ചിന്തകനും ഗ്രന്ഥകാരനുമായ പി.കേശവന്‍നായരുടെ ജീവിതസ്മരണകളുടെ സമ്പുടമാണ് ‘ചുവപ്പിനപ്പുറം’ എന്ന പുസ്തകം. ദീര്‍ഘകാലം സി.ഐ.ടി.യുവിന്റെ നേതൃനിരയില്‍ തലയെടുപ്പോടെ നിലകൊണ്ടിരുന്ന പി.കേശവന്‍നായര്‍, ധൈഷണിക സത്യസന്ധതയുടെ നേര്‍പ്രതീകമെന്ന നിലയിലാണ് ചിന്താലോകത്തറിയപ്പെടുന്നത്. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം അപ്രായോഗികവും അശാസ്ത്രീയവും മനുഷ്യവിരുദ്ധവുമാണെന്ന് വിപുലമായ ഗ്രന്ഥസമ്പര്‍ക്കത്തിലൂടെയും ജീവിതാനുഭവങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞ വ്യക്തിയാണ് പി.കേശവന്‍നായര്‍. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആശയപരമായ പാപ്പരത്തത്തിലേക്കും അവിശുദ്ധമായ വഴികളിലേക്കും വീണുപോയതായി തിരിച്ചറിഞ്ഞ വേളയില്‍ പി.കേശവന്‍ നായര്‍ സ്വീകരിച്ച ആദര്‍ശാധിഷ്ഠിത നിലപാട് പൊതുപ്രവര്‍ത്തകര്‍ക്കാകെ മാതൃകയായി നമ്മുടെ മുമ്പില്‍ നിലനില്‍ക്കുന്നുണ്ട്. ആധുനിക ശാസ്ത്രവും ആദ്ധ്യാത്മികതയും തമ്മിലുള്ള ആത്മബന്ധത്തെ അധികരിച്ച് പി.കേശവന്‍ നായര്‍ രചിച്ച കനപ്പെട്ട ഗ്രന്ഥങ്ങള്‍ നമ്മുടെ ചിന്താലോകത്തിലെ ഉയര്‍ന്ന ഗോപുരങ്ങളാണ്. സ്റ്റീവന്‍ ഹോക്കിംഗ്‌സിലേക്കും ശാങ്കരദര്‍ശനത്തിലേക്കും ഗാന്ധിസത്തിലേക്കും വിവേകാനന്ദസാഹിത്യത്തിലേക്കും ഈ ചിന്തകന്‍ പര്യടനം നടത്തിയതിന്റെ സത്ഫലങ്ങളായി നമുക്ക് ലഭിച്ച ഗ്രന്ഥങ്ങള്‍ ഉപരിപഠനങ്ങളര്‍ഹിക്കുന്നവയാണ്.
‘ചുവപ്പിനപ്പുറം’ എന്ന ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം, ഗ്രന്ഥശീര്‍ഷകത്തില്‍ നിന്ന് വ്യക്തമാവുന്നപോലെ ചുവപ്പിനപ്പുറം ഒരു ലോകമുണ്ടെന്ന തിരിച്ചറിവിന്റെ തിളക്കമേറ്റുവാങ്ങുന്നു. പി.കേശവന്‍നായരുടെ ബാല്യകാലം മുതല്‍ പിന്നിട്ട ഓരോ ജീവിതപ്പാതകളും ഈ പുസ്തകത്തില്‍ അണിനിരക്കുന്നുണ്ട്. ഗാര്‍ഹികപരിസരങ്ങളും പള്ളിക്കൂടത്തിലെ അനുഭവങ്ങളും വിനോദങ്ങളും നഗരക്കാഴ്ചകളും വായനാമുഹൂര്‍ത്തങ്ങളും നാനാവിധമായ കൗതുകങ്ങളും സഹപാഠികളെ കുറിച്ചുള്ള ഓര്‍മ്മകളും ഇതള്‍വിടര്‍ത്തിക്കാട്ടുന്ന ആദ്യഭാഗങ്ങള്‍ക്ക് വായനാക്ഷമതയേറും. പി.കേശവന്‍ നായരുടെ വിദ്യാഭ്യാസ ജീവിതസ്മരണകള്‍ തെല്ലൊരു വിസ്മയത്തോടെയേ വായിച്ചു തീര്‍ക്കാനാവൂ. അരനൂറ്റാണ്ടിനപ്പുറമുള്ള കേരളീയ സമൂഹത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക പരിസരങ്ങളിലേക്ക് നമ്മുടെ ഓരോരുത്തരുടെയും മനസ്സുകളെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട് ഈ പുസ്തകത്തിലെ ചില അദ്ധ്യായങ്ങള്‍. തന്റെ ജീവിതത്തിലുടനീളം കടന്നുവന്ന ഒട്ടേറെ വ്യക്തികളെ മറവിക്ക് വിട്ടുകൊടുക്കാതെ അക്ഷരത്താളുകളിലേക്ക് ആവാഹിക്കുവാനും പി. കേശവന്‍നായര്‍ക്ക് സാധിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ സഹപാഠികളുണ്ട്, വിദ്യ പകര്‍ന്നേകിയ ഗുരുനാഥന്മാരുണ്ട്, ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തോളോടുതോള്‍ ചേര്‍ന്നുനിന്ന തൊഴിലാളി സഖാക്കളുണ്ട്. ഓര്‍മ്മകളുടെ കടലിരമ്പം എന്ന പ്രയോഗത്തിന്റെ അര്‍ത്ഥസൗന്ദര്യം ബോധ്യപ്പെടുന്നതായി വായനക്കാര്‍ തിരിച്ചറിയുന്ന ഭാഗങ്ങളാണിവയെല്ലാം തന്നെ.
രാഷ്ട്രീയ മേഖലയിലേക്ക് താന്‍ ചെന്നെത്തിയതിന്റെ സാഹചര്യം വിശദീകരിക്കുന്ന ഭാഗം മുതല്‍ ഓര്‍മ്മക്കുറിപ്പുകള്‍ പുതിയൊരു ദിശയിലേക്ക് നീങ്ങുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതികളെ കുറിച്ചുള്ള വിവരണത്തിനൊപ്പം തന്റെ പാര്‍ട്ടിപ്രവര്‍ത്തന സ്മരണകളും സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുണ്ട് എഴുത്തുകാരന്‍. തൊഴിലാളി സമരങ്ങളെ കുറിച്ചുള്ള വിവരണം വായിക്കുമ്പോള്‍ തീക്ഷ്ണമായ ആ കാലഘട്ടം നമ്മുടെ മുന്നില്‍ തെളിഞ്ഞുവരുന്നു. ഈ പുസ്തകത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്ന് അടിയന്തരാവസ്ഥാ സ്മരണകളാണ്. ഇന്ത്യാചരിത്രത്തിലെ ചില സുപ്രധാന മുഹൂര്‍ത്തങ്ങളെ കുറിച്ചുള്ള സൂചനകളും ഈ പുസ്തകത്തിലിടം പിടിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സംഭവവികാസങ്ങളും യാത്രാനുഭവങ്ങളും ഇടകലര്‍ത്തിക്കൊണ്ട് വായനക്കാരുടെ ഉത്സാഹം വര്‍ദ്ധിപ്പിക്കാനുള്ള ഗ്രന്ഥകാരന്റെ ശ്രമം പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും വെട്ടിനിരത്തലും തനിക്കുണ്ടായ ആശയപരമായ പരിവര്‍ത്തനവും തുറന്നെഴുതാനുള്ള ആര്‍ജ്ജവം പി.കേശവന്‍നായര്‍ കാട്ടിയിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഇരുട്ടറക്കുള്ളില്‍ നിന്ന് പ്രകാശപൂര്‍ണമായ ആര്‍ഷദര്‍ശനത്തിലേക്ക് പി.കേശവന്‍നായര്‍ നടന്നുനീങ്ങിയതിന്റെ ദീപ്ത ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് അവസാനത്തെ അദ്ധ്യായങ്ങള്‍. ഇടതുപക്ഷ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന അവസാന ഭാഗങ്ങള്‍ തിരിച്ചറിവിന്റെ അടയാളങ്ങളാണ്. ഉന്നതനായ ഒരു രാഷ്ട്രീയ ചിന്തകന്റെ കതിര്‍ക്കനമുള്ള ഓര്‍മ്മകളുടെ സമാഹാരമായ ഈ പുസ്തകം കൂടുതലായി ചര്‍ച്ച ചെയ്യപ്പെടട്ടേയെന്ന് ആശംസിക്കുന്നു.
ചുവപ്പിനപ്പുറം
പി.കേശവന്‍നായര്‍
(ഓര്‍മ്മകള്‍)
പാഗന്‍ ബുക്‌സ്, തേവള്ളി, കൊല്ലം
പേജ്: 224 വില: 160 രൂപ