ഒ.എന്‍.വി. കുറുപ്പിന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ പോകുന്ന വഴി എറണാകുളം കാര്യാലയത്തില്‍ വന്നു എന്നെ കണ്ട് ഊണു കഴിച്ച് വിശ്രമിച്ച ശേഷമേ തിരുവനന്തപുരത്തേക്ക് പോകൂ എന്ന് മകന്‍ നാരായണന്‍ അറിയിച്ചു. അദ്ദേഹം കാര്യാലയത്തില്‍ വന്ന സമയം പി. പരമേശ്വര്‍ജിയും ഹരിയേട്ടനുമെല്ലാം ഉണ്ടായിരുന്നു. എല്ലാവരോടും സംസാരിച്ചു. അവിടെ നിന്നുമാണ് തിരുവനന്തപുരത്തുപോയി പിണറായി വിജയനില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചത്. പിറ്റേന്ന് എന്നെ ഫോണ്‍ ചെയ്ത് അഞ്ചുലക്ഷം രൂപ കിട്ടിയിട്ടുണ്ട്, എന്തു ചെയ്യണം എന്ന് ചോദിച്ചു. അത് അവിടെതന്നെ ഇരിക്കട്ടെ എന്ന് ഞാന്‍ പറഞ്ഞു. ഇതാണ് അക്കിത്തം.
1970ല്‍ പുറത്തിറങ്ങിയ ‘കേസരി’യുടെ ‘നിളയുടെ ഇതിഹാസം’ എന്ന വിശേഷാല്‍പ്പതിപ്പിനുവേണ്ടി വിവരങ്ങള്‍ ശേഖരിക്കാന്‍ കോഴിക്കോട് ആകാശവാണിയില്‍ ചെന്നുകണ്ടതു മുതലാണ് അക്കിത്തവുമായുള്ള എന്റെ ബന്ധം ആരംഭിക്കുന്നത്. അന്ന് ഞാന്‍ കേസരിയുടെ പത്രാധിപരായിരുന്നു. അക്കിത്തം കോഴിക്കോട് ആകാശവാണിയില്‍ ഉദ്യോഗസ്ഥനുമായിരുന്നു.
ഞാന്‍, നിളയുടെ തീരത്തെ സാഹിത്യനായകന്മാരെയും കലാകാരന്മാരെയും തേടി നടക്കുന്ന കാലമായിരുന്നു. അക്കിത്തവും നിളയുടെ തീരത്തായിരുന്നു എന്നത് അദ്ദേഹവുമായി ബന്ധപ്പെടാന്‍ ഒരു നിമിത്തമായി. ആ ഉദ്യമത്തിനു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമുണ്ടായി. പിന്നീട് കേസരിയുടെ വാര്‍ഷികപ്പതിപ്പുകളില്‍ അദ്ദേഹത്തിന്റെ കവിത സ്ഥിരമായിരുന്നു. ഈ ബന്ധം തപസ്യ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനത്തിലേക്ക് വ്യാപിച്ചു. അടിയന്തരാവസ്ഥയില്‍ ഒളിവില്‍ കഴിയവെ വി.ടി. ഭട്ടതിരിപ്പാടിന്റെ വീട്ടിലിരുന്നു അക്കിത്തവുമായി ഏറെ നേരം സംസാരിക്കാന്‍ കഴിഞ്ഞിരുന്നു.
തപസ്യ വാര്‍ഷികം സാഹിത്യലോകത്തെ ഒരു സംഭവമാക്കണമെന്ന ആഗ്രഹം യാഥാര്‍ത്ഥ്യമാക്കുന്നതിന് അക്കിത്തവും സഹായിച്ചിട്ടുണ്ട്. കേരളത്തിലും പുറത്തുമുള്ള പ്രശസ്ത സാഹിത്യകാരന്മാരെ വാര്‍ഷികത്തില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചു. മഹാകവി അക്കിത്തത്തിന്റെ വ്യക്തിത്വവും സൗഹൃദവും ഇതില്‍ പ്രധാന പങ്കുവഹിച്ചു. ഇതോടെ അക്കിത്തത്തെ അതുവരെ കമ്മ്യൂണിസ്റ്റു പക്ഷത്തു കണ്ടവര്‍ അന്തംവിട്ടു. ആര്‍.എസ്.എസ്സുമായി ബന്ധപ്പെടുന്നവരെ മാറ്റിനിര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ അന്നും ശ്രമിച്ചിരുന്നു. തപസ്യ അതിന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നത് അക്കിത്തത്തിന്റെ പേരിലായതിനാല്‍ അദ്ദേഹത്തെ തഴയാന്‍ ശക്തമായ നീക്കങ്ങളുണ്ടായി. സംഘശാഖയില്‍ വരുന്ന ആളല്ലാഞ്ഞിട്ടും അദ്ദേഹത്തെ ആര്‍.എസ്.എസ്സുകാരന്‍ എന്ന് മുദ്രകുത്തി. ജ്ഞാനപീഠം ലഭിച്ച സന്ദര്‍ഭത്തില്‍പോലും കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത് ഇതാണ്.
ഒടുവില്‍ മാതൃഭൂമിയുടെ ഒരു അഭിമുഖം പ്രസിദ്ധീകരിക്കാന്‍ പോകുന്ന കാര്യം എന്നെ വിളിച്ചു സംസാരിച്ചു. താനെടുക്കുന്ന ഏതുകാര്യത്തിലും എന്റെ അഭിപ്രായം അറിയണമെന്ന് അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. മനസ്സിലുണ്ടാകുന്ന ഏതു സംശയത്തിനും പരിഹാരം കാണാന്‍ എന്നെ വിളിക്കാന്‍ മകന്‍ നാരയണനോടു പറയുമായിരുന്നു. ഏറ്റവും ഒടുവില്‍ അസുഖം എന്നറിഞ്ഞു നാരായണനെ വിളിച്ചപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല എന്ന മറുപടിയാണ് കിട്ടിയത്. വളരെ കാലത്തെ സ്‌നേഹബന്ധത്തിനു ഇനിയും തുടരാന്‍ കഴിയില്ലെന്ന് അപ്പോള്‍ ഞാന്‍ മനസ്സിലാക്കി.