എന്തുകാരണം കൊണ്ടാണെങ്കിലും, മൂന്നുമാസത്തിനുള്ളില്‍ കേരളത്തിന്റെ തെരുവുകളില്‍ മൂന്ന് സ്ത്രീകള്‍ ചുട്ടു കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ആരെയും ഞെട്ടിപ്പിക്കുന്നതാണ്. പട്ടാപ്പകല്‍ ആള്‍ത്തിരക്കുള്ള തെരുവുകളില്‍ പ്രണയപ്പക പെട്രോളൊഴിച്ച് കൊന്നത് മൂന്ന് സ്ത്രീകളെയാണ്. അവര്‍ ചെയ്ത തെറ്റ് പ്രണയം നിരസിച്ചു എന്നതാണ്. ഒരാള്‍ക്ക് പ്രണയിക്കാമെങ്കില്‍ മറ്റൊരാള്‍ക്ക് അത് നിരസിക്കാനും സ്വതന്ത്ര്യമില്ലെ? പ്രണയനിരാസത്തിന്റെ പേരില്‍ ഇഷ്ടപ്പെട്ടവരെ ചുട്ടുകൊല്ലുന്ന യുവത്വത്തിന്റെ മാനസികാവസ്ഥ എന്താണ്? എവിടേയ്ക്കാണ് നമ്മുടെ യുവത്വം സഞ്ചരിക്കുന്നത്? ഇത്തരം ക്രൂരമായ മാനസികാവസ്ഥയേയും പ്രണയം എന്നു തന്നെ വിളിക്കണോ? ഇനിയിതും ഒരു ഫാഷനാകുമോ?- ഇത്തരം വാര്‍ത്തകള്‍ തുടര്‍ച്ചയായി കേള്‍ക്കാന്‍ കേരളം വിധിക്കപ്പെടുമോ? ഇങ്ങനെ പല ചോദ്യങ്ങളാണിന്ന് കേരളത്തിന്റെ സമൂഹ മനസ്സ് ചോദിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു കാലങ്ങള്‍ക്കിടയില്‍ മാനുഷിക ബന്ധങ്ങളില്‍ പലതരത്തിലുള്ള മാറ്റങ്ങളുമുണ്ടായിട്ടുണ്ട്. ആ മാറ്റങ്ങള്‍ ഓരോ വ്യക്തിയുടേയും മാനസിക പ്രവര്‍ത്തനങ്ങളില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. പ്രണയം ത്യാഗമാണെന്ന് വിശ്വസിച്ച ഒരു തലമുറ പണ്ടുണ്ടായിരുന്നു. ഇഷ്ടപ്പെട്ടവര്‍ക്കുവേണ്ടി സര്‍വവും ത്യജിക്കുന്ന അവര്‍ സ്‌നേഹത്തിന്റെ പ്രതിപുരുഷന്മാരായിരുന്നു. പിന്നീട് പ്രണയം ചില സ്വാര്‍ത്ഥതകള്‍ നേടിയെടുക്കാനുള്ള ഉപാധിയായി മാറി. സ്വത്തിനും സമ്പത്തിനും മതം മാറ്റത്തിനുമെല്ലാം കാമുകന്‍ പ്രണയത്തെ ഉപയോഗിച്ചു. അതിനെ യഥാര്‍ത്ഥ പ്രണയം എന്നു പറയാനാവില്ല. അവിടെ അത്തരക്കാര്‍ പ്രണയത്തിന്റെ മുഖംമുടി ധരിക്കുക മാത്രമാണ് ചെയ്യുന്നത്. പ്രണയം ഒരു കീഴടങ്ങലാണ് എന്ന പഴയ ബോധത്തില്‍ നിന്ന് കീഴടക്കലാണ് എന്ന പുതിയ ബോധത്തിലേക്ക് യുവമനസ്സുകള്‍ മാറിയിരിക്കുന്നു. തന്റെ ജീവിതം നഷ്ടപ്പെട്ടാലും തനിക്കിഷ്ടപ്പെട്ടത് തനിക്ക് കിട്ടിയില്ലെങ്കില്‍ അത് മറ്റാര്‍ക്കും കിട്ടരുത് എന്ന വിചിത്രമായ മാനസികാവസ്ഥയാണത്. ചില കുട്ടികള്‍ തനിക്കിഷ്ടപ്പെട്ട കളിപ്പാട്ടം മറ്റൊരാളെടുത്ത് കളിക്കുന്നതു കണ്ടാല്‍ ഉടന്‍ അത് തട്ടിപ്പറിച്ച് എറിഞ്ഞുടച്ചുകളയും-കളിപ്പാട്ടം നഷ്ടപ്പെട്ടാലും വേണ്ടില്ല അത് മറ്റാരും ഉപയോഗിക്കരുത് എന്ന് വാശി പിടിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടാകും. അതേ വാശിയുടെ ഏറ്റവും ക്രൂരമായ മുഖമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രണയ ഭീകരതയിലും ദൃശ്യമാവുന്നത്.
എന്തുകൊണ്ട് ഇത്തരം ഒരു മാനസികാവസ്ഥയിലേയ്ക്ക് യുവത്വം സഞ്ചരിക്കുന്നു? ഒരു മനുഷ്യന്റെ ബോധം ജന്‍മനാ ഉണ്ടാകുന്ന ഒന്നുമാത്രമല്ല. അത് സമൂഹത്തില്‍ നിന്നും ശേഖരിക്കപ്പെടുന്നതും കൂടിയാണ്. ലോക പ്രശസ്ത മനശ്ശാസ്ത്രജ്ഞനായ കാള്‍ ഗുസ്‌തോഫ് യുങ്, കളക്ടീവ് കോണ്‍ഷ്യസ് എന്ന പദം ആവര്‍ത്തിച്ച് ഉപയോഗിച്ചിട്ടുണ്ട്. നമ്മുടെ സൗന്ദര്യ സങ്കല്പമല്ല ഒരു സുഡാനിയുടെ സൗന്ദര്യ സങ്കല്പം. മഷി കറുപ്പില്‍ അവര്‍ സൗന്ദര്യം ദര്‍ശിക്കുമ്പോള്‍ വെള്ളക്കാരന്റെ വെളുപ്പിലും കേരളീയന്‍ സൗന്ദര്യം ദര്‍ശിക്കുന്നില്ല.
ഒരുവിധം മാംസാഹാരങ്ങളൊക്കെ കഴിക്കുന്ന ഒരു മലയാളിയ്ക്കും പട്ടിയുടേയൊ പൂച്ചയുടേയോ മാംസം കണ്ടാല്‍ അറപ്പാണ് തോന്നുന്നത്. എന്നാല്‍ ചൈനക്കാരനോ ഫിലിപൈനിക്കോ അങ്ങനെ തോന്നണമെന്നില്ല. അവന്റെ സമൂഹം അവനില്‍ ഉണ്ടാക്കിയ ബോധമാണത്, ഫ്രോയിഡിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ജന്മവാസന (ഇഢ്). അത് എല്ലാ മനുഷ്യനിലും ഒരുപോലെയായിരിക്കും. എന്നാല്‍ ആ ജന്മവാസനയെ എങ്ങനെ ഒളിച്ചുവെയ്ക്കണം, എവിടെ പ്രകടിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് അവന്റെ അഹന്ത (ഈഗോ) യാണ്. സ്വന്തം സമൂഹത്തില്‍ നിന്ന് അവന്‍ ആര്‍ജ്ജിക്കുന്നതാണത്. കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും വിദ്യാഭ്യാസത്തില്‍ നിന്നും അങ്ങനെ പല സ്രോതസ്സുകളിലൂടെ കിട്ടുന്ന സംസ്‌കാരത്തിലാണ് ഒരാളുടെ ഈഗോ നിലനില്‍ക്കുന്നത്. നമ്മുടെ യൗവനത്തിന്റെ ആര്‍ജ്ജിത ബോധങ്ങളില്‍ കാതലായ മാറ്റം സംഭവിച്ചിരിക്കുന്നു. സ്‌നേഹം, ദയ, കരുണ എന്നീ സങ്കല്പങ്ങളിലൊക്കെ അവര്‍ കാതലായ മാറ്റം വരുത്തിയിരിക്കുന്നു. മാനസികാവസ്ഥയില്‍ സംഭവിച്ച ഇത്തരം മാറ്റങ്ങളില്‍ നെഗറ്റീവും പോസിറ്റീവുമൊക്കെയുണ്ടാവാം. അതിലെ നെഗറ്റീവ് പ്രതിഫലനങ്ങളാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.
കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ ബാല്യം സ്വതന്ത്രമായിരുന്നു. അണുകുടുംബ വ്യവസ്ഥിതിയില്‍ ബാല്യം ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാവുന്നു. രണ്ട് കുട്ടികളുള്ള അമ്മയോട് ഒരു മകന്‍ പറയുന്നത് അമ്മയ്ക്ക് എന്നെ ഇഷ്ടമല്ല എന്നാണ്. തന്നേക്കാള്‍ സ്‌നേഹം അനിയനോടോ അനിയത്തിയോടോ ആണെന്നാണ്. അതുകൊണ്ടു തന്നെ അനിയന്‍-അനിയത്തി അമ്മയുടെ സ്‌നേഹം അവനില്‍ നിന്ന് തട്ടിപ്പറിച്ചവനാണ്. അവരെ ഉപദ്രവിക്കുമ്പോള്‍ ഈ കുട്ടിയുടെ മനസ്സിന് സുഖം തോന്നുന്നു. അതിന്റെ പേരില്‍ അമ്മ കോപിക്കുമ്പോള്‍ അവനില്‍ വീണ്ടും പ്രതികാരബോധം കൂടിവരുന്നു. ബന്ധങ്ങളിലെ ഇത്തരം ശൈഥില്യങ്ങള്‍ അടുത്ത കാലത്ത് വളരെ കൂടുതലാണ്. അമ്മയുടെ സ്‌നേഹം പിടിച്ചുവാങ്ങാനുള്ള ത്വര- അമ്മ എന്റേതാണ് എന്ന പോസസ്സീവ്‌നസ് – ഒന്നും ആര്‍ക്കും വിട്ടു കൊടുക്കാതിരിക്കാനുള്ള അവന്റെ മാത്രം ശരിയാണ്.
ഇത്തരം ഒരു പൊസസ്സീവ്‌നസ് മക്കളില്‍ വളര്‍ന്നുവരുന്നതിന് പ്രധാന കാരണം രക്ഷിതാക്കളുടെ പെരുമാറ്റം തന്നെയാണ് പണ്ട് ഒരമ്മ കുട്ടിയ്ക്ക് ചോറു കൊടുക്കുമ്പോള്‍ കാക്കയ്ക്കും പൂച്ചയ്ക്കുമൊക്കെ ഇത്തിരി വറ്റിട്ട് കൊടുക്കും. കാക്കേ എന്റെ കുട്ടിയുടെ കൂടെ നീയും കഴിച്ചോ- പൂച്ചേ നീയും കഴിച്ചോ- എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഇന്ന് കാക്കേ നിനക്ക് തരില്ലാ പൂച്ചേ നിനക്കും തരില്ല, ഇത് എന്റെ കുട്ടിയ്ക്ക് മാത്രമുള്ളതാണെന്നാണ് പറയുന്നത്. അല്ലെങ്കില്‍ ‘പൂച്ച വരും വേഗം കഴിച്ചോ’ എന്ന് ഭയപ്പെടുത്തുകയും ചെയ്യുന്നു. മനസ്സിന്റെ രൂപീകരണ ഘട്ടത്തില്‍ (ഫോര്‍മേഷന്‍ പിരീഡ്) കേള്‍ക്കുന്ന ഇത്തരം വാക്കുകള്‍ കുട്ടിയുടെ ബോധത്തേയും സ്വഭാവത്തെയും ഏറെ സ്വാധീനിക്കുന്നതാണ്. എന്റേത്, അല്ലെങ്കില്‍ നമ്മുടേത് എന്ന സ്വാര്‍ത്ഥത അണുകുടുംബ വ്യവസ്ഥിതിയില്‍ കുട്ടികളില്‍ പെട്ടെന്ന് രൂഢമൂലമാവുകയും ചെയ്യും.
സനാതന സംസ്‌കൃതിയുടെ ഉറച്ച ഈടുവെപ്പുകളില്‍ ദയയും കരുണയും നീതിയും അനീതിയും ധര്‍മ്മവും അധര്‍മവും തിരിച്ചറിയുവാന്‍ ഉപയുക്തമായ മഹത്തായ കഥകളുണ്ട്. ഇത്തരം കഥകള്‍ കേട്ട് വളരുന്ന ഒന്നായിരുന്നു കൂട്ടുകുടുംബവ്യവസ്ഥിതി. പുരാണകഥകളിലൂടെ മനുഷ്യനും രാക്ഷസനും തമ്മിലുള്ള വ്യത്യാസം ചെറുപ്പത്തിലെ അവര്‍ സ്വായത്തമാക്കിയിരുന്നു. മുത്തശ്ശിയും പേരക്കുട്ടിയും തമ്മിലുള്ള കഥാ സൗഹൃദങ്ങളിലൂടെ മാനവികതയുടെ ബാലപാഠം അവര്‍ പഠിച്ചിരുന്നു. വൈകാരിക സംസ്‌കരണവും സംയമനവുമുണ്ടാക്കുന്ന ഈ മഹാസംസ്‌കൃതിയെ പടിയടച്ച് പിണ്ഡം വെയ്ക്കാനാണ് ആധുനിക സമൂഹം ശ്രമിക്കുന്നത്. അധികാര കേന്ദ്രങ്ങള്‍ ഗൂഢലക്ഷ്യത്തോടെ നടപ്പില്‍ വരുത്തുന്ന ആധുനികമെന്ന് പറയപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പൂര്‍വ സംസ്‌കൃതി പരിഹസിക്കപ്പെടുന്നു. എന്റെ രാഷ്ട്രീയം, അത് മാത്രമാണ് ശരി എന്നും അതിനപ്പുറത്തുള്ളതൊക്കെ കൊല്ലപ്പെടേണ്ടതാണെന്നും നശിപ്പിക്കപ്പെടേണ്ടതാണെന്നും പഠിപ്പിക്കുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍. എന്റെ മതം, അത് മാത്രമാണ് ശരി അതിനപ്പുറത്തുള്ളതൊക്കെ വെറുക്കപ്പെടേണ്ടതാണ് എന്ന് പഠിപ്പിക്കുന്ന സെമറ്റിക്ക് മതബോധനങ്ങള്‍. ഇവക്കിടയിലൂടെ കടന്നുപോരുന്ന ബാല്യം. പ്രേമിക്കുന്നതു പോലും മനുഷ്യനുവേണ്ടിയല്ല മതത്തിനുവേണ്ടിയാണെന്ന് തീര്‍പ്പുകല്പിക്കുമ്പോള്‍ മതംമാറാന്‍ തയ്യാറാകാത്ത കാമുകിയെ ചുട്ടുകൊല്ലന്നതുപോലും ധീരതയായി കാണുക എന്നത് ലവ് ജിഹാദിക്ക് അവരുടെ ആദര്‍ശം തന്നെയാണ്. യഥാര്‍ത്ഥ മാനുഷികമൂല്യങ്ങള്‍ തിരിച്ചറിയാത്ത മാനസിക പ്രശ്‌നം കൂടിയാണത്. മതമേതായാലും സനാതനമായ പൈതൃകത്തെ മനസ്സിലാക്കുന്നവര്‍ മതാതീതമായ മനുഷ്യസ്‌നേഹത്തിന് പാകപ്പെടുന്നുണ്ട്. എന്നാല്‍ സംസ്‌കാരത്തെ എങ്ങനെ ഇല്ലായ്മ ചെയ്യാം എന്ന കാര്യത്തില്‍ സംഘടിത മതങ്ങളും അവരുടെ ഏറാന്‍മൂളികളായ രാഷ്ട്രീയക്കാരും മത്സരിക്കുകയാണ്. കൊലപാതകത്തിന്റെ മഹത്വവല്‍ക്കരണമാണ് അവര്‍ ബാലമനസ്സുകള്‍ക്ക് നല്‍കുന്ന സന്ദേശം.
ഭാരതീയ സാംസ്‌കാരിക മൂല്യങ്ങളെ നിരാകരിക്കുന്നതിലപ്പുറം തകര്‍ക്കുന്നത് പുരോഗമനപരമാണെന്ന് സിദ്ധാന്തിക്കുന്നവര്‍ യുവതലമുറകളെ വഴിതെറ്റിക്കുന്നു. ആര്‍പ്പോ ആര്‍ത്തവം, ചുംബനസമരം, താലിപൊട്ടിക്കല്‍, അയ്യപ്പന്മാര്‍ മാത്രം സഞ്ചരിക്കുന്ന ബസ്സില്‍ യുവതികളെ കയറ്റല്‍, ആചാരലംഘന നീക്കങ്ങള്‍ തുടങ്ങിയവക്കെല്ലാം സാംസ്‌കാരികമൂല്യങ്ങളെ തകര്‍ത്ത് അരാജകത്വം സൃഷ്ടിക്കുക എന്നൊരു ലക്ഷ്യമുണ്ട്. ഈ അരാജകത്വ കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ വലയുമായിരിക്കുന്നവരാണ് ലൗജിഹാദിന്റെ പിന്നണി പ്രവര്‍ത്തകര്‍. കേരളത്തിലെ യുവതലമുറയെ ആശയക്കുഴപ്പത്തിലാക്കി സാംസ്‌കാരിക അത്താണി നഷ്ടമാക്കുന്നതില്‍ ഒരളവോളം വിജയിച്ച ഇടത്-ഇസ്ലാമിസ്റ്റ് ലോബിക്കും യുവതികളെ തീയിട്ട് കൊല്ലുന്ന പ്രവണത മുമ്പില്ലാത്തവിധം വ്യാപിച്ചുവരുന്നതില്‍ സുപ്രധാനപങ്കുണ്ട്. അതോടൊപ്പം തന്നെ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും വളരെ കൂടുതലുണ്ട്. തിന്നുക കുടിക്കുക സുഖിക്കുക – നാളെ നമ്മള്‍ മരിക്കാനുള്ളവരാണ് എന്ന എപ്പിക്യൂറിയന്‍ ഫിലോസഫി അറിഞ്ഞും അറിയാതെയും സാമുഹിക മാധ്യമങ്ങളില്‍ നിരന്തരം പ്രചരിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതല്ല, അവനവന്റെ സുഖം മാത്രമാണ് ഇന്നു പലര്‍ക്കും പരമപ്രധാനം. ഒരുഭാഗത്ത് ഇങ്ങനെയാണെങ്കില്‍ ക്രൂരമായ പല പ്രവൃത്തികളും മഹത്വവല്‍ക്കരിക്കുന്നു എന്നതാണ് മറുപുറം. ഒരാളുടെ തല വെട്ടിപ്പൊളിക്കുന്നതും ഒരു സ്ത്രീയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുന്നതുമെല്ലാം ആസ്വദിക്കുന്ന ചില മനസ്സുകളുണ്ട്. വാട്‌സാപ്പിലും മറ്റും പ്രചരിക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ സൂക്ഷിച്ച് വച്ച് പല പ്രാവശ്യം കാണുന്നവരുടെ മനസ്സ് ഇതൊക്കെ ധീരകൃത്യങ്ങളായിട്ടാണ് വായിച്ചെടുക്കുന്നത്. നീതിമാന്മാരുടെയും ധര്‍മ്മിഷ്ഠന്മാരുടെയും കഥകള്‍ക്ക് പകരം ക്രൂരന്മാരുടെ കഥകള്‍ അതിശയോക്തിയോടെ കേട്ടുവരുന്നതാണ് കാലം.
മാധ്യമങ്ങള്‍ കൊലപാതക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കൊലയാളിയുടെ ക്രൂരതയേക്കാള്‍ അയാളുടെ സാഹസികത വായിച്ചെടുക്കാനാണ് പലര്‍ക്കും താത്പര്യം. പീഡോഫീലിയയും ബലാല്‍സംഗവും മറ്റും വൈകാരികമായി അവതരിപ്പിക്കുമ്പോള്‍ നിരന്തരം കേള്‍ക്കുകയും കാണുകയും ചെയ്യുമ്പോള്‍ അയാളുടെ മാനസികനിലയില്‍ ഇതിന്റെയൊക്കെ സ്വാധീനം ഉണ്ടാവാതിരിക്കില്ലല്ലോ.
നിങ്ങള്‍ ചിന്തിക്കുന്നതെന്തോ അതാണ് നിങ്ങള്‍ എന്ന് പൊതുവെ പറയാറുണ്ട്. ഞാന്‍ മരിക്കും ഞാന്‍ മരിക്കും എന്ന് നിരന്തരം പറയുന്ന ആള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ട്. കാരണം നിരന്തരം ചിന്തിക്കുന്നത് സ്വയം പ്രത്യയനത്തിന് (ഓട്ടോ സജഷന്‍) വിധേയമാവുന്നു. അതുപോലെ നിരന്തരം കേള്‍ക്കുകയും കാണുകയും ചെയ്യുന്ന പലതും സ്വയം പ്രത്യയനത്തിന് കാരണമാകും. ആക്രാമികത സ്വയം പ്രത്യയനം ചെയ്യിക്കുന്നതില്‍ ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം തള്ളിക്കളയാന്‍ കഴിയില്ല. കുട്ടികള്‍ക്ക് കളിക്കാന്‍ തോണി വേണ്ട തോക്ക് മതി എന്ന് കുട്ടിയെ പറയിപ്പിക്കുന്നതില്‍ വീട്ടിനകത്തിരിക്കുന്ന ടെലിവിഷനും പങ്കുണ്ട്. പോലീസുകാരന്റേയോ പട്ടാളക്കാരന്റേയൊ നെഞ്ചത്തു ചവിട്ടുന്ന ഭീകരന്‍ നായകനാവുന്നത് അവര്‍ക്കും കാണേണ്ടി വരുന്നുണ്ടല്ലോ. കണ്ടതും കേട്ടതും വഴി സൃഷ്ടിക്കപ്പെട്ട ബോധം അയാളോട് പറയുന്നതാണ് അയാളുടെ ശരി. സമൂഹം എന്തുപറയും എങ്ങനെ പരിഗണിക്കും ഇതൊന്നും അയാള്‍ക്ക് പ്രശ്‌നമല്ല. താന്‍ ആഗ്രഹിച്ചത് തനിക്ക് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍, നശിപ്പിക്കാനെങ്കിലും കഴിയണം, അതിനും കഴിഞ്ഞില്ലെങ്കില്‍ താന്‍ ഒന്നിനും പോരാത്തവനാണെന്നാണ് ഇത്തരം യുവത്വങ്ങളുടെ ‘ഈഗോ’ പ്രഖ്യാപിക്കുന്നത്. അതുകൊണ്ടുതന്നെ എന്ത് സംഭവിച്ചാലും വേണ്ടില്ല എന്തെങ്കിലും ചെയ്യണം എന്നവര്‍ ചിന്തിക്കുന്നു.
യഥാര്‍ത്ഥ സ്‌നേഹത്തില്‍ പങ്കാളിക്ക് ഒരു മുള്ളുകൊണ്ടാല്‍ പോലും സ്‌നേഹിക്കുന്നവന് വേദനിക്കും എന്നിരിക്കെ ഇത്തരം കൊലപാതകികളുടെ സ്‌നേഹത്തെ യഥാര്‍ത്ഥ പ്രണയം എന്ന് പറയാന്‍ കഴിയുമോ? ഇല്ല. അവര്‍ക്കുള്ളത് വന്യമായ സ്‌നേഹമാണ്. ഒരുവസ്തു എന്ന നിലയിലാണ് വ്യക്തി എന്ന നിലയിലല്ല അവര്‍ പ്രേമിക്കുന്നവരെ കാണുന്നത്. ഒരു നഷ്ടവും സഹിക്കുവാന്‍ തയ്യാറല്ലാത്തവരാണവര്‍. അവര്‍ക്കെന്തും ചെയ്യാന്‍ കഴിയുമെന്നും അത് തെളിയിക്കണമെന്നുമാണ് അവരുടെ വാശി. മൂന്നുമാസത്തിനുള്ളില്‍ മൂന്നുപേരെ തീ കൊളുത്തി കൊന്നു എന്ന് കേള്‍ക്കുമ്പോള്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമോ എന്ന് ഭയപ്പെട്ടേ പറ്റു. കാരണം താനിഷ്ടപ്പെടുന്നവരെല്ലാം തന്നെ തന്നെ ഇഷ്ടപ്പെടണമെന്നില്ല. അത്തരം നിരവധി കാമുകന്‍മാര്‍ ഇനിയും ബാക്കിയുണ്ട്. അത്തരം കാമുകന്മാര്‍ – ശരിയായി കാര്യങ്ങള്‍ വിചിന്തനം ചെയ്യാത്ത, സാമൂഹിക സംസ്‌കാരം അല്പം പോലുമില്ലാത്ത, കാര്യങ്ങള്‍ ചിന്തിക്കാന്‍ വേണ്ട മാനസിക പക്വത ആര്‍ജ്ജിക്കാത്ത പ്രത്യേക മനഃസ്ഥിതിയുള്ളവര്‍ – ഓരോകൊലപാതകിയും ഒരു വീരപുരുഷനാണെന്നും അവരെ പിന്‍തുടുരുന്ന സാഹസികതയാണ് ഏറ്റവും മഹത്തരമെന്നും അവര്‍ ചിന്തിച്ചു കൊണ്ടേയിരിക്കും.അങ്ങിനെയുള്ള പുരുഷന്‍മാര്‍ ഇനിയും ഏറെയുണ്ടെങ്കില്‍ അവര്‍ക്ക് ഇത്തരം വാര്‍ത്തകള്‍ പ്രചോദനമാകാനെ സാദ്ധ്യതയുള്ളു. അതുകൊണ്ടുതന്നെ പ്രണയ പകയില്‍ കാമുകന്‍ തന്നെ ഇഷ്ടപ്പെടാത്ത കാമുകിയെ പെട്രോളൊഴിച്ചു കത്തിച്ചു എന്ന വാര്‍ത്ത ഇനിയും കേള്‍ക്കേണ്ടിവരിക തന്നെചെയ്യും.
ഇതിന് പരിഹാരമില്ലേ എന്ന ചോദ്യം പ്രസക്തമാണ്. കുട്ടികളില്‍ നല്ല മാനസികാരോഗ്യം ഉണ്ടാക്കുക, ചെറുപ്പത്തില്‍ തന്നെ എന്റെ മാത്രം എന്ന ബോധം കഠിനമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ത്യജിക്കാനും കൂടി അവരെ കരുത്തരാക്കുക. ഇവ അത്യാവശ്യം ചെയ്യേണ്ടതാണ്. വ്യക്തിനിഷ്ഠ ഇഷ്ടാനിഷ്ടങ്ങളെ സമഷ്ടി നിഷ്ഠവും കൂടി ആക്കാന്‍ ശ്രമിക്കുക. എന്നെ ഇഷ്ടപ്പെടുന്നവരെ ഞാനിഷ്ടപ്പെടുക എന്നതാണ്, ഞാനിഷ്ടപ്പെടുന്നവര്‍ എന്നെ ഇഷ്ടപ്പെട്ടേ പറ്റൂ എന്നതല്ല മഹത്തരം. അത്തരം ഒരു മാനസികാവസ്ഥയിലേക്ക് കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കഴിയണം. കുട്ടികള്‍ കളിക്കട്ടെ. കളിയില്‍ അവര്‍ തോല്‍ക്കട്ടെ. തോറ്റതിന്റെ പേരില്‍ അവര്‍ സമപ്രായക്കാരായ കൂട്ടുകാരില്‍ നിന്ന് പരിഹാസങ്ങള്‍ ഏറ്റുവാങ്ങട്ടെ. അങ്ങനെ ചെറുപ്പത്തില്‍ തന്നെ ഏതുതരം സാമൂഹിക പരിഹാസങ്ങളും ഏറ്റെടുക്കുവാന്‍ കുട്ടികളുടെ മനസ്സിന് ആര്‍ജ്ജവമുണ്ടാകട്ടെ. അതിനാണ് രക്ഷിതാക്കള്‍ പരിശ്രമിക്കേണ്ടത്. ഒരിക്കലും ഒരാളുടെ മുമ്പിലും തനിക്ക് തോല്‍ക്കാന്‍ കഴിയില്ല എന്ന മാനസികാവസ്ഥയുള്ളവര്‍ പ്രണയത്തിന്റെ മുമ്പിലും പരാജയപ്പെടാന്‍ വിസമ്മതിക്കും. അവള്‍ തന്നെ തോല്‍പ്പിച്ചു, അതുകൊണ്ട് അവള്‍ ജീവിക്കേണ്ട. തനിക്കും ജീവിതം വേണ്ട. എന്ന് ചിന്തിക്കുന്നവര്‍ തോല്‍വിയെ അത്ര മാത്രം ഭയപ്പെടുന്നവരാണ്. ജീവിതത്തില്‍ തോല്‍വി യാതൊരു പ്രശ്‌നവുമില്ലാതെ അനുഭവിക്കുവാന്‍ കഴിയുന്നത് കളിയില്‍ മാത്രമാണ്. പഠനത്തില്‍ തോറ്റാല്‍ വീട്ടില്‍ നിന്ന് ഏറെ സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കേണ്ടിവരും. അതുകൊണ്ടുതന്നെ തോല്‍വിയിലെ സാമൂഹിക സമ്മര്‍ദ്ദങ്ങളെ പ്രതിരോധിക്കുവാന്‍ കളികളിലൂടെ മാത്രമേ കുട്ടികള്‍ക്ക് കഴിയു. മറ്റുള്ളവരോട് അധികം ബന്ധമില്ലാതെ ഏകാന്തതയുടെ ലോകത്ത് വളരുന്ന ഒരു കുട്ടി തന്റെ ഏക കൂട്ടുകാരനായി മൊബൈല്‍ ഫോണിനെ ആശ്രയിക്കുന്നു. അതിലൂടെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ക്രിമിനല്‍ കഥകള്‍ മറ്റാരോടും പങ്കുവെയ്ക്കാനാവാതെ അയാള്‍ മനസ്സിലിട്ട് താലോലിക്കുകയാണ് ചെയ്യുന്നത്. അത് ശരിയല്ല അത്തരം ക്രൂരതകള്‍ സമൂഹവിരുദ്ധമാണ് എന്ന് അയാളെ ഉപദേശിക്കുവാന്‍ പറ്റിയ ഒരാളുമായി അയാള്‍ക്ക് യാതൊരു ബന്ധവുമില്ല. ഇവിടെ ശരി തെറ്റുകള്‍ അയാള്‍ തിരിച്ചറിയപ്പെടുന്നില്ല. ഈ ഒരവസ്ഥയില്‍ നിന്ന് യുവജനതയെ മോചിപ്പിക്കണമെങ്കില്‍ മൂല്യങ്ങളിലേക്ക് അവരെ തിരിച്ചുകൊണ്ടുവരിക തന്നെ ചെയ്യണം.
മാനവിക മൂല്യങ്ങളെ പിന്‍പറ്റുന്ന ഒരു മാനസികാവസ്ഥ പുതിയ തലമുറയില്‍ വാര്‍ത്തെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയും പട്ടാപ്പകല്‍ നടുറോഡില്‍ സ്ത്രീകള്‍ വെന്തുമരിച്ചേയ്ക്കാം. അതിലും ഭീകരവും ബീഭത്സവുമായ കാഴ്ചകള്‍ കണ്ടെന്നും വരാം. നിരന്തരം അക്രമങ്ങള്‍ കണ്ടീഷന്‍ ചെയ്ത ഒരു മനസ്സിന്റെ ഉടമയാണ് പ്രതിയെങ്കില്‍ അയാള്‍ തന്റെ ചെയ്തികളെ ന്യായീകരിച്ചുകൊണ്ട് സമൂഹത്തിനു മുന്നില്‍ ഞെളിഞ്ഞു നിന്നു വാദിച്ചെന്നും വരാം. അത് കണ്ട് പിന്‍മുറക്കാരന് ആവേശം വരാം. മരത്തിന് കടയ്ക്കലാണ് വളമിടേണ്ടത്. ചില്ലയിലല്ല. അതുകൊണ്ടു തന്നെ അടുത്ത തലമുറയെങ്കിലും ഇത്തരം ദുഷ്പ്രവൃത്തികളില്‍ നിന്ന് മോചിതരാവണമെങ്കില്‍ കുട്ടികളുടെ മാനസികാരോഗ്യത്തില്‍ ഇപ്പോഴേ നാം ശ്രദ്ധിച്ചേ മതിയാകൂ.