ഒരു രാഷ്ട്രത്തെ കീഴ്‌പ്പെടുത്താന്‍ ആദ്യം ചെയ്യേണ്ട് ആ രാഷ്ട്രത്തിന്റെ സംസ്‌കാരവാഹിനികളായ ഭാഷകളെ നശിപ്പിക്കുകയാണെന്ന് സാമ്രാജ്യത്വശക്തികള്‍ മുമ്പേ തിരിച്ചറിഞ്ഞിട്ടുണ്ട്. യൂറോകേന്ദ്രിതമായ സംസ്‌കാരം മൂന്നാം ലോകരാജ്യങ്ങളിലെ സംസ്‌കാരങ്ങളില്‍ അധിനിവേശം നടത്താനായി ഉപയോഗിച്ചത് ഈ മാര്‍ഗ്ഗമാണ്്. കെനിയന്‍ എഴുത്തുകാരനായ ഗൂഗിവാ തിയോംഗോ തന്റെ ‘അപകോളനിവല്‍ക്കരിക്കപ്പെട്ട മനസ്സ്’ എന്ന പുസ്തകത്തില്‍ ഇക്കാര്യം സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയുന്നുണ്ട്. തന്റെ സംസ്‌കൃതിയുടെ സ്വത്വമായ ഗിഗിയു ഭാഷയെ ബ്രിട്ടീഷുകാര്‍ നശിപ്പിച്ച വിധം വ്യക്തമാക്കി അതില്‍നിന്നും സ്വഭാഷയെ വീണ്ടെടുക്കാന്‍ നടത്തിയ ശ്രമങ്ങളാണ് തിയോംഗോ ആ പുസ്തകത്തില്‍ സൂചിപ്പിക്കുന്നത്. തിയോംഗോയെപ്പോലുള്ളവരുടെ ഇടപെടല്‍കൊണ്ട് കെനിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഭാഷാകോളനീകരണത്തില്‍ നിന്നും ഒരുവിധം കരകയറി. ഇസ്രായേലി ജനതയാവട്ടെ ഒരു പടികൂടിക്കടന്ന് ഭാഷാധിനിവേശത്തില്‍ നിന്നും കുതറിമാറി തങ്ങളുടെ ഭാഷയായ ഹീബ്രുവിനെ ലോകഭാഷകളുടെ നെറുകയില്‍ എത്തിച്ചു. 1890 ല്‍ എലൈസര്‍ ബെന്‍ യെഹൂദ സ്ഥാപിച്ച ‘ഹീബ്രു ലാംഗ്വേജ് കമ്മറ്റി’യില്‍ നിന്നും ആരംഭിക്കുന്നു ഹീബ്രുഭാഷയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഈ കമ്മറ്റി 1953 ല്‍ ‘അക്കാദമി ഓഫ് ഹീബ്രു ലാംഗ്വേജ്’ ആയി മാറുന്നു. സാഹിത്യം മാത്രമല്ല, ശാസ്ത്രവിഷയങ്ങളും അവര്‍ ഹീബ്രുവില്‍ കൈകാര്യം ചെയ്തു. അതുകൊണ്ടുതന്നെ അവര്‍ക്ക് ശാസ്ത്രവിഷയങ്ങളില്‍ മൗലികമായ കണ്ടെത്തലുകള്‍ നടത്താന്‍ എളുപ്പം കഴിഞ്ഞു. നൊബേല്‍ സമ്മാനിതരായ ഇസ്രായേലി ശാസ്ത്രജ്ഞന്‍മാരെ നോക്കുക. അവരില്‍നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. യൂറോകേന്ദ്രിത സാംസ്‌കാരികാധിനിവേശത്തിന്റെ വിഴുപ്പുമായി നടക്കുന്ന എല്ലാ മൂന്നാം ലോകരാജ്യങ്ങള്‍ക്കും ഇസ്രായേല്‍ ഒരു മാതൃകയായി മാറുന്നത് അതുകൊണ്ടാണ്.
1835 മുതല്‍ ഭാരതീയരും ഭാഷാധിനിവേശത്തിന്റെ ഇരകളാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസം നമുക്ക് പുതിയ ലോകവീക്ഷണം നല്‍കിയെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. എന്നാല്‍ അതോടൊപ്പം സ്വന്തം ഭാഷകളെക്കുറിച്ചുള്ള അവജ്ഞാമനോഭാവവും ബ്രിട്ടീഷുകാര്‍ നമ്മില്‍ അടിച്ചേല്‍പ്പിച്ചു. രാഷ്ട്രീയസ്വാതന്ത്ര്യം ലഭിച്ച് അരനൂറ്റാണ്ട് കഴിഞ്ഞെങ്കിലും നമ്മള്‍ ഈ മനോഭാവത്തില്‍ നിന്നും ഇപ്പോഴും സ്വതന്ത്രരായിട്ടില്ല. കേരളീയരാവട്ടെ ഇംഗ്ലീഷിനെ ഒന്നാംഭാഷയായും മാതൃഭാഷയെ രണ്ടാംഭാഷയുമാക്കി വിദ്യാലയങ്ങളില്‍ ഒരു ലജ്ജയുമില്ലാതെ പഠിപ്പിച്ചുപോന്നു. ഭാരതത്തില്‍ ഇതുവരെ നടപ്പിലാക്കിയ വിദ്യാഭ്യാസനയങ്ങളൊന്നും ഭാരതീയഭാഷകളുടെ സ്വത്വം സംരക്ഷിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചില്ല. ഈയൊരു പശ്ചാത്തലത്തില്‍ 2020 ജൂലായ് 29 ന് പുറത്തിറങ്ങിയ ദേശീയവിദ്യാഭ്യാസനയം ഭാരതീയഭാഷകളുടെ ഉന്നമനത്തിനു വേണ്ടി എന്തൊക്കെ പദ്ധതികളാണ് വിഭാവനം ചെയ്തത് എന്ന് പരിശോധിക്കേണ്ടതുണ്ട്.
2019 മെയ് മാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയവിദ്യാഭ്യാസനയത്തിന്റെ കരടുരേഖ പ്രസിദ്ധീകരിച്ചത്. ഡോ.കെ. കസ്തൂരിരംഗന്‍ അധ്യക്ഷനായ വിദ്യാഭ്യാസ വിചക്ഷണരുടെ സംഘം മുന്നോട്ടുവെച്ച ഈ കരടുരേഖയെക്കുറിച്ച് പൊതുസമൂഹത്തിന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള സമയം നല്‍കിയിരുന്നു. അങ്ങനെ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് അതിന്റകൂടി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ദേശീയവിദ്യാഭ്യാസനയം ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കിയിരുക്കുകയാണ്. കരടുരേഖ പ്രസിദ്ധീകരിച്ച കാലത്തുതന്നെ ദേശീയവിദ്യാഭ്യാസനയം ഏറെ ചര്‍ച്ചയ്ക്ക് വിധേയമായിട്ടുണ്ട്. അവയില്‍ ഏറ്റവും ശ്രദ്ധേയമായ സംവാദം നടന്നത് ഭാഷാപഠനവുമായി ബന്ധപ്പെട്ടാണ്. ദേശീയവിദ്യാഭ്യാസനയം വലിയതോതില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത് ചിരപുരാതനമായ ഭാരതീയ സംസ്‌കാരത്തിനാണ്. ഭാഷയിലൂടെയാണ് സംസ്‌കാരം പുതിയ തലമുറകളിലേക്ക് പകരുക എന്നതിനാല്‍ ദേശീയവിദ്യാഭ്യാസനയത്തില്‍ ഭാഷാപഠനത്തിന് സവിശേഷമായ സ്ഥാനമുണ്ട്. നാളിതുവരെയുള്ള ഭാഷാപഠനങ്ങളില്‍നിന്നും സമൂലമായ മാറ്റമാണ് പുതിയ നയം വിഭാവനം ചെയ്യുന്നത് എന്ന് നയരേഖയിലൂടെ കടന്നുപോകുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും.
ദേശീയവിദ്യാഭ്യാസ നയരേഖയില്‍ നാല് ഭാഗങ്ങളുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, മറ്റ് പ്രധാന മേഖലകള്‍, അവയുടെ നിര്‍വ്വഹണ ഭാഗം എന്നിവയാണവ. ആകെ 27 അദ്ധ്യായങ്ങളായി വിഭജിച്ച നയരേഖയില്‍ നാലാമത്തെ അദ്ധ്യായത്തിലും ഇരുപത്തിരണ്ടാമത്തെ അദ്ധ്യായത്തിലുമാണ് ഭാഷാപഠനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. നാലാമദ്ധ്യായത്തിലെ ‘ഭാഷാ ബഹുസ്വരതയും ഭാഷകളുടെ ശക്തിയും’ എന്ന ഭാഗത്തെ പതിനൊന്ന് മുതല്‍ ഇരുപത്തിരണ്ട് വരെയുള്ള സൂചകങ്ങളില്‍ സ്‌കൂള്‍ തലത്തിലുള്ള ഭാഷാപഠനത്തെക്കുറിച്ചാണ് മുഖ്യമായും പറയുന്നത്. ഈ സൂചകങ്ങളില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് നോക്കാം.
പ്രാഥമിക വിദ്യാഭ്യാസത്തില്‍ മാതൃഭാഷയ്ക്ക് സുപ്രധാന സ്ഥാനമാണ് ദേശീയവിദ്യാഭ്യാസനയം നല്‍കിയിരിക്കുന്നത്. മാതൃഭാഷയെത്തന്നെ പ്രാദേശികഭാഷ, വീട്ടുഭാഷ എന്നിങ്ങനെ രണ്ടായി തിരിക്കുന്നുണ്ട്. മാതൃഭാഷയുടെ മാനകരൂപമാണ് നിലവിലുള്ള പാഠ്യപദ്ധതിയിലുള്ളത്. മലയാളം ഉദാഹരണമായെടുക്കാം. കേരളത്തിന്റെ മാതൃഭാഷ മലയാളമാണെങ്കിലും ഓരോ പ്രദേശത്തിനനുസരിച്ചുള്ള മലയാളമാണ് കേരളീയര്‍ ഉപയോഗിക്കുന്നത്. പ്രാദേശികഭാഷ എന്നാണ് ഈ ഭാഷാഭേദത്തെ വിളിക്കുന്നത്. അതേസമയം പ്രാദേശികഭാഷയില്‍തന്നെ വ്യത്യാസമുണ്ട്. ഒരു പ്രദേശത്ത് തന്നെ താമസിക്കുന്നവര്‍ അവരവരുടെ വീടുകളില്‍ ഉപയോഗിക്കുന്നത് വേറിട്ട ഭാഷയാണ്. അങ്ങനെ വരുമ്പോള്‍ ഒരു കുഞ്ഞ് ആദ്യം പഠിക്കുന്നത് വീട്ടുഭാഷയാണ്. പിന്നീട് ആ കുഞ്ഞ് വളര്‍ന്നുവരുന്നതിനനുസരിച്ച് പ്രാദേശികഭാഷയും പിന്നീട് മാനകരൂപത്തിലുള്ള മാതൃഭാഷയും സ്വായത്തമാക്കുന്നു. നിലവിലെ പാഠ്യപദ്ധതിയില്‍ മാതൃഭാഷാപഠനം എന്നത് മാനകരൂപത്തിലുള്ള ഭാഷാപഠനമാണ്. എന്നാല്‍ പുതിയ വിദ്യാഭ്യാസനയത്തില്‍ ഇതിനൊരു സാരമായ മാറ്റം വരുത്തുന്നു. കുഞ്ഞ് ആദ്യമായി സ്വായത്തമാക്കുന്ന വീട്ടുഭാഷയും പ്രാദേശികഭാഷയും പ്രാഥമിക വിദ്യാഭ്യാസത്തില്‍ പരിഗണിക്കുന്നു. ഇത് ആശയവിനിമയം കടുതല്‍ വേഗത്തിലാക്കുന്നു. അഞ്ചാം ക്ലാസ്സുവരെ നിര്‍ബന്ധമായും, സാധിച്ചാല്‍ എട്ടാം ക്ലാസ്സുവരെയെങ്കിലും മാതൃഭാഷയ്ക്ക് പരിഗണന നല്‍കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. ഇത് പൊതുവിദ്യാഭ്യാലയങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും ഒരു പോലെ നടപ്പിലാക്കണം. അങ്ങനെവരുമ്പോള്‍ മാതൃഭാഷ പഠിക്കുന്നു എന്ന കാരണത്താല്‍ ഒരു വിദ്യാര്‍ത്ഥിയും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥിയേക്കാള്‍ പിന്നിലാവുന്നില്ല. നമ്മുടെ നാട്ടില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്ക് ഇനിമുതല്‍ വലിയ പ്രസക്തിയില്ലെന്നര്‍ത്ഥം. മാതൃഭാഷയെ സംരക്ഷിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗം വേറെയില്ല.
ശാസ്ത്രവിഷയങ്ങള്‍ മാതൃഭാഷയില്‍ പഠിക്കാന്‍ അവസരമൊരുങ്ങുന്നു എന്നതാണ് മറ്റൊരു പ്രസക്തമായ കാര്യം. കുട്ടികളിലേക്ക് ശാസ്ത്രവിഷയങ്ങള്‍ പ്രാദേശികഭാഷയില്‍ പകരാന്‍ ദ്വിഭാഷാസമീപനമാണ് അദ്ധ്യാപകര്‍ സ്വീകരിക്കുക. അതായത് പാഠപുസ്തകങ്ങള്‍ മാതൃഭാഷയിലും ഇംഗ്ലീഷിലും ലഭ്യമാകും. രണ്ട് ഭാഷയിലും അദ്ധ്യാപകര്‍ പഠിപ്പിക്കും. ശാസ്ത്ര-ഗണിതശാസ്ത്രവിഷയങ്ങളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ദ്വിഭാഷാ പാഠപുസ്തകങ്ങളും പഠനസാമഗ്രികളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നയം വ്യക്തമാക്കുന്നു. മാതൃഭാഷയിലും ഇംഗ്ലീഷിലും പുസ്തകങ്ങള്‍ ലഭിക്കുമ്പോള്‍ കൂടുതല്‍ സമഗ്രമായി കാര്യങ്ങള്‍ ഗ്രഹിക്കാനും ചിന്തിക്കാനും സംസാരിക്കാനും പഠിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. ഇസ്രായേലുകാര്‍ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണിത്. ശാസ്ത്രവിഷയങ്ങള്‍ മാതൃഭാഷയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആ വിഷയങ്ങളില്‍ മൗലികമായ ഗവേഷണം നടത്താന്‍ എളുപ്പമായിരുക്കും. 1953 ല്‍ ഇസ്രായേലുകാര്‍ സ്വീകരിച്ച ആ മാര്‍ഗ്ഗം വൈകിയാണെങ്കിലും നമ്മള്‍ നടപ്പിലാക്കാന്‍ പോവുന്നു. ഭാരതത്തിന്റെ ഗവേഷണരംഗം ഭാവിയില്‍ വന്‍ കുതിച്ചുചാട്ടം നടത്താന്‍ പോവുന്നു എന്ന് സാരം.
രണ്ട് വയസ്സിനും എട്ട് വയസ്സിനും ഇടയിലാണ് ഭാഷകള്‍ പഠിക്കാന്‍ ഏറ്റവും എളുപ്പമെന്ന് വിവിധ ഗവേഷണ പഠനങ്ങള്‍ പറയുന്നുണ്ട്. അതിനാല്‍ വിവിധ ഭാഷകളുമായി കുട്ടികള്‍ പരിചയപ്പെടുന്നതിന് ഈ പഠനഘട്ടം ഉപയോഗപ്പെടുത്തണം എന്ന് നയം നിര്‍ദ്ദേശിക്കുന്നു. അതേസമയം മാതൃഭാഷയിന്‍മേലുള്ള ഊന്നല്‍ കുറക്കാനും പാടില്ല. സംഭാഷണങ്ങളിലൂടെയും വായനയിലൂടെയും എഴുത്തിലൂടെയും വിവിധ ഭാഷകളിലേക്ക് കുട്ടി പ്രവേശിക്കേണ്ടത് മൂന്നാം ക്ലാസ്സ് മുതലാണ്. അതിനാല്‍ കേന്ദ്രവും സംസ്ഥാനങ്ങളും വിവിധ ഭാഷാദ്ധ്യാപകരുടെ സാന്നിധ്യം സ്‌കൂളുകളില്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ഭാഷകളുടെ കാര്യത്തില്‍. എല്ലാ സംസ്ഥാനങ്ങളും അവരവരുടെ ത്രിഭാഷാ പദ്ധതിയില്‍ വരുന്ന ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനായും വിവിധ ഭാരതീയ ഭാഷകളെ സംയോജിപ്പിക്കുന്നതിനായും ഉഭയകക്ഷി കരാറുകളിലേര്‍പ്പെടാം. അതോടൊപ്പം വിവിധ ഭാഷകള്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഭാഷാപഠനം ജനകീയമാക്കുന്നതിനും സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം എന്നുകൂടി വിദ്യാഭ്യാസ നയത്തില്‍ പ്രത്യേകം പറയുന്നുണ്ട്.
സംസ്ഥാനങ്ങളിലെ മാതൃഭാഷ, ദേശീയഭാഷയെന്ന നിലയില്‍ ഹിന്ദി, ലോകഭാഷയെന്ന നിലയില്‍ ഇംഗ്ലീഷ് എന്നിങ്ങനെയാണ് നിലവിലുള്ള ത്രിഭാഷാപദ്ധതി. ത്രിഭാഷാപദ്ധതിക്കെതിരെ ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ വിയോജിപ്പിനു പിന്നില്‍ ഭാഷാമൗലികവാദമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നിലവിലെ ത്രിഭാഷാപദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നത് ഭാഷാമൗലികവാദത്തിന് കീഴടങ്ങുന്നതിന് തുല്യമാവും. ഇക്കാര്യം പരിഗണിച്ചാവണം ത്രിഭാഷാ പദ്ധതി ചില മാറ്റങ്ങളോടെ തുടരാന്‍ പുതിയ നയം തീരുമാനിച്ചത്. ഭരണഘടനാ വ്യവസ്ഥകള്‍, ജനങ്ങളുടെയും പ്രദേശങ്ങളുടെയും രാജ്യത്തിന്റെയും പൊതുവായ അഭിലാഷങ്ങള്‍, ബഹുഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ദേശീയൈക്യം പ്രോത്സാഹിപ്പിക്കപ്പെടേണ്ട ആവശ്യകത തുടങ്ങിയവ മുന്‍നിര്‍ത്തി ത്രിഭാഷാ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കാനാവില്ല എന്ന് വിദ്യാഭ്യാസനയം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അതില്‍ ചില അയവുകള്‍ വരുത്തും. ഒരു സംസ്ഥാനത്തും ഏതെങ്കിലും ഭാഷ നിര്‍ബന്ധമായും പഠിക്കണം എന്ന് നിഷ്‌കര്‍ഷിക്കില്ല. മൂന്നുഭാഷകള്‍ സംസ്ഥാനങ്ങള്‍ക്കോ പ്രദേശങ്ങള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ തെരെഞ്ഞെടുക്കാം. എന്നാല്‍ മൂന്നു ഭാഷകളില്‍ രണ്ടെണ്ണം നിര്‍ബന്ധമായും ഭാരതീയ ഭാഷകളായിരിക്കണം. അതോടൊപ്പം ആറ്, ഏഴ് ക്ലാസ്സുകളിലെത്തുമ്പോള്‍ വിദ്യാര്‍ത്ഥിക്ക് ഒന്നിലധികം തവണ ത്രിഭാഷകളില്‍ മാറ്റം വരുത്തി തെരഞ്ഞെടുക്കാന്‍ സാധിക്കും. സെക്കന്ററി വിദ്യാഭ്യാസം കഴിയുന്നതോടുകൂടി കുട്ടികള്‍ക്ക് ഏതെങ്കിലുമൊരു ഭാഷയിലെ സാഹിത്യമുള്‍പ്പെടെ മൂന്നു ഭാഷകളില്‍ അടിസ്ഥാന ധാരണയുണ്ടാവണം. വളരെ അയവുള്ള ഒരു ത്രിഭാഷാപദ്ധതിയാണിത്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു എന്ന തമിഴ്‌നാട്ടുകാരുടെ പരാതിക്ക് ഇതൊരു പരിഹാരമാണ്. എന്നാല്‍ ഹിന്ദിയെ ഓപ്ഷണല്‍ ഭാഷയാക്കി ചുരുക്കുമ്പോള്‍ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ സാധാരണക്കാര്‍ക്ക് വലിയ പ്രശ്‌നമുണ്ടാക്കും. ഭാരതത്തിന്റെ ഭരണസിരാകേന്ദ്രങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മാത്രമല്ല ഗള്‍ഫ്‌നാടുകളില്‍വരെ ഹിന്ദിക്ക് വലിയ പ്രാധാന്യമുണ്ട്. നിലവിലുള്ള ഹിന്ദിപഠനം കൊണ്ട് ഇത്തരം നാടുകളില്‍ചെന്ന് സാധാരണക്കാര്‍ക്ക് ആശയവിനിമയം നടത്താന്‍ സാധിക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം. ആശയവിനിമയവുമായി ബന്ധപ്പെട്ട പ്രായോഗികമായ ഹിന്ദിപഠനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആവശ്യമാണ്. എന്നാല്‍ പുതിയ വിദ്യാഭ്യാസ നയത്തില്‍ ഇക്കാര്യം പരിഗണിച്ചിട്ടില്ല.
ലോകത്തെ വികസിതരാജ്യങ്ങളിലെല്ലാം സ്വന്തം ഭാഷയിലൂടെ പഠനം സാധ്യമാവുന്ന തരത്തിലാണ് വിദ്യാഭ്യാസനയം രൂപീകരിച്ചിട്ടുള്ളത് എന്ന് ദേശീയവിദ്യാഭ്യാസനയം വിഭാവനം ചെയ്ത വിചക്ഷണര്‍ മനസ്സിലാക്കുന്നുണ്ട്. സ്വന്തം ഭാഷയും സംസ്‌കാരവും പാരമ്പര്യവും ആഴത്തില്‍ പഠിക്കുന്നത് വിദ്യാഭ്യാസപരവും സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റത്തിന് കാരണമാവും എന്ന് ആ രാജ്യങ്ങള്‍ തെളിയിച്ചതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഭാരതീയ ഭാഷകളാവട്ടെ ലോകത്തെ ഏറ്റവും ശാസ്ത്രീയവും സമ്പന്നവും സുന്ദരവുമായ ഭാഷകളാണ്. രാജ്യത്തിന്റെ സാംസ്‌കാരികസ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന, പ്രാചീനവും ആധുനികവുമായ സാഹിത്യകൃതികളും (ഗദ്യവും പദ്യവും) സംഗീതവും സിനിമകളും സൃഷ്ടിക്കപ്പെട്ടത് ഈ ഭാഷകളിലാണ്. ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരത്തെ അടുത്തറിയാനും അതുവഴി ദേശീയോദ്ഗ്രഥനം സാധ്യമാക്കാനും വരും തലമുറ ഈ ഭാഷകള്‍ പഠിക്കേണ്ടതുണ്ട്. ഭാരതീയ ഭാഷകളുടെ ശക്തിസൗന്ദര്യങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയവരാണ് ദേശീയവിദ്യാഭ്യാസനയം തയ്യാറാക്കിയത് എന്ന് ഇവിടെ വ്യക്തമാണ്.
ആറുമുതല്‍ എട്ടു വരെയുള്ള ക്ലാസ്സുകളില്‍ ഭാരതീയഭാഷകള്‍ എന്ന വിഷയത്തില്‍ രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥികളും ഒരു രസകരമായ പ്രൊജക്റ്റ് വര്‍ക്കില്‍ ഏര്‍പ്പെടണമെന്ന് വിദ്യാഭ്യാസനയം നിഷ്‌കര്‍ഷിക്കുന്നു. ‘ഏക ഭാരതം ശ്രേഷ്ഠഭാരതം’ എന്ന് പേരിട്ട ഈ പ്രവര്‍ത്തനത്തില്‍ ഭാരതത്തിലെ പ്രധാനപ്പെട്ട ഭാഷകളുടെ ഭാഷാപരമായ ഐക്യത്തെക്കുറിച്ചാണ് അന്വേഷിക്കുക. ഭാരതീയഭാഷകളുടെ പൊതുവായ ഉച്ചാരണരീതികള്‍, വ്യാകരണഘടനകള്‍, ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ അവയിലെ ലിപിയും അക്ഷരങ്ങളും സംസ്‌കൃതത്തില്‍നിന്നും മറ്റ് ക്ലാസ്സിക്കല്‍ ഭാഷകളില്‍നിന്നും സ്വീകരിക്കപ്പെട്ട പദസഞ്ചയങ്ങള്‍, ഇവ തമ്മിലുള്ള ആഴത്തിലുള്ള ആന്തരികബന്ധങ്ങള്‍, വ്യത്യാസങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഈ പ്രൊജക്റ്റ് വര്‍ക്കിന്റെ ഭാഗമാവും. ഭാരതീയഭാഷകള്‍ പ്രധാനമായും സംസാരിക്കുന്ന ഭൂപ്രദേശങ്ങള്‍, ഈ ഭാഷകളില്‍ പൊതുവായി ഉപയോഗിക്കുന്ന ശൈലികള്‍, പ്രയോഗങ്ങള്‍, അവയില്‍ രചിക്കപ്പെട്ട സാഹിത്യകൃതികള്‍(പരിഭാഷയുടെ സഹായത്തോടെ), ആദിവാസിഭാഷകളുടെ പൊതുവായ ഘടന, പ്രകൃതം തുടങ്ങിയ വിഷയങ്ങള്‍ ഈ ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കും. വൈവിധ്യത്തിലും ഏകത്വം കാത്തുസൂക്ഷിക്കുന്ന ഭാരതത്തിന്റെ മഹത്തായ പൈതൃകത്തെ മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കും. ഭാരതത്തിന്റെ വ്യത്യസ്ത സ്ഥലങ്ങളില്‍ താമസിക്കുന്ന രണ്ട് വ്യക്തികള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ അപരിചിതത്വം തോന്നാത്തവിധം തമ്മില്‍ അടുത്തറിയാന്‍ ഈ ഭാഷാപഠനം സഹായിക്കും. എന്നാല്‍ ഈ പഠനത്തില്‍ ഒരിക്കലും ഭാഷകളെ തമ്മില്‍ താരതമ്യം ചെയ്ത് വിലയിരുത്തല്‍ നടത്താന്‍ പാടില്ല. പരസ്പരവിരുദ്ധമെന്നോ ഒരിക്കലും തമ്മില്‍ ചേരാത്തതെന്നോ ഒക്കെ നമ്മള്‍ ഇതുവരെ കരുതിയിരുന്ന ഭാരതീയഭാഷകളെ ഉന്നതമായ ഒരു ലക്ഷ്യത്തിനുവേണ്ടി നമ്മള്‍ ചേര്‍ത്തുപിടിക്കുകയാണ്. ഒരു ഭാഷയും മറ്റൊരു ഭാഷയില്‍നിന്ന് ഉയര്‍ന്നതോ താഴ്ന്നതോ അല്ല എന്ന ബോധ്യം കുട്ടികളിലുണ്ടായാല്‍ അക്കാരണംകൊണ്ടുതന്നെ നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ആദര്‍ശത്തില്‍ അവര്‍ എത്തിച്ചേരും. ഭാഷയിലൂടെ സാംസ്‌കാരികമായ സമന്വയം എന്ന വലിയ ലക്ഷ്യമാണ് ഈ പദ്ധതികൊണ്ട് സാധിക്കുക. ഭാഷാ മൗലികവാദത്തെ ചെറുക്കാനുള്ള മാര്‍ഗ്ഗംകൂടിയാണിത്.
ക്ലാസ്സിക്കല്‍ ഭാഷാ-സാഹിത്യത്തിന്റെ പ്രസക്തിയും ശക്തിസൗന്ദര്യങ്ങളും ദേശീയവിദ്യാഭ്യാസനയം പരിഗണിക്കുന്നുണ്ട്. ക്ലാസ്സിക്കല്‍ ഭാഷകളില്‍ പരമപ്രധാനമായ സംസ്‌കൃതത്തെ ഈ നയം ഗൗരവമായി സമീപിക്കുന്നു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ വരുന്ന സംസ്‌കൃതം ലോകത്തിലെതന്നെ ഏറ്റവും പ്രാചീനമായ ഭാഷകളിലൊന്നാണ്. ഈ ഭാഷയിലെ സാഹിത്യത്തെ അടിസ്ഥാനമാക്കി നോക്കിയാല്‍ ഗ്രീക്ക്, ലാറ്റിന്‍ തുടങ്ങിയ ഭാഷകളേക്കാള്‍ മുന്നിലാണ് സംസ്‌കൃതമെന്ന് കാണാം. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, വ്യാകരണം, സംഗീതം, രാഷ്ട്രതന്ത്രം, വൈദ്യശാസ്ത്രം, ലോഹസംസ്‌കരണശാസ്ത്രം, ശില്പകല, കാവ്യശാസ്ത്രം, നാടകം തുടങ്ങിയ അനേകം വിഷയങ്ങളിലുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ സംസ്‌കൃതത്തിലുണ്ട്. ഇവയൊക്കെ രചിച്ചതാവട്ടെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് ജീവിച്ച മനീഷികളാണ്. അതിനാല്‍ സംസ്‌കൃത പഠനം നമ്മുടെ സംസ്‌കാരചരിത്രം അടുത്തറിയാനുള്ള മാര്‍ഗ്ഗമാണ്. സംസ്‌കൃത പഠനത്തിന് സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും പ്രാധാന്യമുണ്ടെങ്കിലും ഉപരി വിദ്യാഭ്യാസത്തിലാണ് അതിന് കൂടുതല്‍ പ്രാധാന്യം. ത്രിഭാഷാ പദ്ധതിയില്‍ സംസ്‌കൃതത്തെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘സംസ്‌കൃത വിജ്ഞാന പദ്ധതി’ എന്ന് പേരിട്ട ഈ ഭാഷാപഠനത്തില്‍ സംസ്‌കൃതത്തിന്റെ സമകാലിക പ്രസക്തമായ ആശയങ്ങള്‍ രസകരമായി പഠിക്കാം. അതിനനുയോജ്യമായ പാഠപുസ്തകങ്ങളാണ് നിര്‍മ്മിക്കുക. ഫൗണ്ടേഷണല്‍ സ്റ്റേജിലും മിഡില്‍ സ്റ്റേജിലും ലളിതമായ സംസ്‌കൃതമായിരിക്കുമുണ്ടാവുക. സംസ്‌കൃതഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ വിദ്യാഭ്യാസനയത്തിന്റെ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത് ഹീബ്രുഭാഷയാണെന്ന് നിസ്സംശയം പറയാം.
(തുടരും)