സപ്തംബര്‍ പതിനേഴാം തീയതി പാര്‍ലമെന്റ് പാസാക്കിയ മൂന്ന് ബില്ലുകള്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കയാണല്ലോ. കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ടതാണ് ഈ ബില്ലുകള്‍. കര്‍ഷക ശക്തീകരണ സംരക്ഷണബില്ലാണ് ഒന്നാമത്തേത്
സ്വതന്ത്ര ഭാരതത്തിന്റെ എഴുപതാം വര്‍ഷത്തില്‍ നടക്കുന്ന, ഈ നിയമനിര്‍മ്മാണത്തിലൂടെ ഭാരതത്തിലെ കര്‍ഷകരെ കാര്‍ഷിക ബിസിനസിന്റെയും ഭക്ഷ്യ സംസ്‌കരണത്തിന്റെയും, മൊത്ത കച്ചവടത്തിന്റെയും കയറ്റുമതിയുടെയും വലിയ മേഖലകളിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് കാര്‍ഷികോല്പന്ന വ്യാപാര വാണിജ്യബില്‍. നിലവിലുള്ള നിയമ തടസ്സങ്ങളെ ഒഴിവാക്കിക്കൊണ്ട് രാജ്യത്തിന്റെ എല്ലാ ഭാഗത്തും കര്‍ഷകന്റെ ഉല്‍പ്പന്നങ്ങള്‍ സ്വതന്ത്രമായി വിറ്റഴിക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിനു വേണ്ടിയുള്ളതാണ്. അവശ്യവസ്തു നിയമഭേദഗതിബില്‍ അവശ്യവസ്തു നിയമത്തിന്റെ തിരുത്തല്‍ ആണ്.
മേല്‍പ്പറഞ്ഞ മൂന്ന് ബില്ലുകളുടെയും അവതരണം ഭാരതചരിത്രത്തിലെ ഒരു സുവര്‍ണ്ണ ഏടു തന്നെയാണ്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം കഴിഞ്ഞിട്ടും, ഭാരതത്തിലെ കര്‍ഷകന് സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. കര്‍ഷകന്‍ ഒഴികെ മറ്റെല്ലാ ഉല്‍പാദകര്‍ക്കും അവരുടെ ഉല്‍പ്പന്നം രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും കൊണ്ടുചെന്ന് വിറ്റഴിക്കാനും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാല്‍ കര്‍ഷകര്‍ മാത്രം അവന്റെ ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പ്രദേശത്ത് മാത്രം വിറ്റഴിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. ഇത് വലിയ തോതിലുള്ള ചൂഷണത്തിനും കൊള്ളക്കും ഇടത്തട്ടുകാരുടെ സൈ്വര്യ വിഹാരത്തിനും കര്‍ഷകനെ വിട്ടുകൊടുത്തു. കൃഷിഭൂമിയില്‍നിന്ന് കര്‍ഷകന് ലഭിക്കുന്ന വിലയുടെ 100 ഇരട്ടി വരെ മാര്‍ക്കറ്റില്‍ വില ലഭിച്ചാലും അതില്‍ ഒരു പങ്കുപോലും കര്‍ഷകന് ലഭിക്കാത്ത അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്. (ഉദാ: വെളുത്തുള്ളി).
ഈ പറഞ്ഞ ബില്ലുകളുടെ അവതരണം കേവലമൊരു നിയമ പരിഷ്‌കരണം മാത്രമല്ല, ആത്മനിര്‍ഭര്‍ ഭാരത് എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള വലിയ ഒരു ചുവടുവെപ്പ് കൂടിയാണ്. ഭാരതത്തിന്റെ മഹനീയ സംസ്‌കാരവും പാരമ്പര്യവും അനുസരിച്ച് ഭക്ഷണം, മരുന്ന്, വിദ്യ എന്നിവ വിലയ്ക്ക് വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടായിരുന്നില്ല.
മുഗളന്മാരുടെയും പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും കടന്നുവരവോടുകൂടിയാണ് ചന്ത സമ്പ്രദായം ഭാരതത്തില്‍ രൂപപ്പെട്ടത്. ബ്രിട്ടീഷുകാര്‍ 1928 ല്‍ അത് നിയമ പ്രാബല്യത്തോടെ നടപ്പില്‍ വരുത്തി. അങ്ങിനെ വിപണികള്‍ക്ക് നിയമപരിരക്ഷ ലഭിച്ചു. കര്‍ഷകനെ രക്ഷിക്കുവാനും ഉയര്‍ന്ന വില ലഭിക്കുവാനും എന്ന വ്യാജേനയാണ് അന്ന് വിദേശികള്‍ ഈ ചൂഷണ സമ്പ്രദായം ഇന്ത്യയില്‍ ആവിഷ്‌കരിച്ചത്. അതുകൊണ്ടുതന്നെ മാര്‍ക്കറ്റുകള്‍ക്ക് കര്‍ഷകനേക്കാള്‍ ഏറെ പ്രതിബദ്ധത വ്യാപാരികളോടുമാത്രമായിരുന്നു. വിശാലമായ ഭാരതത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ വിളയുന്ന ഉല്‍പ്പന്നങ്ങള്‍ വിദേശത്തേക്കു സംഭരിക്കുവാന്‍ ഒരു സംഭരണകേന്ദ്രം വേണമായിരുന്നു. ആ സൗകര്യം മുന്‍നിര്‍ത്തിയാണ് വിദേശികള്‍ ഇന്ത്യയില്‍ മാര്‍ക്കറ്റ് സമ്പ്രദായം തുടങ്ങിവച്ചത്. അതുകൊണ്ടുതന്നെ അവിടുത്തെ എല്ലാ നിയമങ്ങളും കര്‍ഷക വിരുദ്ധവും കച്ചവട താല്‍പര്യത്തിന് അനുയോജ്യവും മാത്രമായിരുന്നു.
മണ്ഡി സമ്പ്രദായം
ഇപ്രകാരം ഉടലെടുത്ത മണ്ഡി സമ്പ്രദായം പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഉത്തരപ്രദേശിലെ ചില ജില്ലകളിലും ഇന്നും തുടരുന്നുണ്ട്. 2019 ജനുവരി മാസത്തില്‍ പാര്‍ലമെന്റിന്റെ ‘ജോയിന്റ് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മറ്റി ഫോര്‍ അഗ്രിക്കള്‍ച്ചര്‍’ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നത് മണ്ഡി സമ്പ്രദായം അഴിമതിയുടെ കൂത്തരങ്ങും രാഷ്ട്രീയ അധിനിവേശത്താല്‍ തകര്‍ന്നതും കച്ചവട വ്യവസായ താല്‍പര്യങ്ങള്‍ മാത്രം നിലനില്‍ക്കുന്നതും കര്‍ഷകനെ പരിപൂര്‍ണ്ണമായും തകര്‍ക്കുന്നതും ആണ് എന്നാണ്.
ഈ സ്റ്റാന്‍ഡിങ് കമ്മറ്റിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും അകാലിദളും ഉള്‍പ്പെടെ പാര്‍ലമെന്റിലെ കക്ഷികള്‍ അടങ്ങിയിരുന്നു എന്നുള്ളതാണ് സത്യം. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വസ്തുതകള്‍ നടപ്പാക്കിയ ബിജെപി ഗവണ്‍മെന്റിനെതിരെ ആണ് ഇന്ന് അവര്‍ സമരരംഗത്ത് ഇറങ്ങിയിരിക്കുന്നത്. മണ്ഡി സമ്പ്രദായം ഒരു ജില്ലയില്‍ മാത്രം പ്രവര്‍ത്തനപരിധി ഉള്ളതും, ഏജന്റമാരാല്‍ നിയന്ത്രിക്കപ്പെടുന്നതുമാണ്. മണ്ഡി ഭരണാധികാരികള്‍ പരിപൂര്‍ണ്ണമായും രാഷ്ട്രീയ വിധേയത്വം ഉള്ള ആള്‍ക്കാരാണ്. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മറ്റി എന്ന് അറിയപ്പെടുന്ന ഈ എപിഎം സി കള്‍ 2477 എണ്ണം ആണ് നിലവിലുള്ളത്. ഇവയുടെ ലൈസന്‍സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാലായിരത്തില്‍പരം ഉപമണ്ഡികള്‍ കൂടി ചേര്‍ത്താല്‍ പോലും 6000 നും 7000 നും ഇടയിലുള്ള മണ്ഡി നെറ്റ്‌വര്‍ക്കാണ് ഇന്ന് ഉത്തരേന്ത്യ ഭരിക്കുന്നത്. ഇവയ്ക്ക് കീഴില്‍ പഞ്ചാബില്‍ മാത്രം 28,000 ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നു. ഏജന്റുമാര്‍ എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ലോട്ടറി ഏജന്റുമാരെ പോലെയല്ല എന്ന് നാം തിരിച്ചറിയണം. ഓരോ മണ്ഡി ഏജന്റും 4000 കോടിയില്‍ ഏറെ വിറ്റുവരവുള്ള വമ്പന്‍ കച്ചവടക്കാരനാണ്. ഇവരുടെ കീഴില്‍ ആയിരക്കണക്കിന് രജിസ്‌ട്രേഡ് കര്‍ഷകര്‍ ഉണ്ടായിരിക്കും. അവര്‍ കൃഷി ഇറക്കുന്നതിനുവേണ്ടി പണം കടം വാങ്ങുന്നത് ഈ മണ്ഡി ഏജന്റുമാരില്‍ നിന്നാണ്. അവര്‍ നിര്‍ദ്ദേശിക്കുന്ന അളവിലും വിലയ്ക്കും അനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി നല്‍കുന്ന അടിമകള്‍ മാത്രമാണ് ഉത്തരേന്ത്യയിലെ ഇന്നത്തെ കര്‍ഷകര്‍. കാരണം ഈ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത് ഈ ഏജന്റുമാരാണ്. എന്നാല്‍ വിലകുറഞ്ഞതിന്റെ പേരില്‍ ഈ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നം മറ്റെവിടെയെങ്കിലും കൊണ്ടുപോയി വിറ്റഴിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഈ മണ്ഡികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന 2 ശതമാനം നികുതിയും മണ്ഡി ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന നാല് ശതമാനം യൂസേഴ്‌സ് ഫീയും, ഏജന്റുമാര്‍ക്ക് ലഭിക്കുന്ന 6% കമ്മീഷനും ഉള്‍പ്പെടെ 12 ശതമാനം വിലയാണ് കര്‍ഷകന് തുടക്കത്തില്‍ തന്നെ നഷ്ടമാവുന്നത്. ഈ നഷ്ടം പുതിയ നിയമം വരുന്നതോടെ ഇല്ലാതാവുകയാണ്. അതായത് മണ്ഡി ഏജന്റുമാര്‍ക്കും മണ്ഡി ഭരണാധികാരികള്‍ക്കും സംസ്ഥാന സര്‍ക്കാരിനും നഷ്ടം ഉണ്ടാകും എന്നര്‍ത്ഥം. എന്നാല്‍ മണ്ഡി സമ്പ്രദായം നിരോധിക്കുന്നില്ല. അവ തുടരുക തന്നെ ചെയ്യും. മണ്ഡിയില്‍ കച്ചവടം നടത്തണം എന്ന് ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് ആ സംവിധാനം തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്.
ഇന്ന് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നടക്കുന്നു എന്നു പറയുന്ന സമരങ്ങള്‍ക്കു പിന്നില്‍ മണ്ഡി ഏജന്റുമാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും കച്ചവടക്കാരുമാണ്. ഇവരാണ് ജനങ്ങളെ ഇളക്കിവിടുന്നത്. അതിനായി അവര്‍ നടത്തുന്നത് നൂറുശതമാനം കള്ള പ്രചരണങ്ങളാണ്. മണ്ഡി സമ്പ്രദായം നിരോധിച്ചു എന്നും സര്‍ക്കാര്‍ സംഭരണം അവസാനിപ്പിച്ചു എന്നും മിനിമം താങ്ങു വില എടുത്തുകളഞ്ഞു എന്നും മറ്റുമുള്ള കള്ള പ്രചരണങ്ങളാണ് അവര്‍ നടത്തുന്നത്. മാത്രമല്ല ഇന്നലെവരെ നമ്മുടെതായിരുന്നു മാര്‍ക്കറ്റുകള്‍ നാളെ മുതല്‍ അംബാനി-അദാനിമാര്‍ വന്ന് കീഴടക്കും എന്നും അവര്‍ നിങ്ങളെ വഞ്ചിക്കും എന്നും നിങ്ങള്‍ക്ക് ഇനി ആത്മഹത്യ അല്ലാതെ മറ്റു മാര്‍ഗ്ഗം ഇല്ല എന്നുമുള്ള ഭീതിയാണ് ഭരണാധികാരികളും അവരെ പിന്‍പറ്റി ജീവിക്കുന്ന ഏജന്റുമാരും വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഈ പ്രചരണത്തിന് ഭാരതത്തിലെ പല മാധ്യമങ്ങളും കൂട്ടു നില്‍ക്കുന്നുണ്ട് എന്നുകാണാം.
വിദേശ ഫണ്ടിംഗ്
വിദേശ ഫണ്ട് കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന പല എന്‍.ജി.ഒകളും ഇതിന്റെ പിന്നില്‍ ഉണ്ട് എന്നുള്ള വസ്തുത പകല്‍ പോലെ വ്യക്തമായി വരികയാണ്. ഈ ബില്ല് ഓര്‍ഡിനന്‍സായി പുറത്തുവരുന്നതിന് നാല് മാസങ്ങള്‍ക്ക് മുന്‍പ് പഞ്ചാബ്, ഹരിയാന പ്രദേശങ്ങളില്‍ വീടുവീടാന്തരം ഇത്തരം വിദേശ ഏജന്‍സികള്‍ യാത്ര നടത്തിയിരുന്നു. അവര്‍ കര്‍ഷകരെയും മണ്ഡി മുതലാളിമാരെയും വ്യാപാരികളെയും സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞു: വരാന്‍ പോകുന്ന കാലം നിങ്ങള്‍ക്ക് കഷ്ടകാലം ആയിരിക്കും. ഈ സര്‍ക്കാരിനെതിരെ വലിയ പ്രക്ഷോഭം നടത്തണം. എഫ് സി ആര്‍ എ കളിലൂടെ കോടികള്‍ വിദേശത്തുനിന്ന് ലഭിച്ചുവരുന്ന ഇത്തരം എന്‍ ജി ഒകള്‍ ഭാരതത്തില്‍ വലിയ ആശയക്കുഴപ്പം വിതക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആണവ വൈദ്യുത ഉല്പാദന രംഗത്ത് ഇത്തരം എന്‍ജിഒകളുടെ കള്ള പ്രചരണവും രാജ്യവിരുദ്ധമായ നീക്കങ്ങളും നേരത്തെ തന്നെ വ്യക്തമായിട്ടുള്ളതാണ്. വാണിജ്യ വ്യവസായ സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളില്‍ ഭാരതം ലോകത്തിനുമേല്‍ നേടുന്ന ആധിപത്യം സഹിക്കാന്‍ സാധിക്കാത്ത വിദേശ നിക്ഷിപ്ത താല്‍പര്യ ശക്തികളാണ് ഇത്തരം എന്‍.ജി.ഒകളെ ഉപയോഗിച്ച് ഭാരതത്തില്‍ കലാപത്തിന് കോപ്പു കൂട്ടുന്നത്.
(തുടരും)