സപ്തപുണ്യപുരികളിലൊന്നാണ് അയോദ്ധ്യ. കൗമാര കാലത്തുതന്നെ അയോദ്ധ്യയെക്കുറിച്ച് കേട്ടിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ വൃദ്ധനായ നാരായണന്‍ മാമനില്‍ നിന്നാണ് അയോദ്ധ്യ എന്നൊരു സ്ഥലമുണ്ടെന്നും അവിടെയാണ് ശ്രീരാമന്‍ ജനിച്ചതെന്നുമൊക്കെ അറിയുന്നത്. മാത്രമല്ല ജയിലില്‍ കിടക്കുന്ന തരത്തിലുള്ള ശ്രീരാമചന്ദ്രന്റെ ഒരു ചിത്രവുമായി നാരായണമാമന്‍ വീടുകള്‍ കയറി ഇറങ്ങുന്നതാണ് എന്റെ മനസ്സിലുള്ള ഒരു അവിസ്മരണീയ ചിത്രം. സാമാന്യം നല്ല തോതില്‍ ആസ്മയുടെ അസുഖമുണ്ടായിരുന്ന ആ മനുഷ്യന്‍ എന്തിനാണ് ശ്രീരാമന്റെ ചിത്രവുമായി വീട് കയറുന്നതെന്ന് അന്ന് മനസ്സലായിരുന്നില്ല. ചിലരൊക്കെ അദ്ദേഹത്തെ പരിഹസിച്ചിരുന്നതായും ഓര്‍ക്കുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമിക്ഷേത്രം ബാബര്‍ തകര്‍ത്തെന്നും പുതിയ ക്ഷേത്രം അവിടെ പണിയാന്‍ ഭരണകൂടം സമ്മതിക്കുന്നില്ലെന്നും ഉത്തരഭാരതത്തിലെ ഹിന്ദുക്കള്‍ ഇതിനെതിരെ പ്രക്ഷോഭത്തിലാണെന്നുമൊക്കെ നാരായണ മാമനില്‍ നിന്നാണ് ആദ്യം അറിയുന്നത്. ഏറെ കഴിയും മുന്നെ ഒരു വൃശ്ചികമാസക്കുളിരില്‍ മരണത്തിന്റെ പുതപ്പും ചൂടി നാരായണമാമന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും ഞങ്ങളുടെ ഗ്രാമത്തില്‍ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ അലയൊലികള്‍ എത്തിക്കഴിഞ്ഞിരുന്നു. രാജ്യം മുഴുവന്‍ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ വേലിയേറ്റത്തില്‍ ഇളകിമറിഞ്ഞപ്പോള്‍ ഞാനും അതിന്റെ ഭാഗമായിമാറി. ശ്രീരാമ ശിലാപൂജകളും ശ്രീരാമജ്യോതി പ്രയാണവും പാദുകപൂജയും ഒടുക്കം കര്‍സേവകന്മാരുടെ ചിതാഭസ്മ യാത്രയും എല്ലാമെല്ലാമായി ഞങ്ങളുടെ യൗവനം സമരസങ്കീര്‍ണ്ണമാക്കിമാറ്റിയ അയോദ്ധ്യ നേരിട്ട് കാണണമെന്നത് ഒരാഗ്രഹമായിരുന്നു. അയോദ്ധ്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ് കുറച്ചുദിവസം ആശുപത്രിയില്‍ കിടക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. അന്ന് നാട്ടിലെ പ്രബുദ്ധരെന്നവകാശപ്പെടുന്ന ചിലര്‍ ഞങ്ങളോട് ചോദിച്ചത് എങ്ങോ കിടക്കുന്ന ഒരമ്പലത്തിനുവേണ്ടി എന്തിനാണ് സമരം ചെയ്യുന്നതെന്നായിരുന്നു. പക്ഷെ ഒരു രാഷ്ട്രത്തിന്റെ ചരിത്രം മാറ്റിമറിയ്ക്കുവാന്‍ രാമജന്മഭൂമി പ്രക്ഷോഭത്തിനായി എന്നത് ഇന്ന് അത്ഭുതമായി തോന്നുന്നു. കര്‍സേവകന്മാരായി ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ വികാരനിര്‍ഭരമായി യാത്രയാക്കുമ്പോള്‍ അയോദ്ധ്യയിലേക്ക് പോകണമെന്ന മോഹം മനസ്സിലുദിച്ചതാണ്. പക്ഷെ ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ദശകങ്ങള്‍ കഴിയേണ്ടിവന്നു. എന്നുമാത്രമല്ല കലുഷിതമായ അയോദ്ധ്യാ പ്രശ്‌നത്തിന് സുപ്രീംകോടതിയുടെ തീര്‍പ്പും വന്നുകഴിഞ്ഞിരിക്കുന്നു. ഇനിയും അയോദ്ധ്യസന്ദര്‍ശിച്ചില്ലെങ്കില്‍ എന്തായിരുന്നു രാമജന്മഭൂമിയിലെ അവസ്ഥയെന്നു മനസ്സിലാക്കാനുള്ള അവസാന അവസരവും കൈമോശം വരും. ഭവ്യമായ രാമമന്ദിരം പടുത്തുയര്‍ത്തും മുന്നെ അവിടെയെത്തി ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ തിരിച്ചറിയുക എന്നതായിരുന്നു എന്റെ ലക്ഷ്യം.
വളരെ മുന്‍കൂട്ടി ആസൂത്രണം ചെയ്യാത്ത യാത്രയായതുകൊണ്ട് റെയില്‍വെ റിസര്‍വേഷനുകള്‍ ഒന്നും ചെയ്തിരുന്നില്ല. തത്കാല്‍ ടിക്കറ്റുകളാണ് ഇത്തരം സാഹചര്യത്തില്‍ നല്ലതെന്നതുകൊണ്ട് റെയില്‍വേ ഉദ്യോഗസ്ഥനായ പുത്തൂരിലെ ശരത് ചന്ദ്രനോട് ടിക്കറ്റുകള്‍ തത്കാലില്‍ എടുക്കാന്‍ ശട്ടം കെട്ടി. ചുരുക്കിപ്പറഞ്ഞാല്‍ എന്റെ യാത്രയുടെ മാനേജരായി അയാള്‍ നാട്ടില്‍ ഇരുന്നുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിച്ചു. ഒറ്റയ്ക്കുള്ള യാത്രയായതുകൊണ്ട് മറ്റാരുടെയും സൗകര്യങ്ങള്‍ നേക്കേണ്ടതില്ല എന്ന മെച്ചമുണ്ടായിരുന്നു. മീററ്റ് മീറ്റിംഗ് കഴിഞ്ഞ് ഡിസംബര്‍ 16ന് രാത്രി തന്നെ അയോദ്ധ്യയിലേക്ക് തിരിക്കാന്‍ നിശ്ചയിച്ചിരുന്നു. അയോദ്ധ്യയിലെത്തിയാല്‍ എവിടെ തങ്ങും എന്ന് ചിന്തിച്ചപ്പോഴാണ് വിശ്വഹിന്ദു പരിഷത്തുമായി ബന്ധപ്പെടാന്‍ തീരുമാനിച്ചത്. സംഘടനാസെക്രട്ടറി ഗിരീഷിനെ വിളിച്ചപ്പോള്‍ തിരുവനന്തപുരത്തെ വെങ്കിടേശ്വര്‍ജി വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുമെന്നു പറഞ്ഞു. വെങ്കിടേശ്വര്‍ജിയാകട്ടെ വിശ്വഹിന്ദുപരിഷത്തിന്റെ ദേശീയ ഉപാദ്ധ്യക്ഷനായ ചമ്പത് റായിജിയോട് ഞാന്‍ എത്തുന്ന കാര്യം സൂചിപ്പിച്ചിരുന്നു. ചമ്പത് റായിജിയെ വിളിച്ചപ്പോള്‍ തന്നെ അദ്ദേഹം കര്‍സേവാപുരത്ത് താമസിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു.
മീററ്റില്‍ നിന്ന് ഹാപൂര്‍ എന്ന സ്റ്റേഷനില്‍ എത്തിയാല്‍ അയോദ്ധ്യക്കുള്ള വണ്ടി പിടിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയിരുന്നു. നവ ചണ്ഡി എക്‌സ്പ്രസ് വൈകിട്ട് 6.45 ആയപ്പോള്‍ പ്ലാറ്റ്‌ഫോം പിടിച്ചു. ഏതാണ്ട് 8.30 ആയപ്പോള്‍ ഹാപ്പൂര്‍ സ്റ്റേഷനില്‍ വണ്ടി എത്തി. ഹാപ്പൂറില്‍ നിന്നും ഒരു രാത്രി മുഴുവന്‍ യാത്ര ചെയ്താലെ അയോദ്ധ്യയിലെത്തു. തണുപ്പ് കഠിനമായതോടെ ഞാന്‍ ജാക്കറ്റിനുള്ളില്‍ കയറിക്കൂടി. എല്ലാ യാത്രക്കാരും ജാക്കറ്റും കമ്പിളിയുമായാണ് യാത്ര. ഇതിനിടയില്‍ മീററ്റിലെ ഇന്റര്‍നെറ്റ് സംവിധാനം അധികൃതര്‍ നിരോധിച്ചതായി അറിഞ്ഞു. പൗരത്വനിയമഭേദഗതിക്കെതിരെ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ ഉണ്ടായതാണ് കാരണമെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെട്ടു പോകുന്നത് എന്നെപ്പോലുള്ളയാത്രക്കാരാണ്. വണ്ടി എപ്പോഴെത്തുമെന്നും കടന്നുപോകുന്ന സ്റ്റേഷന്‍ ഏതാണെന്നുമൊക്കെ അറിയാന്‍ റെയില്‍വേ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ വയ്യാതായി. ശരത് ഇടയ്ക്കിടയ്ക്ക് വിളിച്ച് കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരുന്നതിനാല്‍ വലിയ പ്രശ്‌നമുണ്ടായില്ല. 10.37 ആകുമ്പോഴേയ്ക്കും എനിക്ക് അയോധ്യക്ക് പോകേണ്ട സരയു യമുനാ എക്‌സ്പ്രസ് എത്തുമെന്ന് ശരത് വിളിച്ചറിയിച്ചു. വണ്ടിക്കുള്ളില്‍ കടന്ന ഞാന്‍ അത്ഭുതപ്പെട്ടുപോയി. വലിയ വീപ്പകള്‍ വരെ കൊണ്ടാണ് റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്രക്കാര്‍ കയറിയിരിക്കുന്നത്. ഒരുതരത്തില്‍ എന്റെ ബര്‍ത്ത് കണ്ടു പിടിച്ചപ്പോള്‍ അതില്‍ ഒരു കൗമാരക്കാരന്‍ സുഖമായുറങ്ങുന്നു. ചിലര്‍ ബര്‍ത്തില്‍ ഇരിക്കുന്നുമുണ്ട്. ഉത്തരഭാരതത്തിലെ നോണ്‍ ഏ.സി. റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റുകള്‍ ഇങ്ങനെയൊക്കെയാണെന്ന് കേട്ടിട്ടുണ്ടെങ്കിലും നേരിട്ടനുഭവിക്കുന്നത് ആദ്യമായിട്ടായിരുന്നു. എന്തായാലും പണം മുടക്കി റിസര്‍വ് ചെയ്തിട്ട് ഉറക്കം കളഞ്ഞ് യാത്ര ചെയ്യേണ്ടകാര്യമില്ലല്ലോ. സൗമ്യമായി എഴുന്നേറ്റ് മാറാന്‍ പറഞ്ഞിട്ട് ചെക്കന്‍ കേട്ടഭാവമില്ല. പിന്നെ അറിയാവുന്ന ഹിന്ദിയില്‍ അല്പം കടുപ്പിച്ചപ്പോള്‍ അവന്‍ തെല്ല് നീരസത്തോടെ എഴുന്നേറ്റ് മാറി. എന്നിട്ടും രാത്രി മുഴുവന്‍ എന്റെ കാല്‍ ചുവട്ടില്‍ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. ഇതോടെ ബാക്കി റിസര്‍വേഷനുകള്‍ എ.സി. കമ്പാര്‍ട്ടുമെന്റിലാക്കാന്‍ ഞാന്‍ ശരത്തിനോട് പറഞ്ഞു. ഏ.സി. കമ്പാര്‍ട്ടുമെന്റില്‍ ഇത്തരം അനധികൃതയാത്രക്കാര്‍ ഉണ്ടാവാറില്ല എന്ന് തുടര്‍ന്നുള്ള യാത്രകളില്‍ മനസ്സിലായി.
ശ്രീരാമചന്ദ്രന്റെ മണ്ണില്‍
പുകമഞ്ഞിലൂടെ ഊളിയിട്ടു നീന്തിയ തീവണ്ടി ഡിസംബര്‍ 17ന് രാവിലെ 9 മണിയോടെ അയോദ്ധ്യയില്‍ എത്തി. നഗരത്തിന്റെ പൗരാണികത റെയില്‍വെസ്റ്റേഷനും തോന്നിച്ചു. നരച്ചുണങ്ങിയ ദേഹപ്രകൃതിയില്‍ നിസംഗമായി കിടന്ന അയോദ്ധ്യാറെയില്‍വെ സ്റ്റേഷനില്‍ നിറയെ കുരങ്ങന്മാരും തീര്‍ത്ഥാടകരും ഇടകലര്‍ന്നിരുന്നു. രാമസേനയിലെ കപികുലം അയോദ്ധ്യയുടെ അവകാശികളെപ്പോലെ എല്ലായിടവും നിറഞ്ഞിരുന്നു.
ശ്രീരാം ജന്മഭൂമി പ്രക്ഷോഭങ്ങളുടെ നിയന്ത്രണ കേന്ദ്രമായിരുന്ന കര്‍സേവാപുരത്തായിരുന്നു എനിക്ക് ആദ്യം എത്തേണ്ടിയിരുന്നത്. കാരണം താമസ വ്യവസ്ഥ അവിടെയായിരുന്നു. റെയില്‍വേസ്റ്റേഷനുപുറത്ത് നിരനിരയായികിടക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ പരിസ്ഥിതിസൗഹൃദ ഉത്തര്‍പ്രദേശ് എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിക്കുന്ന യാത്രാവാഹനങ്ങളാണ്. പക്ഷെ എവിടെപ്പോകുന്നതിനുമുന്നെയും തുക പറഞ്ഞുറപ്പിച്ചില്ലെങ്കില്‍ ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ നിന്നുമാത്രമല്ല ഏത് ടാക്‌സിയില്‍ നിന്നും നമുക്ക് ഷോക്കടിക്കും. ഞാന്‍ ഒരു ഒട്ടോക്കാരനുമായി ധാരണയിലായി. വെറും പത്തുരൂപയ്ക്ക് ഒന്നരകിലോ മീറ്റര്‍ ദൂരത്തുള്ള കാര്‍ സേവാപുരത്ത് എന്നെ എത്തിക്കാമെന്ന് അയാളേറ്റു. പക്ഷെ വഴിയില്‍ നിന്നു കിട്ടുന്നവരെ ഒക്കെ കേറ്റുമെന്നുമാത്രം.
കര്‍സേവാപുരത്തിന്റെ കവാടത്തില്‍ തന്നെ എന്നെക്കാത്ത് വിശ്വഹിന്ദുപരിഷത്തിന്റെ മുതിര്‍ന്ന അധികാരി ചമ്പത്തറായ്ജി നിയോഗിച്ചിരുന്ന ആള്‍ നില്‍ക്കുന്നുണ്ടായിരുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഏറ്റവും പുതിയ സ്ഥിതിഗതികള്‍ പഠിക്കാന്‍ വരുന്ന ഒരു പത്രപ്രവര്‍ത്തകനെന്ന നിലയിലാണ് അദ്ദേഹം എന്നെ കണ്ടിരുന്നതെന്ന് മനസ്സിലായി. കര്‍ സേവാപുരത്തെ കെട്ടിടങ്ങളൊക്കെ പഴകിത്തുടങ്ങിയെങ്കിലും ലഭ്യമായതിലെ ഏറ്റവും നല്ല ഒരു മുറിയില്‍ തന്നെ എന്റെ താമസത്തിന് ഏര്‍പ്പാട് ചെയ്തിരുന്നു. പ്രഭാതത്തിലെ തണുപ്പ് വിട്ടുമാറാത്തതുകൊണ്ടാവും കവാടത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തീകാഞ്ഞിരിക്കുന്നുണ്ടായിരുന്നു. കനത്ത സുരക്ഷാവലയത്തിനുള്ളിലായിരുന്നു കര്‍ സേവാപുരം സ്ഥിതിചെയ്തിരുന്നത്.
മുറിയിലെത്തി കുളികഴിഞ്ഞ് വന്നപ്പോഴേയ്ക്കും പ്രഭാത ഭക്ഷണം തയ്യാറായിരുന്നു. കര്‍സേവാപുരത്തെ അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലിരുന്ന് ഞാന്‍ റൊട്ടിയും ഉരുളക്കിഴങ്ങ് കറിയും കഴിച്ചു തുടങ്ങിയപ്പോഴാണ് ഒരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടത്. കര്‍സേവാപുരത്തിന്റെ വിശാലമായ മൈതാനത്ത് മേഞ്ഞു നടന്നിരുന്ന പശുക്കളും നായ്ക്കളുമെല്ലാം ഞാന്‍ ഭക്ഷണം കഴിക്കുന്ന വിവരം അറിഞ്ഞു കഴിഞ്ഞിരുന്നു. എല്ലാവരും പുറത്തെത്തി തങ്ങളുടെ അവകാശം ചോദിച്ചു നില്പ്പുറപ്പിക്കുന്നു. അടുക്കളയില്‍ പാചകത്തിലേര്‍പ്പെട്ടിരുന്ന പയ്യന് കാര്യം മനസ്സിലായതുകൊണ്ട് അയാള്‍ കുറച്ച് റൊട്ടിയുമായി പുറത്തുവന്നു. എല്ലാവര്‍ക്കും ഓരോ റൊട്ടി നല്‍കിയപ്പോള്‍ അവര്‍ സന്തോഷത്തോടെ കഴിച്ചു. അത് അവിടുത്തെ ഒരു പതിവായിരുന്നെന്ന് അപ്പോള്‍ തോന്നി. കര്‍സേവാ പുരത്തെ വിശാലമായ മൈതാനം നിരവധി സമ്മേളനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഒരു സ്ഥലമാണെന്ന് അധികൃതര്‍ പറഞ്ഞു. രാമജന്മഭൂമി പ്രക്ഷോഭം നടക്കുന്നകാലത്ത് നിര്‍ണ്ണായകമായ പല മീറ്റിംഗുകളും ഇവിടെ വച്ചായിരുന്നുത്രെ നടന്നിരുന്നത്. മൈതാനത്തിനു ചുറ്റിലുമുള്ള മൂന്നു നിലകെട്ടിടം വേദപാഠശാലയാണ്. വേദവും സംസ്‌കൃതവും മറ്റും പഠിപ്പിയ്ക്കാനുള്ള വിശ്വഹിന്ദുപരിഷത്തിന്റെ പദ്ധതിയുടെ ഭാഗമാണീ നിര്‍മ്മിതികള്‍. വേദപഠിതാക്കളായ കുട്ടികള്‍ മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നു. മൈതാനത്തിന്റെ ഒരുവശത്ത് വിശാലമായ ഗോശാല പ്രവര്‍ത്തിച്ചുപോരുന്നു. കവാടത്തിനോട് ചേര്‍ന്നുള്ള പുസ്തകാലയത്തില്‍ ഹസാരിലാല്‍ എന്ന വ്യദ്ധനാണ്. ക്യാമറകണ്ടതോടെ അദ്ദേഹം ആവേശത്തിലായി. പുസ്തകാലയത്തിന്റെ മദ്ധ്യത്തില്‍ സൂക്ഷിച്ചിരിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃക അദ്ദേഹം എന്നെ കാണിച്ചുതന്നു. ഹസാരിലാല്‍ പഴയ ഒരു കര്‍സേവകനാണ്. ഉത്തര്‍പ്രദേശിലെ ഏതോ കുഗ്രാമത്തില്‍ നിന്നും കര്‍സേവയ്ക്കു വന്നിട്ട് പിന്നീട് മടങ്ങിപ്പോയില്ല. ഇപ്പോള്‍ പുസ്തകാലയത്തിന്റെ ചുമതല നോക്കി കര്‍സേവാപുരത്ത് താമസിക്കുന്നു. എന്നെ അയോദ്ധ്യ ചുറ്റി നടന്ന് കാണിക്കാനായി വി.എച്ച്.പി അധികൃതര്‍ ഒരു സഹായിയെ നിശ്ചയിച്ചു തന്നു. കര്‍സേവാപുരത്തെ ഗോശാലയിലെ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്ന രാംഫല്‍ പ്രജാപതിയായിരുന്നു അത്. അറുപതുവയസ്സിനുമേലെ പ്രായം തോന്നിക്കുന്ന ആ മനുഷ്യന് ഒരു അവധൂതന്റെ ശരീരഭാഷയായിരുന്നു. ഹസാരിലാലിനെപ്പോലെ രാമജന്മഭൂമിപ്രക്ഷോഭം തിളച്ചുമറിഞ്ഞ തൊണ്ണൂറുകളില്‍ വീടും കുടിയുമെല്ലാം ഉപേക്ഷിച്ച് കര്‍സേവകനായി വന്ന ആളായിരുന്നു രാംഫല്‍ പ്രജാപതി. തന്റെ കറുത്ത കുപ്പായത്തിനുമേല്‍ തണുപ്പകറ്റാനായി ഒരു മേല്‍ക്കുപ്പായവും കാവിഷാളും കമ്പിളിത്തൊപ്പിയും വച്ച് അദ്ദേഹം എന്നൊടൊപ്പം ഇറങ്ങിത്തിരിച്ചു.
ഓട്ടോറിക്ഷകളിലായിരുന്നു ഞങ്ങളുടെ കറക്കം. വണ്ടിക്കാരോടുള്ള വിലപേശലൊക്കെ രാംഫല്‍ജി നടത്തിയിരുന്നതുകൊണ്ട് അക്കാര്യത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടിരുന്നു. ചെറിയ തുകയാണ് റിക്ഷാക്കാര്‍ ഈടാക്കിയിരുന്നത്. രാവിലെ പത്തു മണി ആയപ്പോഴേയ്ക്കും ഞങ്ങള്‍ കാര്യശാലയിലെത്തി. കര്‍സേവാപുരത്തുനിന്നും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ദൂരമേ കാര്യശാലയിലേക്കുള്ളു. ഇവിടെയാണ് ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മ്മാണം വര്‍ഷങ്ങളായി നടക്കുന്നത്. പടുകൂറ്റന്‍ മാര്‍ബിള്‍ ശിലകള്‍ യന്ത്രസഹായത്താല്‍ കീറിമുറിച്ച് അവയില്‍ ശില്പവേലകള്‍ ചെയ്ത് അട്ടി അട്ടിയായി സൂക്ഷിച്ചിരിക്കുന്നതിവിടെയാണ്. പടുകൂറ്റന്‍ തൂണുകളും കുംഭഗോപുരങ്ങളുടെ ഭാഗങ്ങളും ഉത്തരങ്ങളും രാജകീയ കവാടങ്ങളുമെല്ലാം അഹല്യാശിലപോലെ ദശകങ്ങളായി കിടക്കുന്നത് കാര്യശാലയിലാണ്. കാര്യശാലയില്‍ ഇപ്പോള്‍ കാര്യമായ പണിയൊന്നും നടക്കുന്നതായി തോന്നിയില്ല. ഏറ്റവും ഹൃദയസ്പര്‍ശിയായ ഒരു കാഴ്ച കാര്യശാലയില്‍ കണ്ടത് രാമശിലകളുടെ ശേഖരമാണ്. 1990കളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും പൂജിച്ച് ക്ഷേത്രനിര്‍മ്മാണത്തിനായി കൊണ്ടുവന്ന രാമനാമാങ്കിതമായ ചുടുകട്ടകളുടെ ശേഖരം രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ചരിത്രമറിയുന്നവരുടെ കണ്ണുകള്‍ ഈറനണിയിക്കുന്ന കാഴ്ചയാണ്. എത്രയോ പേരുടെ ഭക്തിശ്രദ്ധാവിശ്വാസങ്ങളാണ് അവിടെ ഒരു തകരമേല്‍ക്കൂരയ്ക്കുകീഴില്‍ സമാധിസ്തമായിരിക്കുന്നതെന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചുപോയി. അതിലെവിടെയോ ഒരു ശില ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നും എത്തിയതുണ്ട് എന്ന ചിന്ത എന്നെ മുപ്പതുവര്‍ഷങ്ങള്‍ പിന്നോട്ടുകൊണ്ടുപോയി. പരമോന്നത കോടതിയുടെ ഉത്തരവില്‍ ഉടന്‍ തന്നെ ഭവ്യമായ രാമക്ഷേത്രമുയരുമ്പോള്‍ അതിന്റെ അസ്തിവാരത്തിലെവിടെയോ ഈശിലകളെല്ലാം നിക്ഷേപിക്കപ്പെടുമെന്നതുറപ്പാണ്. അത് ഭാരതത്തിലെ ജനകോടികളുടെ പങ്കാളിത്തത്തിന്റെ പ്രതീകമാകും.
രാവിലെ വലിയ തിരക്കുകളൊന്നുമില്ലാതിരുന്നതിനാല്‍ ശാന്തമായി ഫോട്ടോ എടുത്തുനീങ്ങുമ്പോഴാണ് പുറത്ത് തീര്‍ത്ഥാടകരെ വഹിച്ചുകൊണ്ടുള്ള ഏതാനും ബസ്സുകള്‍ വന്നു നിന്നത്. അയോധ്യയിലെത്തുന്ന എല്ലാവരും കര്‍സേവാപുരത്തും കാര്യശാലയിലും എത്തുക എന്നത് ഒരാചാരം പോലെ ആയിരിക്കുന്നു. ജയ്ശ്രീറാം വിളികളോടെ എത്തിയ സ്ത്രീകളടക്കമുള്ള വലിയ ജനക്കൂട്ടം അത്ഭൂതാദരങ്ങളോടെ നിര്‍മ്മാണത്തിലിരിക്കുന്ന ശിലകളില്‍ തൊട്ടു തൊഴുന്നുണ്ടായിരുന്നു. രാമന്‍ എന്ന വികാരമാണ് അവരുടെ പ്രവൃത്തികളിലൂടെ വെളിപ്പെട്ടിരുന്നത്.
Comments