‘വന്യഭൂമിയില്‍ വഹിച്ചുപൂമണം
ധന്യനായഹഹ വന്നണഞ്ഞു നീ
തെന്നലേ , തഴുവുകിന്നു ശങ്കവേ –
ണ്ടെന്നെ ഞാന്‍ മലിനമേനിയല്ലെടൊ’.
(മഹാകവി കുമാരനാശാന്‍ – നളിനി )
പൂമണം വഹിക്കുന്ന കാറ്റിനു സ്പര്‍ശിക്കാന്‍ പാടില്ലാത്തവിധം മലിനമേനിയല്ല താന്‍ എന്നു മഹാകവി കുമാരനാശാന്‍ നളിനിയെക്കൊണ്ട് പറയിപ്പിക്കുന്നു. പഞ്ചഭൂതാത്മകമായ ശരീരത്തെ പ്രകൃതിയിലേയ്ക്ക് പകര്‍ന്നു നല്‍കുന്നതാണ് ആശാന്റെ നായികാസങ്കല്പമെന്ന് പറയാനാവുംവിധമാണ് അദ്ദേഹത്തിന്റെ കാവ്യചേതന പെരുമാറിയിട്ടുള്ളതെന്നതിന് ചെറിയ ഉദാഹരണം മാത്രമാണിത്. ശരീരത്തെയല്ല ആത്മാവിനെയാണ് ഈ കവി ഉപാസിച്ചതെന്ന ആ പഴയ തീര്‍പ്പിനെ തകിടംമറിക്കുന്ന സൃഷ്ടികള്‍ ആശാനിലുണ്ട് എന്ന് പുതിയ കാലത്ത് വിളിച്ചു പറയേണ്ടതുണ്ട്. ചിന്താവിഷ്ടയായ സീത അത്തരത്തിലൊരു പര്യാലോചന ആവശ്യപ്പെടുന്ന കൃതിയാണ്. പറഞ്ഞുവച്ചതില്‍നിന്നും നവമായി എന്തെങ്കിലും പറയുമ്പോഴാണ് പ്രതികരണം സത്യസന്ധമാകുന്നത്. എല്ലാവരും പറഞ്ഞത് ഏറ്റുപാടാനാണെങ്കില്‍പ്പിന്നെ പുതിയ നിരൂപണങ്ങളുടെ ആവശ്യമില്ല.
മലയാളഭാഷയ്ക്ക് വ്യത്യസ്തസ്വരത്തിലും ഭാവരൂപത്തിലുമുള്ള ചിരസ്ഥായിയായ കവിതകള്‍ പ്രദാനം ചെയ്ത മഹാകവിയാണ് കുമാരനാശാന്‍. അനുപമമായ ശക്തിസൗന്ദര്യങ്ങള്‍ പകര്‍ന്ന കവിതകളിലൂടെ കേരളീയ മന:സാക്ഷിയെ ഒരു രാസപരിണാമത്തിലേയ്ക്ക് നയിക്കുവാന്‍ ആശാന്‍ അക്ഷീണം പ്രവര്‍ത്തിച്ചു എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കാണാം. ഇക്കാരണം കൊണ്ടൊക്കെ ആശാന് അനുവാചകരും കാവ്യവിമര്‍ശകരും അനവധി വിശേഷണങ്ങള്‍ സബഹുമാനം നല്‍കിയിട്ടുണ്ട്. പ്രണയത്തിലകപ്പെട്ട് ,പ്രണയാംഗത്തെത്തേടി പുറപ്പെട്ടുപോകുകയും പരമമായ ദൈവികതയെ പുല്‍കുകയും ചെയ്യുന്ന നായികാ- നായകന്മാരെ ആശാന്‍ കവിതകളില്‍ കാണാം. ആശാന്റെ കാവ്യജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും പ്രഫുല്ലനത്തെ സ്വാഭാവികമായി അടയാളപ്പെടുത്തുന്നുണ്ട്, മഹാകവിയുടെ ഇത്തരം രചനകള്‍. ഒരമ്മ പെറ്റ കുട്ടികളെപ്പോലെ സ്ഥല-കാല-ദേശങ്ങള്‍ വിഭിന്നമായിരിക്കിലും, അതൊക്കെയും അതിന്റെ തനത് ഗുണം പ്രസരിപ്പിക്കുകയും ചെയ്യുന്നു. ‘ലീല’യും ‘നളിനി’യും ‘ചണ്ഡാലഭിക്ഷുകി’യുമൊക്കെ ഒരൊറ്റഞെട്ടില്‍ വിടര്‍ന്ന പുഷ്പങ്ങളെപ്പോലെ നമ്മെ ഇന്നും വിസ്മയിപ്പിക്കുന്നു.
സ്വകീയ കവിതയ്ക്കാരൂഢമായി മാനവസ്‌നേഹത്തെ, പ്രാപഞ്ചികലയത്തെ സ്വാംശീകരിച്ച് ജീവിതകാഠിന്യങ്ങളെ വെന്നി ഉത്തുംഗതയിലെത്താനുള്ള മനുഷ്യോദ്യമങ്ങളെ പ്രോത്സാഹിപ്പിച്ച കവിയാണ് കുമാരനാശാന്‍. കവിത്രയങ്ങളില്‍ നിന്നും ആശാനെ വേറിട്ടുനിര്‍ത്തി ചിന്തിച്ചാല്‍, അവരെക്കാളും വൈദേശികമായ ചിന്താധാരകളെ ഒഴിച്ചുനിര്‍ത്തി താന്‍ പിറന്ന നാട്ടിലെ ജീവിതപരിസരത്തെയും അതിന്റെ വേദാതികാലത്തോളം പഴക്കമുള്ള സാംസ്‌കാരികധാരകളെയും പ്രതിഫലിപ്പിച്ച ദാര്‍ശനിക കവിയാണ് ആശാന്‍ എന്നു കാണാം. കര്‍മ്മോന്മുഖതയെ, സ്ത്രീത്വത്തെ, ധീരതയെ അഭിവാദ്യം ചെയ്യുന്ന ആശാന്‍ സമൂഹത്തില്‍ നടമാടിയിരുന്ന ദുരാചാരങ്ങളെയും മറ്റിതര ഛിദ്രവാസനകളെയും അപലപിക്കുകയും താന്‍ തന്നെ അതിനെതിരായൊരു മികച്ച പോരാളിയാവുകയും ചെയ്തു.
കുമാരനാശാന്റെ ശ്രദ്ധേയമായ കൃതിയാണ് ‘ചിന്താവിഷ്ടയായ സീത’. 1914 ല്‍ എഴുതാന്‍ തുടങ്ങിയ ഈ ഖണ്ഡകാവ്യം അന്ത:സംഘര്‍ഷത്തിലുഴലുന്ന ഒരു സ്ത്രീയെ വെളിവാക്കുകയും രാമായണത്തിലെ സീതാ പരിത്യാഗത്തെ ആധുനിക കാവ്യവിഷയമാക്കി അവതരിപ്പിച്ച് അതിലെ ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ചുള്ള ഗഹനമായ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. ആശാന്‍ അവതരിപ്പിച്ച സീത കേവലമൊരു വിരഹിണിയായി, ഭര്‍തൃനിരാസത്താല്‍ തേങ്ങുന്ന ഒരു സാധാരണ നാരിയല്ല. ദേവതാസങ്കല്പത്തില്‍ നിന്നും നാരീതലത്തിലെത്തിച്ച് സീതയുടെ മനസ്സിന്റെ താപകാവസ്ഥയെ വിശകലനം ചെയ്യുകയാണ് ആശാന്‍ ‘ചിന്താവിഷ്ടയായ സീത’യിലൂടെ.
ഇതിന്റെ ആദ്യ പതിപ്പിനെഴുതിയ സ്ഥൂലമായ മുഖവുരയില്‍ ആശാന്‍ തന്റെ മനോഗതം വ്യക്തമാക്കുന്നു.
‘ഈ കൃതി എഴുതാന്‍ ആരംഭിച്ചത് 1914 ആഗസ്റ്റ് 10-ാംതീയതിയാണ്. ആദ്യത്തെ 80 പദ്യങ്ങള്‍ അന്നുമുതല്‍ പല അവസരങ്ങളിലായി എഴുതീട്ടുള്ളതും, ശേഷം മുഴുവന്‍ ഈയിടെ ഏതാനും ദിവസങ്ങള്‍ കൊണ്ട് എഴുതീട്ടുള്ളതും ആകുന്നു. സീതാദേവി അന്തര്‍ധാനം ചെയ്യുന്നതിന്റെ തലേന്നാള്‍ രാത്രി വാല്മീകിയുടെ ആശ്രമത്തില്‍ ഒരു ഏകാന്തസ്ഥലത്ത് തന്റെ പൂര്‍വാനുഭവങ്ങളേയും ആസന്നമായ ഭാവിയേയും മറ്റും പറ്റി ചെയ്യുന്ന ചിന്തകളാണ് ഈ കൃതിയുടെ പ്രധാന വിഷയം.’
ആലുവ
08 – 12- 1919 ഗ്രന്ഥകര്‍ത്താ
ഈ മനോഗതം പോലും അവഗണിച്ചുകൊണ്ടാണ് യശഃശരീരരായ നിരൂപകര്‍ ഭാവനകളിലഭിരമിച്ചത് എന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
സീത എന്നും ചിന്താവിഷ്ട തന്നെയായിരുന്നു. മണ്ണില്‍ നിന്നും കിട്ടിയ കുട്ടി. ജനകന്റെ വളര്‍ത്തുമകള്‍. ആയുധ പ്രയോഗത്തിന്റെ സാമര്‍ത്ഥ്യത്താല്‍ ഒരു ക്ഷത്രിയ രാജകുമാരന്റെ വധു. നാല് അമ്മമാര്‍ക്കൊപ്പം വാസം. പട്ടാഭിഷേകവിഘ്‌നാനന്തരം നീണ്ട പതിനാലു വര്‍ഷത്തെ ധര്‍മ്മപത്‌നീനിഷ്ഠയാലുള്ള വനവാസം . അവിടെനിന്ന് രാവണനാല്‍ അപഹരിക്കപ്പെട്ട് ലങ്കയില്‍ ശിംശിപാവൃക്ഷച്ചുവട്ടില്‍ കരുതല്‍ തടങ്കല്‍. രാവണവധാനന്തരം തിരികെ അയോദ്ധ്യയിലേയ്ക്ക്. രാമനാല്‍ പരിത്യജിക്കപ്പെട്ട് രണ്ടാമതും ആരണ്യകത്തില്‍ അഭയം പ്രാപിക്കുകയും, ഒടുവില്‍ താന്‍ വന്നതെവിടെനിന്നോ അവിടേയ്ക്കുതന്നെ (ഭൂമിയിലേയ്ക്കു തന്നെ) വിലയം പ്രാപിക്കുകയും ചെയ്യുന്നു.
സീതയെന്നും പ്രകൃതിയുടെ, പച്ചപ്പിന്റെ സുസ്മിതാകാരമായിരുന്നു. ഒരു മായാമാനിനെപ്പോലും താലോലിക്കാനാഗ്രഹിക്കുന്നവള്‍. ദു:ഖങ്ങള്‍ക്കിടയിലും മനമിടറാതെ രാമന്റെ നിഴലായി നടന്നവള്‍. ഒരുപക്ഷേ, അയോധ്യയുടെ രാജസിംഹാസനത്തേക്കാളും സീത ആരണ്യജീവിതത്തെ ഇഷ്ടപ്പെട്ടിരുന്നു എന്നു കാണാം. കാരണം അവള്‍ ഭൂമിപുത്രിയാണ്. ഒരു വേള, ഉര്‍വരമായ മണ്ണില്‍ കിളിര്‍ത്തുപൊന്തുന്ന സൂക്ഷ്മകോശമാണ് സീത. അവള്‍ അന്തര്‍ധാനം ചെയ്യുന്നതിന്റെ തലേന്ന് നടത്തുന്ന പിന്‍നടത്തമാണ് ആശാന്‍ ഇക്കവിതയിലൂടെ ലക്ഷ്യംവച്ചിരിക്കുന്നത്. ആ ജീവിതം മെല്ലെ ഒതുക്കിപ്പറയുകയാണ്, ചോദ്യശരങ്ങള്‍ എയ്യപ്പെടുകയാണ്. ഭാരതീയ സ്ത്രീയുടെ ചിന്താജ്ജ്വലനമാണതില്‍ തെളിയുന്നത്.
‘സുതര്‍ മാമുനിയോടയോദ്ധ്യയില്‍
ഗതരായോരളവന്നൊരന്തിയില്‍
അതിചിന്തവഹിച്ചു സീതപോയ്
സ്ഥിതിചെയ്താളുടജാന്തവാടിയില്‍.’
ഇങ്ങനെയാണ് ‘ചിന്താവിഷ്ടയായ സീത’എന്ന ഖണ്ഡകാവ്യം ആരംഭിക്കുന്നത്. മാമുനി വാല്മീകിയുടെ കാരുണ്യത്തില്‍ കഴിയുന്നവളായ സീതയ്ക്ക് തന്റെ ഗതകാലാനുഭവങ്ങളെ ഓര്‍ക്കാനും ഭാവിയുടെ അജ്ഞാതമായ സന്ദേശങ്ങളെ ഉള്ളിലറിയാനും കഴിയുന്ന ഉചിതമായ സന്ദര്‍ഭം തന്നെയാണ് ആശാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യവനവാസകാലത്തോ, ലങ്കയിലെ വിരഹ കാലത്തോ, അയോദ്ധ്യയില്‍ വച്ചോ സീതയ്ക്ക് അത്തരം കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിയുമായിരുന്നില്ല.
‘ഒരുനിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോക രഹസ്യമാര്‍ക്കുമേ.’
എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വെളിവാക്കുന്ന ആശാന്‍,
‘സ്വയമെന്നുടല്‍ വിട്ടിടാതെ ഞാന്‍
ദയയാല്‍ ഗര്‍ഭഭാരം ചുമക്കയാല്‍
പ്രിയചേഷ്ടകളാലെനിക്കു നി –
ഷ്‌ക്രിയയായ് കൗതുകമേകിയുണ്ണിമാര്‍.’
എന്നു സൂചിപ്പിച്ച് ആദ്യത്തെ കാനനജീവിതം കഴിഞ്ഞാല്‍ സീതയ്ക്ക് അല്പമെങ്കിലും മന:സന്തോഷം പകര്‍ന്നത് മക്കള്‍ തന്നെയാണെന്ന് പറയുന്നു. രാവണവധം കഴിഞ്ഞ് അയോധ്യയില്‍ തിരികെയെത്തിയ നാളുകളിലൊന്നില്‍ സീത, മുമ്പ് തങ്ങള്‍ താമസിച്ച പഞ്ചവടി ഉള്‍പ്പെടെയുള്ള വനസ്ഥലികള്‍ ഒരിക്കല്‍ക്കൂടി സന്ദര്‍ശിക്കണമെന്ന് രാമനോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. പിന്നീടത് ഒരു പക്ഷേ തന്നെ ഉപേക്ഷിക്കാനുള്ള യാത്രയാകുമെന്ന് ലക്ഷ്മണനോടൊപ്പം കാട്ടിലേയ്ക്ക് തിരിക്കുമ്പോള്‍ പോലും സീതയ്ക്ക് മനസ്സിലാകുന്നില്ല. രാജ്യഭരണത്തിന്റെ തിരക്കുകള്‍ കാരണം രാമന് തന്നോടൊപ്പം വരുവാന്‍ കഴിയാത്തതാവും എന്നേ ആ സാധ്വി കരുതുന്നുള്ളൂ. പരിത്യാഗത്തിനു ശേഷവും രാമനെ വ്യക്തിപരമായി കുറ്റപ്പെടുത്താതെ, തന്നെ ഉപേക്ഷിച്ച രാമന്റെ നടപടി പാടേ തള്ളിപ്പറയാനോ ശാപവാക്കുകളാല്‍ രാമഹൃദയത്തെ കുറ്റപ്പെടുത്താനോ സീത മുതിരുന്നില്ല എന്നത് ആശാന്റെ സ്ത്രീത്വ വീക്ഷണം വെളിപ്പെടുത്തുന്നുണ്ട്.
നാരീഭാവത്തില്‍ സീതയെ അവതരിപ്പിക്കുമ്പോള്‍ തന്നെ സ്ത്രീസഹജമായ ചാപല്യങ്ങളൊന്നും തന്നെ അവളില്‍ ആരോപിക്കപ്പെടാത്തത് ‘ചിന്താവിഷ്ടയായ സീത’ യുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നില്ലേ എന്ന സംശയം സ്വാഭാവികമാണ്. അതിനുത്തരം, മുമ്പു പറഞ്ഞ ആശാന്റെ സ്‌ത്രൈണാഭിമുഖ്യ കാഴ്ചപ്പാടിന്റെയും രാമായണ പാഠത്തോടുമുള്ള ആദരവുമാണെന്ന് മനസ്സിലാക്കാം.
‘ശ്രുതികേട്ട മഹീശര്‍തന്നെയീ –
വ്യതിയാനം സ്വയമേ തുടങ്ങുകില്‍
ക്ഷതി ധര്‍മ്മഗതിക്കു പറ്റിതാന്‍
ക്ഷിതിശിഷ്ടര്‍ക്കനിവാസ്യമായിതാന്‍.’
എന്നനുതപിക്കുകയാണ് ആശാന്റെ സീത.
പുരുഷ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയോടുള്ള സീതയുടെ അന്ത:ക്ഷോഭം ആശാന്‍ ഇങ്ങനെയാണ് വെളിവാക്കുന്നത് –
‘നെടുനാള്‍ വിപിനത്തില്‍ വാഴുവോ –
നിടയായ് ഞങ്ങളതെന്റെ കുറ്റമോ?
പടുരാക്ഷസചക്രവര്‍ത്തിയെ –
ന്നുടല്‍ മോഹിച്ചതു ഞാന്‍ പിഴച്ചതോ?’
ഇവിടെ ‘ഞാന്‍’ എന്നല്ല ‘ഞങ്ങള്‍’ എന്നാണ് യഥാര്‍ത്ഥത്തില്‍ വൈദേഹി പറയുന്നതെന്ന് ശ്രദ്ധിക്കണം. സീതയോടുള്ള രാമന്റെ പ്രണയവും പരിത്യാഗവും രാമന്റെ ദ്വന്ദവ്യക്തിത്വത്തിനെ വെളിവാക്കുകയല്ലേ എന്നു സംശയിക്കാം. രാമന്‍ ആരെയാണ് ഇഷ്ടപ്പെട്ടത്? ആയുധങ്ങളും അധീശപുരുഷചിന്തയും ഒരു ഭാഗത്തുള്ളപ്പോള്‍ സീതയെന്ന പ്രകൃതിപുത്രിയോടുള്ള നോട്ടം, കരുതലെന്നിവ പലപ്പോഴും രാമനില്‍ പാളിപ്പോകുന്നതായിക്കാണാം.
കാടിന്റെ സ്‌നേഹസ്‌നിഗ്ദ്ധമായ തണുപ്പും തളിരുകളുടെ സാന്ത്വനസ്പര്‍ശവും സീതയുടെ സ്വപ്‌നങ്ങളില്‍ നിറഞ്ഞുനിന്നത് കാണുവാന്‍ രാമന്‍ ശ്രമിച്ചതുപോലുമില്ല. ഇതിനൊരപവാദം പഞ്ചവടിയിലെ താമസക്കാലം മാത്രമാണ്. ആശാന്റെ സീതയുടെ ഓര്‍മ്മയില്‍
‘നളിനങ്ങളിറുത്തു നീന്തിയും
കുളിരേലും കയമാര്‍ന്നു മുങ്ങിയും
പുളിനങ്ങളിലെന്നോടോടിയും
കളിയാടും പ്രിയനന്നു കുട്ടിപോല്‍.’
തിളങ്ങിനില്‍ക്കുന്നു. അയോദ്ധ്യയിലെ നിഷ്ഠാപൂര്‍വമുള്ള ആയുധാഭ്യാസത്തിനിടയില്‍ നഷ്ടമായ കുട്ടിക്കാലം തിരികെ വരികയായിരുന്നു, രാമനില്‍.
‘മുനിപുത്രനെയച്ഛനാനയെ –
ന്നനുമാനിച്ചുടനെയ്തു കൊന്നതും
തനിയേ വരമേകി തന്‍പ്രിയ –
യ്ക്കനുതാപാതുരനായ് മരിച്ചതും.’
തുടങ്ങി ക്ഷാത്രധര്‍മ്മത്തിന്റെ വിപരീത സമസ്യകള്‍,
നിസ്സഹായതലങ്ങള്‍ എന്നിവ എടുത്തുകാട്ടുന്നുണ്ട് സീത.
‘പ്രിയയും ചെറുപൊന്‍കിടാങ്ങളും
നിയതം കാട്ടിലെഴുന്ന ചേക്കുകള്‍
സ്വയമോര്‍ത്തുടനുദ്ഗളാന്തനായ്
പ്രിയതന്‍ കൂട്ടിലുഴന്നിടാം ഭവാന്‍.’
എന്ന് തിരിച്ചറിയുന്നുണ്ട് സീത. പക്ഷേ, അതൊരു സമാശ്വാസമായി അനുഭവപ്പെടുകയില്ലല്ലോ.
‘ഇനി യാത്ര പറഞ്ഞിടട്ടെ ഹാ!
ദിനസാമ്രാജ്യപതേ! ദിവസ്പതേ!
അനിയന്ത്രിത ദീപ്തിയാം കതിര്‍ –
ക്കനകാസ്ത്രാവൃതനാം ഭവാനു ഞാന്‍.’
എന്നിങ്ങനെയുള്ള സീതയുടെ അന്ത്യയാത്രാ വചസ്സുകള്‍ ആരോടും പരിഭവമില്ലാതെയും അമ്മയുടെ മടിത്തട്ടിലെത്തുവാനുള്ള ഉല്‍ക്കടമായ ആഗ്രഹത്തോടും കൂടിയാണ്.
ആത്യന്തികമായി തനിക്കെതിരെ തന്നെ പോരാടുവാന്‍ വിധിക്കപ്പെട്ടിരിക്കുന്ന ക്ഷത്രിയനാണ് രാമന്‍. കുട്ടിക്കുസൃതികളും ചില്ലറപ്പിണക്കങ്ങളും ആഹ്‌ളാദത്തിമിര്‍പ്പുകളുമടക്കം ബാലകമനസ്സിന്റെ സ്മരപൂര്‍ണ്ണത, നിഷ്‌ക്കളങ്കതയൊക്കെ അടക്കി സംയമനം പാലിക്കുന്ന യുദ്ധവീരനാണ് അദ്ദേഹം. എന്നാല്‍, രാജവസ്ത്രങ്ങളുടെ മാലിന്യമേതുമില്ലാതെ, ഫലതരുക്കള്‍കൊണ്ട് ഗര്‍ഭവതിയായ കാട്ടില്‍, സ്വച്ഛന്ദം വിഹരിക്കുന്നവളാണ് സീത. മനോമാലിന്യങ്ങള്‍ കഴുകിവെടിപ്പാക്കിയ സീത ഭൂമി പുത്രിയായിത്തന്നെ തിരികെ വിശ്വപ്രകൃതിയില്‍ ലയിക്കുമ്പോള്‍ ഭരണത്തിന്റെയും ദാമ്പത്യ ജീവിതത്തിന്റെയും മദ്ധ്യേ വിഷണ്ണനായ ഒരു ഭരണാധിപനും ഭര്‍തൃസംരക്ഷണം ആഗ്രഹിക്കുന്ന പത്‌നിയും താതവാത്സല്യം നുകരാന്‍കൊതിക്കുന്ന പുത്രരും നമുക്ക് മുന്നില്‍ ഇപ്പോഴുമുണ്ട്.
മനുഷ്യത്വത്തിന്റെ മഹാമാതൃകയായ ഒരു കേരളീയ കവിയുടെ അമര്‍ത്തിയെഴുതിയ കാവ്യമായ ‘ചിന്താവിഷ്ടയായ സീത’യെ ഇപ്പോഴും അനുവാചകര്‍ കൊണ്ടാടുന്നത് പ്രധാനമായും, ഉള്ളടക്കത്തിലെ പ്രക്ഷുബ്ധമായ മനോനിലയും അചുംബിത ജീവിതനിരീക്ഷണങ്ങളും കവനചാരുതയും മുന്‍നിര്‍ത്തിയാണ്. ‘ചിന്താവിഷ്ടയായ സീത’ യ്ക്ക് സ്ഥലകാലഭേദങ്ങള്‍ ബാധകമല്ല. ഇതെപ്പോഴുമിപ്പോഴും സംഭവിക്കുന്ന പരിത്യാഗത്തിന്റെ മാനസിക ഏകാന്തതയെ വെളിവാക്കുന്ന കൃതിയാണ്. ആരോടെന്നില്ലാതെ ക്ഷോഭിച്ചും സാന്ത്വനപ്പെട്ടും കണ്ണീരണിഞ്ഞുമുള്ള സ്വാനുഭവവിവരണം സ്വന്തം ഹൃദയത്തിലേയ്ക്ക് നോക്കുവാന്‍ ഓരോ വായനക്കാരനെയും നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെ, അവനവന്റെ ഹൃദയത്തിലേയ്ക്കുള്ള യാത്രയില്‍ തന്നിലെ രാമനെ തിരിച്ചറിയുവാന്‍ കഴിയുന്നു.