പ്രവാചകന് ഹീറാഗുഹയില്‍ നിന്ന് വെളിപാടുണ്ടായപോലെ കോണ്‍ഗ്രസ് നേതാവ് എം.എം.ഹസ്സന് ഒരു വെളിപാടുണ്ടായിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ താല്‍ക്കാലിക പ്രസിഡന്റ് സ്ഥാനംപോയി വീട്ടിലിരിക്കുമ്പോഴാണ് ഈ വെളിപാടുണ്ടായത്. പിന്നെ താമസിച്ചില്ല, അദ്ദേഹം തീര്‍ത്ഥാടനം തുടങ്ങി. യാത്രയ്ക്ക് ഊന്നുവടിയായി യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും കിട്ടി. മെക്കയ്ക്കും മദീനയ്ക്കുമൊന്നുമല്ല ഹസ്സന്‍ മൗലവി പോയത്. ആദ്യം നേരെ പാണക്കാട്ട് തങ്ങളെ മുഖം കാണിച്ചു. പിന്നെ കാന്തപുരം ഹാജിയെ, തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമി അമീറിന്റെ വസതിയില്‍. അവിടെ നിന്ന് പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സമീപത്തേയ്ക്ക്. ഹസ്സന്‍ മൗലവി തീര്‍ത്ഥയാത്ര തുടരുകയാണ്. മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ഈ തീര്‍ത്ഥാടനം തീരെ പിടിക്കുന്നില്ല. യു.ഡി.എഫ് വിശാലതീവ്രവാദ സഖ്യത്തിലേയ്ക്ക് എന്ന് അവര്‍ ബഹളം വെക്കുന്നു. ആര്യാടനുമുണ്ട് ചെറിയ കണ്ണുകടി. ഇതൊന്നും മൗലവി ഗൗനിക്കുന്നില്ല. അദ്ദേഹത്തിനു പിന്നില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയും പ്രതിപക്ഷനേതാവ് ചെന്നിത്തലയും പാറപോലെ ഉറച്ചു നില്പുണ്ട്. തന്റെ സന്ദര്‍ശനം രാഷ്ട്രീയമേയല്ല എന്ന് ഹസ്സന്‍ മൗലവി ആണയിട്ടു പറയുമ്പോഴും രാഷ്ട്രീയ ഒത്തുകളിയുടെ വാര്‍ത്ത പുറത്തുവന്നുകൊണ്ടിരിക്കുന്നു.
ഹസ്സന്‍ മൗലവി മൗദൂദിസ്റ്റുകളെ കണ്ടതാണ് മാര്‍ക്‌സിസ്റ്റുകാര്‍ക്ക് പിടിക്കാതെ പോയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ കൂടെ നിന്നവര്‍ മറുകണ്ടം ചാടുന്നത് അവര്‍ക്ക് ദഹിക്കില്ലല്ലോ. സി.എ.എ. വിരുദ്ധ സമര സമയത്ത് ഇക്കൂട്ടരെ സുഖിപ്പിക്കാന്‍ മുഖ്യമന്ത്രി വിജയന്‍ സഖാവ് സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നു. എന്നാല്‍ അതിനെ കടത്തിവെട്ടി ചെന്നിത്തല മലപ്പുറത്ത് രണ്ടു ഡസന്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചിരുന്നു. വിജയന്‍ സഖാവ് ജോസ് മാണി വഴി ക്രിസ്ത്യന്‍ വോട്ട് ഉറപ്പിച്ചപ്പോള്‍ ചെന്നിത്തല ഹസ്സന്‍ മൗലവി വഴി മുസ്ലിം വോട്ട് ഉറപ്പിക്കുകയാണ്. കോണ്‍ഗ്രസ്സിലെ പഴക്കം ചെന്ന, മുസ്ലീം വിഭാഗീയതയുടെ വക്താവായ ഹസ്സനെത്തന്നെ മതനേതാക്കളുടെ വീടുതെണ്ടാന്‍ ചെന്നിത്തല ഏര്‍പ്പാടാക്കിയത് വെറുതെയല്ല. കേരളത്തെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കുന്നത് ആരാണ് എന്ന് ഇവരോട് ചോദിച്ചു പോകരുത്. ആ ചോദ്യം മാത്രം വര്‍ഗ്ഗീയമാണ്.