തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനെ ദേശവിരുദ്ധര്‍ താവളമാക്കുന്നതായി ദേശീയ അധ്യാപക പരിഷത്ത് (എന്‍.ടി.യു) സംസ്ഥാന പ്രസിഡന്റ് പി.എസ് ഗോപകുമാര്‍ പറഞ്ഞു. ഭാരതത്തിന്റെ പ്രധാനമന്ത്രിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെയും വ്യക്തിഹത്യചെയ്യുന്ന പഠനസാമഗ്രികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത പാലക്കാട് ഡയറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിനു മുന്നില്‍ എന്‍.ടി.യു സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.എസ്. ഗോപകുമാര്‍.
പാലക്കാട് ഡയറ്റും എസ്.എസ്.കെയും സംയുക്തമായി ഹിന്ദി പാഠഭാഗവുമായി ബന്ധപ്പെട്ട് നല്‍കിയ പഠനസാമഗ്രിയില്‍ മാവോയിസ്റ്റ് പ്രസിദ്ധീകരണത്തിലെ ഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം പ്രസിദ്ധീകരണങ്ങള്‍ പൊതുവിദ്യാഭ്യാസവകുപ്പിലെ അധ്യാപകര്‍ക്ക് എങ്ങനെ ലഭിച്ചുവെന്ന് സമഗ്രമായ അന്വേഷണം വേണം.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക മാസികയായ വിദ്യാരംഗത്തില്‍ കഴിഞ്ഞവര്‍ഷം ദില്ലിയിലുണ്ടായ കാലാപത്തെ പറ്റി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അരുന്ധതീറോയിയുടെ ദേശവിരുദ്ധ പരാമര്‍ശങ്ങളുള്ള പ്രസംഗം പാഠ്യവിഷയമാക്കിയതിനെതിരെയും പ്രതിഷേധമുയര്‍ന്നിരിക്കുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസവകുപ്പില്‍ നടക്കുന്ന ഇത്തരം ദേശവിരുദ്ധപരാമര്‍ശങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍.ടിയു ജില്ല പ്രസിഡന്റ് കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.