ സഖാക്കള്‍ സ്വന്തം ജാതീയത മറച്ചുവെച്ച് അക്കിത്തത്തെ സവര്‍ണ്ണ വര്‍ഗ്ഗീയ ഫാസിസ്റ്റെന്ന് ആക്ഷേപിച്ചു. വര്‍ഗ്ഗീയവാദികള്‍ അദ്ദേഹത്തിനെതിരെ ഉറഞ്ഞുതുള്ളി. ഒറ്റപ്പെടുത്താനും അവഹേളിക്കാനും ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടായി. ഇതെല്ലാം സ്വതസിദ്ധമായ ആധ്യാത്മികമായ നിസ്സംഗതയോടെ മഹാകവി ധീരമായി നേരിട്ടു. കുറച്ചുവാക്കുകളില്‍ കാര്യമാത്ര പ്രസക്തമായ ശൈലിയില്‍ ഉചിതമായ മറുപടി നല്‍കി. കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ നിയന്ത്രിക്കുന്ന സ്റ്റാലിനിസ്റ്റ് – വര്‍ഗ്ഗീയ മാഫിയക്ക് എതിരെയുള്ള തപസ്യയുടെ പ്രവര്‍ത്തനങ്ങളെ മഹാകവി മുന്നില്‍ നിന്നു നയിച്ചു. ഈ മുഖലേഖനങ്ങളിലൂടെ കേസരി മഹാകവിയ്ക്ക് അര്‍ഹമായ ആദരവാണ് നല്‍കിയിരിക്കുന്നത്.