കാത്തിരിപ്പുകളുടെ അറുതിയില്‍ സ്വര്‍ണ്ണച്ചിറകുള്ള കുങ്കുമത്തുമ്പികള്‍ക്കൊപ്പമായിരുന്നു മലയാളക്കരയില്‍ തിരുവോണം വിരുന്നു വന്നിരുന്നത്. കര്‍ക്കിടകത്തിന്റെ തോരാമഴയില്‍ പനിച്ചുറങ്ങിയ മണ്ണും മനുഷ്യരും പ്രകൃതിയുമെല്ലാം കുളിച്ചു തോര്‍ത്തി അണിഞ്ഞൊരുങ്ങിയ തിരുവോണക്കാലം. വിളവെടുപ്പിന്റെ നിറവില്‍ മഴവില്‍ച്ചന്തമുള്ള പൂക്കളമിട്ട് മാദേവരെ വരവേറ്റ മലനാടിന്റെ ഉത്സവം. അതായിരുന്നു നമുക്ക് തിരുവോണം. ഇരതേടി കടല്‍ കടന്നവരും കര പറ്റാന്‍ ഊരുതാണ്ടിയവരുമെല്ലാം ഓണമുണ്ണാന്‍ ഓടിയെത്തുന്ന നല്ലോര്‍മ്മ കളുടെ തിരുവോണം. പക്ഷെ ഈ വര്‍ഷം തിരുവോണമെത്തുന്നത് കണ്ണീര്‍ നനവിന്റെ ഈറനുടുത്താണ്. ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച കോവിഡിന്റെ പകര്‍ച്ച ഭീതിയില്‍ അടച്ചുപൂട്ടിയ ഗ്രാമനഗരങ്ങളില്‍ ചിങ്ങവെയില്‍ പോലും മുഖം മറച്ചു മടിച്ചുനില്‍പ്പാണ്. അടച്ചിട്ട പാഠശാലകളും കളിനിലങ്ങളും കൂടിച്ചേരലിന്റെ ഓര്‍മ്മകളായി മാറിയപ്പോള്‍ കുരുന്നു കുഞ്ഞുങ്ങള്‍ സൈബറിടങ്ങളിലെ നിഴല്‍ച്ചിത്രങ്ങളില്‍ ആനന്ദത്തിന്റെ പൂക്കാലം തിരയുകയാണ്.
എങ്കിലും വറുതികളും വ്യാധികളും വ്യഥകളും കടന്ന് ആനന്ദത്തിന്റെ മധുരം വിളമ്പാന്‍ തിരുവോണം വരുക തന്നെ ചെയ്യും. കാരണം കഷ്ടസങ്കടങ്ങളുടെ ജീവിതവഴിയില്‍ ലോകത്തെവിടെയും മനുഷ്യന്‍ വി ശ്രാന്തി തേടുന്നത് സ്‌നേഹസങ്കലനത്തിന്റെ ഉത്സവ വേളകളിലാണ്. ജീവിത ഭാരത്തിന്റെ ചുവടിറക്കി മനുഷ്യന്‍ ഇളവേല്ക്കുന്ന തണ്ണീര്‍പ്പന്തലുകളാണ് ഉത്സവങ്ങള്‍. പാടത്തും പറമ്പിലും പണിയെടുത്തു തളര്‍ന്ന പുരാതന മനുഷ്യന്‍ വിളവെടുപ്പിനെ ഉത്സവമായി ആഘോഷിച്ചു തുടങ്ങിയതില്‍ നിന്നാവണം എല്ലാ ഉത്സവാഘോഷങ്ങളുംരൂപപ്പെട്ടത്. ഇന്ന് ആധുനിക യുഗത്തില്‍ ഉത്സവ പുരാവൃത്തങ്ങളുടെ കാല്പനികശോഭയില്‍ മഹാബലിയും വാമനനും ഓണത്താറും ഓണക്കളികളുമെല്ലാം ചേര്‍ന്ന് നിറമുള്ള ഓര്‍മ്മയായി മലയാളി തിരുവോണമാഘോഷിക്കുന്നു. പാടം കടന്നും തൊടി കടന്നും മേടുകള്‍ കേറിയും വന്നിരുന്ന ഗ്രാമനൈര്‍ല്യത്തിന്റെ ഓണനിനവും നിലാവുകളും വീണ്ടെടുക്കാനാവാതെ ഒലിച്ചുപോയെങ്കിലും പുതിയ കാലത്തിന്റെ കോടിചുറ്റി, ലോകം നിറഞ്ഞുജീവിക്കുന്ന മലയാളി ഓണമാഘോഷിക്കുക തന്നെ ചെയ്യും. ജീവിതയാത്രയിലെ പൊള്ളിയടര്‍ന്ന സങ്കടങ്ങള്‍ക്കുമേല്‍ സാന്ത്വനത്തിന്റെ നനുത്ത ചന്ദനസ്പര്‍ശമാണ് തിരുവോണം പോലുള്ള ഉത്സവങ്ങള്‍. നടന്നു തീര്‍ക്കാനുള്ള ജീവിതവഴികളിലേയ്ക്കുള്ള സ്‌നേഹപാഥേയങ്ങള്‍ പൊതിഞ്ഞെടുക്കാനുള്ള ഇത്തരം ഇളവിടങ്ങളെ നമുക്ക് ഹൃദയത്തിലേറ്റെടുക്കാം. മലയാളിയെ സംബന്ധിച്ച്കഴിഞ്ഞ നാല് വര്‍ഷങ്ങളായി ദുരന്ത ദുരിതങ്ങള്‍ വിടാതെ പിന്‍തുടരുന്നതിനാല്‍ എല്ലാ മത സാമൂഹ്യ ഉത്സവങ്ങളും അവന്ആഘോഷരഹിതങ്ങളായിരിക്കുകയാണ്.
കോവിഡ് ജ്വര ഭീതിയിലാണെങ്കില്‍പ്പോലും മലയാളിക്ക് തിരുവോണം ആഘോഷിക്കാതിരിക്കാനാവില്ല. ആസുരികവാഴ്ചക്കുമേല്‍ ദൈവിക വിജയങ്ങളുടെ പുരാവൃത്തങ്ങള്‍ കൂടിയാണല്ലോ നമ്മുടെ എല്ലാ ഉത്സവാഘോഷങ്ങളുടെയും അന്തസ്സത്ത. അതുകൊണ്ട് ഈ ജ്വര ദുരിതകാലത്തേയും നാം അതിജീവിക്കും. ആരോഗ്യ,ജീവ പരിരക്ഷയുടെ മുന്‍കരുതലുകളോടെ നമുക്കെല്ലാം തിരുവോണമാഘോഷിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
എല്ലാ വായനക്കാര്‍ക്കും കേസരിവാരികയുടെ തിരുവോണാശംസകള്‍.
ഡോ.എന്‍.ആര്‍.മധു
മുഖ്യപത്രാധിപര്‍