തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ ആശങ്കകളും വൈസ് ചാന്‍സലര്‍ നിയമനത്തിലെ ക്രമക്കേടുകളും സര്‍ക്കാര്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം.എം. ഷാജി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല പ്രവര്‍ത്തനമാരംഭിക്കുന്നതോടുകൂടി സംസ്ഥാനത്തെ മറ്റ് സര്‍വ്വകലാശാലകളിലെ വിദൂര വിദ്യാഭ്യാസം നിര്‍ത്തലാക്കി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. സിലബസിനെക്കുറിച്ച് പോലും വ്യക്തതയില്ല.
ലക്ഷക്കണക്കിന് പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാവിപോലും പരിഗണിക്കാതെയുള്ള സര്‍ക്കാരിന്റെ ധൃതിപിടിച്ച തീരുമാനത്തില്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്കയിലാണ്. സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തേയും സര്‍ക്കാര്‍ അട്ടിമറിച്ചു. വൈസ്ചാന്‍സലര്‍ നിയമനത്തിനുള്ള യു.ജി.സി. ചട്ടങ്ങള്‍പോലും നോക്കാതെയാണ് സര്‍ക്കാര്‍ നിയമനം നടത്തിയിരിക്കുന്നത്. കൃത്യമായ രഹസ്യ അജണ്ടയുടെ ഭാഗമായിത്തന്നെയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിയമനം നടത്തിയിരിക്കുന്നത്. വൈസ് ചാന്‍സലര്‍ നിയമനത്തിലെ ക്രമക്കേടുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എബിവിപി ആവശ്യപ്പെട്ടു.