തുമ്പയ്ക്കും തുളസിക്കുമോണമൊഴിവാ
ണെല്ലാരുമില്ലത്തിലു
ണ്ടമ്പത്തൊന്നിതളുള്ള നാട്ടുമൊഴിപൂ
ക്കുന്നൂ പുറമ്പോക്കിലും.
മുമ്പത്തെത്തികവൊക്കെയിന്നുകുറവാ
ണെന്നാലുമിന്നോണമേ
ഇമ്പത്തിന്‍മധുരം പകര്‍ന്നുതരുവാ
നത്തം കുളിച്ചെത്തി നീ.
എന്തെന്തൊക്കെ വിശേഷമാണു കളിമേ
ളം, പൂക്കളം, പൂവിടും
ചന്തം, പൂവിളി, സദ്യവട്ടമറിയി
ച്ചെത്തുന്ന കാറ്റിന്‍മണം.
അന്തസ്സിന്‍തറവാട്ടുമുറ്റ, മമൃത
ത്തേന്മാവിലൂഞ്ഞാല്‍, ഒരേ
സന്തോഷം! നിറസന്ധ്യകള്‍ക്കു തിരുവോ
ണക്കോടി! പാല്‍പ്പായസം!
ഇന്നുപ്പേരിവറുക്കലില്ല, തൊടിയില്‍
പ്പൂവില്ല, ഹൈവേ വരു
ന്നെന്നോ? വെട്ടിനിരത്തിടുന്നു വനവും
കുന്നും; നികന്നൂ കുളം.
നന്നായ് ഫ്‌ളാറ്റുകളൊന്നിനൊന്നു തലപൊ
ക്കീടുന്നു മാനംവരെ
ച്ചെന്നെത്തുന്നു! പരിഷ്‌കൃതിക്കുതടവയ്
ക്കാന്‍ പാലടയ്ക്കാകുമോ?
മായംചേര്‍ന്ന മനസ്സുകള്‍ക്കു വിപണി
ക്കാലം, മഹത്വങ്ങളില്‍
ച്ചായം കോരിയൊഴിച്ചു വൈകൃതമണ
ച്ചൂ നാം പുരാണങ്ങളില്‍
സായിപ്പിന്റെ ചെരുപ്പിനാണുരുചി
യെന്നായീപരിഷ്‌കാര,മെ
ന്തായാലും ഭരതന്നു രക്ഷ രഘുരാ
മന്‍തന്റെ തൃപ്പാദുകം!
വന്നെത്തുന്ന മഹാബലിക്കു വഴിതെ
റ്റുന്നൂ, മഴക്കാടുമാ-
ക്കുന്നും താഴ്‌വരയും നിറഞ്ഞ കുളവും
തണ്ണീര്‍ത്തടം പാടവും
പൊന്നോളം വിളയുന്ന നെല്ലുകുമിയും
മുറ്റങ്ങളും പോയ്മറ
ഞ്ഞെന്നോ! കൊന്നുമുടിച്ചതാരു മലനാ
ടിന്‍പൂര്‍വ്വപുണ്യങ്ങളെ?
ഓണത്തിന്റെ മതേതരത്വമതികേ
മം! കാളനെക്കാള്‍ പ്രിയം
വേണം കാളയിറച്ചിയോടുമതിനാ
യെത്തുന്നു രക്താസുരന്‍.
നാണംകെട്ടു കുനിഞ്ഞു നമ്മള്‍ തലതാഴ്
ത്താനോ ഹയഗ്രീവനെ
പ്രാണന്‍ ചോര്‍ത്തി മുടിച്ചവന്റെയവതാ
രം നമ്മെ രക്ഷിക്കണേ!
നാമോരോന്നുമറിഞ്ഞുകൊണ്ടു ബലിനല്‍
കുന്നൂ, വെറും കയ്യുമായ്
പ്പാതാളത്തിലടിഞ്ഞിടുന്നു, ഗുരുവാ
ക്യം നമ്മള്‍ കേള്‍ക്കാതെയായ്
ആരിന്നീവിധമാമഹന്ത തലയില്‍
ച്ചൂടിച്ചു? കാല്‍ച്ചോട്ടിലെ
ച്ചോരും മണ്ണറിയാതെ വിണ്ണിലുയരാന്‍
വെമ്പുന്ന തമ്പ്രാക്കളായ്?
വന്നൂ, വന്നതുപോല്‍ മടങ്ങുമിനിയും
മാവേലി,യീനാടിനെ
ക്കൊന്നൂ നമ്മള്‍ കൊലക്കളങ്ങള്‍, ചുടല
പ്പാടങ്ങള്‍, വൈതാളികര്‍
കള്ളം പാഴ്ച്ചതി ചൂഷണങ്ങള്‍ മദമേ
റ്റീടും മതം തങ്ങളില്‍
ക്കൊന്നും ചത്തുമടിഞ്ഞിടുന്നു, ചിതയായ്
ത്തീരുന്നിതീക്കേരളം!
പൊന്നോണം വരുമോ തുടര്‍ന്നു, മറിയി
ല്ലല്ലോ കബന്ധങ്ങളാ
ലെന്നും പൂക്കളമിട്ടിടുന്ന കൊലനാ
ടാണോ നമുക്കീശ്വരാ!
തന്നാലും തനതാം വിവേകമിനിയെ
ന്നാലും, സ്വയം കണ്ടറി
ഞ്ഞൊന്നാകാന്‍ ബല, മാബലിക്കു ബലിനല്‍
കാമീ വിലാപങ്ങളെ!
മാനം കാത്തു മനസ്സു കാത്തു മഹിമാ
വെല്ലാം തികഞ്ഞുള്ളൊരീ
മണ്ണും കാത്തണിചേര്‍ന്നുനിന്നു തിരുവോ
ണം കണ്ടു കൊണ്ടാടണം.
ഒന്നാകുന്നതു തന്നെയോണമതിനെ
പ്പൊന്നോണമാക്കാന്‍ നമു
ക്കെന്നാവോ കഴിയുന്നതന്നുവരുമൈ
ശ്വര്യം, സമാധാനവും!