ഓര്‍മ്മകളിലുണരും
ഇടക്കപ്പെരുക്കമായ്
പ്രണയ സോപാനത്തി-
ലഷ്ടപദിപ്പാട്ടായ്
നിത്യ നിലാവിന്റെ
ചന്ദനച്ചില്ലയില്‍
സുഗന്ധം പൊഴിക്കുന്ന
പൗര്‍ണ്ണമിത്തിങ്കളായ്
ഒരു തുലാമുകില്‍പ്പാട്ടിന്റെ
ഈണത്തിലെവിടെയോ
തുടി കൊട്ടിപ്പാടുന്നൊ-
രിടിമിന്നല്‍ സന്ധ്യയായ്
കര്ക്കിടകത്തിന്
കനം പൂണ്ട രാവില്‍
മുടിയഴിച്ചാടുന്ന
കരിമേഘ യക്ഷിയായ്
സ്മരണയുടെ
ഭൂതകാലത്തിന്റെ
ഉച്ചിയിലുദിച്ചൊരു
ധനുമാസ താരമായ്
മഴയോര്‍മ്മ തൂകുന്ന
കുളിര് നൂലിഴകളില്‍
നറു ചൂട് പകരുന്നൊ-
രുടലിന്റെ താളമായ്!
കഥയായുണര്ന്നും…
കവിതയായലിഞ്ഞും…
കണ്ണീരായ് കുതിര്‍ന്നും…
നീ ലാസ്യമോടെ…
എന്റെ യുഗാന്തത്തിന്റെ
ശേഷിപ്പിലും: നിന്റെ
ഹൃദയ രക്തത്തിന്റെ
കയ്യൊപ്പ് ചാര്ത്തു നീ.