കൊച്ചി: മഹാത്മാ അയ്യന്‍കാളിയെന്ന കേരളത്തിന്റെ നവോത്ഥാന നായകനെ മാറി മാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ അവഗണിച്ചത് മാപ്പര്‍ഹിക്കാത്തതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് പറഞ്ഞു. കേസരി വാരിക ഖണ്ഡശ: പ്രസിദ്ധീകരിച്ച തിരൂര്‍ ദിനേശ് എഴുതിയ മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്രനോവല്‍ തീണ്ടാളന്‍ ഓണ്‍ലൈനില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ:കൃതരുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ അയ്യങ്കാളിയുടെ ശ്രമഫലമായി 1914 ല്‍ സ്ഥാപിച്ച തിരുവനന്തപുരത്ത് വെങ്ങാന്നൂരിലുള്ള പുതുവല്‍വിളാകം യു.പി.സ്കൂള്‍ ഇന്നും യു.പി.സ്കൂളായിത്തന്നെ നിലനില്‍ക്കുന്നത് അവഗണനയുടെ ഒരു ഉദാഹരണം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്വ്വതോന്മുഖ പുനരുദ്ധാരണ പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയവരെക്കുറിച്ച് ദേശീയ തലത്തില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ അയ്യങ്കാളി ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് അദ്ദേഹത്തെ കുറിച്ചുള്ള പഠനങ്ങള്‍ മലയാളത്തില്‍ മാത്രം ഒതുങ്ങിയതു കൊണ്ടാണ്. ഇത്തരം മഹാന്മാരുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധയിലെത്താന്‍ മറ്റു ഭാഷകളിലേക്ക് കൂടി മൊഴിമാറ്റം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുരുക്ഷേ ത്ര എം.ഡി. സി.കെ.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സര്‍വ്വകലാശാല പ്രോ.വൈസ് ചാന്‍സലര്‍ ഡോ: കെ.ജയപ്രസാദ് പുസ്തകം പരിചയപ്പെടുത്തി. കെ.പി.എം. എസ്.സംസ്ഥാന സമിതി അംഗങ്ങളായ എന്‍.കെ.നീലകണ്ഠന്, ടി.ടി.ഭാര്‍ഗ്ഗവി എന്നിവരും തിരൂര്‍ ദിനേശ്, ആര്.രാധാകൃഷ്ണന്, വിവേകാനന്ദ പൈ തുടങ്ങിയവരും പ്രസംഗിച്ചു. കുരുക്ഷേത്രയാണ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്.