കേരള രാഷ്ട്രീയത്തിലെ ഒരു സ്വപ്‌നം കൂടി പൊലിയുകയാണ്. രണ്ടാം തവണ അധികാരത്തിലെത്താമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്‌നമാണ് കനലുകള്‍ പോലുമില്ലാതെ എരിഞ്ഞടങ്ങി ചാമ്പലാകുന്നത്. കുറച്ചുപേരെ കുറെക്കാലം പറ്റിക്കാം. എല്ലാവരെയും എല്ലാ കാലവും പറ്റിക്കാനാകില്ലെന്ന പഴയ ചൊല്ല് സാര്‍ത്ഥകമാകുന്നത് പിണറായിയുടെ കാലത്താണ്. എല്‍ ഡി എഫ് വരും എല്ലാം ശരിയാകും, ബാറുകള്‍ പൂട്ടിക്കും, മദ്യമില്ലാത്ത സുന്ദരമായ കേരളനാട്, കാലു വയ്യാത്ത കെപിഎസി ലളിത ചേച്ചിയും സുഖമില്ലാത്ത ഇന്നസെന്റും അഭിനയിച്ച ഇടിവെട്ട് പരസ്യം വെറും പരസ്യം മാത്രമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത് അടുത്തിടെയാണ്. ബിവ്‌റേജസ് കോര്‍പ്പറേഷനുവേണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ മദ്യവില്പനയ്ക്കുള്ള ആപ്പ് ബാറുകള്‍ക്കായി തീറെഴുതിയപ്പോള്‍ സാധാരണക്കാര്‍ക്കു മനസ്സിലായി പിടിച്ചതിനേക്കാള്‍ വലുതാണ് പൊത്തിലുള്ളതെന്ന്. കൊറോണക്കാലം തീരും മുന്‍പ് ബാറുകള്‍ തുറപ്പിക്കാനും അവിടേക്ക് ആളെ എത്തിക്കാനും പഴയ എസ് എഫ് ഐ നേതാവും ഇപ്പോള്‍ ബാറുടമയല്ലാത്ത ബാര്‍ അസോസിയേഷന്‍ നേതാവുമായ ആളിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന പണപ്പിരിവ് ബാറുകളെ ചുറ്റിപ്പറ്റിയായിരുന്നു. കെ എം.മാണിയുടെ പേരില്‍ അഴിമതിയാരോപണം ഉന്നയിച്ച് നോട്ട് എണ്ണുന്ന യന്ത്രമുണ്ടെന്ന് സംസ്ഥാനത്ത് മുഴുവന്‍ പ്രചരിപ്പിച്ചവര്‍, മാണി ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരെ പ്രതിരോധം തീര്‍ക്കാന്‍ നിയമസഭയില്‍ കേട്ടുകേള്‍വിയില്ലാത്ത അക്രമം നടത്തി സ്പീക്കറുടെ ഡയസിലെ കസേരകളും കമ്പ്യൂട്ടറുകളും മുഴുവന്‍ തകര്‍ത്തവര്‍ പറഞ്ഞ വാക്കുകളെല്ലാം വിഴുങ്ങി ബാര്‍മുതലാളിമാര്‍ക്ക് ഓശാന പാടി ഏറാന്‍ മൂളി നില്‍ക്കുന്ന ചിത്രം കേരള രാഷ്ട്രീയത്തിലെ ദുരന്തചിത്രം മാത്രമല്ല, പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെയും അദ്ദേഹം ഉയര്‍ത്തിയ പ്രതിരോധങ്ങളുടെയും ആരോപണങ്ങളുടെയും തകര്‍ച്ച കൂടിയാണ്. ബാര്‍കോഴ കേസിന്റെ പേരിലാണ് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിനെതിരെ ഇടത് മുന്നണി ആരോപണം ഉയര്‍ത്തിയതും ജനവിധി തേടിയതും. ഉമ്മന്‍ ചാണ്ടി ഘട്ടം ഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ത്തലാക്കിയ പത്ത് ശതമാനം ബാര്‍ പോലും വീണ്ടും തുറന്നുകഴിഞ്ഞു. പറഞ്ഞ വാക്കുകളൊന്നും നടപ്പിലാക്കാത്ത സര്‍ക്കാര്‍ എന്ന ബഹുമതിക്ക് ഏറ്റവും കൂടുതല്‍ യോഗ്യത പിണറായിക്ക് തന്നെ.
ഇക്കാര്യം കുറെക്കൂടി വിശദമായി പരിശോധിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയായി വന്നതിനുശേഷം ആദ്യത്തെ പ്രസ്താവന എന്റെ പേരില്‍ അവതാരങ്ങളൊന്നും വരാന്‍ സമ്മതിക്കില്ല എന്നായിരുന്നു. കെ.കരുണാകരന്റെ കാലത്ത് ഒരു പാവം പയ്യനും മറ്റു ചില അപ്രസക്തരും മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍, പിണറായിയുടെ കാലമായപ്പോഴേക്കും ഉപദേശികളുടെയും അവതാരങ്ങളുടെയും എണ്ണം എത്രയായെന്ന് പിണറായിക്കെങ്കിലും ധാരണയുണ്ടോ? സരിതയുടെ പേരായിരുന്നു ഇടത് മുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനമായി ഉയര്‍ത്തിക്കാട്ടിയിരുന്ന രണ്ടാമത്തെ കാര്യം. സോളാര്‍ പവര്‍ പ്ലാന്റുകളുടെ പേരില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും തട്ടിപ്പ് നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗപ്പെടുത്താനാണ് സരിത ശ്രമിച്ചത്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ അപേക്ഷയുമായി പലതവണ അവര്‍ കയറിയിറങ്ങി. ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ഒന്നുരണ്ട് ഉദ്യോഗസ്ഥരും ചില കോണ്‍ഗ്രസ് ഘടകകക്ഷി മന്ത്രിമാരും മറ്റും സരിതയുടെ മാദകസൗന്ദര്യം ആസ്വദിച്ചു എന്നാണ് ആരോപണം. ഒരു മന്ത്രി തന്നെ ബലാത്സംഗം ചെയ്തു എന്നും സരിത ആരോപണം ഉയര്‍ത്തി പോലീസില്‍ പരാതിയും നല്‍കി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞിട്ട് നാലുവര്‍ഷം കഴിഞ്ഞു. അതായത് ഈ സര്‍ക്കാര്‍ അധികാരമേറ്റിട്ട് നാലുവര്‍ഷം. സരിത കേസ്സില്‍ എന്തുണ്ടായി? അധികാരത്തിലെത്താനുള്ള കുറുക്കുവഴിയായി തന്നെ ഉപയോഗിക്കുകയായിരുന്നു എന്ന് ഇപ്പോള്‍ സരിത ആരോപിക്കുന്നു. സോളാര്‍ കേസ് സംബന്ധിച്ച് ഒരു ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. മല എലിയെ പ്രസവിച്ചതുപോലെയാണ് അന്വേഷണ റിപ്പോര്‍ട്ട് വന്നത്. സംസ്ഥാന സര്‍ക്കാരിനോ പൊതു ഖജനാവിനോ ഒരു നഷ്ടവും സോളാര്‍ കേസ് മൂലം ഉണ്ടായില്ല. അന്വേഷണ കമ്മീഷനെ നിയോഗിച്ച പണം മാത്രമാണ് സര്‍ക്കാരിന് നഷ്ടമുണ്ടായത്. പിന്നെ സാധാരണക്കാരായ പാവപ്പെട്ട ചിലരെ സരിത പറ്റിച്ച് വാങ്ങിയെടുത്ത പണം. അത് സംബന്ധിച്ച കേസ് ചിലതൊക്കെ ശിക്ഷിച്ചു, മറ്റ് ചിലതൊക്കെ ഇനിയും നടക്കുന്നു. കോണ്‍ഗ്രസ്സിന്റെ താക്കോല്‍ സ്ഥാനത്തുള്ള ഒരു മുന്‍മന്ത്രിക്ക് എതിരെയാണ് സരിത ബലാത്സംഗ ആരോപണം ഉയര്‍ത്തിയത്. ഇതുസംബന്ധിച്ച പരാതി നാലുവര്‍ഷം മുന്‍പുതന്നെ നല്‍കിയെങ്കിലും ഇതുവരെ കേസെടുക്കാനോ അന്വേഷിച്ച് കുറ്റപത്രം നല്‍കാനോ ഉള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. സോളാറിന്റെ പേരില്‍ ഇടതുമുന്നണി ഒഴുക്കിയിരുന്നത് ആത്മാര്‍ത്ഥതയില്ലാത്ത മുതലക്കണ്ണീര്‍ മാത്രമായിരുന്നു. പറഞ്ഞ വാക്കുകള്‍ക്ക് ആര്‍ജ്ജവം ഉണ്ടായിരുന്നെങ്കില്‍ എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന മുദ്രാവാക്യത്തിന് പരസ്യ-പ്രചാരണ കമ്പനിക്ക് കൊടുത്ത പണത്തിന്റെ മൂല്യമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ സരിതയുടെ പരാതിയിലെങ്കിലും നടപടി ഉണ്ടാകുമായിരുന്നു. ആരോപണങ്ങളുടെ ന്യായാന്യായങ്ങളിലേക്കോ ശരിതെറ്റുകളിലേക്കോ സത്യസന്ധതയിലേക്കോ കടക്കുന്നില്ല. ഇടതുമുന്നണിക്കും പിണറായി വിജയനും അധികാരത്തിലേക്ക് എത്താനുള്ള കുറുക്കുവഴിയായി സരിതയും അവരുടെ ആരോപണങ്ങളും പരാതികളും മാത്രമല്ല, സൗന്ദര്യവും കൂടി ഉപയോഗിക്കുകയായിരുന്നു. സരിതയുടെ കേസില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, അതും ബാര്‍കോഴ പോലെ അധികാരത്തിലെത്താനുള്ള ഒരു പാലം മാത്രമായി ഉപയോഗിക്കുകയായിരുന്നു. ഈ നാലര വര്‍ഷത്തിനു ശേഷമെങ്കിലും സരിതയെ കുറിച്ച് പിണറായിക്ക് എന്താണ് പറയാനുള്ളത്?
സരിതയുടെ കേസില്‍ പിണറായിയും ഇടതുമുന്നണിയും ഉയര്‍ത്തിയ എല്ലാ വെല്ലുവിളികളും പ്രതിരോധങ്ങളും ആക്രോശങ്ങളും അവസാനിപ്പിക്കുന്നതായിരുന്നു സ്വപ്‌നാ കേസില്‍ അരങ്ങേറിയത്. യുഎഇ കോണ്‍സുലേറ്റിലെ ഒരു സാധാരണ ഉദ്യോഗസ്ഥയായിരുന്ന, പത്താംക്ലാസ് മാത്രം ജയിച്ച ഒരു സ്ത്രീ, സരിതാ പ്രശ്‌നത്തില്‍ ഇത്രയേറെ ഗീര്‍വാണം നടത്തിയ പിണറായി വിജയന്റെ ഓഫീസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ശമ്പള സ്‌കെയിലായ ഒന്നേമുക്കാല്‍ ലക്ഷം രൂപയില്‍ കയറിപ്പറ്റി. പത്താം ക്ലാസ്സിനു ശേഷം എന്തോ ചില വ്യാജ സര്‍ട്ടിഫിക്കറ്റുകളും അവര്‍ തരപ്പെടുത്തിയിരുന്നു. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ ഗൂഢാലോചനയ്ക്കും കച്ചവടത്തിനുമുള്ള വേദിയായി മാറി. ഒന്നും അറിഞ്ഞില്ല മുഖ്യമന്ത്രി. ‘നിഷ്‌കളങ്കനായ’, ഒന്നുമറിയാത്ത മുഖ്യമന്ത്രിയെ സാക്ഷിയാക്കി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായ ശിവശങ്കരന്‍ വാത്സ്യായനകൃതിക്ക് പുതിയ ഭാഷ്യമൊരുക്കി. സ്വപ്‌നയുടെ ഫ്ലാറ്റില്‍ ഇതിന്റെ ബഹളം കൂടുതലായപ്പോള്‍ നാട്ടുകാര്‍ പൂജപ്പുര പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. എന്നിട്ടും മുഖ്യമന്ത്രി അറിഞ്ഞില്ല. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് ചോദിച്ചപ്പോഴൊക്കെ മടിയില്‍ കനമില്ലാത്തവര്‍ പേടിക്കേണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. മടിയില്‍ എത്ര കനം കണ്ടിട്ടാണ് താങ്കള്‍ ഉമ്മന്‍ ചാണ്ടിക്കും വി.മുരളീധരനും ഒക്കെ എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് എന്നു ചോദിച്ചാല്‍ മുഖ്യമന്ത്രിയുടെ മുഖം മാറും; ശബ്ദം കനക്കും. പത്രസമ്മേളനം അവസാനിപ്പിക്കും. സരിതാ കേസില്‍ സംസ്ഥാന ഖജനാവിന് ഒരു പൈസയുടെ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ തന്നെയാണ് വിധിയെഴുതിയത്. കസ്റ്റംസ് പിടികൂടിയ സ്വര്‍ണ്ണം വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ശിവശങ്കറും മറ്റു ചില ഉന്നതരും വിളിച്ചു എന്ന കാര്യം മുഖ്യമന്ത്രി പോലും നിഷേധിച്ചിട്ടില്ല. ഈ സ്വര്‍ണ്ണ കള്ളക്കടത്തിലൂടെ സര്‍ക്കാരിന് നഷ്ടമായ കോടികളുടെ നികുതിപ്പണം, സ്വപ്‌നയ്ക്ക് നല്‍കിയ അര്‍ഹതയില്ലാത്ത ശമ്പളം,മറ്റ് ആനുകൂല്യങ്ങള്‍ ഇനിയും പുറത്തുവരാത്ത അഴിമതിക്കഥകള്‍ വേറെ. സ്‌കൈ പാര്‍ക്കും കെ ഫോണും അടക്കം സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളിലെ സ്വപ്‌നയുടെ ഇടപെടലുകള്‍, അതിന്റെ കമ്മീഷന്‍, മറ്റു വഴിവിട്ട ഏര്‍പ്പാടുകള്‍, ഇതിലെ ക്രമക്കേട് എത്ര കോടിയാണെന്ന ഒരു ഊഹക്കണക്കെങ്കിലും പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുമോ?
സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ ഒരുകോടി രൂപ പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മ്മാണ പദ്ധതിയായ ലൈഫിന് കമ്മീഷനായി കിട്ടിയതാണെന്നാണ് അവര്‍ തന്നെ പറഞ്ഞത്. 20 കോടി രൂപ ലൈഫ് മിഷന് സഹായം നല്‍കാനായി യുഎഇയിലെ റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പുവെച്ചെങ്കിലും കരാര്‍ ഒപ്പിട്ടത് യുഎഇ കോണ്‍സുലേറ്റ് ആയിരുന്നു. 20 ശതമാനം കമ്മീഷന്‍ കൊടുത്തു എന്നാണ് പറയുന്നത്. ഏതാണ്ട് നാലുകോടി രൂപ. എത്രയോ പാവങ്ങള്‍ക്ക് വീട് വെയ്ക്കാനുള്ള പണമാണ് ഇങ്ങനെ കമ്മീഷനുകളിലൂടെ സ്വപ്‌നയും ശിവശങ്കറും അടങ്ങിയ സംഘം അടിച്ചുമാറ്റിയത്. ഈ കമ്മീഷന്‍ തുക ഇവര്‍ മാത്രമാണ് പങ്കുവെച്ച് എടുത്തതെന്ന് വിശ്വസിക്കാനുള്ള നിഷ്‌കളങ്കത ഇന്ന് കേരളീയ സമൂഹത്തിനില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പിണറായി വിജയന് ക്ലീന്‍ചിറ്റ് നല്‍കാന്‍ കഴിയുന്നില്ല. സരിതയുടെ പേരില്‍ ഭരണമാറ്റം തേടി വോട്ടു ചോദിച്ചവര്‍ക്ക് സ്വപ്‌നയുടെ പേരിലുള്ള ഇപ്പോഴത്തെ ആരോപണങ്ങളെ കുറിച്ച് എന്ത് മറുപടിയാണ് സമൂഹത്തോട് പറയാനുള്ളത്? ആരോപണം ഉയര്‍ന്നപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാനുള്ള സാമാന്യ മര്യാദ ഉമ്മന്‍ചാണ്ടി കാട്ടി. അതിനുള്ള മര്യാദ പോലും പിണറായി വിജയന്‍ കാട്ടുന്നില്ല എന്നിടത്താണ് എല്‍ഡിഎഫും യു ഡിഎഫും തമ്മിലുള്ള വ്യത്യാസം. കേരളത്തിലെ സമൂഹത്തിന് ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു. ലൈംഗിക അപവാദങ്ങളും അഴിമതിയും ജീര്‍ണ്ണതയും കൊടികുത്തി വാഴുന്ന പ്രസ്ഥാനമാണ് യുഡിഎഫ് എന്ന്. ഐസ്‌ക്രീം പാര്‍ലര്‍ മുതല്‍ നിരവധി ആരോപണങ്ങള്‍ യുഡിഎഫിലെ മന്ത്രിമാരെയും നേതാക്കളെയും തേടി എത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ യു ഡി എഫില്‍ ലൈംഗിക അപവാദങ്ങളും അഴിമതിക്കഥകളും വലിയ സംഭവമല്ല. പക്ഷേ, ഇടതുമുന്നണി, എല്‍ ഡി എഫ് അങ്ങനെയല്ലല്ലോ പറഞ്ഞതും പ്രചരിപ്പിച്ചതും.
വടക്കാഞ്ചേരിയില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി ഉണ്ടാക്കിയ ലൈഫ് മിഷന്‍ പാക്കേജ് വീടുകള്‍ക്കു പകരം ഫ്ലാറ്റാക്കി മാറ്റിയത് ആരാണ്? കോടിക്കണക്കിന് രൂപ കോഴപ്പണം വാങ്ങിയത് ആരാണ്? ഹാബിറ്റാറ്റിനു പകരം യൂണിടാക്കിനെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചത് ആരാണ്? ഈ ചരടുവലികളുടെ പിന്നാമ്പുറം അന്വേഷിച്ചാല്‍ അഴിമതിപ്പണം എവിടെ പോയെന്ന് കണ്ടെത്താന്‍ ഒരു പ്രയാസവും ഉണ്ടാകില്ല. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ഇടപാടുകളുടെയും പിന്നില്‍ ഒരു ഐ.ടി ബന്ധവും ഒരു കണ്‍സള്‍ട്ടന്‍സിയും അതിനെ ചുറ്റിപ്പറ്റി ചില വിദേശബന്ധങ്ങളും ഒക്കെ രൂപപ്പെടുന്നത് സാധാരണക്കാര്‍ക്കും നിഷ്പക്ഷര്‍ക്കും അഴിമതി വിരുദ്ധര്‍ക്കും ദഹിക്കുന്നതല്ല. സംസ്ഥാന സര്‍ക്കാര്‍ വിദേശ ഏജന്‍സികള്‍ക്കു നല്‍കിയ പല കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കും അതിനേക്കാള്‍ എത്രയോ മികച്ച പ്രൊഫഷണല്‍-അക്കാദമിക് മികവുള്ളവര്‍ കേരളത്തില്‍ തന്നെയുണ്ട്. ലൈഫ് മിഷനില്‍ പാവപ്പെട്ടവര്‍ക്ക് വീടു വെച്ച് നല്‍കാന്‍ സാമ്പത്തിക ചെലവില്ലാതെ അല്ലെങ്കില്‍ ചുരുങ്ങിയ ചെലവില്‍ കണ്‍സള്‍ട്ടന്‍സി എടുക്കാന്‍ കഴിയുന്ന എത്രയോ സ്ഥാപനങ്ങള്‍, വ്യക്തികള്‍ നമ്മുടെ കേരളത്തില്‍ തന്നെ ഉണ്ടായിരുന്നു. ചെലവ് കുറഞ്ഞ പാര്‍പ്പിടങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം നേടിയ സി.വി ആനന്ദബോസും ജി. ശങ്കറും മുതല്‍ ആ നിര തുടങ്ങുകയാണ്. ഇടതു സഹയാത്രികരുടെ പ്രസ്ഥാനമായ കോസ്റ്റ് ഫോഡും നിര്‍മ്മിതി കേന്ദ്രവും ഒക്കെ തന്നെ ഒരുകാലത്ത് കേരളത്തിന്റെ അഭിമാനത്തിന്റെ പ്രതീകങ്ങളായിരുന്നു. ഇവരെയെല്ലാം ഒറ്റപ്പെടുത്തി മാറ്റി നിര്‍ത്തി, സ്വപ്‌നാ സുരേഷും ശിവശങ്കറും മുഖ്യമന്ത്രിയുടെ ചില പിണിയാളുകളും ചേര്‍ന്ന് സംസ്ഥാന ഭരണം കൈയടക്കി വെയ്ക്കുന്ന സാഹചര്യമാണുള്ളത്. എന്തു ചോദിച്ചാലും അറിയില്ല, നോക്കട്ടെ, പഠിക്കട്ടെ എന്നുപറയുന്ന മുഖ്യമന്ത്രി. എല്ലാ കാര്യങ്ങളും അറിയുകയും തങ്ങളുടെ താല്പര്യമനുസരിച്ച് ചെയ്യുകയും ചെയ്യുന്ന സ്വപ്‌നയുടെയും ശിവശങ്കറിന്റെയും സംഘം. എവിടെയാണ് പിഴയ്ക്കുന്നത്? സരിതയുടെ കാലത്ത് പിണറായി കേരള ജനതയോട് പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണമായും തെറ്റിയെന്ന കാര്യത്തില്‍ ഇന്ന് പിണറായിക്കും ഇടതു മുന്നണിക്കും സംശയമുണ്ടോ? സരിതയേക്കാള്‍ വലിയ വീഴ്ചയല്ലേ പൊതുഖജനാവില്‍ നിന്നുള്ള പണം കൂടി അടിച്ചുമാറ്റിയതോടെ സ്വപ്‌നയുടെ കാര്യത്തിലുണ്ടായത്?
ശാസ്ത്രജ്ഞാനംചോര്‍ത്തല്‍
യു എ ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗില്‍ 22 തവണ സ്വര്‍ണ്ണം കൊണ്ടുവന്നു. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ സ്‌കൈ പാര്‍ക്കിന്റെ പേരില്‍ ഉന്നതരായ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ദ്ധരെയും യുഎഇക്ക് പരിചയപ്പെടുത്തി കൊടുക്കാനുള്ള ആസൂത്രിത ശ്രമവും നടന്നു. അറിഞ്ഞോ അറിയാതെയോ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിനെ പോലും ഇതില്‍ ശിവശങ്കറും സ്വപ്‌നയും വലിച്ചിട്ടു എന്നാണ് സൂചന. ബഹിരാകാശ ഗവേഷണത്തില്‍ യുഎഇ പുതിയതായി എടുത്തിട്ടുള്ള സുപ്രധാന നീക്കങ്ങള്‍ക്ക് സഹായകരമാകുംവിധമാണ് സ്‌കൈ പാര്‍ക്ക് ഉദ്യോഗസ്ഥരെ ഏര്‍പ്പാടാക്കിയതെന്നും ഇത് സംശയാസ്പദമാണെന്നും ശാസ്ത്രലോകത്ത് തന്നെ ചര്‍ച്ചയുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്ന എല്ലാ കാര്യങ്ങളിലും സുതാര്യതയില്ലായ്മയും അഴിമതിയുടെ ദുര്‍ഗന്ധവും കടന്നുവരുന്നു. സംസ്ഥാനത്തുടനീളം കോടിക്കണക്കിന് രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് മന്ത്രിസഭാ തീരുമാനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കൈമാറായിട്ടുള്ളത്. വാഗ്ഭടാനന്ദ ഗുരുദേവന്‍ ആരംഭിച്ച പഴയ ഊരാളുങ്കല്‍ അല്ല ഇപ്പോഴത്തെ കോര്‍പ്പറേറ്റ് ഊരാളുങ്കല്‍. സെക്രട്ടറിയേറ്റ് നവീകരണമടക്കം പല നിര്‍മ്മാണ പ്രവൃത്തികളുടെയും ചെലവ് അസാധാരണമാംവിധം കൂടിയിട്ടുള്ളതും പ്രവൃത്തികള്‍ കിട്ടാന്‍ വരുമാനത്തിന്റെ പത്തുശതമാനം വരെ തുക കമ്മീഷനായി കൊടുക്കാന്‍ കഴിയുന്ന ഊരാളുങ്കലിന്റെ ഇടപാടുകളും സംശയം ജനിപ്പിക്കുന്നതു തന്നെയാണ്. ടെണ്ടര്‍ മാനദണ്ഡങ്ങള്‍ക്കു ശേഷം ഊരാളുങ്കലിന് സഹകരണ സ്ഥാപനം എന്ന നിലയില്‍ ഒരു നിശ്ചിതശതമാനം വരെ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ അത് സ്റ്റോക്ക് പര്‍ച്ചേസ് മാനുവല്‍ അനുസരിച്ച് ന്യായീകരിക്കാനാകും. ഊരാളുങ്കലിന്റെ നടത്തിപ്പില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഒരു ഉന്നതന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. ഇദ്ദേഹാണ് ഇത്തരം ചരടുവലികള്‍ക്കും കമ്മീഷന്‍ ഇടപാടുകള്‍ക്കും പിന്നിലെന്ന ആരോപണം അധികാരത്തിന്റെ ഇടനാഴികളില്‍ ശക്തമാണ്. നിരാകരിക്കാനാകാത്ത തെളിവുകളും പുറത്തു വരുന്നുണ്ട്. ഊരാളുങ്കലിനെയും സ്വാമി വാഗ്ഭടാനന്ദനെയും മറയാക്കി ആരോ കോടികളുടെ നേട്ടങ്ങള്‍ കൊയ്യുന്നത് രാഷ്ട്രീയ അഴിമതി തന്നെയല്ലേ? ഊരാളുങ്കല്‍ അടക്കമുള്ള ടെണ്ടര്‍ ഇല്ലാതെ നല്‍കിയ എല്ലാ നിര്‍മ്മാണ പ്രവൃത്തികളും ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക സമിതിയെ നിയോഗിച്ച് പരിശോധിക്കണം. ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ ആ പണം തിരിച്ചു കൊണ്ടുവരാനുള്ള നടപടി ഉണ്ടാകണം.
കഴിഞ്ഞില്ല, ഡേറ്റ അല്ലെങ്കില്‍ വിവരശേഖരണം ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും വലിയ ധനസ്രോതസ്സാണ് എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. സ്പ്രിംഗ്ലര്‍ ഇടപാട് പൂര്‍ണ്ണമായും നിഷ്‌കളങ്കമാണെന്ന മുഖ്യമന്ത്രിയുടെയും ഐ.ടി. സെക്രട്ടറി ശിവശങ്കറിന്റെയും പ്രസ്താവന അതേപടി വിഴുങ്ങാന്‍ ഇന്ന് കേരള സമൂഹം തയ്യാറല്ല. കേരളത്തിലെ കൊറോണ ബാധിതരുടെ വിവരങ്ങള്‍ മുഴുവന്‍ അപ്പോഴപ്പോള്‍ സ്പ്രിംഗ്ലറിന് ലഭിച്ചിരുന്ന സംവിധാനംകൊണ്ട് കേരളീയ സമൂഹത്തിന് എന്ത് നേട്ടമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഭാവന ചെയ്യുന്നത്? ഫൈസര്‍ അടക്കമുള്ള ബഹുരാഷ്ട്ര കുത്തക മരുന്നു കമ്പനികളുമായി ഉറ്റ ബന്ധം പുലര്‍ത്തുന്ന സ്പ്രിംഗ്ലര്‍ ഈ രേഖകള്‍ ഓരോന്നും കോടികളുടെ വില്പനച്ചരക്കാക്കി മാറ്റി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഏറ്റവും കൂടുതല്‍ മരുന്ന് ഉപയോഗിക്കുന്ന കേരളത്തെ സംബന്ധിച്ച രേഖകള്‍ അന്താരാഷ്ട്ര വിപണിയിലെ ചൂടപ്പമാണ് എന്നത് എല്ലാവര്‍ക്കും അറിയാം. മറ്റാര്‍ക്കും ഉത്തരവാദിത്തം ഇല്ല, താന്‍ സ്വയം ചെയ്തതാണ് എന്നുപറഞ്ഞ് ശിവശങ്കര്‍ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും ഐ.ടി മേഖലയുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ രക്തബന്ധമുള്ളവരിലേക്ക് തന്നെയാണ് ഇതിന്റെ കണ്ണികള്‍ നീളുന്നതെന്ന് പൊതുജനങ്ങള്‍ സംശയിക്കുന്നു. കെ. സുരേന്ദ്രനും പി.ടി. തോമസും കെ.എം. ഷാജഹാനും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ കമ്മീഷനെ വെച്ചു എന്നല്ലാതെ അവര്‍ എന്തെങ്കിലും ചെയ്തു എന്ന് ആരും അറിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരുമായി ഉറ്റ ബന്ധം ഉള്ളവരാണ് കമ്മീഷനില്‍ ഉള്ളത് എന്നതു തന്നെ വെള്ള പൂശി റിപ്പോര്‍ട്ട് കിട്ടും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ, അതുപോലും നടക്കാത്തിടത്താണ് പ്രശ്‌നം.
സംസ്ഥാന ഭരണകൂടം കാട്ടിയ ഏറ്റവും വലിയ വഞ്ചന പിന്‍വാതില്‍ നിയമനത്തിന്റേതാണ്. പി.എസ്. സിയേയും പി.എസ്.സി. റാങ്ക് ലിസ്റ്റുകളേയും നോക്കുകുത്തികളാക്കി പിന്‍വാതില്‍ നിയമനം സര്‍വ്വസാധാരണമായിരിക്കുന്നു. റാങ്ക് പട്ടികയില്‍ നിയമനം പ്രതീക്ഷിച്ചിരുന്ന വെള്ളറടയിലെ അനുവിന്റെ ആത്മഹത്യ ഒരു സൂചനയോ പ്രതീകമോ ആണ്. കേരളീയ യുവജന സമൂഹത്തിന്റെ നിരാശയുടേയോ പ്രതീക്ഷയില്ലായ്മയുടേയോ പ്രതീകം. ഏറ്റവും അവസാനം സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ പി എസ് സി വഴി നടത്തേണ്ട നൂറുകണക്കിന് തസ്തികകളിലേക്കുള്ള നിയമനം കുടുംബശ്രീ വഴി പാര്‍ട്ടിക്കാര്‍ക്ക് തുല്യം ചാര്‍ത്തി കൊടുത്തത് ആരുടെ തീരുമാനമാണ്? തൊഴിലിനുവേണ്ടി പഠിച്ച് പരീക്ഷയെഴുതി റാങ്ക് പട്ടികയില്‍ ഇടം നേടിയ നൂറുകണക്കിന് യുവാക്കളെ ചതിയുടെ ചെളിക്കുണ്ടിലേക്കാണ് പിണറായി സര്‍ക്കാര്‍ വലിച്ചെറിഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ റാങ്ക് ലിസ്റ്റ് അട്ടിമറിയെ കുറിച്ചും പിന്‍വാതില്‍ നിയമനത്തെ കുറിച്ചും ഗഹനമായ ഒരു അന്വേഷണം അനിവാര്യമാണ്. മന്ത്രിപുത്രന്മാരടക്കം അനര്‍ഹമായി നിയമനം നേടിയ മുഴുവന്‍ പേരെയും ഈ ജോലികളില്‍ നിന്ന് പുറത്താക്കി അര്‍ഹതയുള്ളവര്‍ക്ക് നിയമനം നല്‍കണം. അഴിമതിയുടെ മാതൃകാസ്ഥാപനമായി മാറിയ കേരളാ സര്‍വ്വകലാശാലയില്‍ നടന്ന സംഭവത്തില്‍ പോലും ഇതുണ്ടായില്ല എന്നു കാണുമ്പോഴാണ് ജനാധിപത്യത്തിന്റെ ദൗര്‍ബല്യം മുന്നണി സംവിധാനങ്ങളാണെന്നും അതില്‍ രാഷ്ട്രീയ നിലപാടുകള്‍ വ്യത്യസ്തമല്ലെന്നും ബോദ്ധ്യപ്പെടുക. നീതിപീഠങ്ങള്‍ പോലും സത്യം കണ്ടെത്താനോ ശരിയായ വഴി സ്വീകരിക്കാനോ നിലപാട് എടുക്കാനോ തയ്യാറാകാത്തത് യുവജനങ്ങളുടെ പ്രതീക്ഷ ഇല്ലാതാക്കുന്നു എന്നത് മാത്രമല്ല, പാവപ്പെട്ടവര്‍ക്ക് അത്താണിയില്ല എന്ന തോന്നലിലേക്ക് കൂടിയാണ് എത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേറ്റപ്പോള്‍ പറഞ്ഞ ഒരു വാക്കില്‍ കേരളീയ സമൂഹത്തിന് പ്രതീക്ഷയുണ്ടായിരുന്നു. എന്റെ പേരില്‍ അവതാരങ്ങള്‍ വന്നാല്‍ അവരെ തള്ളണം എന്നായിരുന്നു അന്ന് പറഞ്ഞത്. സ്പ്രിംഗ്ലര്‍ മുതല്‍ സ്വപ്ന വരെ ഊരാളുങ്കല്‍ അടക്കം എത്രയെത്ര അവതാരങ്ങളെ കേരളം കണ്ടു. ഇവരുടെയൊക്കെ ഇടപാടുകള്‍ സുതാര്യമായ ഒരു സമിതി പരിശോധിച്ചാല്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണകൂടം ഇതായിട്ട് മാറും. വി.എസ്. അച്യുതാനന്ദന്റെ കാലത്ത് അദ്ദേഹത്തെ ഇടംവലം വിടാതെ ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ ആകാതെ വിഷമിപ്പിച്ച പാര്‍ട്ടി സംവിധാനം ഇന്നില്ല. സി.പി.എം. ദുര്‍ബലമായിരിക്കുന്നു. സ്പ്രിംഗ്ലര്‍ മുതല്‍ ലൈഫ് മിഷന്‍ വരെ ജനങ്ങളെ കൊള്ളയടിച്ച, അഴിമതികള്‍ക്ക് ഓശാന പാടി, പിന്‍വാതില്‍ നിയമനത്തിലൂടെ ലഭിച്ച അപ്പക്കഷ്ണങ്ങള്‍ ഞൊട്ടിനുണച്ച് വാലാട്ടി നില്‍ക്കുന്ന സംവിധാനമായി പാര്‍ട്ടി മാറി. വഴിതെറ്റുന്ന ഭരണകൂടത്തെ ജനകീയമോ വികസനോന്മുഖമോ ആക്കി മാറ്റാനുള്ള നേതൃത്വം നല്‍കാന്‍ കഴിവുള്ള സംഘടനാ സംവിധാനം ഇന്ന് സി.പി.എമ്മിനില്ല. പാര്‍ട്ടി സംവിധാനം ശക്തമാകണമെങ്കില്‍ പാര്‍ട്ടി സെക്രട്ടറി ശക്തനാകണം. സ്വര്‍ണ്ണക്കടത്തിന്റെ പിന്നാലെ വന്ന മയക്കുമരുന്ന് കേസിന്റെ സൂചനകള്‍ നീളുന്നത് കോടിയേരിയുടെ കുടുംബത്തിലേക്ക് തന്നെയാണ്. അതുകൊണ്ടു തന്നെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ അദ്ദേഹത്തിനാകില്ല. പാര്‍ട്ടിയില്‍ എതിര്‍ശബ്ദങ്ങളുയര്‍ത്താന്‍, നേര്‍വഴിക്ക് നയിക്കാന്‍ പറ്റിയ നേതാക്കളുടെ തലമുറ അന്യംനിന്നിരിക്കുന്നു. എച്ചില്‍ കഷ്ണങ്ങള്‍ക്ക് തിക്കിത്തിരക്കുന്നവരെ മാത്രമേ ഇന്ന് കാണാനുള്ളൂ. പരിവര്‍ത്തനത്തിന്റെ പടവാളാകും എന്ന് പ്രതീക്ഷിക്കപ്പെട്ടവര്‍ മയക്കുമരുന്നിന്റെയും സ്ത്രീപീഡന കേസിന്റെയും ചങ്ങലക്കണ്ണികളില്‍ കുരുങ്ങിയിരിക്കുന്നു. ഒരു പുതുനാമ്പു പോലും ഇന്ന് സി. പി.എമ്മില്‍ പ്രതീക്ഷിക്കാനാകില്ല. സി.പി.ഐയില്‍ സത്യന്‍ മൊകേരിയും പ്രകാശ് ബാബുവും അടക്കമുള്ള യുവനിരയില്‍ ഇനിയും പ്രതീക്ഷയുണ്ട്. പ്രതിപക്ഷത്താകട്ടെ, ചേരിപ്പോരില്‍ കുരുങ്ങിയ കോണ്‍ഗ്രസ് നേതൃത്വത്തിനും യു.ഡി.എഫിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. സരിത മുതല്‍ പാലാരിവട്ടം പഞ്ചവടിപ്പാലം വരെ മുന്‍കാല ദുഷ്‌ചെയ്തികള്‍ യു.ഡി.എഫിനെ വേട്ടയാടുകയാണ്. സംശുദ്ധമായ യുവ നേതൃത്വം എന്ന നിലയില്‍ കാലഘട്ടത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ ബി.ജെ.പി നേതൃത്വത്തിന് കഴിയണം.