ചെറുതുരുത്തി: കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട് ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിനായി നിളാ നദീ വിജ്ഞാനകേന്ദ്രം ആരംഭിച്ചു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം.രാജീവന് വിജ്ഞാന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിന്റെ സഹകരണത്തോടെ സ്വദേശീ ശാസ്ത്രപ്രസ്ഥാനവും നിളാവിചാരവേദിയും സംയുക്തമായാണ് ഭാരതപ്പുഴയുടെ സംരക്ഷണത്തിനും പോഷണത്തിനുമായി നിളാനദീ വിജ്ഞാനകേന്ദ്രം ആരംഭിച്ചത്.
ജലസംരക്ഷണവുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകള്‍ ഏകോപിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്. സംസ്ഥാന സര്‍ക്കാരും മറ്റ് എജന്‍സികളും നടത്തുന്ന പദ്ധതികള്‍ ഏകോപിപ്പിച്ച് നിള പുനരുജ്ജീവനപദ്ധതിക്ക് വഴിയൊരുക്കും. ഭാരതപ്പുഴ റിവര്‍ ബേസനിലെ മാറ്റങ്ങള്‍ നിരീക്ഷിച്ച് ശാസ്ത്രീയമായ അപഗ്രഥനം നടത്തുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഡോ.എം.രാജീവന് പറഞ്ഞു.
ഓണ്‍ലൈന്‍ വഴി നടന്ന ഉദ്ഘാടന ചടങ്ങില്‍ സ്വദേശീശാസ്ത്ര പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍.ആര്.സഞ്ജീവന്, നിളാ വിചാരവേദി സ്ഥാപകന്‍ ജെ.നന്ദകുമാര്‍, വിജ്ഞാന് ഭാരതി ഓര്‍ഗനൈസിംഗ് സെക്രട്ടറി വിനയ് സഹസ്ര ബുദ്ധെ, നിളാ വിജ്ഞാനകേന്ദ്രം ഇന്‍ചാര്‍ജ്ജ് ഡോ.എ.ആര്.ആര് മേനോന്, വിവേക് പൈ, ഡോ.പി.പ്രമോദ്, വിപിന്‍ കൂടിയേടത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നിളാസംരക്ഷണ പ്രവര്‍ത്തകര്‍ അശോകമരത്തൈ നട്ടു.