വിപ്ലവത്തിന്റെ ശുക്രനക്ഷത്രം, കാവ്യാരാമത്തിലെ ദിവ്യകോകിലം,ദാര്‍ശനികന്‍, സ്‌നേഹോപാസകന്‍,സ്വാതന്ത്ര്യത്തിന്റെ സവിതാവ് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട മഹാകവി കുമാരനാശാന്റെ കാവ്യജീവിതം മൃത്യുഞ്ജയമാണെന്ന് സാനുമാസ്റ്റര്‍ നിരീക്ഷിച്ചു. ‘വീണപൂവില്‍’ ആരംഭിച്ചിട്ട് ‘കരുണയില്‍’ അവസാനിച്ച ആ രചനാലോകം, സമാനതകളില്ലാത്ത സര്‍ഗാത്മകരേഖയായി മാറി. അഭൗമികസ്‌നേഹത്തിന്റെ നല്ല ഹൈമവതഭൂവിലേയ്ക്ക് കയറിപ്പോകാനും ജാതിക്കോമരങ്ങളുടെ പേക്കൂത്തുകള്‍ കണ്ടറിയാനും മഹാകവിക്ക് കഴിഞ്ഞു എന്നതിന്റെ തെളിവുകളാണല്ലോ നളിനിയും ലീലയും ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും. എല്ലാ ഉന്നതശീര്‍ഷരായ എഴുത്തുകാരെയും പോലെ, സമൂഹത്തെ സമഗ്രമായി വീക്ഷിക്കാനുള്ള അസാധാരണ പാടവം കുമാരനാശനുണ്ടായിരുന്നു.
കവി, പത്രപ്രവര്‍ത്തകന്‍, നിയമസഭാംഗം, ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം സെക്രട്ടറി എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ച് ബഹുമുഖപ്രതിഭ തെളിയിക്കാനുള്ള അവസരവും കവിക്കുണ്ടായി. വാവൂട്ട് സംഘമായി ആരംഭിച്ച് എസ്.എന്‍.ഡി.പി. യോഗമായിത്തീര്‍ന്ന മഹാപ്രസ്ഥാനത്തിന്റെ ആദ്യം മുതലുള്ള സെക്രട്ടറി കുമാരനാശാനായിരുന്നു. 16 കൊല്ലം അതു നീണ്ടുനിന്നു. അക്കാലത്ത് ജീവിതത്തിലും പ്രവര്‍ത്തനമേഖലകളിലും ചില പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടായി. സെക്രട്ടറി സ്ഥാനത്തുനിന്നും ആശാനെ പുകച്ചു പുറത്തു ചാടിക്കാനുള്ള ചില കുബുദ്ധികളുടെ പ്രവര്‍ത്തനമാണ് മഹാകവിയെ അസ്വസ്ഥനാക്കിയത്. യോഗത്തിന്റെ ആരംഭത്തിലെ ഇല്ലായ്മകളോടും വല്ലായ്മകളോടും പോരാടാനുള്ള കവിയുടെ ശ്രമത്തെ കണ്ടില്ലെന്ന് നടിച്ച് സ്വാര്‍ത്ഥലാഭത്തിനായി പ്രവര്‍ത്തിക്കുന്ന ഒരാളായി ആശാനെ പരിഹസിച്ചു. സെക്രട്ടറിക്ക് തുച്ഛമായ ശമ്പളമായിരുന്നു.ചില മാസങ്ങളില്‍ അതും ലഭിച്ചിരുന്നില്ല. ഈ ദോഷൈകദൃക്കുകളുടെ ജല്പനങ്ങള്‍ ഗുരുദേവനും ജനങ്ങളും എങ്ങനെ കാണും എന്ന ആശങ്കയും കവിക്കുണ്ടായിരുന്നു.
ഈ അന്ത:സംഘര്‍ഷങ്ങളെ ആവിഷ്‌ക്കരിക്കാനാണ് ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ എഴുതിയത്. 1918 ജനുവരി 14-ന് രചന ആരംഭിച്ച് 1918 ജൂണ്‍ 13-ന് പൂര്‍ത്തിയാക്കി. നിരന്തരമായ യാത്രയ്ക്കിടെ വൈക്കത്തുവച്ചാണ് ഇതെഴുതിയത്. ഗ്രന്ഥത്തിന്റെ മുഖവുരയിലെ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതാണ്. ” വലിയ ആശംസയോടുകൂടി അല്ലെങ്കിലും ഇതിനെയും എന്റെ മറ്റു ചില കൃതികളുടെ കൂട്ടത്തില്‍ ഗണിച്ച് പ്രസിദ്ധപ്പെടുത്തിക്കൊള്ളുന്നു. മഹാജനങ്ങള്‍ യഥാര്‍ഹം ഇതിനെയും സ്വീകരിച്ച് പ്രോത്സാഹിപ്പിക്കുമാറാകണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.” സ്വന്തം കവിതയോടുള്ള നിഷ്പക്ഷമായ ഒരു വിലയിരുത്തലാണിത്. ആത്മകഥാപരമായ ഈ കൃതി നളിനി, ലീല, സീത എന്നിവയെപ്പോലെ മഹാര്‍ഹമല്ലെങ്കിലും അവഗണിക്കാനാവാത്തതാണെന്നു കവി നിരീക്ഷിക്കുന്നു. രചനയ്ക്കു കാരണമായ പിന്നാമ്പുറക്കഥയെക്കുറിച്ചും മുഖവുരയില്‍ രേഖപ്പെടുത്തുന്നുണ്ട്. ”സത്യസന്ധവും ധര്‍മ്മനിരതവുമായ അന്ത:കരണത്തെ കൃത്രിമമാര്‍ഗത്തില്‍ വിഷമിപ്പിക്കുന്ന ദുശ്ശക്തികളുടെ വര്‍ണനകളാല്‍ എല്ലാവര്‍ഗക്കാരുടെയും സാഹിത്യം ഏറെക്കുറെ നിബിഡമാണ്. അനവധി യോഗ്യരെ ഇന്നും ആ ദുശ്ശക്തികള്‍ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും സമ്മതിച്ചേതീരൂ.
കാലദേശങ്ങള്‍ക്കനുസരിച്ച് ഈ അനുഭവങ്ങള്‍ക്ക് നാനാത്വമുണ്ടെന്നുള്ളത് ശരിതന്നെ, എന്നാല്‍ സാധുവായ ‘ഗ്രാമവൃക്ഷത്തിലെ കുയിലി’ന്റെ അനുഭവവും ആ കോടിയില്‍പ്പെട്ടതാണ്. അതുകൊണ്ട് ഇതിലെ ദേവദൂതന്റെ സാന്ത്വനങ്ങള്‍ അങ്ങനെയുള്ള ഏതെങ്കിലും അന്ത:കരണങ്ങള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുമെങ്കില്‍ ഈ ചെറിയ കൃതി എഴുതുന്നതില്‍ ഞാന്‍ ചെലവഴിച്ച സമയം നിഷ്ഫലമായില്ലെന്നു കരുതാവുന്നതാണ്.”
ഉപജാപകവൃന്ദത്തിന്റെ കിംവദന്തികള്‍ മഹാകവിയുടെ മനസ്സിനെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് ഈ വരികള്‍ വ്യക്തമാക്കുന്നുണ്ടല്ലോ. സ്ഥലകാലനിര്‍ദ്ദേശത്തോടെ കവിത ആരംഭിക്കുന്നു.
ഉഗ്രവ്രതന്‍ മുനി വസിക്കുമോരൂരില്‍ മാവി-
ന്നഗ്രത്തിലമ്പിനൊടു പാടിയിരുന്നുനീണാള്‍,
കുഗ്രാമജന്തുപരിപീഡ സഹിച്ചു ചിന്താ-
വ്യഗ്രത്വമാര്‍ന്ന കുയിലോടൊരു ദേവനോതി:
”വേദനിച്ചിടൊല്ല കളകണ്ടു!വിയത്തില്‍ നോക്കി
രോദിച്ചിടൊല്ല രുജയേകുമതിജ്ജനത്തില്‍
വേദിപ്പതില്ലിവിടെയുണ്മ തമോവൃതന്മാ-
രാദിത്യലോകമറിയുന്നിതു നിന്‍ ഗുണങ്ങള്‍.
അമ്മാമുനിക്കുടയൊരാശ്രമ വൃക്ഷമെന്നാ-
യിമ്മാവില്‍ നീ മമതയൂന്നിയ നാള്‍ തുടങ്ങി
സമ്മാന്യമായിതതു കേള്‍ക്ക സഖേ! പ്രസിദ്ധം;
ചുമ്മാ പഴിപ്പൂ ഗുണിയെഖലരീര്‍ഷ്യയാലെ.
എന്ന് ആരംഭിക്കുന്ന കവിതയിലെ ഉഗ്രമുനി ശ്രീനാരായണഗുരുവും മാവ് എസ്.എന്‍.ഡി.പി. യോഗവും കുയില്‍ കുമാരനാശാനുമാണ്.
ഗുരുവിനെ ദൈവമായി വാഴ്ത്തിയും പുകഴ്ത്തിയും നിരവധി കവിതകള്‍ രചിച്ച മഹാകവിക്ക്, ആദിമഹസിന്‍ നേരാംവഴി കാട്ടിക്കൊടുത്ത,ഗുരുവിനോടൊപ്പമുള്ള പ്രവര്‍ത്തനം അങ്ങേയറ്റം സന്തോഷവും അഭിമാനവും നല്‍കി. അതൊരു ഭാഗ്യവും ദൈവനിശ്ചയവുമെന്നാണ് വിശ്വസിച്ചത്. പക്ഷേ, ശത്രുക്കള്‍ അടങ്ങിയൊതുങ്ങിയിരുന്നില്ല. തരം കിട്ടുമ്പോഴെല്ലാം ആശാനെതിരെ ഒളിയമ്പെയ്തു. തന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നു മനസ്സിലാക്കിയ കവി സെക്രട്ടറിപദം ഒഴിയാന്‍ നോക്കിയിട്ടും പല കാരണങ്ങള്‍ കൊണ്ടും സാധിച്ചില്ല. തനു തളര്‍ന്നെങ്കിലും മനസ്സു വീണ്ടും പ്രവര്‍ത്തനനിരതനായി.
അന്‍പാലലിഞ്ഞ നിന്‍ പാട്ടുകേട്ട് മറ്റു പക്ഷികളും ഗ്രാമവൃക്ഷത്തില്‍ ചേക്കേറി. താന്തപഥികര്‍ക്ക് തണലും നല്‍കി. ഋതുമഞ്ജരികള്‍ കോര്‍ത്തു കിടന്ന ആ പാദപത്തെ നീ പാട്ടിനാല്‍ പാട്ടിലാക്കി എന്ന ദേവദൂതസന്ദേശം ആശാനു സാന്ത്വനമായി. യോഗത്തിന്റെ വളര്‍ച്ചയും തുടര്‍ച്ചയുമാണ് ഈ വരികള്‍ പ്രതിഫലിപ്പിക്കുന്നത്. എം.കെ. സാനുവിന്റെ ‘മൃത്യുഞ്ജയം കാവ്യജീവിതം’ എന്ന ഗ്രന്ഥത്തില്‍, വാവൂട്ട് സംഘം ശ്രീനാരായണ ധര്‍മ്മപരിപാലനയോഗമായി വളര്‍ന്നുവന്നതില്‍ സെക്രട്ടറിയായ കുമാരനാശാന്‍ വഹിച്ച പങ്ക് വ്യക്തമാക്കുന്നുണ്ട്. ഇല കൊഴിഞ്ഞ് കരിഞ്ഞുനിന്ന ആ മരം പുതിയ താരും തളിരുമണിഞ്ഞ്, ആകാശവിതാനത്തിലേയ്ക്ക് ശാഖകള്‍ പടര്‍ത്തിനില്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ‘ബദ്ധാനുരാഗമിതില്‍ നീ കുടിവാണതു’ മൂലമാണ് ആവ്രതരുപുഷ്ടിപ്രാപിച്ചതെന്ന് ദേവദൂതനും വെളിവാക്കി.
കുയിലിനെ ആക്രമിക്കാന്‍ പകല്‍ കാകനും രാത്രി കടവാതിലും ശ്രമിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ ഒച്ചവെച്ചുകൊണ്ട് മാകന്ദശാഖയില്‍ ഇരുന്നതിനാല്‍ അവയ്‌ക്കൊന്നും നിന്നെ ആക്രമിക്കാന്‍ കഴിഞ്ഞില്ല. ആയുസ്സും വപുസ്സും ആത്മതപസ്സും ധന്യത്വമോടെ ബലികഴിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു ആശാന്റേത്. അസൂയാലുക്കളുടെയും അധികാരമോഹികളുടെയും പ്രവര്‍ത്തനത്തെക്കുറിച്ച് കവിതയില്‍ കാണുന്നതിങ്ങനെയാണ്:
വേഷം മറച്ചു പലെടത്തുമഹോ! നടന്നി-
പാഷണ്ഡരീശഭയവും നയവും പെടാത്തോര്‍,
രോഷം മുഴുത്തുവെറുതേ രുചിപോലെ നിന്നില്‍
ദോഷം ചുമത്തിയപവാദശതങ്ങള്‍ ചൊല്‍വൂ.
ശൃംഗാരഗായകന്‍, ജഡന്‍, ദുരഭിമാനി, കാപട്യക്കാരന്‍, അതിപാംസുലന്‍ തുടങ്ങിയ വാക്കുകളൊക്കെയാണ് ആശാനെതിരെ പ്രയോഗിച്ചത്. ഗുരുദേവനോടുള്ള ഭയഭക്തിമൂലവും സംസ്‌കാരചിത്തതകൊണ്ടും മൂല്യവിചാരം കൊണ്ടും അവരെയൊന്നുമെതിര്‍ക്കാന്‍ ആശാന്‍ തുനിഞ്ഞില്ല. കഠിന ദു:ഖത്തെ ശമിപ്പിക്കാനായി ദേവന്‍ സാന്ത്വനാമൃതം തൂകുന്നു:
ഈവണ്ണമന്യപരിഹാസ വിമര്‍ദ്ദമേറ്റു
ധാവള്യമേറിയ ഭവദ്ഗുണമുജ്വലിക്കും;
ദൈവം പരന്റെ നുണ കേള്‍ക്കുകയില്ല,സൗമ്യ!
കൈവന്നിടും ശുഭവിഭൂതിനിനക്കുമേന്‍മേല്‍.
ചിന്നസ്വാമിയായി നടന്നിരുന്ന ആള്‍ 45-ാം വയസ്സില്‍,തന്റെ പകുതി പ്രായം മാത്രമുള്ള ഒരു സത്രീയെ വിവാഹം കഴിച്ചതും അസൂയാലുക്കള്‍ ആയുധമാക്കി. ചെയ്യരുതാത്തത് എന്തോ ചെയ്തു എന്ന കുറ്റമാരോപിച്ച അവര്‍, ഗുരുവിന്റെ ശകാരമോ ശാപമോ ആശാനുണ്ടാകുവെന്ന് വൃഥാ മോഹിച്ചിരുന്നു.”അരിയാഹാരം കഴിച്ചുപോന്ന ഒരാള്‍ അതുനിര്‍ത്തി ഗോതമ്പാഹാരം കഴിച്ചുതുടങ്ങിയതുകൊണ്ട്ു കുഴപ്പമില്ല” എന്ന സഹജമായ നര്‍മ്മബോധത്തോടെയുള്ള, ഗുരുവിന്റെ മറുപടി കേട്ട് തലകുനിച്ചു അവര്‍.
വ്യക്തിപരമായും രാഷ്ടീയമായും സാഹിത്യപരമായുമുള്ള എതിര്‍പ്പുകളും ആശാനു നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ‘കുമാരനാശാന്‍’ എന്ന കൃതിയില്‍ കെ.സുരേന്ദ്രന്‍ വിശദീകരിച്ചിട്ടുണ്ട്. ഗ്രാമവൃക്ഷത്തിലെ കുയിലിനെ പരിഹസിച്ച് ‘കുയില്‍ കുമാരന്‍’ എന്നൊരു കവിതപോലും അക്കാലത്തുണ്ടായിരുന്നതായി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
യോഗം സെക്രട്ടറിപദം ഒഴിഞ്ഞശേഷം ആറുവര്‍ഷം കൂടി ജീവിച്ചിരുന്ന ആശാന്‍, ‘മുനിവെടിഞ്ഞ സദനത്തില്‍നിന്നും’ അത്തലേതുമില്ലാത്ത സ്ഥലത്തേക്കു പറന്നുപോയി! ദേവദൂതന്‍ ചോദിക്കുന്നു: എന്താണ് ഇതില്‍പരം ഭാഗ്യം ഒരാള്‍ക്കു വരേണ്ടത്; ഈ ജഗത്തില്‍ ഇതില്‍പ്പരം ധന്യതയെന്താണ്?
അല്ലയോ ഖഗമേ നീ സന്തപ്തനാകേണ്ട.സ്വന്തം പ്രഭാവം നീ ഭൂമിക്കുനല്‍കിക്കഴിഞ്ഞു. അവസാന പദ്യത്തില്‍ ആത്മഗതമെന്നവണ്ണം ആശാന്‍ പറയുന്നതിപ്രകാരമാണ്.
ചിത്താനന്ദം കലര്‍ന്നക്കുയിലുടനെ ഖല-
ന്മാരില്‍നിന്നേതുമാപ-
ത്തെത്തായ്‌വാനും ശഠന്മാരവരപകൃതിയാല്‍
പാപമേലായുവാനും
സത്താകും മാര്‍ഗമെന്നായ് പഴയ വസതി കൈ-
വിട്ടു പൊങ്ങിപ്പറന്നി-
ട്ടാത്താലോദ്യാന മൊന്നാര്‍ന്നിതു പുരജനതാ-
കര്‍ണപുണ്യോല്‍ക്കരത്താല്‍.
ശിഷ്ടന്റെ ശിഷ്ടതയില്‍ ദുഷ്ടനു ദോഷബുദ്ധി തോന്നിയതുകൊണ്ടാണ് ഗ്രാമവൃക്ഷത്തിലെ കുയിലിന് ദു:ഖിക്കേണ്ടി വന്നതും പറന്നു പോകേണ്ടി വന്നതും.’ഹാ! ഗുണികളൂഴിയില്‍ നീണ്ടുവാഴാ’ എന്നും ആശാന്‍ നിരീക്ഷിച്ചിട്ടുണ്ടല്ലോ!