ഉണ്ണിയാര്‍ച്ചയും കുഞ്ഞിരാമനും നടന്ന് താനൂരങ്ങാടില്‍ ചെന്നു. അവിടത്തെ വാണിഭം കണ്ടു. അവിടന്നും നടന്ന് എടവട്ടത്തങ്ങാടിയില്‍ കയറി. അങ്ങാടിയിലുള്ള ആല്‍ത്തറയ്ക്കരികെയെത്താറായി. ആല്‍ത്തറയ്ക്കു മുമ്പില്‍ ജോനകര്‍ കൂട്ടംകൂടി നില്‍പ്പുണ്ടല്ലൊ! കുഞ്ഞിരാമന്‍ എലിപോലെ വിറയ്ക്കാന്‍ തുടങ്ങി. അച്ഛനും അമ്മയും പറഞ്ഞതുപോലെത്തന്നെ വന്നുഭവിച്ചല്ലോ
കളരിഭരമ്പരദൈവങ്ങളേ!
കുഞ്ഞിരാമന്റെ വെപ്രാളം കണ്ട് ഉണ്ണിയാര്‍ച്ച സമാധാനിപ്പിച്ചു.
”എന്റെ അച്ഛന്റെ മനസ്സും നേരാങ്ങളയുടെ മനസ്സും എന്റെകൂടെ ഉണ്ടല്ലൊ. ഒന്നുകൊണ്ടും നിങ്ങള്‍ ഭയപ്പെടരുത്. പെണ്ണായ ഞാന്‍ പേടിക്കുന്നില്ലല്ലോ. ആണായ നിങ്ങള്‍ എന്തിനാണ്
വിറയ്ക്കുന്നത് ? പുത്തൂരം വീട്ടിലെ പെണ്ണുങ്ങള്‍ ആണുങ്ങളെ കൊല്ലിച്ചു കേട്ടിട്ടുണ്ടോ ?” എന്നു ചോദിച്ചുകൊണ്ട് ആര്‍ച്ച മുന്നോട്ടുതന്നെ നടന്നു.
വാളും വടിയും ഉലക്കയുമായി ജോനകര്‍ ആര്‍ച്ചയേയും കുഞ്ഞിരാമനേയും വളഞ്ഞു.
”കെട്ടടാ ഇവനെ. പിടിക്കടാ ഇവളെ”
ഉണ്ണിയാര്‍ച്ച കണ്ഠാഭരണങ്ങളും കൈവളകളും ഊരി ഓരത്തുള്ള കല്ലിന്മേല്‍ വെച്ചു.
”പൊന്നില്‍ കൊതിയുണ്ടെങ്കില്‍ ജോനകരേ, ആനത്തലയോളം പോന്ന ഈ പൊന്നു മുഴുവന്‍ നിങ്ങള്‍ക്കെടുക്കാം. എന്നാലോ, എന്റെ കയ്യിലോ മെയ്യിലോ തൊട്ടുപോകരുത് ”
”പൊന്നില്‍ കൊതിയില്ലല്ലോ ഞങ്ങള്‍ക്ക്. നീ ഞങ്ങടെ മൂപ്പനുചേര്‍ന്ന പെണ്ണാണ്. നിന്നെ പിടിച്ചപിടിയാലേ ഞങ്ങള്‍ മൂപ്പന്റെ മാളികയിലേക്കു കൊണ്ടുപോകും. മൂപ്പന്റെ ബീവിയായി ഇനിയുള്ള കാലം നിണക്ക് സുഖമായി മാളികയില്‍ വാഴാം”
ജോനകരുടെ വാക്കുകേട്ട് ഉണ്ണിയാര്‍ച്ച മുടി മുറുക്കിക്കെട്ടി. നനമുണ്ടുകൊണ്ട് കച്ചമുറുക്കി. അരയില്‍നിന്ന് ഉറുമി വലിച്ചെടുത്തു.
”ആണും പെണ്ണ്വല്ലാത്ത കയ്യന്മാരേ, എന്റെ മേല്‍ ആശയുണ്ടെങ്കില്‍ വരിനെടാ. വന്നിട്ടെന്റെ കയ്യുപിടിക്ക്. ജോനകപ്പുളപ്പുള്ള നാടാണ് ഇതെന്ന് ഞാന്‍ പണ്ടേ കേട്ടിട്ടുണ്ട്. നിങ്ങടെ കുറുമ്പു ഞാന്‍ ഇപ്പോള്‍ കുറയ്ക്കുന്നുണ്ട്.”
അങ്കക്കലിപൂണ്ട് ഉണ്ണിയാര്‍ച്ച ആലിലപോലെ വിറച്ചു.
”എന്നാലോ നോക്കിത്തടുത്തുകൊള്‍കെ”ന്നു പറഞ്ഞ് ആര്‍ച്ച പകിരിതിരിഞ്ഞുകൊണ്ട് ഉറുമി വീശി. ഉറുമിയുടെ പുളച്ചില്‍ കണ്ട് ജോനകര്‍ കൂട്ടത്തോടെ പിന്നാക്കം മറിഞ്ഞു വീണു.
”എന്റെ നേരാങ്ങള പുത്തൂരം ആരോമര്‍ചേകവരാണേ, നാഗപുരം പൊടിതൂളാക്കും ഞാന്‍!”
ആരോമര്‍ചേകവരുടെ നേര്‍പെങ്ങള്‍ ഉണ്ണിയാര്‍ച്ചയാണ് ഈ നില്‍ക്കുന്നതെന്നറിവായ ജോനകര്‍ കാറ്റത്തു പഞ്ഞിപറക്കുമ്പോലെ പാഞ്ഞ് മൂപ്പന്റെ അരികിലെത്തി.
എലിപോലെ വിറയ്ക്കുന്ന ജോനകരെക്കണ്ട് മൂപ്പന്‍ അതിശയിച്ചു.
”എന്താടോ എന്തുണ്ടായി? ”
”മൂപ്പാ, കൂട്ടത്തോടെ ചാകാനാണല്ലോ നമ്മുടെ വിധി ”
ആരോമര്‍ചേകവരുടെ നേര്‍പെങ്ങള്‍ ആര്‍ച്ചയാണ് ജോനകര്‍ കയ്യില്‍കേറിപ്പിടിച്ചുകൊണ്ടുവരാന്‍ പുറപ്പെട്ട പെണ്‍കിടാവെന്നറിഞ്ഞപ്പോള്‍ മൂപ്പന്‍ ബോധംകെട്ടു വീണു. മൂപ്പന്റെ ബീവി കുഞ്ഞിപ്പൂമ മാളികമുകളില്‍നിന്നിറങ്ങി വന്നു. മൂപ്പന്റെ മുഖത്തു വെള്ളം തളിച്ചു.
”പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ മൂപ്പാ, അങ്ങാടിയില്‍ വരുന്ന പെണ്ണുങ്ങളുടെ കയ്യില്‍ കേറിപ്പിടിക്കരുതെന്ന് ”
മൂപ്പന്‍ ആലസ്യത്തോടെ എണീറ്റിരുന്നു. ഉണ്ടായതെല്ലാം കുഞ്ഞിപ്പൂമയോടു തുറന്നു പറഞ്ഞു. മേലാലങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കുഞ്ഞിപ്പൂമയ്ക്കു വാക്കുകൊടുത്തു.
”കുഞ്ഞിപ്പൂമാ, നിങ്ങളിരുവരും പെണ്ണുങ്ങളല്ലേ. നീ എടവട്ടത്തങ്ങാടിയിലെ ആല്‍ത്തറയോളം പോണം. ആര്‍ച്ചയെ നല്ലവാക്കു പറഞ്ഞു മയക്കണം”
”ആര്‍ച്ചയെ പണ്ടുകണ്ട *പരിശം ഇല്ലല്ലോ മൂപ്പാ. ഇരുനാവുള്ള പെണ്ണാണ്. മച്ചുനിയന്‍ ചന്തൂനെ അടിച്ചോളാണ്. ഞാന്‍ കൂട്ടിയാല്‍ കൂടില്ലെന്റെ മൂപ്പാ”
അങ്ങനെ പറഞ്ഞാല്‍ പറ്റില്ലെന്നായി മൂപ്പന്‍.
*പരിശം – പരിചയം.
(തുടരും)