സഹായിക്കുന്നു നിസ്വാര്‍ത്ഥം
അടുക്കളയിലമ്മയെ
നിഷ്‌ക്കാമമാം കര്‍മ്മത്തിന്റെ
പര്യായമായ കൈക്കില.
കൈപൊള്ളാതെ ചോറുവാര്‍ക്കാന്‍
സ്വന്തം മെയ്‌പൊള്ളുമെങ്കിലും
ഉപകരിക്കുന്നമ്മയ്ക്കീ
കൈക്കില ത്യാഗശീല താന്‍.
അടുക്കളപ്പോരായ്മകള്‍
അറിയിക്കാതമ്മയൊപ്പം
പരാതികള്‍ പറയാതെ
പെരുമാറുന്നു സര്‍വ്വദാ.
വേവുനോവുകള്‍പുറത്തേ-
ക്കമ്മയെപ്പോലെ അണുവും
അറിയിക്കാതെ സൂക്ഷിക്കാന്‍
കൈക്കിലയ്‌ക്കെന്തുപാടവം.
”അമ്മയില്ലാത്തടുക്കളേം
കൈക്കിലയേന്താ കൈകളും
പൊള്ളും; പൊള്ളിച്ചിട്ടും നമ്മെ”
പാഠം ചൊല്ലുന്നു കൈക്കില!