തേഞ്ഞിപ്പലം (മലപ്പുറം): ബി.എ.ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ പാഠപുസ്തകത്തിലുള്ള രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രതിനിധി സംഘം കാലിക്കറ്റ് സര്‍വകലാശാല വി.സി. ഡോ.എം.കെ. ജയരാജിനെ നേരിട്ടു കണ്ട് പരാതി നല്കി. അരുന്ധതി റോയിയുടെ വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠപുസ്തകം നേരത്തെ വിവാദമായിരുന്നു.
ഭരണഘടനയേയും പരമോന്നത നീതിപീഠത്തെയും നിന്ദിക്കുന്ന ഒരാളുടെ ആശയങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കരുത്. ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയ്ക്കും തെറ്റിദ്ധാരണയ്ക്കും വഴിവയ്ക്കും. കൊടും തീവ്രവാദിയെ വരെ ന്യായീകരിക്കുന്നവരെ മാതൃകയാക്കാന്‍ പുതുതലമുറയെ നിര്‍ബന്ധിക്കരുത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണ്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി പുസ്തകം പിന്‍വലിക്കണമെന്നും എബിവിപി പരാതിയില്‍ ആവശ്യപ്പെടുന്നു.
വസ്തുതകള്‍ പരിശോധിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വി.സി. ഉറപ്പു നല്‍കിയതായി എബിവിപി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം കെ.വി. രജീഷ്, സംസ്ഥാന സമിതിയംഗം യദുകൃഷ്ണന് എന്നിവര്‍ പറഞ്ഞു.