പ്രവാഹമാനമായ കാലത്തിന്റെ പ്രതീകമാണ് നദികള്‍. സംസ്‌കാരത്തിന്റെയും നാഗരികതകളുടെയും ഉദയവും അസ്തമയവും നിസ്സംഗം കണ്ടൊഴുകുന്ന പുഴകള്‍ ക്ഷണികവാഴ്‌വിന്റെ പൊരുള്‍ തിരയുന്ന സഞ്ചാരികള്‍ക്ക് എന്നും ഉള്ളുണര്‍വ്വുണ്ടാക്കുന്നവയാണ്. വിശാലഭാരതത്തിന്റെ വിരിമാറിലൂടെ ഒഴുകിപ്പരക്കുന്ന ഗംഗ എന്നും സഞ്ചാരികള്‍ക്കും ആത്മീയാന്വേഷകര്‍ക്കും തീര്‍ത്ഥസങ്കേതമാണ്. ഭാരതത്തിന്റെ ഏറ്റവും പ്രാചീനനഗരങ്ങളിലൊന്നായ കാശിയും അയോദ്ധ്യയും എന്റെ യാത്രകളുടെ ലക്ഷ്യമായിട്ട് കാലങ്ങളായെങ്കിലും അത് സാധിതപ്രായമായത് 2019 ഡിസംബറിലാണ്. ശീതവാതങ്ങളില്‍ തണുത്തു മരവിച്ച ഉത്തരഭാരതത്തിലെ ഗംഗാ സമതലം മാടിവിളിച്ചപ്പോള്‍ പോകാന്‍ തന്നെ തീരുമാനിച്ചു. ഡിസംബര്‍ 15, 16 തീയതികളിലായി മീററ്റിലെ ഹസ്തിനാപൂരില്‍ വച്ച് നടക്കുന്ന പത്രാധിപന്മാരുടെ ഒരു മീറ്റിങ്ങുണ്ട്. അതിനുശേഷം ഒരാഴ്ചകൊണ്ട് അയോധ്യയും കാശിയും കാണാമെന്ന് തീരുമാനിച്ചു. ദില്ലിയില്‍ വിമാനമിറങ്ങിയപ്പോഴാണ് മനസ്സിലായത് ഉത്തരഭാരതത്തിലെ തണുപ്പിന്റെ ഭീകരത. ഞാന്‍ കരുതിയ വസ്ത്രങ്ങളൊന്നും തണുപ്പിനെ വേണ്ടത്ര പ്രതിരോധിക്കുന്നില്ല എന്നു തോന്നി. സോക്‌സ് ധരിച്ചിട്ടുപോലും വിരലുകള്‍ മരവിച്ച് പോകുന്ന തണുപ്പ്. ഓള്‍ഡ് ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏതാണ്ട് ഒന്നേമുക്കാല്‍ മണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ മീററ്റിലെത്തി. ദില്ലിയോട് ചേര്‍ന്നുകിടക്കുന്ന ഉത്തര്‍പ്രദേശിലെ നഗരമാണ് മീററ്റ്. മുന്‍കൂട്ടി അറിയിച്ചതനുസരിച്ച് മീററ്റ് സംഘകാര്യാലയത്തില്‍ നിന്നും അയച്ച വാഹനം പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മൂന്നു നിലകളിലായി നിര്‍മ്മിച്ച ഒരു നാലു കെട്ടായിരുന്നു കാര്യാലയം. അവിടെ അല്പസമയം വിശ്രമിച്ചതിനുശേഷം മറ്റൊരു കാറില്‍ വൈകുന്നേരമായപ്പോഴേയ്ക്കും മീറ്റിംഗ് സ്ഥലമായ ഹസ്തിനാപൂരിലെത്തി. ശ്വേതാംബര്‍ ജൈന മന്ദിരത്തില്‍ വച്ചാണ് രണ്ടു ദിവസത്തെ പത്രാധിപ സമ്മേളനം നടക്കുന്നത്.
മീററ്റിന്റെ ചരിത്രപ്രാധാന്യം
മീററ്റ് ഗംഗാസമതലത്തിന്റെ ഭാഗമാണ്. ഗംഗാനദിയുടെയും മറ്റൊരു കൈവഴിയായ ഹിന്‍ടന്‍ നദിയുടെയും ഇടയില്‍ കിടക്കുന്ന ഫലഭൂയിഷ്ഠമായ പ്രദേശമാണ് ഈ പുരാതന നഗരം. മഹാഭാരത ഇതിഹാസത്തിന്റെ കഥാഭൂമികയാണ് മീററ്റിന്റെ പ്രാന്ത പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഹസ്തിനാപ്പൂര്‍ എന്ന ഹസ്തിനപുരി. കുരുവംശ രാജധാനിയായി അറിയപ്പെടുന്ന ഹസ്തിനാപുരിയില്‍ വച്ച് നടക്കുന്ന മീറ്റിംഗ് എന്നതുകൊണ്ട് തന്നെ ഒരു ഔല്‍സുക്യമുണ്ടായിരുന്നു. ഇന്‍ഡസ്‌വാലി സിവിലൈസേഷന്‍ എന്ന് വിളിക്കപ്പെടുന്ന പ്രാചീന ഹൈന്ദവനാഗരികതയുടെ കളിത്തൊട്ടിലായിരുന്നു മീററ്റും പ്രാന്തപ്രദേശങ്ങളും. ഇവിടെ നടന്ന ഉല്‍ഖനനങ്ങളില്‍ പ്രാചീനനാഗരികതകളുടെ നിരവധി അവശിഷ്ടങ്ങള്‍ ലഭിക്കുകയുണ്ടായി. അസുരശില്പിയായിരുന്ന മയന്‍ മീററ്റ് കേന്ദ്രമാക്കി രാജ്യം ഭരിച്ചിരുന്നതിനാല്‍ ഇത് മയരാഷ്ട്രമായിരുന്നത്രെ. മയ ശബ്ദത്തില്‍ നിന്നും രൂപാന്തരം പ്രാപിച്ച സ്ഥലനാമം മീററ്റായി മാറി എന്നു കരുതുന്നു.
ആധുനിക കാലത്ത് മീററ്റ് അറിയപ്പെടുന്നത് ‘സ്‌പോര്‍ട്‌സ് സിറ്റി ഓഫ് ഇന്ത്യ’ എന്നാണ്. കായികപരിശീലനത്തിനാവശ്യമായ വസ്തുക്കള്‍ ഉണ്ടാക്കുന്നതിനും കയറ്റി അയക്കുന്നതിനും മീററ്റ് പേരു കേട്ടിരിക്കുന്നു. അതുപോലെ സംഗീത ഉപകരണങ്ങള്‍ ഏറ്റവും ഗുണനിലവാരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു കേന്ദ്രം കൂടിയാണ് ഈ നഗരം. മഹാഭാരതത്തില്‍ പാണ്ഡവ-കൗരവരാജധാനിയായ ഹസ്തിനപുരിയുടെ ചരിത്രസാംഗത്യം പരിശോധിക്കുവാന്‍ നടത്തിയ ഉല്‍ഖനനങ്ങളില്‍ അല്‍ഭുതകരമായ നിരവധി കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ട്. 1950-51 കാലത്ത് പ്രൊഫ. ബി.ബി.ലാലിന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന ഗവേഷണത്തില്‍ തേര്‍ ചക്രങ്ങളുടെയും ആയുധങ്ങളുടെയും പാത്രങ്ങളുടെയും എല്ലാം അവശിഷ്ടം ലഭിക്കുകയുണ്ടായി. ഗംഗയിലുണ്ടായ ഏതോ പ്രളയമാണ് ഹസ്തിനാപുരിയെ പൂര്‍ണമായി കാലയവനികയ്ക്കുള്ളിലാക്കി കളഞ്ഞത്. ഏത് പ്രതാപശാലിയേയും മഹാനാഗരിതകളെയും വിഴുങ്ങുവാന്‍ സര്‍വ്വഭക്ഷകനായ കാലത്തിന് നൊടിനേരം മതിയാകും. സാമ്രാട്ടുകളുടെ രഥചക്രങ്ങള്‍ പതിഞ്ഞ പാതയോരങ്ങളും കരിങ്കല്ലുകള്‍ പോലും കല്പനകള്‍ക്ക് കാതോര്‍ത്തു നിന്നിരുന്നിരിക്കാനിടയുള്ള പരാക്രമശാലികളുടെ വാഴ്‌വിന്റെയും മൃതിയുടെയും സ്മരണകളുണര്‍ത്തുന്ന ഹസ്തിനപുരിയിലേക്ക് എന്റെ വാഹനം ഏതാണ്ട് രാത്രി ഏഴുമണിയോടെ എത്തിച്ചേര്‍ന്നു. തണുപ്പും പുകമഞ്ഞും ചേര്‍ന്നു രചിച്ച അലൗകിക അന്തരീക്ഷത്തില്‍ പടുകൂറ്റന്‍ ജൈനക്ഷേത്രസമുച്ചയം ഉയര്‍ന്നു നിന്നിരുന്നു. നേര്‍ത്ത പ്രാര്‍ത്ഥനാ മന്ത്രങ്ങളുടെ അകമ്പടിയില്‍ തീര്‍ത്ഥാടകര്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നുണ്ടായിരുന്നു. നൂറുകണക്കിന് കുരങ്ങന്മാര്‍ ഭക്തര്‍ നല്‍കുന്ന ഭക്ഷണത്തിനായി പരസ്പരം മല്ലടിച്ച് പാഞ്ഞു നടക്കുന്നു. കടുത്ത തണുപ്പില്‍ നിന്നും രക്ഷനേടാനായി അവ കുഞ്ഞുങ്ങളെ ഉള്ളിലാക്കി പരസ്പരം കെട്ടിപ്പിടിച്ചിരിക്കുന്ന കാഴ്ച ചേര്‍ച്ചയില്ലാത്ത മനുഷ്യകുലത്തിനുള്ള സന്ദേശം പോലെ തോന്നിച്ചു.
മീററ്റില്‍ നിന്നും 48 കീ.മി. വടക്കുകിഴക്കുമാറി ഗംഗയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഹസ്തിനാപുരം ഹിന്ദുക്കള്‍ക്കെന്ന പോലെ ബൗദ്ധര്‍ക്കും ജൈനര്‍ക്കും വിശേഷപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമാണ്. ഉത്തരഭാരതത്തിലെ അതിസമ്പന്നരായ ജൈനമത വിശ്വാസികള്‍ പടുത്തുയര്‍ത്തിയിരിക്കുന്ന ഇത്തരം ക്ഷേത്രങ്ങളോടനുബന്ധിച്ച് പടുകൂറ്റന്‍ ധര്‍മ്മശാലകളും ഉണ്ടായിരിക്കും. ശ്വേതാംബര്‍ ജൈനമന്ദിരം ബാബു ഗുലാബ് ചന്ദ് നിര്‍മ്മിച്ചതാണെന്നാണ് രേഖകള്‍ പറയുന്നത്. സമ്പന്നരായ ഭക്തര്‍ പണിയിച്ചു നല്‍കിയിട്ടുള്ള ധര്‍മ്മശാലകളിലൊന്നിലാണ് പത്രാധിപ മീറ്റിഗും താമസവുമെല്ലാം. മീറ്റിംഗിന്റെ ഇടവേളകളില്‍ ജൈനക്ഷേത്രവും പരിസരവും ചുറ്റി നടന്നുകാണാന്‍ ശ്രമിച്ചിരുന്നു. വിരിഞ്ഞ താമര പോലെ മാര്‍ബിളില്‍ നിര്‍മ്മിച്ച കമല്‍ മന്ദിര്‍, പ്രദേശം മുഴുവന്‍ വീക്ഷിക്കാന്‍ കഴിയുംവിധം കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച സുമേരുപര്‍വ്വതം എന്ന് പേരിട്ടിരിക്കുന്ന ഗോപുരം, ധ്യാനമന്ദിരം എന്നിവയൊക്കെ ശ്വേതാംബര്‍ ജൈനമന്ദിരത്തിലെ സവിശേഷകാഴ്ചകളാണ്. കുട്ടികള്‍ക്ക് ഉല്ലസിക്കാനും ജൈനമന്ദിര പരിസരം ചുറ്റി ക്കാണാനും ഫൈബര്‍ ഗ്ലാസ്സില്‍ തീര്‍ത്ത കൂറ്റന്‍ ഐരാവതത്തിന്റെ ശില്പത്തില്‍ ചക്രം ഘടിപ്പിച്ചതുണ്ട്. ഇതിന്റെ മുകളില്‍ ഉറപ്പിച്ചിരിക്കുന്ന അമ്പാരിയില്‍ കയറി കഴിയുമ്പോള്‍ ഒരു ട്രാക്ടര്‍ ഐരാവതത്തെയും വലിച്ചുകൊണ്ട് ഓടാന്‍ തുടങ്ങും. കുട്ടികള്‍ മാത്രമല്ല കുട്ടിത്തം വിട്ടുമാറാത്ത ചില വൃദ്ധരും യുവാക്കളും വരെ ഐരാവത സവാരി നടത്തുന്നത് കണ്ടു.

ജൈനമത വിശ്വാസപ്രകാരം ശാന്തിനാഥ്, കുന്ദനാഥ് തുടങ്ങിയ തീര്‍ത്ഥങ്കരന്മാരുടെ ജന്മം കൊണ്ട് പവിത്രമാണ് ഹസ്തിനാപുരം. എന്നാല്‍ അശോക ചക്രവര്‍ത്തിയുടെ കാലത്ത് പ്രബലമായ ഒരു ബുദ്ധമത കേന്ദ്രമായി ഹസ്തിനാപുരം മാറിയിരുന്നു. കാലത്തിന്റെ മഹാലീലയില്‍ ഉപജാപങ്ങളുടെയും പടയോട്ടങ്ങളുടെയും ഇതിഹാസഭൂമി അഹിംസയുടെ പരമാചാര്യന്മാരായ ബുദ്ധന്റെയും ജൈനന്റെയും ആശയാദര്‍ശങ്ങളെ വരിച്ചിരുന്നു എന്നത് കൗതുകകരമായ അറിവായിരുന്നു. ചരിത്രകാലത്തേയ്ക്ക് വരുമ്പോള്‍ ഹസ്തിനാപുരമടങ്ങുന്ന മീററ്റിന്റെ വിപ്ലവ പാരമ്പര്യത്തേയും കുറച്ചു കാണാനാവില്ല. 1857ലെ സ്വാതന്ത്ര്യസമരത്തില്‍ മീററ്റിന്റെ സംഭാവന ചെറുതായിരുന്നില്ല.
മഹാഭാരതവും രാമായണവും ഒക്കെയായി ബന്ധമുള്ള നിരവധി സ്ഥലങ്ങള്‍ ഹസ്തിനാപുരത്തിന് ചുറ്റിലും ചിതറിക്കിടക്കുന്നുണ്ട്. അതിലൊന്നാണ് നവചണ്ഡി മന്ദിരം. ലങ്കാപതിയായ രാവണന്റെ ഭാര്യവീട് ഇവിടെ ആയതുകൊണ്ടാവാം മണ്ഡോദരി നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്ന വിശ്വാസം നിലനില്‍ക്കുന്നത്. മഹാഭാരതവുമായി ബന്ധപ്പെട്ട നിരവധി സ്ഥലനാമങ്ങളും കേന്ദ്രങ്ങളും ഇവിടെ ഉണ്ട്. മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്ന ജംബുദ്വീപം ഇവിടെയാണെന്ന് സ്ഥലനാമംകൊണ്ട് നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നു. കുരുക്ഷേത്ര യുദ്ധത്തില്‍ കൊല്ലപ്പെട്ട തന്റെ പുത്രന്മാര്‍ക്ക് ഗാന്ധാരി ശ്രാദ്ധം നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഗാന്ധാരി തടാകം ഹസ്തിനപുരത്തിലെ ഇതിഹാസ സൂചകമായ മറ്റൊരു കേന്ദ്രമാണ്. ശിവന്റെയും ദുര്‍ഗ്ഗയുടെയും പ്രതിഷ്ഠയുള്ള കര്‍ണ്ണ മന്ദിരമാണ് മറ്റൊരു തീര്‍ത്ഥാടന കേന്ദ്രം. ഇവിടെയുള്ള ശിവലിംഗത്തില്‍ പൂജ ചെയ്യാന്‍ കര്‍ണ്ണന്‍ നിത്യവും വരുമായിരുന്നു എന്നാണ് ഐതിഹ്യ കഥകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം സ്ഥലനാമങ്ങളും സങ്കേതങ്ങളും എല്ലാം മഹാഭാരതം എന്ന ഇതിഹാസത്തിന്റെ ചരിത്ര സാധ്യതകളിലേയ്ക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
(തുടരും)