ഒരു ചതയദിനത്തില്‍ക്കൂടി സിപിഎം ശ്രീനാരായണഗുരുദേവനെ നിന്ദിച്ചിരിക്കുന്നു. ആസൂത്രിതമായി നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ മറ ഉപയോഗിച്ചാണ് ഗുരുദേവന്റെ നൂറ്റിയറുപതാം ജയന്തി ഭരണസംവിധാനത്തിന്റെ പിന്തുണയോടെ പാര്‍ട്ടി കരിദിനമായി ആചരിച്ചത്. കൊലപാതകം നടന്ന് മൂന്നു ദിവസം കഴിഞ്ഞായിരുന്നു അതിന്റെ പേരിലുള്ള കരിദിനാചരണം! ഗുരുദേവന്റെ പാവനസ്മരണയെ പാര്‍ട്ടി കരുതിക്കൂട്ടി കളങ്കപ്പെടുത്തുകയായിരുന്നുവെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. 1939 ലാണല്ലോ അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി കേരളത്തില്‍ ഔദ്യോഗികമായി രൂപംകൊണ്ടത്. സമാധി (1928) കഴിഞ്ഞ് പത്തുവര്‍ഷം മാത്രം പിന്നിട്ട് ഗുരുദേവനെക്കുറിച്ചുള്ള ദീപ്ത സ്മരണകള്‍ ജനമനസ്സുകളില്‍ ഒളിമങ്ങാതെ നില്‍ക്കുമ്പോഴായിരുന്നു ഇത്. അന്നുമുതലുള്ള ചരിത്രമെടുത്താല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ പില്‍ക്കാലത്ത് അതില്‍നിന്ന് രൂപംകൊണ്ട സിപിഎമ്മോ ഒരവസരത്തില്‍പ്പോലും ഗുരുദേവ ജയന്തി ആഘോഷിച്ചിട്ടില്ല. എന്നുമാത്രമല്ല, മഹാഗുരുവിനെ നിന്ദിക്കാന്‍ ഈ പുണ്യദിനംതന്നെ പലപ്പോഴും ബോധപൂര്‍വം തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പരമാവധിയാണ് ചതയദിനം കരിദിനമായി സിപിഎം ആചരിച്ചത്.
ഗുരുദേവനെ സിപിഎം അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യുന്നില്ല എന്നതിനപ്പുറം, ജാതിമതശക്തികള്‍ അത്യന്തം സങ്കുചിതമാക്കിത്തീര്‍ത്ത കേരളീയ സാമൂഹ്യജീവിതത്തെ നന്മയുടെ പ്രകാശം പരത്തി വിമോചിപ്പിച്ച ഒരു മഹാഗുരുവിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നിടത്താണ് കേരളത്തിന്റെ ധാര്‍മ്മിക നിര്‍മ്മിതി ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ആശങ്ക. ഗുരുദേവന്റെ ദര്‍ശനത്തോടും കര്‍മ്മപദ്ധതിയോടും വിയോജിപ്പ് പ്രകടിപ്പിക്കുന്ന നില വിട്ട്, ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ തേജോമയമായ ആ വിഗ്രഹത്തെ തച്ചുതകര്‍ക്കുകയെന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. 2015 ല്‍ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് കണ്ണൂരില്‍ പാര്‍ട്ടി സംഘടിപ്പിച്ച ഘോഷയാത്രയില്‍ ഗുരുദേവനെ കുരിശില്‍ തറച്ച രീതിയില്‍ അവതരിപ്പിച്ച നിശ്ചലദൃശ്യം ഇതിന്റെ ഭാഗമായിരുന്നു. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവചനത്തെ ‘പല ജാതി പല മതം പല ദൈവം’ എന്ന് വികലമായി ചിത്രീകരിച്ചു. കുരിശില്‍ കിടക്കുന്ന ഗുരുദേവന്റെ ഇരുകൈകളിലും ഈ വാചകങ്ങള്‍ തൂക്കിയിടുകയും ചെയ്തു. സാംസ്‌കാരിക കേരളത്തെ ഞെട്ടിച്ച ഈ അധമവൃത്തിയില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നപ്പോള്‍, ഇതില്‍ പ്രതിഷേധിക്കാനെന്തിരിക്കുന്നു എന്ന മട്ടിലാണ് സിപിഎം നേതൃത്വം തുടക്കത്തില്‍ പ്രതികരിച്ചത്.
കണ്ണൂരിലെ സി പി എമ്മിന്റെ സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടി ഗ്രാമങ്ങൡ സഹജമായി നടക്കുന്നതാണ് ഇത്തരം ഗുരുദേവനിന്ദ. ഈ ജില്ലയിലെ പെരിങ്ങനം എന്ന ഗ്രാമത്തില്‍ സിപിഎം അനുഭാവിയായ ഒരാളുടെ മകളുടെ വിവാഹം നടക്കുകയാണ്. ഗുരുദേവന്റെ ഫോട്ടോയും നിലവിളക്കും മണ്ഡപത്തില്‍ വച്ചിരുന്നു. മംഗളകര്‍മ്മത്തിനു മുന്നോടിയായുള്ള പൂജ നടന്നുകൊണ്ടിരിക്കെ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവിടേക്ക് പാഞ്ഞെത്തിയ ഒരു സംഘം ഗുരുദേവന്റെ ചിത്രം വച്ചതിന് ഗൃഹനാഥനെ ഭീഷണിപ്പെടുത്തി ചിത്രം എടുത്തുമാറ്റിച്ചു. ഇതിനുശേഷമാണ് വിവാഹം നടന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കണ്ണൂരിനു പുറത്തും ഇത്തരം ഗുരുദേവനിന്ദ അരങ്ങേറിയിട്ടുണ്ട്. പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും പാര്‍ട്ടി ആചാര്യനുമായിരുന്ന ഇ. ബാലാനന്ദന്റെ മകളുടെ വിവാഹം ആലുവ ടൗണ്‍ഹാളില്‍ നടക്കുമ്പോള്‍ വിവാഹമണ്ഡപത്തില്‍നിന്ന് ഗുരുദേവന്റെ ചിത്രം എടുത്തുമാറ്റിച്ച പാരമ്പര്യവും സി പി എമ്മിനുണ്ട്. ഫലിതപ്രിയനായിരുന്നെങ്കിലും പലപ്പോഴും ഒരു ജാതി മാടമ്പിയെപ്പോലെ പെരുമാറിയിരുന്ന സഖാവ് ഇ.കെ. നായനാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനാല്‍ ഗുരുദേവന്റെ ചിത്രം കാണാനിടവരരുത് എന്നായിരുന്നു പാര്‍ട്ടി നേതാക്കളുടെ ചിന്ത. ഈ മനോഭാവത്തിന്റെ പരസ്യപ്രകടനമാണ് ഗുരുദേവനെ കുരിശില്‍ തറച്ച സംഭവം.
സി പി എം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പ്രതിഷേധമാണ് ഗുരുദേവനെ കുരിശിലേറ്റിയതിനെതിരെ കേരളത്തിനകത്തും പുറത്തും ഉയര്‍ന്നത്. എന്നിട്ടും തുറന്ന മനസ്സോടെ തെറ്റുതിരുത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജാഗ്രതക്കുറവ് സംഭവിച്ചു എന്നു മാത്രമാണ് സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഔദ്യോഗികമായി പ്രസ്താവിച്ചത്. സംഭവത്തില്‍ ദുഃഖിക്കുന്നതായി പൊളിറ്റ് ബ്യൂറോയും പറഞ്ഞു. പ്രതിഷേധമുയര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ മനസ്സില്ലാമനസ്സോടെയുള്ള രണ്ട് പ്രതികരണങ്ങളും. ഗുരുദേവനെ നിന്ദിച്ചതില്‍ സംഭവിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ജാഗ്രതക്കുറവല്ല, പാര്‍ട്ടി നേതൃത്വത്തിന്റെ മനോഭാവത്തെ നിര്‍ണ്ണയിക്കുന്ന പ്രതിലോമ ചിന്താഗതിയാണെന്ന് ഈ പ്രതികരണങ്ങള്‍ തെളിയിച്ചു.
സി പി എമ്മിന്റെ സംസ്ഥാന നേതൃത്വവും പൊളിറ്റ് ബ്യൂറോയും പറഞ്ഞതുപോലെ ജാഗ്രതക്കുറവൊന്നും ഇക്കാര്യത്തില്‍ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പാര്‍ട്ടി നേതാവായ തോമസ് ഐസക്കിന്റെ നിലപാട്. ”ശ്രീനാരായണഗുരുവിന്റെ ആശയങ്ങളെ കുരിശിലേറ്റുകയാണ് ആര്‍.എസ്.എസ്സുകാരും എസ് എന്‍ ഡി പി നേതൃത്വത്തിലെ ഒരു വിഭാഗവും ചെയ്യുന്നത്. അത് തുറന്നുകാട്ടുന്ന ടാബ്ലോയില്‍ താത്വികമായി ഒരു കുഴപ്പവുമില്ല” എന്നായിരുന്നു മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ഐസക് തുറന്നടിച്ചത്. അതായത് പാര്‍ട്ടി ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കേണ്ടതില്ലെന്ന് ചുരുക്കം. ഐസക് പറയുന്നതനുസരിച്ചാണെങ്കില്‍ പാര്‍ട്ടി അനുഭാവികളുടെ വീടുകളിലെ കല്യാണമണ്ഡപത്തില്‍നിന്ന് എന്തിനാണ് ഗുരുദേവചിത്രം നീക്കം ചെയ്തത്? അവിടെ ആര്‍.എസ്.എസ്സുകാരും എസ്.എന്‍.ഡി.പിക്കാരും ഗുരുദേവന്റെ ആശയങ്ങളെ കുരിശിലേറ്റിയിരുന്നില്ലല്ലോ. യഥാര്‍ത്ഥത്തില്‍ ഗുരുദേവനെ കുരിശിലേറ്റി നിന്ദിച്ച സംഭവത്തില്‍ ഒരു തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിക്ക് ചേര്‍ന്നതായിരുന്നില്ല ഖേദപ്രകടനമെന്ന ആക്ഷേപം സി.പി.എം നേതാക്കള്‍ക്കിടയിലും, സഹയാത്രികരായ സാംസ്‌കാരികനായകന്മാര്‍ക്കിടയിലും ശക്തിപ്പെട്ടിരുന്നു. ഇതാണ് ഐസക്കിന്റെ പ്രതികരണത്തിലൂടെ പുറത്തുവന്നത്.
ഗുരുദേവനെ നിന്ദിക്കാന്‍ തങ്ങള്‍ക്ക് പ്രത്യേക അവകാശമുണ്ടെന്നു കരുതുന്ന സി.പി.എം അവസരം കിട്ടുമ്പോഴൊക്കെ, അല്ലെങ്കില്‍ അവസരം സൃഷ്ടിച്ചുപോലും ഇതു ചെയ്യുന്നു എന്നതാണ് സത്യം. ഇതിന് അവലംബിക്കാറുള്ള മാര്‍ഗ്ഗങ്ങള്‍ പലതാണെന്നു മാത്രം. അതേസമയം പാര്‍ട്ടിയുടെ ഈ ഗുരുനിന്ദയെ വിമര്‍ശിക്കുന്നവരെ ഗുരുദേവന്റെ എതിരാളികളെന്ന് മുദ്രകുത്തുകയും ചെയ്യും. ഗുരുദേവനെ കുരിശിലേറ്റിയ മഹാപാപം ചെയ്ത് പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന പാര്‍ട്ടി അണികള്‍ക്കിടയില്‍ ഒറ്റപ്പെടുന്നു എന്നു വന്നപ്പോള്‍ ആര്‍.എസ്.എസ്സിനെ ഗുരുദേവന്റെ വിരുദ്ധപക്ഷത്ത് പ്രതിഷ്ഠിക്കാന്‍ സിപിഎം ശ്രമിച്ചത് ഇതിന്റെ ഭാഗമായിരുന്നു. കമ്മ്യൂണിസ്റ്റ് സഹജമായ ഈ തെറ്റിദ്ധരിപ്പിക്കല്‍ ഗുരുദേവന്റെ കാര്യത്തില്‍ സി പി എം പലപ്പോഴും നടത്തിയിട്ടുണ്ട്.
ചങ്ങനാശ്ശേരിയിലെ വടക്കേക്കരയില്‍ 1989 ല്‍ അരങ്ങേറിയ ഒരു സംഭവം ഇതിനുദാഹരണമാണ്. അവിടുത്തെ ഗുരുമണ്ഡപം ഒരു രാത്രി തകര്‍ക്കപ്പെട്ടു. ഈ വിവരം ജനങ്ങള്‍ അറിയുന്നതിനു മുന്‍പേ ഇക്കാര്യത്തില്‍ സി പി എം കോട്ടയം ജില്ലയില്‍ ബന്ദ് പ്രഖ്യാപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന പോസ്റ്റര്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതാണ് നേരം പുലര്‍ന്നപ്പോള്‍ ജനങ്ങള്‍ കണ്ടത്. ആര്‍.എസ്.എസ്സുകാര്‍ ഗുരുമണ്ഡപം തകര്‍ത്തു എന്നതായിരുന്നു പ്രചാരണം. എന്നാല്‍ ഗുരുമണ്ഡപം തകര്‍ത്തവര്‍ അധികം വൈകാതെ പോലീസ് പിടിയിലായി. പ്രതികള്‍ സി.ഐ.ടി.യുക്കാരായിരുന്നു! പ്രദേശത്തെ ആര്‍.എസ്.എസ് ശാഖയിലേക്ക് ഈഴവരുള്‍പ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങള്‍ പോകുന്നത് തടയുകയെന്നതായിരുന്നു ഗുരുദേവമന്ദിരം തകര്‍ത്തതിനു പിന്നിലെ സി.പി.എം പദ്ധതി. തെക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും ഗുരുദേവ മണ്ഡപങ്ങളും പ്രതിമകളും തകര്‍ത്തതിനു പിന്നില്‍ സി.പി.എമ്മിന്റെ കറുത്ത കൈകളാണെന്ന് എസ്.എന്‍.ഡി.പി യോഗ നേതൃത്വം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഹിന്ദുസമൂഹത്തെ ജാതിക്കതീതമായി സംഘടിപ്പിക്കാനും നയിക്കാനും ശ്രമിച്ച ഗുരുദേവന്റെ പൈതൃകം പേറുന്ന പ്രതീകങ്ങളെത്തന്നെ കടന്നാക്രമിച്ച് ജനങ്ങളില്‍ പരസ്പരം ജാതിവിദ്വേഷം വളര്‍ത്താനുള്ള ഗൂഢശ്രമമായിരുന്നു ഇത്.
ഗുരുഭക്തര്‍ പ്രത്യക്ഷ ദൈവമായാണ് ഗുരുദേവനെ കാണുന്നത്. ഇവരുടെ ആദരവിന്റെയും ആരാധനയുടെയും മൂര്‍ത്തിമദ്ഭാവമാണ് കേരളത്തിലുടനീളമുള്ള ഗുരുമന്ദിരങ്ങളും പ്രതിമകളും. ഇവയോട് കടുത്ത അസഹിഷ്ണുതയാണ് സി.പി.എം പുലര്‍ത്തുന്നത്. ഗുരുദേവനെ പരിഹസിക്കാന്‍ ‘സിമന്റ് നാണു’ എന്ന പ്രയോഗം പ്രചരിപ്പിച്ചത് ഇടതുപക്ഷവൃത്തങ്ങളാണ്. ഇതിന് സിപിഎമ്മിന്റെ മൗനാനുവാദം ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ സ്വാധീന മേഖലയിലുള്ള എസ്.എന്‍.ഡി.പി ശാഖകളും താലൂക്ക് യൂണിയനുകളുമൊക്കെ പിടിച്ചെടുത്ത് ‘ഗുരുദേവ ഭക്തി’ പ്രകടിപ്പിക്കാനും സിപിഎം മടിക്കാറില്ല.
~ഒരു പാര്‍ട്ടി എന്ന നിലയില്‍ സി.പി.എമ്മിന് ഗുരുദേവന്‍ എന്നും അനഭിമതനായിരുന്നു. അറുപതിലേറെ കൃതികളിലൂടെയും മറ്റ് ഉല്‍ബോധനങ്ങളിലൂടെയും ഗുരു അവതരിപ്പിച്ച അദ്വൈത ദര്‍ശനം സി പി എമ്മിന് തീര്‍ത്തും അന്യവുമാണ്. ഇതുകൊണ്ടുകൂടിയാണ് അവര്‍ ഗുരുദേവജയന്തി ആഘോഷിക്കാത്തത്. ഒരു പീഡയെറുമ്പിനും വരുത്തരുതെന്ന ഗുരുകാരുണ്യത്തിനും, വര്‍ഗ്ഗസമരത്തിലധിഷ്ഠിതമായ രക്തരൂഷിത വിപ്ലവത്തിനും തമ്മിലെന്തു ബന്ധം! ചതയദിനത്തില്‍ ഗുരുദേവന്റെ ഒരു ചിത്രം പോലും പലപ്പോഴും പാര്‍ട്ടിയുടെ മുഖപത്രത്തില്‍ നല്‍കാറില്ല. ഇക്കാലത്തിനിടെ ഗുരുവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള നിരവധി ദിനങ്ങള്‍ കടന്നുപോയിട്ടുണ്ട്. ദൈവദശകത്തിന്റെ ശതാബ്ദിയും അരുവിപ്പുറം പ്രതിഷ്ഠയുടെ ശതാബ്ദിയുമൊക്കെ ഇതില്‍പ്പെടുന്നു. ഇവയൊക്കെ ഗുരുവിന്റെ മഹത്വത്തിനു ചേരുംവിധം പല നിലകളില്‍ ആഘോഷിക്കപ്പെട്ടു. പക്ഷേ സി.പി.എമ്മിന്റെ ഒരു തരത്തിലുള്ള നേതൃത്വവും ഇതിന് ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഏതെങ്കിലും വേദിയില്‍ സ്വയം വിമര്‍ശനം നടന്നതായും അറിയില്ല. അങ്ങനെയൊന്നിന്റെ ആവശ്യമുള്ളതായി ഒരു പാര്‍ട്ടി നേതാവിനും തോന്നിയിട്ടുമില്ല.
സങ്കുചിത ലക്ഷ്യം മുന്‍നിര്‍ത്തിയാണെങ്കിലും ശ്രീശങ്കരന്റെ ആയിരത്തി ഇരുന്നൂറാം ജന്മദിനം ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ആചരിക്കുകയുണ്ടായി. അപ്പോഴും ഗുരുദേവന് പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു ബഹുമതി ലഭിച്ചില്ല. പൊതുവെ തിരിച്ചറിയപ്പെടുന്നതിലും ആഴത്തിലുള്ള വിദ്വേഷമാണ് സി.പി.എമ്മിന് ഗുരുദേവനോടുള്ളതെന്ന് ഇതില്‍നിന്നൊക്കെ മനസ്സിലാക്കാം. ഗുരു അന്ത്യവിശ്രമം കൊള്ളുന്ന ശിവഗിരിയോടും, വര്‍ഷംതോറും നടക്കാറുള്ള ശിവഗിരി തീര്‍ത്ഥാടനത്തോടും സി.പി.എം പുലര്‍ത്തിയിട്ടുള്ള അകല്‍ച്ചയും ശത്രുതയും അവരുടെ ഗുരുനിന്ദയ്ക്ക് അടിവരയിടുന്നതാണ്.
(അടുത്തലക്കം:
ശിവഗിരിയോട് തീരാപ്പക)