കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച ഏതെങ്കിലുമൊരു ഏജന്‍സിയുടെ പ്രവര്‍ത്തനത്തിന്റെ മാത്രം ഫലമല്ല. സാമുദായിക സംഘടനകള്‍, സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍, ജനാധിപത്യ പ്രസ്ഥാനങ്ങള്‍, ദേശീയ പ്രസ്ഥാനങ്ങള്‍, അദ്ധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഇക്കാര്യത്തില്‍ അവരവരുടെ പങ്ക് നിര്‍വ്വഹിച്ചിട്ടുണ്ട്. ഈ വളര്‍ച്ചയുടെ പടവുകള്‍ ശ്രദ്ധേയമാണ്. ഗവണ്‍മെന്റ് തുടങ്ങിയ സ്‌കൂളുകള്‍ കൂടാതെ സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍ അനവധി വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. ജനങ്ങളില്‍ നിന്ന് പിരിവെടുത്തും ഭൂമിയടക്കമുള്ള സംഭാവനകള്‍ സ്വീകരിച്ചുമാണ് വിദ്യാലയങ്ങള്‍ ആരംഭിച്ചത്. പല സ്‌കൂളുകളും നിലനിന്നതു തന്നെ ജനങ്ങളുടെ പിന്‍തുണകൊണ്ടു മാത്രമായിരുന്നു.
ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് ദേശീയവാദികള്‍ നിരവധി പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിച്ചു. തൊഴിലാളികളും കര്‍ഷകരും വരെ സ്ഥാപിച്ച സ്‌കൂളുകള്‍ ഉണ്ടായിരുന്നു. മാനേജ്‌മെന്റ് സ്‌കൂളുകളില്‍ നിന്ന് പിരിച്ചുവിടപ്പെട്ട അദ്ധ്യാപകര്‍ ബദല്‍ സ്‌കൂളുകള്‍ നടത്തുകയുണ്ടായി. സമൂഹത്തിന്റെ ഉപരിതല വര്‍ഗ്ഗത്തില്‍പ്പെട്ടവരായിരുന്നില്ല ഭൂരിഭാഗം അദ്ധ്യാപകരും. വളരെ തുച്ഛമായ ശമ്പളം മാത്രമാണ് ഭൂരിഭാഗത്തിനും ലഭിച്ചത്. പക്ഷേ അവരുടെ അര്‍പ്പണബോധവും ജനങ്ങളുമായുള്ള ബന്ധവും വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്ക് പ്രധാനമായിരുന്നു. ഗ്രാമപ്രദേശങ്ങളിലെ സാംസ്‌കാരിക നേതൃത്വം പലപ്പോഴും അധ്യാപകര്‍ക്കായിരുന്നു. നിരവധി കുട്ടികളെ സ്‌കൂളിലേക്കെത്തിക്കുന്നതിനും അദ്ധ്യാപകര്‍ക്കു സാധിച്ചു.
ഈ സാഹചര്യത്തില്‍ കേരളത്തില്‍ വളര്‍ന്നുവന്ന ഗവണ്‍മെന്റ്, എയിഡഡ് സ്‌കൂളുകള്‍ വിദ്യാഭ്യാസത്തിന്റെ പൊതു സമ്പത്തായാണ് കണ്ടിരുന്നത്. ജനസാമാന്യത്തെ അകറ്റിനിര്‍ത്തി സമൂഹത്തിലെ ഉപരിവര്‍ഗ്ഗത്തിനു മാത്രം വിദ്യാഭ്യാസം നല്‍കുന്ന രീതി വളര്‍ന്നു വന്നില്ല. അതുതന്നെയാണ് ഇവിടുത്തെ പൊതു വിദ്യാഭ്യാസത്തിന് അടിത്തറയായതും കേരളത്തില്‍ സാര്‍വ്വത്രിക വിദ്യാഭ്യാസം വളര്‍ന്നുവരാന്‍ കാരണമായതും.
1964ലെ എന്‍.സി.ഇ.ആര്‍.ടിയുടെ സ്ഥാപനവും 1975ലെ ദേശീയ കരിക്കുലവും സമഗ്രമായ കരിക്കുലം പരിഷ്‌ക്കാരത്തിനുള്ള സാധ്യതകള്‍ വളര്‍ത്തിയിരുന്നു. ആള്‍ പ്രമോഷന്‍ പദ്ധതി, അദ്ധ്യാപകരുടെ തൊഴിലില്‍ വന്ന സുസ്ഥിരത തുടങ്ങിയവ ഒരു പാഠ്യപദ്ധതി പരിഷ്‌ക്കാരത്തിനുള്ള ഭൗതിക സാഹചര്യങ്ങളും വളര്‍ത്തിയിരുന്നു. ഗവണ്‍മെന്റ്, എയ്ഡഡ് മേഖലകളില്‍ സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കാരം നടപ്പിലാക്കാമായിരുന്നു. എന്നാല്‍ പാഠപുസ്തകങ്ങളിലും പരീക്ഷകളിലും വന്ന ചില മാറ്റങ്ങളൊഴിച്ചാല്‍ ബോധനക്രമത്തില്‍ മാറ്റങ്ങളുണ്ടായില്ല. അതായത് കൊളോണിയല്‍ കാലഘട്ടത്തിലെ ഉപരിവര്‍ഗ്ഗ സ്‌കൂളുകളിലെ ബോധന രൂപങ്ങള്‍ തന്നെയാണ് പൊതുവിദ്യാഭ്യാസത്തിലും തുടര്‍ന്നുവന്നത്.
പൊതുവിദ്യാഭ്യാസത്തെ നിലനിര്‍ത്തിപ്പോന്ന ഒരു പ്രധാനഘടകം, വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന ജനാധിപത്യ ശക്തികളുടെ തുടര്‍ച്ചയായ സമരങ്ങളാണ്. വിദ്യാഭ്യാസരംഗത്തെ ജനാധിപത്യ സമരങ്ങള്‍ക്ക് നിരവധി തലങ്ങളുണ്ട്. 1921ലെ വിദ്യാര്‍ത്ഥി സമരം തുടങ്ങിയത് അമിത ഫീസ് ഈടാക്കിയ പ്രശ്‌നത്തിനായിരുന്നു. 1930കളിലെ അദ്ധ്യാപക സമരങ്ങള്‍ മാനേജര്‍മാരുടെ ശമ്പളം തടഞ്ഞുവയ്ക്കല്‍, അക്കാദമിക്ക് സ്വാതന്ത്ര്യത്തിന്റെ നിഷേധം, പിരിച്ചുവിടല്‍ തുടങ്ങിയ നടപടികള്‍ക്കെതിരെയായിരുന്നു. 1930കളില്‍ത്തന്നെയാണ് ആദ്യമായി ഒരു അദ്ധ്യാപക യൂനിയനും പിന്നീട് അഖിലേന്ത്യാതലത്തില്‍ സ്ഥാപിക്കപ്പെട്ട സ്റ്റുഡന്റ്‌സ് ഫെഡറേഷനും ഉണ്ടായത്. പിന്നീട് വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്, മുസ്ലീം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ഉണ്ടായി. വിദ്യാര്‍ത്ഥി രംഗത്ത് എസ്.എഫ്.ഐ., കെ.എസ്.യു, എ.ഐ.എസ്.എഫ്, എ.ബി.വി.പി മുതലായ നിരവധി സംഘടനകള്‍ നിലവില്‍ വന്നു. അറുപതുകളിലും എഴുപതുകളിലും പൊതുവിദ്യാഭ്യാസത്തിന്റെ കാതലായ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സമരം ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞു.
എഴുപതുകളിലെ വേതന വ്യവസ്ഥകള്‍ ഏകീകരിക്കാനുള്ള സമരവും ഇതിനുദാഹരണമാണ്. എണ്‍പതുകളില്‍ സമരത്തിന്റെ മുഖം പ്രധാനമായി വിദ്യാഭ്യാസരംഗത്തെ വാണിജ്യവത്കരണത്തിനെതിരായി തിരിഞ്ഞു. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനും കച്ചവടശക്തികള്‍ക്കെതിരായി സമരം ചെയ്യുന്നതിനും മുന്നിട്ട് ഇറങ്ങുന്ന സംഘടനകള്‍ക്കാണ് ഇന്ന് അക്കാദമിക് രംഗത്ത് ഏറ്റവുമധികം സ്വാധീനശക്തിയുള്ളത്. ജനങ്ങളുടെ മനസ്സ് പൊതുവില്‍ പൊതുവിദ്യാഭ്യാസത്തിന് അനുകൂലമാണ് എന്ന സൂചനയാണ് ഇത് നല്‍കുന്നത്.
എണ്‍പതുകള്‍ മുതലാണ് മേല്‍ സൂചിപ്പിച്ച വൈരുദ്ധ്യം പ്രകടമായി വരുന്നത്. അതുവരെ പൊതുതാത്പര്യങ്ങളും സ്വകാര്യതാത്പര്യങ്ങളും ഏറ്റുമുട്ടിയിരുന്നത് പൊതു വിദ്യാഭ്യാസത്തിന്റെ തട്ടകത്തില്‍ തന്നെയായിരുന്നു. സൗജന്യ സാര്‍വത്രിക വിദ്യാഭ്യാസം, വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനും അദ്ധ്യാപകരുടെ സേവന-വേതന വ്യവസ്ഥകളിലുമുള്ള പൊതുമാനദണ്ഡങ്ങള്‍, അധഃസ്ഥിതരുടെ സംവരണമടക്കമുള്ള സാമൂഹ്യനീതി തുടങ്ങിയവയെല്ലാം ഔപചാരിക തലത്തിലെങ്കിലും ഏവരും അംഗീകരിച്ചിരുന്നു. പൊതുമാനദണ്ഡം അനുസരിച്ചുള്ള പാഠ്യപദ്ധതിയും പരീക്ഷാസമ്പ്രദായവും നടപ്പിലാക്കാനും തയ്യാറായിരുന്നു.
ഈ പൊതു സമീപനമാകെ തകിടം മറിയുന്നത് എണ്‍പതുകളിലാണ്. ജാതി-മതശക്തികളും മധ്യവര്‍ഗ്ഗ താത്പര്യങ്ങളും ചേര്‍ന്ന് പൊതുവിദ്യാഭ്യാസത്തില്‍ നിന്ന് മാറുകയും അണ്‍-എയ്ഡഡ് – അംഗീകൃത വിദ്യാലയങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പൊതുമേഖലയില്‍ നിന്നു ഭിന്നമായി മെഡിക്കല്‍ – എന്‍ജിനീയറിങ്ങ് കോഴ്‌സുകള്‍ക്കുവേണ്ടി സ്വകാര്യമേഖല ശബ്ദമുയര്‍ത്തുന്നത് അപ്പോഴാണ്. അതുവരെ കേരളത്തില്‍ ആറ് എന്‍ജിനീയറിങ്ങ് കോളേജുകളും അഞ്ച് മെഡിക്കല്‍ കോളേജുകളും മാത്രമാണ് ഉണ്ടായിരുന്നത്. പ്രീഡിഗ്രി സയന്‍സ് ഗ്രൂപ്പുകളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കുള്ളവരും താത്പര്യമുള്ള കുട്ടികളും മാത്രമാണ് പ്രവേശനം നേടിയതും. അത്രയും യോഗ്യതയില്ലാത്ത സമ്പന്നരുടെ മക്കള്‍ മണിപ്പാല്‍ പോലെയുള്ള കോളേജുകളില്‍ ഉയര്‍ന്ന ഫീസ് കൊടുത്ത് പ്രവേശനം നേടി. എന്നാല്‍ എണ്‍പതുകളില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു ലഭിച്ച മധ്യവര്‍ഗ്ഗ സ്വീകാര്യത കൂടുതല്‍ സ്ഥാപനങ്ങള്‍ ഉണ്ടാകേണ്ട ആവശ്യത്തെ വര്‍ദ്ധിപ്പിച്ചു. അങ്കമാലിയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രസിദ്ധനായ ഒരു നേത്ര ഭിഷഗ്വരനുവേണ്ടി ഒപ്താല്‍മോളജി എം.ഡി. കോഴ്‌സ് അനുവദിക്കാന്‍ ഗവണ്‍മെന്റ് എടുത്ത തീരുമാനം ഇതിന്റെ തുടക്കമാണ്. ഇതേ ശക്തികള്‍ ചേര്‍ന്നാണ് കോട്ടയം കേന്ദ്രീകരിച്ച് ഒരു സര്‍വകലാശാലയ്ക്കുവേണ്ടി വാദിച്ച് ഗാന്ധിജി (പിന്നീട് എം.ജി) സര്‍വകലശാല നിലവില്‍ വരുന്നത്. സ്വകാര്യമേഖലയില്‍ പോളിടെക്‌നിക്കുകള്‍ അനുവദിക്കാനുള്ള നീക്കവും ഇതേ പ്രവണതയുടെ ഭാഗമായിരുന്നു. ഈ നീക്കങ്ങള്‍ക്കെതിരായ ശക്തമായ സമരം മൂലം തത്ക്കാലത്തേക്കെങ്കിലും ഈ തീരുമാനം പിന്‍വലിക്കേണ്ടി വന്നു. പക്ഷേ വരാന്‍ പോകുന്ന മറ്റു പ്രവണതകളുടെ സൂചനയായിരുന്നു ഇത്.
സ്‌കൂള്‍ തലത്തിലും ജാതി-മത-മധ്യവര്‍ഗ്ഗശക്തികളുടെ സ്വാധീനം പ്രകടമായി. കേന്ദ്രതലത്തില്‍ സെക്കന്ററി വിദ്യാഭ്യാസ ബോര്‍ഡിന്റെ രൂപീകരണം (സി.ബി.എസ്.ഇ), അഖിലേന്ത്യാ തലത്തിലും സംസ്ഥാന തലത്തിലും മെഡിക്കല്‍-എന്‍ജിനീയറിംങ്ങ് കോഴ്‌സുകള്‍ക്ക് ആരംഭിച്ച (കേരളത്തില്‍ കോടതിവിധി വഴി നിര്‍ദ്ദേശിക്കപ്പെട്ട) പ്രവേശനപ്പരീക്ഷകള്‍, 1986ലെ വിദ്യാഭ്യാസനയത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ഹയര്‍ സെക്കന്ററി ആരംഭിക്കാനുള്ള നീക്കം എന്നിവ ചേര്‍ന്നാണ് പ്രീഡിഗ്രി ബോര്‍ഡ് എന്ന ആശയത്തിലേക്ക് നീങ്ങിയത്. സ്‌കൂള്‍ തലത്തില്‍ 10-ാം ക്ലാസ്സിന്റെ തുടര്‍ച്ചയായ 11 ഉം 12 ഉം ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുപകരം പ്രീഡിഗ്രി കോളേജുകളില്‍ നിന്നു വേര്‍പെടുത്തുകയും അണ്‍ എയ്ഡഡ് മേഖലയ്ക്കു കൂടി പങ്കാളിത്തമുള്ള ഒരു ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരാനുമായിരുന്നു അന്നത്തെ നീക്കം. സ്‌കൂള്‍ തലത്തില്‍ നിന്ന് പ്രീഡിഗ്രി ബോര്‍ഡിനെ വേര്‍പെടുത്താനുള്ള നീക്കം തന്നെ പൊതുവിദ്യാഭ്യാസത്തില്‍ നിന്ന് വേറിട്ടുള്ള സമാന്തര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. പ്രീഡിഗ്രി ബോര്‍ഡിനുള്ള നീക്കം ശക്തമായ എതിര്‍പ്പിന് ഇടയാക്കി. കോളേജ് അദ്ധ്യാപകരും സര്‍വകലാശാലാ ജീവനക്കാരും ഉള്‍പ്പെടെ എല്ലാം വിഭാഗങ്ങളും യോജിച്ച് പ്രതിഷേധിച്ചതു മൂലം പ്രീഡിഗ്രി ബോര്‍ഡ് നീക്കം സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും അന്നത്തെ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിനു മുമ്പുതന്നെ വിപുലമായ ഒരു അണ്‍ എയ്ഡഡ് ശൃംഖല കേരളത്തില്‍ നിലവില്‍ വന്നിരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷകളിലും അണ്‍ എയ്ഡഡ് മേഖല നേടിയ വിജയങ്ങള്‍ മധ്യവര്‍ഗ്ഗ രക്ഷിതാക്കളുടെ ഇടയില്‍ അവയുടെ പദവി വര്‍ദ്ധിപ്പിച്ചു.
സ്വകാര്യവത്ക്കരണത്തേയും പൊതുവിദ്യാഭ്യാസത്തില്‍ നിന്നുള്ള വ്യതിയാനത്തെയും ന്യായീകരിക്കുന്ന വിധത്തിലുള്ള വാദമുഖങ്ങള്‍ 90കളുടെ ആദ്യത്തോടെ വ്യക്തമായ രാഷ്ട്രീയ നിലപാടുകളായി വികസിച്ചു. ഈ നിലപാടുകള്‍ പ്രധാനമായും താഴെ പറയുന്നവയാണ്.
സര്‍ക്കാര്‍ വരുമാനത്തിന്റെ അതിഭീമമായ വിഹിതം (40% വരെ) ഗവണ്‍മെന്റ് വിദ്യാഭ്യാസത്തിനു വേണ്ടി ചിലവാക്കുകയാണ്. അതില്‍ ഭീമമായ ഒരു സംഖ്യ അദ്ധ്യാപകരുടേയും അനദ്ധ്യാപക ജീവനക്കാരുടേയും ശമ്പള ഇനത്തില്‍ മാത്രമാണ് ചിലവഴിക്കുന്നത്. ഇത്രയും വലിയ സംഖ്യ പാഴായി പോവുകയും മറ്റു മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊരു തടസ്സമായിത്തീരുകയും ചെയ്യുന്നു.
വിദ്യാഭ്യാസ പ്രവര്‍ത്തനം എന്നത് ഒരു പൊതു പ്രവര്‍ത്തനമാണ്. അതിലേക്ക് മുഴുവന്‍ തുകയും നല്‍കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ല. 1986-ലെ വിദ്യാഭ്യാസ നയത്തില്‍ സമൂഹ പങ്കാളിത്തത്തെക്കുറിച്ച് പറയുന്നുണ്ട്. അത് കേരളത്തിലും നടപ്പിലാക്കേണ്ടതാണ്.
സ്‌കൂള്‍ വിദ്യാഭ്യാസം സാര്‍വത്രികമാകുന്നു. പക്ഷേ ഉന്നത വിദ്യാഭ്യാസം അങ്ങനെയല്ല. അവിടെയും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനച്ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നത് അശാസ്ത്രീയമാണ്. അതുകൊണ്ട് ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ തന്നെ ചിലവിന്റെ നല്ലൊരു ഭാഗം വഹിക്കണം.
കേരളത്തില്‍ സമ്പന്നരായ മധ്യവര്‍ഗ്ഗം ഉണ്ട്. അവര്‍ ഉന്നതനിലവാരമുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനായി കേരളത്തിന്റെ പുറത്തു പോകുന്നു. കര്‍ണ്ണാടകയിലുള്ള ക്യാപിറ്റേഷന്‍ ഫീസ് വാങ്ങിയിരുന്ന സ്ഥാപനങ്ങളില്‍ (ഉദാ: മണിപ്പാല്‍) ഇഷ്ടംപോലെ മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അവര്‍ അവിടെ ഫീസായും കോഴയായും നല്‍കുന്ന പണം കേരളത്തില്‍ തന്നെ നിലനിര്‍ത്തുകയാണെങ്കില്‍ ഇവിടെയും ധാരാളം പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ തുടങ്ങാം.
പുതിയ സാമൂഹ്യ വ്യവസ്ഥയ്ക്ക് പുതിയ വിദ്യാഭ്യാസം ആവശ്യമാണ്. ഉദാഹരണത്തിന് ഐ.ടി, ബയോടെക്‌നോളജി മുതലായ മേഖലകളിലെല്ലാം വേണ്ടി വരുന്ന അധികചെലവ് വഹിക്കാന്‍ ഗവണ്‍മെന്റിന് ആവില്ല. അതുകൊണ്ട് വിദ്യാഭ്യാസരംഗത്ത് താത്പര്യമുള്ള സംരംഭകര്‍ മുന്നോട്ടു വരിക തന്നെ വേണം.
അതുവരെ മധ്യവര്‍ഗ്ഗവും അവരുടെ താത്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ ശക്തികളും മുന്നോട്ടു വച്ച വാദങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു ഇവയെല്ലാം. കേരളം വിദ്യാഭ്യാസരംഗത്ത് ചിലവഴിച്ച തുക ആ രംഗത്തോടുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ദൃഷ്ടാന്തമായിട്ടായിരുന്നു അതുവരെ പരാമര്‍ശിക്കപ്പെട്ടിരുന്നത്. എന്നിട്ടും വിദ്യാലയങ്ങളിലെ ഭൗതിക സൗകര്യങ്ങള്‍, പഠനസാഹചര്യങ്ങള്‍ തുടങ്ങിയവയ്ക്കാവശ്യമായ പണം നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ആ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നുമായിരുന്നു അന്നത്തെ ആവശ്യം. എന്നാല്‍ മധ്യവര്‍ഗ്ഗ ശക്തികള്‍ വാദിച്ചത് ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ ചിലവഴിക്കുന്നത് അധികമാണെന്നും, സര്‍ക്കാര്‍ ആ മേഖലയില്‍ നിന്ന് പിന്‍മാറണം എന്നുമായിരുന്നു.
1986ലെ നയത്തെ ആധാരമാക്കി ഉയര്‍ത്തപ്പെട്ട വാദങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തെ പരിഹസിക്കുന്നതിനുതുല്യമായിരുന്നു. സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുെന്നങ്കിലും സമൂഹ പങ്കാളിത്തത്തോടെ തന്നെയാണ് കേരളത്തില്‍ വിദ്യാഭ്യാസവ്യാപനം ഉണ്ടായത്. കേരളത്തിലെ നല്ലൊരു ശതമാനം ഗവണ്‍മെന്റ് വിദ്യാലയങ്ങളുടേയും സ്വകാര്യവിദ്യാലയങ്ങളുടേയും ഭൂമി നാട്ടുകാരുടെ സംഭാവനയാണ്. ഉത്പന്നപിരിവുവരെ നടത്തി കെട്ടിടങ്ങള്‍ ഉണ്ടാക്കിയ കഥകള്‍ ഉണ്ട്. ഇടവകകളില്‍ നിന്ന് പിരിവു നടത്തിയാണ് പല ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടായത്.
പക്ഷെ, എണ്‍പതുകളില്‍ എത്തിയതോടെ ഈ ആദ്യകാല സാമൂഹ്യപരിഷ്‌ക്കരണത്വര സാമുദായികശക്തികള്‍ ഉപേക്ഷിച്ചിരുന്നു. അവരുടെ സ്ഥാപനങ്ങള്‍ക്കു ലഭിച്ച മധ്യവര്‍ഗ്ഗ അംഗീകാരം ഉപയോഗിച്ച് വിദ്യാഭ്യാസ രംഗത്തും സമൂഹത്തിലും സ്വന്തമായ ഇടങ്ങള്‍ സ്ഥാപിക്കുകയായിരുന്നുഅവരുടെ ലക്ഷ്യം. സാമൂഹ്യമായ പിന്തുണ പ്രയോജനപ്പെടുത്തുന്നതിനു പകരം മധ്യവര്‍ഗ്ഗ രക്ഷിതാക്കളില്‍ നിന്ന് വന്‍ കോഴ വാങ്ങി കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് ഇവരില്‍ പലരും മടിച്ചില്ല. നഴ്‌സറി ക്ലാസ്സുകളില്‍ പോലും വന്‍ സംഭാവനകള്‍ വ്യാപകമായി. കുട്ടികളെ ഇന്റര്‍വ്യൂ നടത്തി പ്രവേശിപ്പിക്കലും വ്യാപകമായി. എസ്.എസ്.എല്‍.സി വിജയശതമാനം ഉയര്‍ത്താനായി 9-ാം ക്ലാസ്സില്‍ കുട്ടികളെ തോല്‍പ്പിക്കാന്‍ തുടങ്ങി. (തിരുവനന്തപുരം കാര്‍മല്‍ കോണ്‍വന്റിലെ വന്ദനാ മേനോന്‍ എന്ന കുട്ടിയുടെ പ്രശ്‌നം ഓര്‍ക്കേണ്ടതാണ്). സ്‌കൂളുകളില്‍ തന്നെ അനൗപചാരിക ‘കോച്ചിങ്ങ് സെന്ററുകള്‍’ നിലവില്‍ വന്നു. അദ്ധ്യാപക നിയമനത്തിനു വാങ്ങിയിരുന്ന കോഴ വന്‍തോതില്‍ വര്‍ദ്ധിച്ചു. ലക്ഷങ്ങളുടെ തിരിമറി സര്‍വസാധാരണമായി. അതുവരെ കോഴ വാങ്ങാതിരുന്ന സ്ഥാപനങ്ങളും ഈ നിലയിലേക്ക് മാറി. കോഴ വാങ്ങാത്ത കോളേജുകള്‍ എല്ലാ മെറിറ്റ് മാനദണ്ഡങ്ങളും മറികടന്ന് സ്വസമുദായാംഗങ്ങളെ നിയമിക്കാനാരംഭിച്ചു. വിദ്യാഭ്യാസം നേടുന്നതില്‍ സാമുദായികത അടിച്ചേല്‍പ്പിക്കാനും പുതിയ പല സാമുദായികതയും വളര്‍ത്താനുമാണ് ഈ നീക്കങ്ങള്‍ സഹായിച്ചത്. കേരളത്തില്‍ പിന്നീട് വളര്‍ന്നു വന്ന കച്ചവട വിദ്യാഭ്യാസത്തിന്റെ നാന്ദിയായിരുന്നു ഇത്.
സമ്പന്നമായ മധ്യവര്‍ഗ്ഗം കര്‍ണ്ണാടകയില്‍ ചിലവാക്കുന്ന പണമായിരുന്നു പൊതുവിദ്യാഭ്യാസത്തിനെതിരായ ശക്തമായ തുറുപ്പു ചീട്ട്. സമ്പന്നമായ മധ്യവര്‍ഗ്ഗം കേരളത്തില്‍ വളര്‍ന്നു വന്നിരുന്നുവെന്നത് (ഇപ്പോഴും ഉണ്ടെന്നതും) നേരാണ്. അവര്‍ എത്ര പണമാണ് കര്‍ണാടകയില്‍ ചിലവാക്കുന്നത് എന്നതിന് കൃത്യമായ ഒരു കണക്കുണ്ടായിരുന്നില്ല. ചില പൊട്ടത്താപ്പു കണക്കുകളൊഴികെ ഇപ്പോഴും ഒരു വ്യക്തമായ കണക്കില്ല. ഈ പണം കേരളത്തില്‍ ചിലവാക്കപ്പെടുമായിരുന്നോ എന്നും ഇവിടെ സ്വാശ്രയ വിദ്യാഭ്യാസ പ്രളയം ഉണ്ടായതിനുശേഷം കേരളത്തിലേക്കു തിരിച്ചു വന്നിട്ടുണ്ടോ എന്നും വ്യക്തമല്ല. ഉയര്‍ന്ന അടിസ്ഥാനശേഷികള്‍ ആവശ്യമായ പോസ്റ്റുകള്‍ക്ക് പ്രവേശനം ലഭിക്കാന്‍ മധ്യവര്‍ഗ്ഗത്തിന്റെ പണം മാത്രം മാനദണ്ഡമായാല്‍ മതിയെന്നുള്ള മുന്‍വിധിയും ഇവിടെ വ്യക്തമായിരുന്നു. പ്രവേശന പരീക്ഷ എന്ന കടമ്പ കടന്നു കിട്ടേണ്ട പ്രശ്‌നവും പണമൊഴുക്കിയാല്‍ പരിഹരിക്കാം. സംരംഭകരെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസമാണ് വേറൊരു രസകരമായ വശം. ഈ വാദങ്ങള്‍ ഉന്നയിക്കപ്പെടുന്ന കാലത്തും ജാതി-മത-സാമുദായിക ശക്തികള്‍ തന്നെയായിരുന്നു അണ്‍ എയ്ഡഡ് മേഖലയിലെ ഏറ്റവും വലിയ സംരംഭകര്‍. അദ്ധ്യാപക നിയമനത്തിനും പ്രവേശനത്തിനും മറ്റും ഒരു ദാക്ഷിണ്യവും കൂടാതെ കോഴ വാങ്ങിയിരുന്ന ഇവരില്‍ പലര്‍ക്കും സ്വന്തം സ്‌കൂളുകളേയും കോളേജുകളേയും നവീകരിക്കാനും മെച്ചപ്പെടുത്താനും ധാരാളം അവസരങ്ങള്‍ അതിനു മുമ്പുതന്നെ ഉണ്ടായിരുന്നു. സര്‍ക്കാര്‍ വന്‍തോതില്‍ നികുതിപ്പണം ഉപയോഗിച്ച് പൊതുവിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്നത്. അതേസമയം എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ മേഖലയില്‍ വിദ്യാഭ്യാസത്തെ കോടികള്‍ സമ്പാദിക്കാനുള്ള അവസരമായി ചിലര്‍ ഉപയോഗിക്കുന്ന അവസ്ഥയും നിലനില്‍ക്കുന്നു.