”ഇന്ത്യന്‍ വിപ്ലവത്തിന്റെ പൂര്‍ത്തീകരിക്കപ്പെടാത്ത ജനാധിപത്യ കടമ പൂര്‍ത്തീകരിക്കാനും സോഷ്യലിസത്തിന്റെ പാതയിലൂടെ രാജ്യത്തെ നയിക്കുന്നതിന് കളമൊരുക്കുന്നതിനും” വേണ്ടിയാണ് ജനകീയ ജനാധിപത്യമാര്‍ഗ്ഗം സിപിഎം തിരഞ്ഞെടുത്തതെന്നാണ് സിപിഎമ്മിന്റെ പാര്‍ട്ടിപരിപാടി വിശദീകരിക്കുന്നത്. ”ഇന്നത്തെ ഭരണകൂടത്തിന്റെയും വന്‍കിട ബൂര്‍ഷ്വാസി-ഭൂപ്രഭു ഗവണ്‍മെന്റിന്റെയും കീഴില്‍ സോഷ്യലിസവും കമ്മ്യൂണിസവും കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം” നേടിയെടുക്കാന്‍ കഴിയില്ലെന്നും അത് നേടിയെടുക്കുന്നതിനായുള്ള ആദ്യപടി എന്ന നിലയിലാണ് ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണകൂടത്തെ തൂത്തെറിഞ്ഞ് ജനകീയ ജനാധിപത്യം സ്ഥാപിക്കുവാന്‍ സിപിഎം ഇറങ്ങിപ്പുറപ്പെട്ടതെന്നുമാണ് അത് തുടര്‍ന്നു വിശദീകരിക്കുന്നത്.
എന്നാല്‍ പൂര്‍ത്തീകരിക്കാനുള്ള യഥാര്‍ത്ഥലക്ഷ്യത്തില്‍ എത്തിച്ചേരുന്നതിന് മുമ്പ് തന്നെ അതിന്റെ മാര്‍ഗ്ഗത്തില്‍ സമാധിയടഞ്ഞ സ്ഥിതിയിലാണിന്ന് സിപിഎം. 17-ാം ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിക്കൊണ്ട് സിപിഎം കേന്ദ്ര കമ്മറ്റിയോഗം അംഗീകരിച്ച റിപ്പോര്‍ട്ട് സിപിഎമ്മിന്റെ മരണമൊഴിയായി കണക്കാക്കാം. 1989ല്‍ 6.6 ശതമാനവും 2014ല്‍ 3.2 ശതമാനവും വോട്ട് ലഭിച്ച സിപിഎമ്മിന് ഇത്തവണ ലഭിച്ചത് 2 ശതമാനം വോട്ട് മാത്രമാണ്. സിപിഎമ്മും ഇടതുപക്ഷവും ഈ തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിട്ടിരിക്കുന്നു. പ്രത്യേകിച്ച കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ ശക്തികേന്ദ്രങ്ങളില്‍. കേന്ദ്രകമ്മറ്റി 2009ലെ തിരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭയിലെ സിപിഐഎമ്മിന്റെ കുറഞ്ഞുവരുന്ന സാന്നിദ്ധ്യം ശ്രദ്ധിച്ചു വരികയായിരുന്നു. ഇതേവരെ ഉള്ളതില്‍ വെച്ച് ലോകസഭയിലെ ഏറ്റവും കുറഞ്ഞ സാന്നിദ്ധ്യമാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ ഉള്ളത്.” അവലോകന റിപ്പോര്‍ട്ടില്‍ പാര്‍ട്ടി സ്വയം വിലയിരുത്തുന്നു.
തിരഞ്ഞെടുപ്പിലെ ദയനീയമായ തോല്‍വിയേക്കാള്‍ പ്രധാനമായി വിലയിരുത്തേണ്ടത് സിപിഎമ്മിനേറ്റ ആശയപ്രതിസന്ധിയാണ്. ഭാരതത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎം എന്ത് നിലപാടാണ് എടുക്കേണ്ടതെന്ന് ഉറപ്പിക്കാന്‍ പോലും കഴിയാത്ത ദയനീയ പ്രതിസന്ധിയാണ് അത് നേരിടുന്നത്. പരിപാടികളിലും നയങ്ങളിലും വ്യക്തതയും ഉറച്ച നിലപാടുമില്ലാത്ത തരത്തില്‍ അവസരവാദ സമീപനങ്ങളെ അടവുനയങ്ങളായി വ്യാഖ്യാനിക്കേണ്ട ദുര്‍ബലാവസ്ഥയില്‍ പതിച്ചിരിക്കുകയാണ് സിപിഎം. കേരളം – ബംഗാള്‍ ഘടകത്തിലൂടെ സമ്മര്‍ദ്ദത്തിന്റെ ഇടയില്‍ വീര്‍പ്പുമുട്ടുന്ന കേന്ദ്രനേതൃത്വവും കൂടി ആയതോടെ ആ പതനം പൂര്‍ത്തിയാവുകയാണ്. ഒന്നാം യുപിഎ സര്‍ക്കാരിനെ പിന്തുണച്ച സിപിഎം 2012 സിപിഎം കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിലെത്തിയപ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ തുല്യ അകലം പാലിക്കുക എന്ന നയം സ്വീകരിച്ചു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബംഗാള്‍ ഘടകത്തിന്റെ സമ്മര്‍ദ്ദം മൂലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ട ഗതികേടിലേക്ക് സിപിഎം ചെന്നുവീണു.
മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം 2015 ഏപ്രിലില്‍ നടന്ന വിശാഖപട്ടണം കോണ്‍ഗ്രസിലാകട്ടെ, ബിജെപിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസിന്റെ ദുര്‍ഭരണമാണെന്നും ബിജെപിയേയും കോണ്‍ഗ്രസിനെയും എതിര്‍ക്കുകയാണ് സിപിഎം പരിപാടി എന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ കൊല്‍ക്കത്ത പ്ലീനത്തിലൂടെ കോണ്‍ഗ്രസുമായി ധാരണയ്ക്ക് വഴിതുറക്കാനായിരുന്നു ലക്ഷ്യമിട്ടത്. പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദുര്‍ബലമായ സാന്നിധ്യമുള്ള മണ്ഡലങ്ങള്‍ പോലും ആ പാര്‍ട്ടിക്ക് മത്സരിക്കാന്‍ ദാനം ചെയ്ത് സിപിഎം നിര്‍വൃതിയടഞ്ഞു.
കോണ്‍ഗ്രസിന് ഇടതു ജനാധിപത്യ ബദലുണ്ടാക്കുക എന്ന 1960 മുതലുള്ള പ്രഖ്യാപിത നയം ബലികഴിച്ച സിപിഎമ്മിന്റെ ദാരുണ അന്ത്യമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായത്. കോണ്‍ഗ്രസിന്റെ ദയാവായ്പിനായി കേഴുന്ന സിപിഎം കേന്ദ്രനേതൃത്വത്തിന്റെ ബലഹീനത ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ തെളിഞ്ഞുകാണാം.
”പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റെയും സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കാതിരിക്കുക എന്ന സിപിഐഎമ്മിന്റെ നിര്‍ദ്ദേശവും കോണ്‍ഗ്രസ് അവസാനം സ്വീകരിച്ചില്ല” എന്ന് റിപ്പോര്‍ട്ട് വിലപിക്കുന്നു. ബിജെപി സഖ്യത്തോട് പോരാടുന്ന കോണ്‍ഗ്രസ്സിതര മതനിരപേക്ഷ പ്രാദേശിക പാര്‍ട്ടികളുമായി ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കണമെന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നയത്തെ അടിസ്ഥാനമാക്കി 2018 ഒക്‌ടോബറില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി യോഗം 17-ാം ലോകസഭാ തിരഞ്ഞെടുപ്പില്‍ പിന്തുടരേണ്ട അടവുനയങ്ങളില്‍ കേന്ദ്രകമ്മറ്റി മുന്നോട്ടുവെച്ച പദ്ധതികള്‍ തലകുത്തിവീണുവെന്ന് സാരം. പ്രചരണത്തിന്റെ അടിത്തറയായി ഏറ്റെടുത്തിരുന്ന കടമകള്‍ ഒന്നുപോലും കൈവരിക്കാനായില്ലെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
”മഹാരാഷ്ട്രയിലെ ദിന്ദോറി സീറ്റിനുവേണ്ടി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായും ബീഹാറിലെ ആര്‍ജെഡിയുമായി ഉള്യാര്‍പുര്‍ സീറ്റിനുവേണ്ടിയും ഒരു ധാരണ ഉണ്ടാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ വിജയിച്ചില്ല” കേന്ദ്രത്തില്‍ ബിജെപിയെ ഒഴിവാക്കി നിര്‍ത്തുന്നതിന് ദേശീയ പ്രതിപക്ഷകക്ഷികളെയും കോണ്‍ഗ്രസിനെയും ഒന്നിപ്പിച്ച ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ സിപിഎമ്മാണ് എന്‍സിപിയുടെയും ആര്‍ജെഡിയുടെയും വാതിലുകള്‍ക്ക് മുമ്പില്‍ ഭിക്ഷാപാത്രവുമായി നില്‍ക്കുന്നതെന്ന് ഓര്‍ക്കണം. കോണ്‍ഗ്രസ്സും മറ്റുപ്രതിപക്ഷപാര്‍ട്ടികളും തങ്ങളെ സഹായിച്ചില്ലെന്ന വിലാപമാണ് സിപിഎമ്മില്‍ നിന്നുയരുന്നത്. കേരളത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ രൂപീകരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎമ്മിന്റെ വിലാപം ഇപ്പോള്‍ ഓര്‍ക്കുന്നത് രസകരമായിരിക്കും.
1954ലും അതിന് മുമ്പും കേരളത്തിലെ ജനാധിപത്യശക്തികളെ ഏകോപിപ്പിക്കുന്നതിനും കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ ജനാധിപത്യ വിരുദ്ധനയങ്ങളെ എതിര്‍ത്ത് മറ്റൊരു സര്‍ക്കാര്‍ നിലവില്‍ വരുത്താന്‍ കഴിയാതെ വന്നത് പി.എസ്.പി നേതൃത്വത്തിന്റെ കമ്മ്യൂണിസ്റ്റ് വിരോധനയമാണെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് വിലയിരുത്തിയത്. ”സ്വന്തം നയം പുനഃപരിശോധിച്ച് ഐക്യത്തിനുവേണ്ടി അടിസ്ഥാനമിടാന്‍ ശ്രമിക്കുന്ന പി.എസ്.പി സുഹൃത്തുക്കളെയെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഭിവാദ്യം ചെയ്യുന്നു” എന്നായിരുന്നു 1956 ജൂണ്‍ 22, 23, 24 തീയതികളില്‍ തൃശ്ശൂരില്‍ കൂടിയ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം അംഗീകരിച്ച പുതിയ കേരളം എന്ന പ്രമേയത്തിലുള്ളത്. പി.എസ്.പിയെക്കൊണ്ട് ശരിയായ നയം അംഗീകരിപ്പിക്കുന്ന കാര്യത്തില്‍ ആര്‍.എസ്.പിയും അതിന്റേതായ പങ്കുവഹിക്കേണ്ടതുണ്ടെന്ന് പ്രമേയം അവരെ ഓര്‍മ്മിപ്പിക്കുന്നു. ”മറ്റിടതുപക്ഷ പാര്‍ട്ടികള്‍, വ്യക്തികള്‍, കോണ്‍ഗ്രസിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായി പോരാടുന്ന കോണ്‍ഗ്രസുകാര്‍ എന്നിവരെയും കമ്മ്യൂണിസ്റ്റ് വിരോധനയത്തിന്റെ കണിക പോലും വളരാന്‍ അനുവദിക്കരുതെന്ന്” പാര്‍ട്ടി അഭ്യര്‍ത്ഥിക്കുന്നു. ഓരോ ചരിത്രസന്ധികളിലും മറ്റു പാര്‍ട്ടികളുടെ പിന്തുണയില്‍ മുന്നേറാമെന്ന വ്യാമോഹമാണ് കമ്മ്യൂണിസ്റ്റുകള്‍ പിന്തുടര്‍ന്നത്. താത്ക്കാലിക വിജയങ്ങള്‍ ഉണ്ടായെങ്കിലും ഭാരതത്തിന്റെ ഹൃദയഭൂമിയില്‍ നിന്ന് നിഷ്‌കാസിതമാവുകയാണ് സിപിഎമ്മും ഇടതുകക്ഷികളും.
കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടിയേയും പാര്‍ട്ടികേന്ദ്രകമ്മറ്റി വിശദമായി വിലയിരുത്തുന്നുണ്ട്. എല്‍ഡിഎഫിന്റെ വോട്ടുവിഹിതം 2014ലെ 40.2 ശതമാനത്തില്‍ നിന്നും 2019ല്‍ 35.1 ശതമാനമായി കുറഞ്ഞു. 5.1 ശതമാനം വോട്ടുകളുടെ ഇടിവ്. എല്‍ഡിഎഫിന്റെ വോട്ടുകള്‍ 2014ലെ 72,11,257ല്‍ നിന്ന് 2019ല്‍ 71,56,387 ആയി കുറഞ്ഞു. 54,870 വോട്ടിന്റെ ഇടിവ്” എന്നാണ് വിലയിരുത്തല്‍. ”എന്‍ഡിഎ വോട്ടുകള്‍ 2014ലെ 10.8 ശതമാനത്തില്‍ നിന്ന് 2019ല്‍ 15.56 ശതമാനമായി വര്‍ദ്ധിച്ചു. 4.76 ശതമാനത്തിന്റെ വര്‍ദ്ധന. എന്‍ഡിഎയുടെ വോട്ടുകള്‍ 2014ലെ 19,44,204ല്‍ നിന്ന് 2019ല്‍ 31,71,738 ആയി വര്‍ദ്ധിച്ചു. 12,27,534 വോട്ടിന്റെ വര്‍ദ്ധന.” സിപിഎം ബിജെപിയുടെ മുന്നേറ്റത്തെ വിലയിരുത്തുന്നു.
ശബരിമല സിപിഎമ്മിന് തിരിച്ചടിയായെന്ന് സിപിഎം കേന്ദ്രകമ്മറ്റിക്ക് അവസാനം അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. ”പതിവായി നമുക്ക് വോട്ട് ചെയ്യാറുള്ളവരില്‍ ഒരു വിഭാഗത്തെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. വനിതാമതില്‍ പരിപാടിക്ക് ശേഷം രണ്ട് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തി. ഈ പ്രചാരണം നമ്മുടെ അനുഭാവികളില്‍ ഉണ്ടാക്കിയ ആഘാതം ഓരോരോ സ്ഥലത്ത് ഓരോ രീതിയിലായിരുന്നു. നമ്മില്‍നിന്ന് അകറ്റപ്പെട്ടവര്‍ വിവിധ മണ്ഡലങ്ങളില്‍ വ്യത്യസ്ത രീതികളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ടുചെയ്തു.” ശബരിമല ഇഫക്റ്റ് സിപിഎം വിലയിരുത്തുന്നത് ഇങ്ങനെ. ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതില്‍ സിപിഎം പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രകമ്മറ്റി മറയില്ലാതെ അംഗീകരിക്കുന്നു. ”വോട്ടെടുപ്പിന് ശേഷവും കേരളത്തിലെ സഖാക്കള്‍ ഭൂരിപക്ഷം സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷം സീറ്റുകളും നമുക്ക് നഷ്ടപ്പെട്ടത് ഒരുലക്ഷമോ അതിലേറെയോ വോട്ടുകളുടെ വ്യത്യാസത്തിലാണ്. ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലെ നമ്മുടെ പരാജയം ഗൗരവപ്പെട്ട കാര്യമാണ്.”
പശ്ചിമബംഗാളില്‍ ടിഎംഎസിക്കും ബിജെപിക്കും എതിരെ മത്സരിച്ച് ദയനീയമായ പരാജയമാണ് സിപിഎം ഏറ്റുവാങ്ങിയത്. ”പരസ്പരം മത്സരിക്കാതിരിക്കുകയെന്ന നമ്മുടെ നിര്‍ദ്ദേശം കോണ്‍ഗ്രസ് അംഗീകരിച്ചില്ലെന്ന” വിലാപമാണ് സിപിഎമ്മിന് ഇവിടെയുള്ളത്. 2016ന് ശേഷം ആര്‍എസ്എസ് ശാഖകളും യൂണിറ്റുകളും സംസ്ഥാനത്ത് പല ഇരട്ടിയായി വര്‍ദ്ധിച്ചുവെന്നും സിപിഎം വിലയിരുത്തുന്നു.
ത്രിപുരയിലാകട്ടെ 1645 ബൂത്തുകളില്‍ 443 ബൂത്തുകളില്‍ ഇടതുമുന്നണിക്ക് പോളിംഗ് ഏജന്റുമാരെപ്പോലും നിയമിക്കാന്‍ കഴിഞ്ഞില്ലെന്ന് കേന്ദ്രകമ്മറ്റി തുറന്ന് സമ്മതിക്കുന്നു. സിപിഎമ്മിന് 19.31 ശതമാനം വോട്ട് മാത്രമാണ് മൂന്നു പതിറ്റാണ്ടുകളുടെ ഭരണചരിത്രമുള്ള ത്രിപുരയില്‍ സിപിഎമ്മിന് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 45 ശതമാനം വോട്ടു ലഭിച്ചിടത്താണ് 19.31 ശതമാനമായി കുറഞ്ഞത്. 14 മാസങ്ങള്‍ക്കിടയില്‍ 50-60 ലോക്കല്‍ കമ്മറ്റികള്‍ നിര്‍ജീവമായെന്നും ഭൂരിപക്ഷം പാര്‍ട്ടി ബ്രാഞ്ചുകളും പ്രവര്‍ത്തിച്ചില്ലെന്നുമാണ് പാര്‍ട്ടി റിപ്പോര്‍ട്ട്. ആന്ധ്രയിലെ നെല്ലൂരില്‍ 1.46 ശതമാനം, കര്‍നൂലില്‍ 1.6 ശതമാനം, സംസ്ഥാനത്താകെ 0.12 ശതമാനം വോട്ട് മാത്രമാണ് സിപിഎം നേടിയത്. തെലങ്കാനയില്‍ 0.44 ശതമാനം വോട്ടും!
”നമ്മുടെ ശക്തമായ സംസ്ഥാനങ്ങളിലെ വോട്ട് വിഹിതത്തിലെ ഇടിവ് വലിയ ഉത്കണ്ഠ ഉളവാക്കുന്ന കാര്യമാണ്…. ജനങ്ങള്‍ നമ്മളില്‍ നിന്ന് അകന്നതും നമ്മുടെ പരമ്പരാഗത വോട്ടില്‍ ഒരു ഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കുന്നതിന് കൂടുതല്‍ ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നാണ്” റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. സിപിഎമ്മിന്റെ ബഹുജനസമരങ്ങളില്‍ പങ്കെടുത്തവര്‍ പോലും സിപിഎമ്മിന് വോട്ടുചെയ്തില്ല എന്ന നടുക്കുന്ന സത്യമാണ് സിപിഎമ്മിനെ വേട്ടയാടുന്നത്. ”ബഹുജനസമരങ്ങളില്‍ അണിനിരത്തപ്പെട്ട എല്ലാവിഭാഗങ്ങളും സിപിഐഎമ്മിനും ഇടതുപക്ഷത്തിനുമുള്ള വോട്ടായി പരിവര്‍ത്തനം ചെയ്യപ്പെട്ടില്ല എന്ന് വ്യക്തമാണ്. നമ്മുടെ സമരങ്ങളില്‍ പങ്കെടുക്കുന്ന ജനങ്ങളുടെ രാഷ്ട്രീയവല്‍ക്കരണത്തില്‍” തികഞ്ഞ ദൗര്‍ബല്യമാണ് സിപിഎം നേരിടുന്നത്. കേരളത്തില്‍ 56 ലക്ഷം സ്ത്രീകള്‍ പങ്കെടുത്ത മതില്‍, ബംഗാളിലെ ബ്രിഗേഡ് പരേഡ് റാലി, ത്രിപുരയിലെ റാലി എന്നിവയൊന്നും ഫലം കണ്ടില്ലെന്നത് സിപിഎം തിരിച്ചറിയുകയാണ്. യുവാക്കളും വിദ്യാര്‍ത്ഥികളും പാര്‍ട്ടിയില്‍ നിന്ന് അകന്നു പോയതായും പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നു!
വലതുവ്യതിയാനങ്ങള്‍ എന്ന് സിപിഎം അടച്ചാക്ഷേപിക്കുന്ന ഇടങ്ങളില്‍ ഒതുങ്ങിപ്പോയ ഒരു പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുന്നു. അധികാരം ദുഷിപ്പിക്കും കൂടുതല്‍ അധികാരം കൂടുതല്‍ ദുഷിപ്പിക്കും, എന്ന സൂചന ഏറെയെളുപ്പത്തില്‍ സിപിഎമ്മിനെക്കുറിച്ചാണെന്ന് പറയാമെന്ന സ്ഥിതിയായിരിക്കുന്നു. തത്വത്തില്‍ അപ്രായോഗികവും പ്രയോഗത്തില്‍ അപകടകരവുമായ ഒരു പ്രത്യയശാസ്ത്രത്തെ ജനങ്ങള്‍ തിരസ്‌കരിച്ചിരിക്കുന്നു. മഴ തോര്‍ന്നിരിക്കുന്നു. അല്പകാലംകൂടി മരംപെയ്തുകൊണ്ടിരിക്കും. പൊള്ളയായ കമ്മ്യൂണിസ്റ്റ് സൗധം ആത്യന്തിക തകര്‍ച്ചയിലേക്ക് ഏറെ വേഗത്തില്‍ അടുക്കുകയാണ്. എം.എന്‍.വിജയന്‍മാഷിന്റെ പ്രവചനവും ശാപവും ഏറെ വൈകാതെ യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്ന് കേന്ദ്രകമ്മറ്റി തന്നെ അതിന്റെ റിപ്പോര്‍ട്ടിലൂടെ സാക്ഷ്യപ്പെടുത്തുന്നു.