ഭാരതീയ വ്യവസായ ലോകത്തെ കോടീശ്വരന്‍മാരായ ബിര്‍ളാഗ്രൂപ്പ് ഭാരതത്തില്‍ അങ്ങോളമിങ്ങോളം പുണ്യസ്ഥലങ്ങളില്‍ ക്ഷേത്രങ്ങള്‍ പണിയുവാന്‍ ഉദാരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ശ്രീകൃഷ്ണ പരമാത്മാവിന്റെ ഭൗതികദേഹം അഗ്നിയില്‍ സമര്‍പ്പിക്കപ്പെട്ട ഹിരണ്യ നദിയുടെ തീരത്ത് 1970-ല്‍ ബിര്‍ളാഗ്രൂപ്പ് നിര്‍മ്മിച്ചതാണ് ഇന്ന് കാണുന്ന ഗീതാ മന്ദിരം. 18 തൂണുകളിലായി പടുത്തുയര്‍ത്തിയിരിക്കുന്ന ഈ ക്ഷേത്ര സമുച്ചയത്തിന്റെ ഓരോ തൂണിലും ഭഗവത്ഗീതയിലെ ഓരോ അദ്ധ്യായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. അങ്ങനെ 18 അദ്ധ്യായങ്ങളും രേഖപ്പെടുത്തപ്പെട്ട ഈ ക്ഷേത്രം ഗീതാമന്ദിരം എന്ന് ഇന്ന് അറിയപ്പെടുന്നു. ചുവന്ന മാര്‍ബിളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ചതുര്‍ബാഹുവായ ശ്രീകൃഷ്ണന്റേതാണ്. ഇതിനടുത്തുള്ള ചെറിയൊരു ക്ഷേത്രത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റേത് എന്ന് കരുതുന്ന പാദമുദ്രകള്‍ ഉണ്ട്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹോദരനായ ബലഭദ്രന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തതും ഇവിടെ വച്ചായിരുന്നു. ആദിശേഷന്റെ അവതാരമായിരുന്ന ബലഭദ്രന്‍ ഗീതാമന്ദിരത്തിന് അടുത്ത് ഒരു ഗുഹയില്‍ വച്ചാണത്രേ സമാധിയായത്. ഇത് ബലദേവ്ജി ഗുഹ എന്നറിയപ്പെടുന്നു. ഇതിനുള്ളില്‍ ആദിശേഷന്റെ വിഗ്രഹത്തെയാണ് ബലദേവനായി കണ്ട് പൂജിക്കുന്നത്. പ്രാചീനതതോന്നുന്ന വടവൃക്ഷങ്ങള്‍ നിറഞ്ഞ ഹിരണ്യ നദിയുടെ തീരം അതിമനോഹരമായ ഒരു ദൃശ്യമാണ്. ഈ പുണ്യഭൂമിയെ ‘ശ്രീകൃഷ്ണ നിജധാം പ്രസ്ഥാനതീര്‍ത്ഥം’ എന്നാണ് പൊതുവേ പറയാറ്. ശ്രീകൃഷ്ണഭഗവാന്‍ സ്വധാമത്തിലേയ്ക്ക് മടങ്ങിയ പുണ്യതീര്‍ത്ഥം എന്നര്‍ത്ഥം. യുഗനിയന്താവായ ഭഗവാന്‍ കാലത്തിന്റെ ലീലയ്ക്ക് വശഗതനായി പാര്‍ത്ഥിവ ശരീരം ഉപേക്ഷിച്ച ആ പുണ്യ സ്ഥലിയില്‍ നിന്നു ഞങ്ങള്‍ ഭഗവാന്റെ മറ്റൊരു ലീലാ സങ്കേതത്തിലേയ്ക്ക് യാത്ര തിരിച്ചു. ദ്വാപരയുഗത്തിന്റെ അന്ത്യത്തില്‍ മദോന്മത്തരായി കലഹിച്ചു നശിച്ച യാദവ വംശത്തെ ഉപേക്ഷിച്ച് ഭഗവാന്‍ ശാന്തി തേടി എത്തിയ സ്ഥലമായ ഭാല്‍ക്ക തീര്‍ത്ഥത്തിലേക്ക് ആയിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. നട്ടുച്ച നേരത്താണ് ഞങ്ങള്‍ ഭാല്‍ക്കാ തീര്‍ത്ഥത്തിലെത്തിയത്. വേരാവലിന് അടുത്തുള്ള ഈ സ്ഥലം ദ്വാപരയുഗത്തില്‍ വനപ്രദേശമായിരുന്നത്രേ. ഇവിടെ ഉണ്ടായിരുന്ന ഒരാല്‍മരച്ചുവട്ടില്‍ ധ്യാനമഗ്നനായിരുന്ന ഭഗവാന്റെ നേര്‍ക്ക് മൃഗം എന്ന് തെറ്റിദ്ധരിച്ച് ജര എന്ന വേടന്‍ അമ്പയച്ചു. കാലിന്റെ പെരുവിരലില്‍ അസ്ത്രം ഏറ്റ ഭഗവാന്‍ വേടനെ അനുഗ്രഹിച്ച് സ്വര്‍ഗ്ഗാരോഹണം ചെയ്യാന്‍ സന്നദ്ധനായി. ത്രേതായുഗത്തില്‍ രാമന്‍ ഒളിയമ്പ് എയ്ത് കൊന്ന ബാലി ആയിരുന്നത്രേ ജര എന്ന വേടനായി കണക്ക് തീര്‍ത്തത്. നിയോഗങ്ങളുടെ പൂര്‍ത്തീകരണം സംഭവിച്ചതോടെ ഭഗവാന്‍ ഭാല്‍ക്കാതീര്‍ത്ഥക്കരയില്‍ യോഗസമാധിവരിച്ചു. ഭഗവാന്‍ വിശ്രമിച്ചത് എന്ന് കരുതുന്ന ആല്‍മരം ഇവിടെ ഇന്നും പൂജിക്കപ്പെടുന്നു. ഈ ആല്‍മരത്തിന് ചുറ്റിലും ചുവന്ന മാര്‍ബിളില്‍ നിര്‍മ്മിച്ച മനോഹരമായ ഒരു ക്ഷേത്രം ഇന്ന് നമുക്ക് കാണാം. 10 വര്‍ഷങ്ങള്‍ക്ക് മുന്നേ ഭാല്‍ക്കാതീര്‍ത്ഥം സന്ദര്‍ശിക്കുമ്പോള്‍ ജീര്‍ണ്ണാവസ്ഥയില്‍ ഉണ്ടായിരുന്ന ക്ഷേത്രം പൂര്‍ണ്ണമായി പൊളിച്ചുമാറ്റി അതിമനോഹരമായ പുതിയ ക്ഷേത്രം പണിതു കഴിഞ്ഞിരിക്കുന്നു. ഇതിനോട് ചേര്‍ന്നുള്ള തീര്‍ത്ഥകുളവും വിധിയാംവണ്ണം സംരക്ഷിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് പ്രതിദിനം ശ്രീകൃഷ്ണ പരമാത്മാവിന്റെ ജീവിത ലീലകളുടെ അന്ത്യരംഗം അരങ്ങേറിയ ഭാല്‍ക്കാ തീര്‍ത്ഥം കാണാന്‍ എത്തുന്നത്. എല്ലാ തീര്‍ത്ഥസങ്കേതങ്ങളും അവിടേയ്ക്കുള്ള വഴികളും അതിമനോഹരമായി നവീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് കഴിഞ്ഞ ഏതാനും ദശകങ്ങള്‍ കൊണ്ട് ഗുജറാത്തില്‍ സംഭവിച്ച എടുത്തു പറയാവുന്ന ഒരു പരിവര്‍ത്തനം. ഗുജറാത്തിനെ സംബന്ധിച്ച് തീര്‍ത്ഥാടനം ആ സംസ്ഥാനത്തിന്റെ പുരോഗതിയുടെ അളവ് നിര്‍ണ്ണയിക്കുന്ന ഒരു ഘടകമാണ് എന്ന് ഭരണാധികാരികള്‍ക്ക് അറിയാം. കോടിക്കണക്കിന് അയ്യപ്പ ഭക്തന്മാര്‍ എത്തുന്ന ശബരിമലയിലേയ്ക്കുള്ള വഴികളെ കുറിച്ച് തീര്‍ത്ഥാടനകാലം ആകുമ്പോള്‍ മാത്രം ചിന്തിക്കുന്ന കേരളത്തിലെ ഭരണാധികാരിമാര്‍ക്ക് ഗുജറാത്തില്‍ നിന്നും ഏറെ പാഠങ്ങള്‍ പഠിക്കാനുണ്ട്. ഭാല്‍ക്കാ തീര്‍ത്ഥത്തില്‍ നിന്നുള്ള മടക്കയാത്രയില്‍ ഞങ്ങളുടെ റിക്ഷയുടെ സാരഥി ശക്തിഭായ് വാഹനം കടല്‍തീരത്തുകൂടെ തിരിച്ചുവിട്ടു. മാര്‍ഗ്ഗ മധ്യേ കടല്‍ ശിവലിംഗങ്ങള്‍ കാണാം എന്നതായിരുന്നു വാഹനം ഇതുവഴിതിരിച്ചു വിടാന്‍ കാരണം. കടല്‍ ജലത്തില്‍ പാതിമുങ്ങിക്കിടക്കുന്ന രണ്ടു ശിവലിംഗങ്ങളാണ് ഇവിടുത്തെ കാഴ്ചവസ്തു. ഒരുപക്ഷേ കടലേറ്റത്തില്‍ തകര്‍ന്നുപോയ ഏതെങ്കിലും ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ആവാം ഇത്. വേലിയിറക്കത്തില്‍ ശിവലിംഗങ്ങള്‍ പൂര്‍ണ്ണമായും തെളിഞ്ഞുവരികയും വേലിയേറ്റത്തില്‍ അവ കടല്‍ജലത്തില്‍ ആണ്ടുപോവുകയും ചെയ്യുന്നു എന്നാണെങ്കിലും ഭക്തജനങ്ങള്‍ ഈ കടല്‍ ശിവലിംഗങ്ങള്‍ കാണുവാന്‍ തീരത്ത് എത്തിച്ചേരുന്നു. ഇതിനോട് ചേര്‍ന്ന് പാണ്ഡവര്‍ സ്ഥാപിച്ചു എന്നു കരുതുന്ന ഒരു ക്ഷേത്രവും കാണാന്‍ കഴിഞ്ഞു. ശക്തിഭായ് ഗീര്‍വനങ്ങളെ ലാക്കാക്കി ഓട്ടോ തിരിച്ചുവിട്ടു.
ഇനി 43 കിലോമീറ്റര്‍ പിന്നിട്ടാല്‍ ഭാരതത്തിലെ സിംഹങ്ങളുടെ ഏക ആവാസഭൂമിയായ ഗീര്‍വനത്തില്‍ ഞങ്ങള്‍ എത്തും. ജൂണ്‍ 16 മുതല്‍ ഒക്‌ടോബര്‍ 15 വരെ ഇവിടെ സന്ദര്‍ശകരെ പ്രവേശിപ്പിക്കാറില്ല. ജുനഗഡ് രാജാവിന്റെ സ്വകാര്യവനമായിരുന്നത്രേ ഇത്. ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുരാജാക്കന്മാരുടെയും ഇട പ്രഭുക്കന്മാരുടെയും വെള്ളക്കാരുടെയും മൃഗയാവിനോദങ്ങളുടെ കേന്ദ്രമായിമാറിയ ഗീര്‍വനം മൃഗങ്ങളുടെ ശ്മശാനമായിതീര്‍ന്നു. ഏഷ്യയിലെ തന്നെ അത്യപൂര്‍വ്വമായ ജൈവവൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്ന ഗീര്‍വനത്തിലെ സിംഹങ്ങള്‍ വംശനാശം നേരിടും എന്ന അവസ്ഥ വന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോഴേക്കും ഇവിടെ 12 സിംഹങ്ങള്‍ മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. കോളനി വാഴ്ചകാലത്തെ സായ്പിന്റെ പരാക്രമവും നാടന്‍ ധ്വരമാരുടെ പരാക്രമവും ചേര്‍ന്ന് ഭാരതത്തിലെ സിംഹങ്ങളുടെ വംശനാശം വരുത്തുന്ന അവസ്ഥ ഉണ്ടായി. ഇത്തരം ഒരു സാഹചര്യത്തിലാണ് സിംഹകുലത്തിന്റെ വംശം സംരക്ഷിക്കുവാന്‍ വേണ്ടി ഗീര്‍വനത്തെ സംരക്ഷിത മേഖലയാക്കി മാറ്റിയത്. സ്വാതന്ത്ര്യാനന്തര ഭാരതം സിംഹങ്ങളെ സംരക്ഷിക്കുവാന്‍ വേണ്ടി നിരവധി പദ്ധതികള്‍ തയ്യാറാക്കി. കൃത്രിമ ബീജ സങ്കലനത്തിലൂടെ പിറന്ന 126 സിംഹങ്ങളെ രാജ്യത്തിന് അകത്തും പുറത്തും ഉള്ള വിവിധ മൃഗശാലകള്‍ക്ക് നല്‍കുകയുണ്ടായി. ഗീര്‍വനം വളരെ വിശാലമായ ഒരു ഭൂപ്രദേശമാണ്. ഇതില്‍ എല്ലാഭാഗത്തും സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. കൃത്യമായി വേലി കെട്ടിത്തിരിച്ച ദേവാലിയ നാഷണല്‍ പാര്‍ക്കിലാണ് ഞങ്ങള്‍ സന്ദര്‍ശിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നുമണി മുതലാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. വനം വകുപ്പിന്റെ കൗണ്ടറില്‍ നിന്നും ടിക്കറ്റെടുത്താല്‍ കാട്ടിനുള്ളിലേക്ക് സഞ്ചാരികളുമായി പോകുന്ന വാഹനത്തില്‍ നമുക്ക് കയറാം. ഏത് വാഹനത്തിലാണ് കയറേണ്ടതെന്ന് ടിക്കറ്റില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാവും. ജുറാസിക് പാര്‍ക്ക് സിനിമയില്‍ ദിനോസറുകള്‍ അടക്കി ഭരിക്കുന്ന കാട്ടിലേയ്ക്ക് വലിയൊരു കവാടം കടന്ന് വാഹനങ്ങളില്‍ സഞ്ചാരികള്‍ പോകുന്ന ദൃശ്യമാണ് ദേവാലിയ നാഷണല്‍ പാര്‍ക്കിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക. ദേവാലിയ നാഷണല്‍ പാര്‍ക്കിന്റെ കവാടം കടന്ന് ഞങ്ങളുടെ വാഹനം സിംഹങ്ങള്‍ അധിവസിക്കുന്ന ഗീര്‍വനത്തിലേയ്ക്ക് കടന്നു. ഇനി ഏതു നിമിഷവും സിംഹം നമ്മളുടെ മുന്നില്‍ എത്തിപ്പെടുമെന്ന ചിന്തയായിരുന്നു യാത്രക്കാര്‍ക്കെല്ലാ മുണ്ടായിരുന്നത്. ഞാന്‍ ക്യാമറയില്‍ ‘ടെലി ലെന്‍സ്’ ഉറപ്പിച്ച് വിദൂരതയില്‍ എവിടെ എങ്കിലും ഒരു സിംഹത്തെ കണ്ടാല്‍ പകര്‍ത്തനായി കാത്തിരുന്നു. കേരളത്തിലെ വനങ്ങളില്‍ സഞ്ചരിച്ചിട്ടുള്ള എനിക്ക് ഗീര്‍വനം ഒരുവനമായിതന്നെ തോന്നിയില്ല. പച്ചപ്പ് എവിടെയും കാണാന്‍ ഉണ്ടായിരുന്നില്ല. ഉണങ്ങിയ പുല്‍മേടുകളും കുറ്റിച്ചെടികളും ചെറുമരങ്ങളുമ ല്ലാതെ കേരളത്തിലെ കാട്ടിലേതുപോലെ വന്‍മരങ്ങളോ വള്ളിപ്പടര്‍പ്പുകളോ എങ്ങും കാണാനുണ്ടായിരുന്നില്ല. സിംഹത്തിന്റെ ആവാസ ഭൂമി ഇത്തരം കാടുകളിലാണ് എന്ന് പിന്നീട് മനസ്സിലായി. കടുത്ത വേനലിന്റെ ആരംഭ സൂചകമായി ഉയര്‍ന്ന ചൂട് അന്തരീക്ഷത്തില്‍ വ്യാപിച്ചിരുന്നു. കാട്ടു തീ പടരാതിരിക്കാനാവണം പാതയോരത്തെ പുല്ലുകള്‍ ചെത്തി മാറ്റിയിട്ടുണ്ട്. യാത്രയുടെ ആദ്യ പതിനഞ്ച് മിനിട്ട് കാര്യമായ മൃഗങ്ങളെ ഒന്നും കണ്ടില്ല. പെട്ടെന്നാണ് ഒരു പറ്റം മാന്‍പേടകള്‍ ഞങ്ങളുടെ ദൃഷ്ടിയില്‍ പെട്ടത്. സിംഹങ്ങള്‍ അധിവസിക്കുന്ന കാട്ടില്‍ ഇത്രയേറെ മാന്‍പറ്റങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്ന് അതിശയം തോന്നി. മനുഷ്യരെ പോലയെല്ല, വിശക്കുമ്പോള്‍ മാത്രം ആഹാരം കഴിക്കുന്ന ജീവിയാണ് സിംഹം എന്നതു കൊണ്ടാവാം മാന്‍കൂട്ടം ഇതുപോലെ പെറ്റുപെരുകുന്നത്. ഞങ്ങടെ വാഹനം കണ്ടിട്ട് പോലീസ് വണ്ടി കണ്ട കള്ളനെപ്പോലെ ഒരുകുറുക്കന്‍ പകച്ചു നില്‍ക്കുന്നത് കണ്ടു. ക്യാമറ അവന്റെ നേരെ തിരിച്ചതും ആ സാധുജീവി എവിടയോ ഓടി മറഞ്ഞു. സിംഹത്തെ കണ്ടില്ലെങ്കിലും സിംഹത്തെ പണ്ടു മുതലേ പറ്റിച്ചുവരുന്ന ഒരു കുറുക്കനെ എങ്കിലും കാണാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ മുന്നോട്ടു നീങ്ങി. കൃഷ്ണ മൃഗങ്ങളെയും കഴുത പ്പുലിയെയും ഒക്കെ യാത്രയില്‍ കാണാന്‍ കഴിഞ്ഞു. പെട്ടെന്നതാ വാഹനത്തിന്റെ സാരഥി ഓരം ചേര്‍ത്ത് വണ്ടി ഒതുക്കുന്നു. എല്ലാവരോടും നിശബ്ദരാവാന്‍ ആംഗ്യം കാണിച്ചു അയാള്‍. ഏറെ അകലെയല്ലാതെ ഒരു മരത്തിന്റെ സമീപത്തേക്ക് കൈചൂണ്ടുമ്പോള്‍ ഞങ്ങള്‍ ആ കാഴ്ച കണ്ടു.
മൃഗരാജനായ സിംഹം ഉച്ചമയക്കത്തിന്റെ ആലസ്യത്തോടെ മരച്ചുവട്ടില്‍ വിശ്രമിക്കുന്നു. രണ്ട് സിംഹങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. ഒന്ന് കാലുകള്‍ പൊക്കി മലര്‍ന്നാണ് കിടന്നിരുന്നത്. യാത്രക്കാരുടെ സാന്നിദ്ധ്യം അവര്‍ അറിഞ്ഞിട്ടുണ്ടെങ്കിലും അതിപരിചയത്തിന്റെ അവജ്ഞകൊണ്ടാവാം അവയൊന്നു തല ഉയര്‍ത്തി നോക്കുക പോലും ചെയ്തില്ല. കുറ്റിക്കാടുകളുടെ മറവുകൊണ്ട് അവയെ ക്യാമറയിലാക്കാനുള്ള എന്റെ ശ്രമവും വിഫലമായി. 45 മിനിട്ട് നീണ്ട ഞങ്ങളുടെ വന സഞ്ചാരത്തില്‍ പിന്നെയും പല മൃഗങ്ങളെയും കണ്ടു. നീലകാള എന്നു തോന്നുന്ന ഒരു മൃഗത്തെ അടുത്തു കാണാന്‍ കഴിഞ്ഞു. വിദൂരത്തിലൂടെ നടന്നുപോകുന്ന മറ്റൊരു സിംഹവും ദൃഷ്ടിയില്‍പ്പെട്ടു. യാത്രക്കാര്‍ക്ക് ഇവ ഒന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് കരുതിയിട്ടാവാം കാട്ടിന്റെ നടുവില്‍ വലിയൊരു കോണ്‍ക്രീറ്റ് കുഴിയില്‍ രണ്ടുപുള്ളി പുലികളെ സംരക്ഷിച്ചിട്ടുണ്ട്. ഗീര്‍വനങ്ങളില്‍ ഇപ്പോള്‍ 500ലധികം സിംഹങ്ങള്‍ ഉണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഗുജറാത്തിലെ ചെറുതും വലുതുമായ 7 നദികള്‍ ഉത്ഭവിക്കുന്ന വൃഷ്ടിപ്രദേശവും കൂടിയാണ് ഗീര്‍വനമേഖല. ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. 400ല്‍ അധികം സസ്യജാലങ്ങള്‍, 38 ഇനം സസ്തനികള്‍, 300 ഇനം പക്ഷികള്‍, 37 ഇനം ഉരകങ്ങള്‍, രണ്ടായിരത്തിലധികം ഷഡ്പദങ്ങള്‍ എന്നിവയെല്ലാം ഈ വനത്തിന്റെ ജൈവ സമ്പത്തുകളാണ്. ഏഷ്യന്‍ സിംഹങ്ങളെ കൂടാതെ പുള്ളിപ്പുലി, കാട്ടുപൂച്ച, കഴുതപ്പുലി, കുറുനരി, കൃഷ്ണമൃഗം, കീരി എന്നീ ജീവജാലങ്ങള്‍ ഈ കാടിന്റെ സന്തതികളാണ്. എല്ലാ 5 വര്‍ഷം കൂടുമ്പോഴും സിംഹങ്ങളുടെ എണ്ണം ശേഖരിക്കാറുണ്ട് ഇവിടെ. സിംഹങ്ങളുടെ ഈ സംരക്ഷിതവനത്തില്‍ ഇപ്പോള്‍ അവയുടെ എണ്ണം പെരുകി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വെയില്‍ ചാഞ്ഞു തുടങ്ങിയതോടെ കാഴ്ചകളുടെ കൗതുകങ്ങളില്‍ നിന്നും ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. പോരുന്ന വഴിയില്‍ വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പ് പാടങ്ങള്‍ക്ക് ഓരം പറ്റി നിന്നിരുന്ന ഒരു ധാബയില്‍ നിന്നും മൃഷ്ടാന്നം ആഹാരം കഴിക്കാനും മറന്നില്ല. ഞങ്ങള്‍ക്ക് മടങ്ങാനുള്ള ട്രെയിന്‍ സോമനാഥിന് അടുത്തുള്ള വേരാവല്‍ സ്റ്റേഷനില്‍ നിന്നും രാത്രി 7.30നാണ്. ഏതാണ്ട് 6.30 ആവുമ്പോള്‍ ഞങ്ങളുടെ ഓട്ടോറിക്ഷ വേരാവല്‍ സ്റ്റേഷനില്‍ ഞങ്ങളെ എത്തിച്ചു. രാവിലെ ഒന്‍പത് മണിക്ക് തുടങ്ങിയ യാത്ര വൈകുന്നേരം 6.30ന് അവസാനിക്കുമ്പോള്‍ ശക്തിഭായ് എന്ന മധ്യവയസ്സുകഴിഞ്ഞ ഓട്ടോ ഡ്രൈവര്‍ ഏറെ സന്തുഷ്ടനായി കാണപ്പെട്ടു. പറഞ്ഞ പണവും സന്തോഷസൂചകമായി ഞങ്ങള്‍ നല്‍കിയ ദക്ഷിണയും കൈപ്പറ്റി അയാള്‍ മടങ്ങി. ഏതോ പുരാതന കാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി നില്‍ക്കുന്ന വേരാവല്‍ സ്റ്റേഷന്‍ സായാഹ്ന വെളിച്ചത്തില്‍ ക്യാമറയ്ക്ക് നല്ലൊരു വിരുന്നായിരുന്നു. റെയില്‍വേ സ്റ്റേഷന്റെ മുന്നില്‍ സ്ഥാപി ച്ച ഒരു പത്തേമാരിയുടെ ശില്പം എന്റെ ശ്രദ്ധയില്‍പെട്ടു. ശില്പത്തിന്റെ അടിക്കുറിപ്പ് വായിച്ചപ്പോഴാണ് വേരാവലിന്റെ മറ്റൊരു ചരിത്രപ്രാധാന്യം ബോധ്യമായത്. പ്രാചീന കാലത്ത് അറിയപ്പെടുന്ന ഒരു തുറമുഖം കൂടി ആയിരുന്ന വേരാവല്‍. മരം കൊണ്ടുള്ള ഉരുവും പത്തേമാരികളും ഉണ്ടാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് പ്രസിദ്ധിനേടിയ സ്ഥലമായിരുന്നത്രേ ഇത്. പ്രാചീന ഭാരതത്തിന്റെ നൗകാ ശാസ്ത്രം എത്രത്തോളം വികസിതമായിരുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു വേരാലില്‍ നിന്നും പണിതിറക്കിയ ഉരുക്കളും പത്തേമാരികളും. കേരളത്തിലെ ബേപ്പൂരില്‍ നിന്നും പണിതിറക്കുന്ന ഉരുക്കള്‍ അറബ് രാജ്യങ്ങളില്‍ അടക്കം ഇന്നും പ്രിയതരമാണ്. എന്നു പറഞ്ഞാല്‍ ഗുജറാത്തിലെ ബേപ്പൂരാണ് വേരാവല്‍ എന്ന് സാരം. റെയില്‍വേ സ്റ്റേഷന്റെ കവാടത്തില്‍ കുറെയേറെ സന്യാസിമാര്‍ വട്ടം കൂടിയിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഹുക്കപോലുള്ള കുഴലില്‍ പുകവലിക്കാനുള്ള സാധനങ്ങള്‍ നിറച്ച് അവര്‍ മാറിമാറി വലിച്ചു തള്ളുകയാണ്. കമണ്ഡലുവും യോഗദണ്ഡും മാത്രമല്ല ചിലരുടെ കയ്യില്‍ ഡമരുവും തൃശൂലവും വരെയുണ്ട്.
ആത്മീയതയുടെ അനന്തമായ യാത്രാപഥത്തില്‍ ദേശാടന കിളികളെ പോലെ സഞ്ചരിക്കുന്ന ആ സന്യാസിവൃന്ദത്തെ മനസാ നമിച്ച് പ്രഭാസതീര്‍ത്ഥത്തിലെ തീര്‍ത്ഥാടനം അവസാനിപ്പിച്ച് പരശുരാമഭൂമിയായ കേരളത്തിലേയ്ക്ക് ഞങ്ങളുടെ മടക്കയാത്ര ആരംഭിച്ചു.