ആലപ്പുഴ: ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഉത്തരവാദിത്തപ്പെട്ട അന്വേഷണ സംഘം ഏതെങ്കിലും ഉദ്യോഗസ്ഥനെയോ മന്ത്രിയേയോ ചോദ്യം ചെയ്യാന്‍ വിളിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍, മതവികാരം ആളിക്കത്തിച്ച് പ്രതിരോധിക്കാനോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അധികാരത്തില്‍ കടിച്ച് തൂങ്ങാനോ ഉള്ള ശ്രമം ശരിയല്ലെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി പ്രസ്താവിച്ചു. സ്വര്‍ണ്ണ കള്ളക്കടത്ത് സംബന്ധിച്ച കേസിന് പുതിയ പുതിയ മാനങ്ങള്‍ കൈവന്നുകൊണ്ടിരിക്കുകയാണ്. ഭരണ സംവിധാനവുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ തത്വത്തില്‍ മുഴുവന്‍ ജനതയെയും പ്രതിനിധീകരിക്കുന്നവരാണ്. അത്തരക്കാര്‍ പ്രതിരോധത്തിലാവുമ്പോള്‍ വര്‍ഗ്ഗീയ വികാരം ഇളക്കിവിട്ടും വിഭാഗീയത വളര്‍ത്തിയും രക്ഷാകവചം തീര്‍ക്കാമെന്ന് വിചാരിക്കുന്നത് ബാലിശവും അപകടകരവുമാണ്. ഈ കാപട്യത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ഭാരതീയവിചാരകേന്ദ്രം അഭ്യര്‍ത്ഥിച്ചു.
ഓണ്‍ലൈനില്‍ കൂടി നടന്ന യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ഡോ: എം.മോഹന്‍ദാസ് അധ്യക്ഷതവഹിച്ചു. ജോയിന്റ ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.സുധീര്‍ ബാബു, സംഘടനാ സെക്രട്ടറി വി.മഹേഷ്, വൈസ് പ്രസിഡന്റ് ഡോ: ആര്‍.രാജലഷ്മി, സെക്രട്ടറി, ജെ. മഹാദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.