നല്ല പോലെ ഗൃഹപാഠം നടത്തിയിട്ടാണ് പ്രൊട്ടസ്റ്റന്റ് സഭ ഇവിടെയും മതപരിവര്‍ത്തനത്തിന് ഇറങ്ങിയത്. മതപരിവര്‍ത്തനത്തിന് സഭകള്‍ ബൈബിളിനെയോ ക്രിസ്തുവിനെയോ അല്ല ആശ്രയിച്ചിരുന്നത്. മതപരിവര്‍ത്തനം ലക്ഷ്യം വെച്ച് അവര്‍ പല വിഷയങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്നു. അതിലൊന്നായിരുന്നു തിരുവിതാംകൂറിലെ സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. മേല്‍മുണ്ട് സമരം, മാറുമറക്കല്‍ സമരം, തോള്‍ശീല സമരം എന്നെല്ലാം പിന്നീട് ഈ വിഷയം ചരിത്രത്തില്‍ അറിയപ്പെട്ടു. ഈ സമരത്തെ ഹിന്ദു സമൂഹം പ്രാകൃതന്മാരാണെന്ന രീതിയില്‍ മിഷണറി മാര്‍ പ്രചരിപ്പിക്കുകയും ഇവിടെ നവോത്ഥാനം ഉണ്ടാക്കിയത് തങ്ങളാണെന്ന് സ്ഥാപിക്കുന്നതില്‍ മിഷണറിമാര്‍ വിജയിക്കുകയും ചെയ്തു. നമ്മുടെ ബഹുഭൂരിപക്ഷം ചരിത്ര-പാഠപുസ്തകങ്ങളും പിന്നീട് ഈ രീതിയിലാണ് ചമക്കപ്പെട്ടത്.
ഏത് ചരിത്രത്തിനും ഒരു പിന്നാമ്പുറ ചരിത്രമുണ്ട്. ഏത് ചരിത്രത്തിനും ഒരു പശ്ചാത്തലമുണ്ട്. എന്നാല്‍ അജണ്ട വെച്ചുള്ള ചരിത്രരചന എല്ലാ അര്‍ത്ഥത്തിലും ചരിത്ര നിര്‍മ്മിതിയാണ്. ബ്രിട്ടീഷുകാരും അവരാല്‍ ആനയിക്കപ്പെട്ട ചരിത്രകാരന്മാരും ഇവിടെ നടത്തിയത് ചരിത്ര നിര്‍മ്മിതിയാണ്. അതുകൊണ്ട് തന്നെയാണ് ഇന്നത് തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മാറുമറക്കല്‍ സമരത്തിന്റെ ചരിത്ര പശ്ചാത്തലം പ്രാധാന്യമുള്ളതാണ്.
ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് തെക്കേ അറ്റത്ത് വ്യാപിച്ചുകിടക്കുന്നതാണ് നാടാര്‍ സമൂഹം. അവരുടെ അഭിമാനോജ്ജ്വലമായ നിരവധി കഥകള്‍ ഈ സമൂഹത്തോട് പററിച്ചേര്‍ന്ന് കിടക്കുന്നു. തമിഴ്‌നാട്ടിലെ ശിവകാശിയുടെ കഥ ഇതിനൊരു ഉദാഹരണമാണ്.
നാടാര്‍ സമുദായത്തിലെ പ്രഗല്‍ഭനായ ഒരു നേതാവായിരുന്നു ഹരി കേസരി. ഹിന്ദു സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ ഇവര്‍ സനാതനധര്‍മ്മം പറയുന്നതുപോലെയുള്ള തീര്‍ത്ഥാടനങ്ങളും ക്ഷേത്ര ദര്‍ശനങ്ങളും നടത്തുന്നവരായിരുന്നു. ഒരിക്കല്‍ ഹരി കേസരിയുടെ നേതൃത്വത്തിലുള്ള നാടാര്‍ സംഘം കാശിയിലേക്ക് തീര്‍ത്ഥാടനം നടത്തി. തിരിച്ചുവരുമ്പോള്‍ ഗംഗാ നദിയില്‍ നിന്ന് ഒരു ശിവലിംഗം കൊണ്ടുവരികയും അത് ഒരു ഗ്രാമത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. നാടാര്‍ സമൂഹം ധാരാളം ഉള്ള ഒരു ഗ്രാമമായിരുന്നു അത്. അവര്‍ തങ്ങളുടെ നേതാവ് ഹരി കേസരി നടത്തിയ പ്രതിഷ്ഠയെ ഭക്ത്യാദരപൂര്‍വം പൂജിക്കുവാന്‍ തുടങ്ങുകയും ആ പ്രതിഷ്ഠ പ്രശസ്തമാകുകയും ചെയ്തു. ഭക്തജനങ്ങള്‍ ഇടമുറിയാതെ അങ്ങോട്ട് ഒഴുകി. അതുവരെ വെറും സാധാരണ ഗ്രാമം ആയിരുന്ന ആ പ്രദേശത്തിന് ശിവകാശി എന്ന് പേരു വീണു. കാശിയില്‍ നിന്ന് കൊണ്ടുവന്ന ശിവലിംഗമായിരുന്നു അവിടത്തെ പ്രതിഷ്ഠയെന്നതിനാല്‍ പൊതുജനങ്ങള്‍ പറഞ്ഞ് പറഞ്ഞ് ആ സ്ഥലത്തിന് ശിവകാശി എന്ന് പേര് വരികയായിരുന്നു.
തിരുവിതാംകൂറിനെക്കാള്‍ കൂടുതല്‍ തമിഴ്‌നാടായിരുന്നു നാടാര്‍ സമൂഹത്തിന്റെ ആവാസ കേന്ദ്രം. തിരുവിതാംകൂറിലും ഇപ്പോള്‍ കേരളത്തിലുമൊക്കെ താമസിക്കുന്ന നാടാര്‍മാരുടെ നിരവധി ബന്ധു കുടുബങ്ങള്‍ അന്നും ഇന്നും തമിഴ്‌നാട്ടിലുണ്ട്. ഇവര്‍ തമ്മില്‍ വിവാഹങ്ങളും ആഘോഷങ്ങളിലും ഇടവേളകളിലും പോക്കുവരവും സ്ഥിരമായിരുന്നു. തമിഴ്‌നാട്ടില്‍ മാറുമറച്ച് ജീവിക്കുന്ന ഒരു നാടാര്‍ പെണ്‍കുട്ടിയെ തിരുവിതാംകൂറിലേക്ക് വിവാഹം കഴിച്ചുകൊണ്ടുവന്നാല്‍ അവര്‍ക്ക് തിരുവിതാംകൂറില്‍ മാറ് മറയ്ക്കുവാന്‍ അവകാശമില്ലായിരുന്നു. തിരിച്ച് തിരുവിതാംകൂറിലെ മാറ് മറക്കാത്ത യുവതി തമിഴ്‌നാട്ടിലേക്ക് വിവാഹിതയായാല്‍ അവര്‍ക്ക് അവിടെ മാറ് മറയ്ക്കാം. പ്രൊട്ടസ്റ്റന്റ് സഭക്കാര്‍ വരുന്നത് വരെ ഇതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. ഈ രണ്ട് പ്രദേശങ്ങളും തമ്മില്‍ വലിയൊരു രക്തബന്ധം തന്നെ ഉണ്ടായിരുന്നു.
തമിഴ്‌നാട്ടിലെയും തിരുവിതാംകൂറിലെയും സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ വലിയ അന്തരം ഉണ്ടായിരുന്നു. അരക്ക് കീഴ്‌പ്പോട്ടും കാല്‍മുട്ടിന് മുകളിലേക്കുമുള്ള ശരീരഭാഗങ്ങളായിരുന്നു തിരുവിതാംകൂറിലെ സ്ത്രീ പുരുഷന്മാരുടെ നഗ്‌നത പ്രദേശം. അതുകൊണ്ട് ആ ശരീരഭാഗം അവര്‍ മറച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട്ടിലെ സ്ത്രീകളുടെ നഗ്‌നത സങ്കല്‍പ്പത്തില്‍ കഴുത്ത് മുതല്‍ കീഴ്‌പ്പോട്ട് മുഴുവനും ഉണ്ടായിരുന്നു. മാറിടം മറക്കല്‍ ഇതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു.
ഇതിന് ഭൂമിശാസ്ത്രപരമായിട്ടുള്ള ഒരു കാരണം ഉണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ ധാരാളം പരുത്തിക്കൃഷി ഉണ്ടായിരുന്നു. കേരളത്തില്‍ പരുത്തി കൃഷി ഇല്ല. കേരളത്തിലേക്ക് തമിഴ് ദേശത്ത് നിന്ന് കാളവണ്ടിയില്‍ വേണം പരുത്തി തുണികള്‍ എത്തുവാന്‍. ചിലവ് കൂടുതലാണ്. ആവശ്യക്കാര്‍ തീരെ കുറവ്. അതുകൊണ്ട് തന്നെ തിരുവിതാംകൂറില്‍ വസ്ത്രം ഒരു ആര്‍ഭാട വസ്തുവായിരുന്നു. പൊക്കിളിന് താഴെയും കാല്‍മുട്ടിന് മുകളിലുമായി നിലവിലുള്ള വസ്ത്രധാരണം അപര്യാപ്തമാണെന്നോ അപരിഷ്‌കൃതമാണെന്നോയുള്ള ഒരു തോന്നല്‍ ഇവിടത്തെ സമൂഹത്തിന് ഉണ്ടായിരുന്നില്ല. ഇന്നും നമ്മുടെ നാട്ടില്‍ ഷര്‍ട്ടിടാതെ നടക്കുന്ന കോടിക്കണക്കിന് പുരുഷന്മാരെ കാണുന്ന പോലെ തന്നെയായിരുന്നു സ്ത്രീകളെയും കണ്ടിരുന്നത്.
രാജാവിനെ വരെ ഭരിക്കുന്ന വിദേശികള്‍ തങ്ങളെക്കാളും ശക്തരും അറിവും പാണ്ഡിത്യവുമുള്ളവരാണെന്ന ധാരണ രാജ്യത്തിലുണ്ടായിരുന്നു. വിദേശികള്‍ തങ്ങളുടെതായതിനെയെല്ലാം തന്നെ ശ്രേഷ്ഠമാക്കുകയും ഇതിന് തടസ്സമാകുന്ന എല്ലാത്തിനെയും തകര്‍ക്കുകയും ചെയ്തു. വിദേശികളും അവരുടെ മതവും വിശ്വാസവും ഭാഷയും അവരുടെ സംസ്‌കാരവും നിറവും വസ്ത്രധാരണവും ആയുധങ്ങളും പുസ്തകങ്ങളുമെല്ലാം കേമം. ഇതിന്റെയൊക്കെ ഭാഗമാകുകയെന്നത് ഒരു മികവായി പലരും കരുതി.
വസ്ത്രധാരണത്തിന് എക്കാലവും ലോകത്തിലെവിടെയും മതവും ജാതിയുമായി ബന്ധമുണ്ടായിരുന്നു. ഇന്നും നിരവധി സമൂഹങ്ങളെയും അവരുടെ വിശ്വാസങ്ങളെയും വസ്ത്രധാരണം നോക്കി തിരിച്ചറിയാം. തിരുവിതാംകൂറിലും ഈ അവസ്ഥ ഉണ്ടായിരുന്നു. തിരുവിതാംകൂറില്‍ ബ്രാഹ്മണ സ്ത്രീകള്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ മാത്രമാണ് മാറ് മറച്ചിരുന്നത്. രാജകുടുംബത്തിലെ ക്ഷത്രിയ സ്ത്രീകള്‍ നായര്‍ അടക്കമുള്ള മറ്റ് താഴ്ന്ന ജാതിക്കാരുടെ മുമ്പില്‍ മാറ് മറച്ചിരുന്നു. പക്ഷെ ബ്രാഹ്മണരുടെ മുമ്പില്‍ അവര്‍ മാറ് മറക്കില്ല. നായര്‍ സ്ത്രീകള്‍ക്ക് അവരുടെ മേല്‍ജാതിക്കാരായ ബ്രാഹ്മണ ക്ഷത്രിയന്‍മാര്‍ക്ക് മുമ്പില്‍ മാറ് മറക്കുവാന്‍ അവകാശമില്ല. എന്നാല്‍ നായരെക്കാള്‍ താഴെയായി കണക്കാക്കപ്പെട്ടിരുന്ന നാടാര്‍, ഈഴവാദി ജാതികള്‍ക്ക് മുമ്പില്‍ നായര്‍ സ്ത്രീകള്‍ മാറ് മറച്ചിരുന്നു. ചുരുക്കത്തില്‍ അക്കാലത്ത് മാറ് മറക്കല്‍ സ്ത്രീയെ സംബന്ധിച്ചേടത്തോളം അവരുടെ മേല്‍ജാതി മഹത്വം കാണിക്കുവാനുള്ള ഒരു അടയാളമായിരുന്നു. അക്കാലത്ത് തുണിയാല്‍ മറയ്ക്കാത്ത സ്ത്രീ മാറിടത്തെ നഗ്‌നതയായോ അശ്ലീലമായോ ലൈംഗിക അവയവമായോ ഒരു ആകര്‍ഷണ കേന്ദ്രമായോ ഒന്നും ആരും കണ്ടിരുന്നില്ല. ഇത് മറയ്ക്കുവാന്‍ തുടങ്ങുന്നതോടെയാണ് സ്ത്രീ മാറിടം പ്രത്യേകതകള്‍ ഉള്ള മേല്‍ പറഞ്ഞ വിശേഷ ഗുണങ്ങള്‍ ഉള്ള ഒരു അവയവമായി മാറുന്നത്. തിരുവിതാംകൂറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയിരുന്ന നാടാര്‍ സ്ത്രീകള്‍ അവിടെ വസ്ത്രധാരണത്തിന്റെ എല്ലാ സൗകര്യങ്ങളും ജാതി മേന്മയും അനുഭവിച്ച് തിരിച്ച് നാട്ടിലെത്തുമ്പോള്‍ ഇവിടെ വീണ്ടും പഴയപോലെ അര്‍ദ്ധനഗ്‌നരാകേണ്ടി വരുന്നതില്‍ ചിലര്‍ക്കുള്ള താല്‍പര്യക്കുറവ് മിഷണറിമാര്‍ ശ്രദ്ധിച്ചിരുന്നു. നഗ്‌നത മറയ്ക്കാത്തതിലുള്ള വിഷമമൊന്നുമായിരുന്നില്ല ഈ അസ്വസ്ഥതകള്‍ക്ക് കാരണം. മറിച്ച് വസ്ത്രധാരണം ഒരു പരിഷ്‌ക്കാരത്തിന്റെയും സാമൂഹ്യ ഔന്നത്യത്തിന്റെയും ജാതിമേന്മയുടെയും അടയാളമായിരുന്നു. തുണിയുടുത്താല്‍ കിട്ടുന്ന ഈ മേല്‍ സ്ഥിതി കളയുവാന്‍ അവര്‍ ഒരുക്കമായിരുന്നില്ല.
വസ്ത്രധാരണത്തോടുള്ള സ്ത്രീകളുടെ, പ്രത്യേകിച്ച് തമിഴ്‌നാട് സംസര്‍ഗമുള്ള നാടാര്‍ സ്ത്രീകളുടെ അഭിനിവേശം തിരിച്ചറിഞ്ഞ് അത് മുതലെടുക്കുവാന്‍ ആദ്യം രംഗത്ത് വന്നത് പ്രൊട്ടസ്റ്റന്റ് സഭയായ ‘ലണ്ടന്‍ മിഷന്‍ സൊസൈറ്റി’ എന്ന എല്‍.എം.എസ് സഭയായിരുന്നു. മത പ്രചരണത്തിനിറങ്ങിയ എല്‍.എം.എസ് സഭ മതം മാറുന്നവര്‍ക്ക് മാറുമറയ്ക്കുവാനുള്ള അവകാശം നല്‍കാമെന്ന് വാഗ്ദാനം നല്‍കി. ഇതനുസരിച്ച് മണ്‍റോ 1812 ല്‍ ഒരുമാറുമറക്കല്‍ വിജ്ഞാപനം പുറത്തിറക്കി. നാടാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ തമിഴ് ശൈലിയില്‍ മേല്‍മുണ്ടുകൊണ്ട് മാറിടം മറയ്ക്കുന്ന വിജ്ഞാപനത്തെ സവര്‍ണ വിഭാഗം എതിര്‍ത്തു. കാരണം മാറ് മറക്കല്‍ അന്ന് ആചാരലംഘനമായിരുന്നു. ഒരു സവര്‍ണ-അവര്‍ണ ഏറ്റുമുട്ടലിനുള്ള വഴിയൊരുക്കുവാന്‍ സഭ വീണ്ടും പദ്ധതി തയ്യാറാക്കി. ഈ വിജ്ഞാപനത്തിലൂടെ സമൂഹത്തില്‍ ഒരു കലക്കലിന് തുടക്കം കുറിക്കുവാന്‍ മാത്രമേ മിഷണറിമാര്‍ ഉദ്ദേശിച്ചുള്ളു. പ്രാവര്‍ത്തികമാക്കുവാന്‍ താല്‍പ്പര്യമില്ലാത്ത ഒരു നിയമത്തെച്ചൊല്ലി സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കുക. ഈ അസ്വസ്ഥതകള്‍ സ്വഭാവികമായും കെട്ടടങ്ങുവാന്‍ തുടങ്ങിയപ്പോള്‍ 1813 ല്‍ മണ്‍റോ വേറൊരു ഉത്തരവ് ഇറക്കി. ഇത് അനുസരിച്ച് മേല്‍മുണ്ട് ഇല്ലാതെ ജാക്കറ്റ് ഉപയോഗിക്കുവാന്‍ ക്രിസ്ത്യന്‍ വനിതകള്‍ക്ക് അനുവാദം നല്‍കി. പക്ഷെ വനിതകള്‍ക്ക് ആവശ്യം ജാക്കറ്റല്ല മേല്‍മുണ്ടായിരുന്നു.
മിഷണറിമാര്‍ ബൈബിളും കുരിശുമൊക്കെ മാറ്റിവെച്ച് മേല്‍മുണ്ട് വിഷയവുമായി വീടുവീടാന്തരം കയറി ഇറങ്ങി. രണ്ട് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും മേല്‍മുണ്ട് ധരിക്കുവാന്‍ കഴിയാത്ത വിഭാഗങ്ങള്‍ മിഷണറിമാരെ വിശ്വസിച്ചില്ല. തുടര്‍ന്ന് 1814ല്‍ കേണല്‍ മണ്‍റോ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച ഒരു ഉത്തരവ് കൂടി ഇറക്കി. ഈ ഉത്തരവ് മുന്‍ ഉത്തരവുകളുടെ ഒരു ആവര്‍ത്തനം തന്നെയായിരുന്നു. ഇതനുസരിച്ച് ഈഴവ നാടാര്‍ സ്ത്രീകള്‍ക്ക് ജാക്കറ്റ് ഉപയോഗിക്കുവാന്‍ അനുവാദം കിട്ടി. എന്നാല്‍ ജാക്കറ്റ് തിരുവിതാംകൂറിന് പരിചിതമായിരുന്നില്ല. ഇതും മിഷണറിമാര്‍ തന്നെ ഉണ്ടാക്കി കൊടുത്തു. കഴുത്തിന് താഴെ മുതല്‍ പൊക്കിളിന് മുകള്‍ഭാഗം വരെയുള്ള ഒരു അയഞ്ഞ വസ്ത്രമായിരുന്നു ജാക്കറ്റ്. ജാക്കറ്റ് ധരിക്കാം. പക്ഷെ അവര്‍ നായര്‍ സ്ത്രീകളെപ്പോലെ മാറിന് മുകളില്‍ മേല്‍മുണ്ട് ധരിക്കുവാന്‍ പാടില്ല. കാരണം ഈ മേല്‍മുണ്ട് ഒരു ജാതി മേന്മയുടെ അടയാളമാണ്.
ഈ ഉത്തരവ് ഇറങ്ങുന്ന കാലഘട്ടത്തില്‍ കേണല്‍ മണ്‍റോ സര്‍വശക്തനായിരുന്നു. അയാള്‍ ഒരേ സമയം തിരുവിതാംകൂറിലെ റസിഡന്റും ദിവാനുമായിരുന്നു. ഒരു ഉത്തരവിനും മറ്റൊരാളുടെ കൈയ്യൊപ്പ് വേണ്ട. തന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമാണ് ഇദ്ദേഹം നിയമങ്ങള്‍ ഉണ്ടാക്കിയിരുന്നത്. ജാക്കറ്റ് ധരിക്കുവാന്‍ ഉത്തരവ് ഇറക്കുവാന്‍ അധികാരം ഉള്ള മണ്‍റോക്ക് അതിന് മുകളില്‍ ഒരു മേല്‍മുണ്ട് ഇടാനുള്ള കാര്യം തീരുമാനിക്കുവാനുള്ള അധികാരവും ഉണ്ടായിരുന്നു.എന്നാല്‍ തന്ത്രപൂര്‍വം അയാളത് ചെയ്തില്ല. എല്ലാം അനുവദിച്ച് കൊടുത്താല്‍ പിന്നെ സംഘര്‍ഷത്തിന് സാധ്യതയില്ല. പകരം ഈ മേല്‍മുണ്ട് ഇടാനും ഇടാതിരിക്കാനും വേണ്ടി ജാതികള്‍ തമ്മില്‍ ഏറ്റുമുട്ടണം. നാളുകള്‍ നീണ്ടുനില്‍ക്കുന്ന സവര്‍ണ-അവര്‍ണ സംഘട്ടനത്തിന് ഈയൊരു തുണിക്കഷ്ണം നിമിത്തമാകുമെങ്കില്‍ മിഷണറിമാര്‍ക്ക് അതല്ലേ സന്തോഷകരം. ഇങ്ങനെയൊരു നിയമം സായിപ്പ് പ്രഖ്യാപിച്ചെങ്കിലും അത് നടപ്പിലാക്കുവാന്‍ സായിപ്പ് തയ്യാറായില്ല. നടപ്പിലാക്കാത്ത നിയമത്തെ ചൊല്ലിയുള്ള കലഹം രാജ്യത്ത് ചൂടുപിടിച്ചു. മണ്‍റോ ഉദ്ദേശിച്ച പോലെ തന്നെയാണ് കാര്യങ്ങള്‍ നീങ്ങിയത്. വര്‍ഷങ്ങള്‍ സംഘര്‍ഷഭരിതമായി മുന്നോട്ട് നീങ്ങി.
ജാതി സംഘട്ടനം രൂക്ഷമായി. ഒരു ഭാഗത്ത് നായര്‍ അടക്കം രാജാവുമായി ബന്ധമുള്ള ആളുകളും മറുഭാഗത്ത് മറ്റ് ജാതികളും അണിനിരന്നു. നായര്‍ വിപരീതം നാടാര്‍ എന്ന രീതിയില്‍ ഈ സംഘര്‍ഷം ശക്തി പ്രാപിച്ചു. നായരും നാടാരും ശത്രുക്കളെപ്പോലെ മുഖാമുഖം പോര്‍ക്കളത്തില്‍ നിന്നു. മണ്‍റോ തന്ത്രം വന്‍ വിജയമായി
1822 ല്‍ കല്‍ക്കുളം ചന്തയില്‍ വെച്ച് മാറ് മറച്ച് എത്തിയ നാടാര്‍ സ്ത്രീകളെ നായര്‍ ഭടന്മാര്‍ ആക്രമിച്ചു. അവര്‍ സ്ത്രീകളുടെ ജാക്കറ്റ് വലിച്ചു കീറി. മതം മാറി മേല്‍മുണ്ട് സ്വാതന്ത്ര പ്രഖ്യാപനം നടത്തിയ നാടാന്‍മാരുടെ വിജയാഘോഷം അംഗീകരിച്ച് കൊടുക്കുവാന്‍ നായര്‍ വിഭാഗം തയ്യാറായില്ല. ജാക്കറ്റ് ധരിക്കുവാന്‍ വേണ്ടി നടത്തിയ മതം മാറ്റം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും നാടാരായി ജനിച്ചവര്‍ മരണം വരെ നാടാര്‍ തന്നെയാണെന്നും അവര്‍ പ്രഖ്യാപിച്ചു.
മാറ് മറയ്ക്കുവാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ക്രിസ്ത്യാനിയായിട്ടെന്ത് കാര്യം. മതം മാറിയവര്‍ തിരിച്ച് പോക്ക് ആലോചിച്ചു. അന്ന് പ്രൊട്ടസ്റ്റന്റ് സഭയുടെ നേതാവായിരുന്ന റവ.ഫാദര്‍ മിഡ് മാറ് മറയ്ക്കല്‍ നിയമം പ്രാവര്‍ത്തികമാക്കണമെന്നാവശ്യപ്പെട്ട് പത്മനാഭപുരം കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തു.
അന്ന് കോടതിയും കൊട്ടാരവുമെല്ലാം പൂര്‍ണമായി പ്രൊട്ടസ്റ്റന്റ് സഭയുടെ വരുതിയിലായിരുന്നു. തിരുവിതാംകൂറില്‍ ജഡ്ജിമാരെ നിയമിച്ചിരുന്നത് മണ്‍റോയുടെ കാലം തൊട്ട് പ്രൊട്ടസ്റ്റന്റ് സഭയുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന നിലയിലായിരുന്നു. ഇവര്‍ സഭയുടെ ആളുകളും ഇവരില്‍ പലവരും പ്രൊട്ടസ്റ്റന്റ് മിഷണറിമാരുമായിരുന്നു. ഫാദര്‍ മിഡ് ഫയല്‍ ചെയ്ത കേസില്‍ മിഡ് പറഞ്ഞതെല്ലാം ശരിയാണെന്ന് പറഞ്ഞുകൊണ്ട് പിറ്റെ ദിവസം തന്നെ കോടതി വിധി വന്നു. ഒറ്റ ദിവസം കൊണ്ട് വാദവും വിധിയും കഴിഞ്ഞുവെന്ന് ചുരുക്കം. നാടാന്‍മാര്‍ ക്രിസ്ത്യാനികളായതോടെ അവര്‍ നാടാന്‍മാര്‍ അല്ലാതെയായെന്നും ഇനി മുതല്‍ അവര്‍ ക്രിസ്ത്യാനികളാണെന്നും അതുകൊണ്ട് ക്രിസ്ത്യാനികള്‍ക്കുള്ള എല്ലാ അവകാശങ്ങളും മതം മാറിയവര്‍ക്കും കൊടുക്കാനുമായിരുന്നു വിധി.
എന്നാല്‍ ഇതുകൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. ആരും മദ്ധ്യസ്ഥതയ്ക്ക് ഇടപെട്ടില്ല. സംഘര്‍ഷം സായിപ്പ് ആഗ്രഹിച്ചത് പോലെ നീണ്ടുനിന്നു. മതം മാറിയ നാടാന്‍മാര്‍ക്കും അവരോടൊപ്പമുള്ള മറ്റ് വിഭാഗങ്ങള്‍ക്കും ആളും അര്‍ത്ഥവും നല്‍കി മിഷണറി സംഘം കൂടെ നിന്നു. 1828ല്‍ ഇതൊരു വലിയ കലാപമായി മാറി. അഥവ നായര്‍-നാടാര്‍ സംഘര്‍ഷമായി മാറി.
ഒരു കലാപത്തെ പേടിച്ച് മാത്രം ഒരു രാജ്യത്തിനും ഒരു നിയമം ഉണ്ടാക്കുവാന്‍ കഴിയില്ല. മിഷണറിമാര്‍ നാടാര്‍ സമൂഹത്തെ കുത്തി ഇളക്കുമ്പോള്‍ തന്നെ നായര്‍ സമൂഹവും ശക്തമായിരുന്നു. കൊട്ടാരവും ഭരണവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങളില്‍ ഇവരെ ഒഴിവാക്കുക എളുപ്പമായിരുന്നില്ല. ഭരണപരിചയവും കൊട്ടാര പാരമ്പര്യവും അന്ന് നായരോളം മറ്റൊരു സമുദായത്തിനും ഉണ്ടായിരുന്നില്ല. രാജ്യത്തെ പ്രധാന വരുമാന സ്രോതസ്സായ നികുതി പിരിവിന്റെ കുത്തക നായന്മാര്‍ക്കായിരുന്നു. അതുകൊണ്ട് തന്നെ മിഷണറിമാരുടെ താല്‍പര്യാര്‍ത്ഥം ദിവാന്‍ ഉത്തരവുകള്‍ ഇറക്കുമ്പോള്‍ തന്നെ ഉദ്യോഗസ്ഥരുടെ താല്‍പര്യങ്ങളും പരിഗണിക്കേണ്ടി വന്നിരുന്നു. ജാക്കറ്റാകാം എന്നാല്‍ അതിന് മുകളില്‍ മേല്‍ശീല (മാറുമറയക്കല്‍)പറ്റില്ല എന്ന നിലപാടില്‍ നായര്‍ പക്ഷം ഒടുവില്‍ എത്തി. മിഷണറിമാരുടെ പിന്തുണയുള്ള മതപരിവര്‍ത്തന ലോബിയോട് ദീര്‍ഘകാല ഏറ്റുമുട്ടല്‍ സാധ്യമല്ലെന്ന തോന്നല്‍ നായന്മാരിലും ബ്രിട്ടീഷുകാര്‍ ഉണ്ടാക്കി. അതൊരു ഒത്തുതീര്‍പ്പ് വ്യവസ്ഥയാക്കി. 1829 ഫെബ്രുവരി 3ന് ഉത്തരവ് ഇറങ്ങി. ഹിന്ദുക്കളായി നിലനില്‍ക്കുന്ന നാടാര്‍ (ചാന്നാര്‍) സ്ത്രീകള്‍ മാറു മറയ്ക്കുവാന്‍ പാടില്ല. എന്നാല്‍ മതം മാറിയവര്‍ക്ക് കുപ്പായം ധരിക്കാം. മതം മാറിയവര്‍ക്ക് കുപ്പായം ധരിക്കാമെന്ന വ്യവസ്ഥ നായന്മാരെ കൊണ്ട് അംഗീകരിപ്പിച്ചുവെന്നത് മിഷണറിമാരുടെ തന്ത്രപരമായ വിജയമായിരുന്നു. ഇതോടെ മതം മാറി ജാക്കറ്റ് ധരിക്കുന്നവര്‍ സുരക്ഷിതരായി. ജാക്കറ്റ് വലിച്ചു കീറല്‍ പോലുള്ള ആക്രമണങ്ങള്‍ക്ക് വിരാമമായി. മതം മാറുന്നവര്‍ക്ക് ജാക്കറ്റൊക്കെ ധരിച്ച് നടക്കാമെന്ന സ്ഥിതി വന്നു. മിഷണറിമാര്‍ ഹിന്ദു ഭവനങ്ങളില്‍ ജാക്കറ്റും കൊണ്ട് മതം മാറ്റാന്‍ മേഞ്ഞു നടന്നു.
(തുടരും)